സാംസ്‌കാരിക നായകന്മാര്‍ എന്ന വാക്ക് കേരളത്തില്‍ നിലവില്‍ വന്നിട്ട് അധിക നാളായില്ല. എല്ലാ കലാകാരന്മാരും സാംസ്‌കാരിക നായകന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ചിത്രകാരന്മാരോ, ശില്‍പികളോ ഇത്തരത്തില്‍ നായകന്മാരാകാറേയില്ല.കാനായി കുഞ്ഞിരാമന്‍, പാരിസ് വിശ്വനാഥന്‍ തുടങ്ങിയവര്‍ സാംസ്‌കാരിക നായകന്മാര്‍ പുറപ്പെടുവിപ്പിക്കുന്ന പ്രസ്‌താവനകളില്‍ ഒപ്പിടാറുമില്ല. സാംസ്‌കാരിക നായകന്മാരില്‍ ഭൂരിഭാഗവും സാഹിത്യകാരന്മാരാണെങ്കിലും പല കവികളും നോവലിസ്‌റ്റുകളും ഈ പദവിയുടെ പരിധിക്ക് പുറത്താണ്. നിരൂപകരാണ് കൂടുതലും അറിയപ്പെടുന്ന സാംസ്‌കാരിക നായകര്‍. ഒ.എന്‍.വി. കുറുപ്പ് പട്ടികയിലെ ഉന്നതസ്‌ഥാനത്ത് വിരാജിക്കുന്നയാളാണെങ്കിലും പവിത്രന്‍ തീക്കുനിയുടെ സ്‌ഥാനം പടിക്കുപുറത്താണ്. കെ.ജി. ശങ്കരപിളള, സാറാ ജോസഫ് തുടങ്ങിയവരും ബി.ആര്‍.പി. ഭാസ്‌കറിനെപോലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കും ഈ പട്ടം നല്‍കി ആദരിച്ചിട്ടുണ്ട്.
സാംസ്‌കാരിക നായകന്മാരായി വിരാജിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സി.പി.എമ്മിനെ പിന്‍പറ്റി നില്‍ക്കുന്നവരാണ്. അതാതു കാലങ്ങളിലെ പാര്‍ട്ടി നിലപാടുകളായിരിക്കും ഇവരുടെ അഭിപ്രായമായി പുറത്തുവരുന്നത്. പാര്‍ട്ടിക്ക് അഹിതമെന്ന് തോന്നിയേക്കാവുന്ന കാര്യങ്ങളില്‍ ഇവര്‍ പ്രത്യേകിച്ച് അഭിപ്രായ പ്രകടനമൊന്നും നടത്താറില്ല. മുത്തങ്ങയില്‍ വെടിവയ്‌പ്പ് നടന്നപ്പോള്‍ മനുഷ്യാവകാശത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ചവര്‍ സിംഗൂരിനേയും നന്ദിഗ്രാമിനേയും 'അറിഞ്ഞില്ല'. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ ഇത്തരം സാംസ്‌കാരിക ജീവികള്‍ക്ക് വളരെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇക്കൂട്ടരെ മേയ്‌്ക്കാനുളള സംഘടനാ സംവിധാനമൊന്നും കോണ്‍ഗ്രസിനില്ല. ബാലചന്ദ്രന്‍ വടക്കേടത്ത്, തുമ്പമണ്‍ തോമസ് തുടങ്ങിയ ചുരുക്കം ചിലരില്‍ കോണ്‍ഗ്രസ് സാംസ്‌കാരിക നായകത്വം ഒതുങ്ങുന്നു. പി.വി. കൃഷ്‌ണന്‍ നായര്‍, എം. അച്യുതന്‍ തുടങ്ങിയവര്‍ക്ക് കോണ്‍ഗ്രസിനോട് അനുഭാവമുണ്ടെങ്കിലും പാര്‍ട്ടിയെ അനുകൂലിച്ചോ, സി.പി.എമ്മിനെ എതിര്‍ത്തോ പരസ്യമായി അഭിപ്രായ പ്രകടനം നടത്താന്‍ മുതിരാറില്ല. ഇവരേക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് സംഘപരിവാറിന്റെ സാംസ്‌കാരിക നായകന്മാര്‍. 'അക്കിത്തം, വിഷ്‌ണനാരായണന്‍ നമ്പൂതിരി, പി. നാരായണക്കുറുപ്പ് എന്നിവരെങ്കിലും ആര്‍.എസ്.എസ്-ബി.ജെ.പി പക്ഷത്തോടൊപ്പമുണ്ട്.
