Tuesday, April 8, 2008

കോയമ്പത്തൂര്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി

കോയമ്പത്തൂര്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി

സി.പി.എമ്മിന്റെ രാഷട്രീയ നിലപാടുകളോടുള്ള വ്യക്തിപരമായ യോജിപ്പും വിയോജിപ്പും തീര്‍ത്തും മാറ്റിനിര്‍ത്തി ഒരു മാധ്യമപ്രവര്‍ത്തകന്റെ ദൃഷ്‌ടിയില്‍ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ സമീപിച്ചാല്‍ എത്തിച്ചേരുന്ന വസ്‌തുനിഷ്‌ഠമായ നിഗമനം ഒറ്റനോട്ടത്തില്‍ ഇപ്രകാരമാണ്‌: രാഷ്ട്രീയമായും ആശയപരമായും സി.പി.എം. ഏറ്റവുമേറെ ഐക്യവും വ്യക്തതയും കൈവരിച്ച കോണ്‍ഗ്രസ്‌. മേല്‍പ്പറഞ്ഞ രണ്ട്‌ ഘടകങ്ങളുടേയും പ്രാധാന്യവും പ്രയോഗസാധ്യതയും ഉള്‍ക്കൊള്ളുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌ത ആളാണ്‌ കഴിഞ്ഞ കോണ്‍ഗ്രസ്സില്‍ ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്തില്‍ നിന്ന്‌ പുതിയ നേതൃത്വത്തിന്റെ പിന്തുടര്‍ച്ച ഏറ്റുവാങ്ങിയ പ്രകാശ്‌ കാരാട്ട്‌. പോയ മൂന്നു വര്‍ഷങ്ങളില്‍ ഈ ഘടകങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കുകയും ചെയ്‌തു.
ആ റുദിവസം നീണ്ടുനിന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌ അര്‍ഹിച്ച പ്രാധാന്യത്തോടെയും സമഗ്രതയോടെയും മാധ്യമങ്ങള്‍ വിലയിരുത്തിയോ എന്ന്‌ സംശയമാണ്‌. കാരാട്ടിന്റെ ആഹ്വാനം അര്‍ഥരഹിതം എന്ന തലക്കെട്ടിലാണ്‌ "ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്സി"ന്റെ വിലയിരുത്തല്‍. മലയാള മാധ്യമങ്ങളാകട്ടെ സി.പി.എമ്മിന്റെ കേരളത്തിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളിലേക്ക്‌ കോണ്‍ഗ്രസ്സിനെ ചുരുക്കി കാണാനാണ്‌ താത്‌പര്യം കാണിച്ചത്‌. ദൃഷ്‌ടിക്കയറോ കൊക്കിനിയാട്ടമോ കോടിയേരിയുടെ താരപ്രഭയോ ഒന്നുമല്ല യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്‌. ജോര്‍ജ്‌ ഡബ്ല്യു ബുഷിന്റെ അമേരിക്കന്‍ ഗവണ്മെന്റടക്കമുള്ള സാമ്രാജ്യത്വശക്തികളും ഇന്ത്യന്‍ ഭരണവര്‍ഗവും ഇത്രയേറെ ഗൗരവമായും അതിസൂക്ഷ്‌മമായും സി.