സി.പി.എമ്മിലെ എം.എ ബേബിക്കുവേണ്ടി കുണ്ടറയിലെത്തി പ്രചരണം നടത്തിയവരാണ് പ്രമുഖ സാംസ്‌കാരിക നായകര്‍. ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും സാംസ്‌കാരിക വകുപ്പ് ബേബിയ്‌ക്കായിരിക്കുമെന്നും ഇവര്‍ നേരത്തെ മനസിലാക്കിയിരുന്നു. അഞ്ചാലുംമൂട്ടില്‍ പോയി ബേബിക്ക് വേണ്ടി ഒ.എന്‍.വി പ്രസംഗിച്ചു. ബേബിയോടു മാത്രമല്ല ഇടതുപക്ഷ ആശയത്തിനോടാണ് ആഭിമുഖ്യമെങ്കില്‍ കുണ്ടറയ്‌ക്കടത്ത നിയമസഭാ മണ്ഡലങ്ങളായ പി.കെ. ഗുരുദാസന്‍ മത്സരിച്ച കൊല്ലത്തും എന്‍.കെ. പ്രേമചന്ദ്രന്‍ മത്സരിച്ച ചവറയിലും എന്തുകൊണ്ട് പ്രസംഗിച്ചില്ല?മധ്യകേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരായ അശോകന്‍ ചരുവില്‍, രാവുണ്ണി, വി.കെ. ശ്രീരാമന്‍ എന്നിവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത് കുന്നംകുളത്തെ സി.പി.എം സ്‌ഥാനാര്‍ത്ഥിയായ ബാബു എം. പാലിശേരിയുടെവിജയത്തിലായിരുന്നു. എന്നാല്‍ ഇവര്‍ ഗുരുവായൂര്‍ പോലുളള സമീപ മണ്ഡലങ്ങളില്‍ പ്രചരണത്തിനിറങ്ങിയതുമില്ല. ഈ പ്രദേശത്തെ സാംസ്‌കാരിക നായകന്മാരുടെ ഭക്‌തവത്സലന്‍ മുന്‍ എ.ബി.വി.പികാരനും സെയ്‌താലി കൊലക്കേസില്‍ പ്രതിയുമായിരുന്ന പാലിശേരിയാണ്. ഈ തരത്തില്‍ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ മാത്രമാണ് സാംസ്‌കാരിക നായകന്മാര്‍ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കിയത്. ഫലം പുറത്തുവന്ന് മന്ത്രിസഭ രൂപീകരിച്ചപ്പോഴാണ് ഇവരുടെ ദീര്‍ഘദര്‍ശനത്തെക്കുറിച്ച് സാധാരണക്കാരന് ബോധ്യം വന്നത്. സി.പി.എമ്മിലെ അഴിമതിക്കെതിരേ തുറന്നെഴുതുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വാളോങ്ങുന്നതും ഇവര്‍ തന്നെയാണ്. മന്ത്രി ജി. സുധാകരന്റെ ഭാഷയെടുക്കുകയാണെങ്കില്‍ ഇക്കൂട്ടരെ സാംസ്‌കാരിക നക്കികളെന്ന് വിളിക്കേണ്ടിവരും. പാര്‍ട്ടിയോട് പ്രതിബദ്ധത തെളിയിക്കാന്‍ കവിത എഴുതിയവര്‍ മുന്‍കാലങ്ങളിലും നമുക്ക് കാണാനാകും. വിമോചനസമരക്കാലത്ത് ചെറിയതുറയില്‍ വെടിയേറ്റുമരിച്ച ഫ്‌ളോറിയെന്ന ഗര്‍ഭിണിയെക്കുറിച്ച് മഹാകവി ജി. ശങ്കരക്കുറുപ്പ് 'അന്ത്യമാല്യം' എന്ന കവിത എഴുതി. പനമ്പിളളി മുഖ്യമന്ത്രിയായപ്പോള്‍ നടന്ന പശുമല എസ്‌റ്റേറ്റിലെ വെടിവയ്‌പ്പിനെ തുടര്‍ന്നു മരിച്ചവരെക്കുറിച്ച് എന്തുകൊണ്ട് കവിതയെഴുതിയില്ലെന്ന് വൈലോപ്പിളളിചോദിച്ചിരുന്നു.