പി. എം. പാര്‍ട്ടി കോണ്‍ഗ്രസ്സിനെ വീക്ഷിച്ച മറ്റൊരു സന്ദര്‍ഭം മുമ്പ്‌ ഉണ്ടായിട്ടില്ല. വ്യത്യസ്‌ത താത്‌പര്യങ്ങളുടെ വീക്ഷണകോണില്‍ നിന്നായിരുന്നു ഇവരുടെ ഉത്‌കണ്‌ഠ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാര്‍ സംബന്ധിച്ച ചര്‍ച്ചയ്‌ക്കും തീരുമാനത്തിനുമാണ്‌ ചിലര്‍ കാതോര്‍ത്തത്‌. മൂന്നാം ബദല്‍ കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച അജന്‍ഡയായിരുന്നു മറ്റുചിലര്‍ക്ക്‌ അറിയേണ്ടത്‌. സമീപഭാവിയില്‍ നടക്കാവുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിനെ സി.പി.എം. തീരുമാനങ്ങള്‍ നിര്‍ണായകമായി ബാധിക്കുമെന്നതുകൊണ്ട്‌ ഇടതു-വലതു കക്ഷികളും ഒരുപോലെ കോയമ്പത്തൂരിലേക്ക്‌ ഉറ്റുനോക്കി. ഒരു പാര്‍ട്ടിക്കും ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷമില്ലാത്ത തൂക്കുപാര്‍ലമെന്റ്‌ അവസ്ഥ തുടരുന്ന ഇന്ത്യയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാട്‌ അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമല്ലാത്ത പശ്ചാത്തലമാണ്‌ നിലവിലുള്ളത്‌. സി.പി.എം. നിലപാട്‌ നിര്‍ണായകമാക്കിയത്‌ രണ്ട്‌ ഘടകങ്ങളാണ്‌. ഒന്ന്‌, ആ പാര്‍ട്ടി എടുക്കുന്ന ഉറച്ച പ്രത്യയശാസ്‌ത്ര നിലപാട്‌. രണ്ട്‌, ലോക്‌സഭയില്‍ സി.പി.എമ്മിനും അതുവഴി ഇടതുപക്ഷത്തിനുമുള്ള മുമ്പില്ലാത്ത ശക്തമായ അംഗബലം. ഈ ഘടകങ്ങള്‍ നിലനിര്‍ത്തുകയും മുന്നോട്ട്‌ കൊണ്ടുപോകുകയും ചെയ്യുന്നതില്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ എന്ത്‌ നിര്‍വഹിച്ചു എന്നതാണ്‌ യഥാര്‍ഥത്തില്‍ പരിശോധിക്കേണ്ടത്‌. സി.പി.എമ്മിന്റെ രാഷട്രീയ നിലപാടുകളോടുള്ള വ്യക്തിപരമായ യോജിപ്പും വിയോജിപ്പും തീര്‍ത്തും മാറ്റി നിര്‍ത്തി ഒരു മാധ്യമപ്രവര്‍ത്തകന്റെ ദൃഷ്‌ടിയില്‍ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ സമീപിച്ചാല്‍ എത്തിച്ചേരുന്ന വസ്‌തുനിഷ്‌ഠമായ നിഗമനം ഒറ്റനോട്ടത്തില്‍ ഇപ്രകാരമാണ്‌: രാഷ്ട്രീയമായും ആശയപരമായും സി.പി.എം. ഏറ്റവുമേറെ ഐക്യവും വ്യക്തതയും കൈവരിച്ച കോണ്‍ഗ്രസ്‌. മേല്‍പ്പറഞ്ഞ രണ്ട്‌ ഘടകങ്ങളുടേയും പ്രാധാന്യവും പ്രയോഗസാധ്യതയും ഉള്‍ക്കൊള്ളുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌ത ആളാണ്‌ കഴിഞ്ഞ കോണ്‍ഗ്രസ്സില്‍ ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്തില്‍ നിന്ന്‌ പുതിയ നേതൃത്വത്തിന്റെ പിന്തുടര്‍ച്ച ഏറ്റുവാങ്ങിയ പ്രകാശ്‌ കാരാട്ട്‌. പോയ മൂന്നു വര്‍ഷങ്ങളില്‍ ഈ ഘടകങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കുകയും ചെയ്‌തു. ദേശീയ-സാര്‍വദേശീയ തലത്തില്‍ പ്രകാശ്‌ ഒരുപോലെ വിമര്‍ശിക്കപ്പെട്ടതും സ്വീകാര്യനായതും ഇതുകൊണ്ടു തന്നെ. ആ നിലയ്‌ക്ക്‌ ഈ നയങ്ങള്‍ വിജയിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ പ്രകാശ്‌ തന്നെ തുടരേണ്ടത്‌ അനിവാര്യമായിരുന്നു. സി.പി.എമ്മിന്റെ സ്ഥാപക നേതാക്കള്‍ ഓരോന്നായി നേതൃനിരയില്‍ നിന്ന്‌ വിട്ടുപോകുന്ന ഒരു ചരിത്രഘട്ടത്തിനുകൂടിയാണ്‌ കോയമ്പത്തൂര്‍ സമ്മേളനം സാക്ഷ്യം വഹിച്ചത്‌. ജ്യോതിബസുവും ഹര്‍കിഷന്‍ സിങ്ങും ക്ഷണിതാക്കളായി പി.ബി.യിലും സി.സി.യിലും ശേഷിക്കുന്നത്‌ കേവലം ഔപചാരികത മാത്രം. അതുകൊണ്ട്‌ തന്നെ പുതിയ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പി.ബി.യുടെ ഘടനയും രാഷ്ട്രീയ ദിശയും നിര്‍ണായകമാകുന്നു. വിശേഷിച്ചും കോണ്‍ഗ്രസ്‌(ഐ) കൂടുതല്‍ ദുര്‍ബലപ്പെട്ടുവരുന്നു എന്ന്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ വിലയിരുത്തിയ സാഹചര്യത്തില്‍. വരും തിരഞ്ഞെടുപ്പില്‍ ബി.ജെ. പി.യെ അധികാരത്തില്‍ നിന്ന്‌ പുറത്തു നിര്‍ത്തുകയും ഇടതുപക്ഷത്തിന്റെ വിശേഷിച്ച്‌ സി.പി.എമ്മിന്റെ ലോക്‌സഭയിലെ സ്വാധീനം നിലനിര്‍ത്തുകയെങ്കിലും ചെയ്യേണ്ടത്‌ വമ്പിച്ച ഉത്തരവാദിത്വമായിരിക്കുന്ന സന്ദര്‍ഭത്തില്‍. ഇക്കാര്യത്തില്‍ സംഘടനയ്‌ക്കകത്തുള്ള ദൗര്‍ബല്യങ്ങളും ആശയപരവും നയപരവുമായ വൈരുദ്ധ്യങ്ങളും പരിഹരിക്കപ്പെടേണ്ടത്‌ നിര്‍ണായകമാകുന്നു. തെറ്റുതിരുത്തല്‍ പ്രക്രിയയ്‌ക്ക്‌ അടിയന്തര പ്രാധാന്യം നല്‍കാനും 14-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ തുടങ്ങിവെച്ച പ്രത്യയശാസ്‌ത്ര വിചാരം കാലോചിതമാക്കാനും തീരുമാനിച്ചത്‌ ഇതിന്റെ ഭാഗമാണ്‌. സി.പി.എമ്മിന്റെ കാലടികളില്‍ ഒന്ന്‌ കൊച്ചു കേരളമാണ്‌. ഇവിടത്തെ സംഘടനയാകട്ടെ വിഭാഗീയതയുടെ കടന്നല്‍ക്കൂടും. അതുകൊണ്ട്‌ തന്നെ പി.ബി.യിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പ്‌ അടക്കം സംഘടനാ അജന്‍ഡയുമായി ബന്ധപ്പെട്ട്‌ കേരളത്തെ കേന്ദ്രീകരിച്ച്‌ നടത്തിയ ചര്‍ച്ചകളും തീരുമാനങ്ങളും നിര്‍ണായകമാകുന്നു. വി.എസ്‌. അച്യുതാനന്ദനെയും പിണറായി വിജയനെയും പി.ബി.യില്‍ നിന്ന്‌ മുമ്പ്‌ പുറത്ത്‌ നിര്‍ത്തിയതിന്റെ തുടര്‍ച്ചയായി കാണണം കോടിയേരി ബാലകൃഷ്‌ണനെ പി.ബി.യില്‍ കൊണ്ടുവന്നത്‌. കേരളത്തിലെ കട്ടപിടിച്ച വിഭാഗീയതയ്‌ക്ക്‌ രാഷ്ട്രീയവും സംഘടനാപരവുമായ ഒരു ഇടപെടലിന്റെ സന്ദര്‍ഭം കേന്ദ്ര നേതൃത്വം ബോധപൂര്‍വം സൃഷ്‌ടിച്ചിരിക്കുകയാണ്‌. സമ്മേളനങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശ രേഖയില്‍ കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാണിച്ചത്‌ ഇവിടെ ഓര്‍ക്കുക: ""കേരളത്തില്‍ വിഭാഗീയത എന്തെന്ന്‌ നിര്‍വചിക്കുക എറെ പ്രയാസമാണ്‌. കാരണം അത്‌ കമ്മിറ്റിയുടെ ഇപ്പോഴത്തെ ചേരുവയുമായി ബന്ധപ്പെട്ടിരിക്കുന്നു."" ഇതിനര്‍ഥം കോടിയേരി വിഭാഗീയതയ്‌ക്ക്‌ പൂര്‍ണമായി അതീതനാണ്‌ എന്നല്ല. വിഭാഗീയതയില്‍ അദ്ദേഹം പരസ്യമായി മുങ്ങിക്കുളിച്ചു നില്‍ക്കുന്നില്ല. എം.എ. ബേബി പി.ബി.ക്കും കേന്ദ്രകമ്മിറ്റിക്കും ഇടയ്‌ക്ക്‌ ഉണ്ടായിരുന്ന കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രകാശിനും യെച്ചൂരിക്കും എസ്‌ രാമചന്ദ്രന്‍ പിള്ളയ്‌ക്കും ഒപ്പം അംഗമായിരുന്നു. പാലക്കാട്‌ സമ്മേളനത്തില്‍ വിഭാഗീയതയ്‌ക്ക്‌ നേതൃത്വം നല്‍കിയതിന്‌ തരംതാഴ്‌ത്തപ്പെടും വരെ. ഒരാള്‍ പി.ബി. അംഗമായതുകൊണ്ടും അല്ലാതായതു കൊണ്ടും തീരുന്നതല്ല പാര്‍ട്ടിയിലെ വിഭാഗീയത. പക്ഷേ, ഇതൊരു പരീക്ഷണമാണ്‌. സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു പരീക്ഷണം ഇതുപോലെ മുമ്പ്‌ നടത്തിയിരുന്നു. വി.എസ.്‌ അച്യുതാനന്ദനും നായനാര്‍ക്കും എസ്‌. രാമചന്ദ്രന്‍പിള്ളയ്‌ക്കുമൊപ്പം സി.സി.യിലേക്കും പി.ബി.യിലേക്കും പിണറായി വിജയനെ ഒരേ സമയം ഉയര്‍ത്തിക്കൊണ്ടുവന്നു. വിഭാഗീയത ഇല്ലാതാക്കാന്‍ നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും ആത്മാര്‍ഥമാകാം. അതുകൊണ്ടു മാത്രം കേരള പാര്‍ട്ടിയിലെ അവസ്ഥ മാറുകയില്ല. തുടര്‍ന്ന്‌ നടത്താന്‍ ആലോചിക്കുന്ന തിരുത്തല്‍ പ്രക്രിയയുടെ വിജയത്തെ ആശ്രയിച്ചിരിക്കും യഥാര്‍ഥത്തില്‍ അതിന്റെ ഗതിവിഗതികള്‍. അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്സില്‍ കേരളത്തില്‍ നിന്നാരും പി.ബി.യില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നില്ല. പി.കൃഷ്‌ണപിള്ളയും ഇ.