കവിക്ക് രാഷ്‌ട്രീയം പാടില്ലെന്ന് വിശ്വസിച്ചിരുന്ന വൈലോപ്പിളളി പിന്നീട് ദേശാഭിമാനി സ്‌റ്റഡി സര്‍ക്കിളിന്റെ പ്രസിഡന്റായി മാറിയെന്നത് ചരിത്രം. പാര്‍ട്ടി ഓഫീസിലെ ഉത്തരവുകള്‍ അതേപടി നടപ്പിലാക്കുന്ന പി.കെ. പോക്കര്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ് തുടങ്ങിയ നായകന്മാരാണ് അസഹനീയമായവര്‍. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു പോലും നന്ദിഗ്രാം വെടിവയ്‌പ്പ് തെറ്റായി പോയിയെന്നു പറഞ്ഞപ്പോള്‍ ഈ കൂട്ടക്കൊലയെ ന്യായീകരിച്ച ഏക സി.പി.എം നേതാവ് കേരള സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു. ഇദ്ദേഹത്തെ പിന്താങ്ങി ജീവിക്കുകയും നിലപാടുകള്‍ക്ക് കുഴലുതൂകയുമാണ് മേല്‍പടിന്മാര്‍ ചെയ്യുന്നത്. താന്‍ ഇരയായ സ്‌ത്രീപീഡനക്കേസില്‍ വൈസ് ചാന്‍സലര്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പടിക്കല്‍ പി.ഇ. ഉഷ നിരാഹാരസത്യാഗ്രഹം നടത്തിയപ്പോള്‍ ഇതിനെതിരായി ഇടതുപക്ഷ യൂണിയനുകള്‍ നടത്തിയ ബദല്‍ സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകന്‍ കെ.പി. രാമനുണ്ണിയും പി.കെ. പോക്കറുമായിരുന്നു. താമസം വിനാ പ്രതിഫലം ലഭിച്ചു. ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറായി പി.കെ. പോക്കര്‍ നിയമതിനായി. അവാര്‍ഡുകള്‍ നേടുന്നത് എന്നും പ്രഖ്യാപിത സാംസ്‌കാരിക നായകന്മാരായിരിക്കും. മോഹനകൃഷ്‌ണന്‍ കാലടി, വീരാന്‍കുട്ടി, എസ്. ജോസഫ് തുടങ്ങിയവര്‍ പുതുതലമുറയിലെ മികച്ച കവികളാണ്. ഇവരെ പിന്തളളിയാണ് ഏഴാംകൂലി കവിതയെഴുതിയ ഏഴാച്ചേരി രാമചന്ദ്രനെ സംസ്‌ഥാനത്തെ മികച്ച കവിയായി തെരഞ്ഞെടുത്തത്. തങ്ങള്‍ക്ക് യാതൊരു പിടിപാടുമില്ലാത്ത മേഖലകളിലും അഭിപ്രായം പറയുന്ന സാംസ്‌കാരിക നായകന്മാരുടെ ചങ്കൂറ്റം സമ്മതിച്ചേ തീരൂ. ഉദാഹരണത്തിന് ലാവ്‌ലിന്‍ അഴിമതി കേസില്‍ പിണറായി കുറ്റം ചെയ്‌തെങ്കില്‍ ഒമ്പതാം പ്രതിയാക്കാതെ ഒന്നാംപ്രതിയാക്കി കൂടേ എന്നായിരുന്നു സക്കറിയയുടെ ചോദ്യം. ഏറ്റവും വലിയ കുറ്റംചെയ്‌ത ആളായിരിക്കും ഒന്നാംപ്രതിയെന്ന തെറ്റിദ്ധാരണ മൂലമാണ് ഈ പ്രസ്‌താവന അദ്ദേഹം തട്ടിവിട്ടത്. ക്രിമിനല്‍ നടപടികളെക്കുറിച്ച് അറിയാതെയാണ് പ്രതികരണം. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രസംഗിക്കുന്ന സുകുമാര്‍ അഴീക്കോട് പഠിച്ചതും പഠിപ്പിച്ചതും വൃത്തമഞ്‌ജരി പോലുളള സാഹിത്യസംബന്ധിയായ പുസ്‌തകങ്ങളായിരുന്നു എന്ന് ഓര്‍ക്കണം. ചെങ്ങറ, മൂലമ്പിളളി തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ മൂലമ്പിളളിയിലെത്തി കുടിയിറക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ തൊട്ടറിഞ്ഞു പ്രതികരിച്ച ബംഗാള്‍ സാഹിത്യകാരി മഹാശ്വേതാ ദേവിയെ ചീത്തവിളിക്കുകയും ചെയ്‌തു. ഡോ. സുകുമാര്‍ അഴീക്കോടിനെ പോലുളളവര്‍ സാംസ്‌കാരിക നായകന്മാരായെങ്കില്‍ നമ്മുടെ സംസ്‌കാരത്തിന് സാരമായ തകരാര്‍ സംഭവിച്ചെന്ന് ഉറപ്പാണ്. 17 ലക്ഷത്തിന്റെ ഗ്രാന്റ് വിറ്റാറ കാറില്‍ സഞ്ചരിച്ച് കൊട്ടാര സദൃശമായ വീട്ടില്‍ താമസിച്ചാണ് അദ്ദേഹം ലളിത ജീവിതമഹാത്മ്യം അദ്ദേഹം പ്രസംഗിക്കുന്നത്. ആദ്യകാലത്ത് കമ്യൂണിസ്‌റ്റ് വിരുദ്ധനും പിന്നീട് കമ്യൂണിസ്‌റ്റ് സഹയാത്രികനും ഇപ്പോള്‍ സി.പി.എമ്മിന്റെ സുപ്പീരിയര്‍ അഡ്വൈസറുമായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഇദ്ദേഹം വിളിച്ചു കൂവുന്നത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രമാണ്. എഴുതിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞവരും എഴുതിയാല്‍ ആരും വായിക്കില്ലെന്നും ഉറപ്പ് വന്നവരുമാണ് സാംസ്‌കാരിക നായകരുടെ മേലങ്കിയുമണിഞ്ഞ് ഇറങ്ങിയിരിക്കുന്നത്. ഇവര്‍ പതിവു പരിപാടി തുടരുകയാണെങ്കില്‍ ജനങ്ങള്‍ സാംസ്‌കാരിക നായകരെ തെരുവില്‍ നേരിടുന്ന കാലം വരും. ജനങ്ങളെ പേടിച്ചു നായകന്മാര്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സുദിനം അടുത്തു കഴിഞ്ഞു.