എം.എസ്സും കെ.സി.ജോര്‍ജും അന്ന്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്നെങ്കിലും. സി.പി.എമ്മില്‍ തന്നെ സി.കണ്ണനും അഴീക്കോടനും ഗൗരിയമ്മയും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തപ്പെട്ടില്ല. ഇ.എം.എസ്സിനും എ.കെ.ജി.ക്കും പിറകെ ഇ.ബാലാനന്ദനാണ്‌ പി.ബി.യില്‍ വന്നത്‌. എ.ഐ.ടി.യു.സി.യില്‍ നിന്ന്‌ വേര്‍പെടുത്തി സി.ഐ.ടി. യു. കേരളഘടകത്തിന്‌ രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചതിന്റെ പേരില്‍. പിന്നീട്‌ വി.എസ്‌. അതിനുശേഷമായിരുന്നു നായനാര്‍ പി.ബി.യില്‍ എത്തിയത്‌. ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയിലും പി.ബി.യിലും എത്തിയിട്ടുള്ള കേരളത്തില്‍ നിന്നുള്ള സഖാക്കള്‍ ഈ ചരിത്രമൊക്കെ ചികഞ്ഞ്‌ പഠിക്കുന്നത്‌ അവര്‍ക്കും അവരെ നേതൃത്വത്തിലേക്ക്‌ ഉയര്‍ത്തിയ തൊഴിലാളിവര്‍ഗ പാര്‍ട്ടിക്കും ഗുണം മാത്രമേ ചെയ്യൂ. 62 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അനുഭവ സമ്പത്തുള്ള മുഹമ്മദ്‌ അമീനെപ്പോലെ ഒരാളെയാണ്‌ തൊഴിലാളിവര്‍ഗ നിരയില്‍ നിന്ന്‌ പശ്ചിമബംഗാള്‍ പി.ബി.യിലേക്ക്‌ നല്‍കിയത്‌. ബംഗാള്‍ കഴിഞ്ഞാല്‍ സി.ഐ.ടി.യു.വിന്‌ ഏറ്റവും ശക്തിയുള്ളതാണ്‌ കേരളം. മറ്റു സംസ്ഥാന കമ്മിറ്റികള്‍ പോലും നല്‍കിയ പ്രാതിനിധ്യം നേതൃനിരയിലെത്തുന്ന സഖാക്കള്‍ക്ക്‌ കേരളത്തില്‍ തൊഴിലാളിവര്‍ഗത്തില്‍ നിന്ന്‌ ലഭ്യമാകുന്നില്ല. ബാലാനന്ദന്‌ ശേഷം സി.ഐ.ടി.യു.വിനെ നയിക്കുന്ന കെ.എന്‍.രവീന്ദ്രനാഥ്‌ വളരെ മുമ്പെ കേന്ദ്ര കമ്മിറ്റിയില്‍ വന്നയാളാണ്‌. പ്രകാശിനും എസ്‌.ആര്‍.പി.ക്കും മുമ്പെ. ഒരു വിഭാഗീയ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്മേര്‍ പാര്‍ട്ടി ഘടകം പോലും നഷ്‌ടപ്പെട്ട രവീന്ദ്രനാഥ്‌ കഷ്‌ടി മുഷ്‌ടി സംസ്ഥാന കമ്മിറ്റിയില്‍ എത്തിക്കിടക്കുന്നു. എം.എം. ലോറന്‍സിന്‍േറയും കഥ അതുതന്നെ. മറ്റാരെയും ഈ മേഖലയില്‍ നിന്ന്‌ പരിഗണിക്കുന്നുമില്ല. കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തോമസ്‌ ഐസക്കിനെ പോലുള്ള ഒരാള്‍ ഉയര്‍ത്തപ്പെടുകയും ചെയ്‌തു. വിഭാഗീയത കേരള സി.പി.എമ്മില്‍ സൃഷ്‌ടിച്ചിട്ടുള്ള പ്രത്യേക പരിതഃസ്ഥിതിയാണ്‌ ഇത്‌ കാണിക്കുന്നത്‌. അത്‌ നേതൃത്വത്തെ എങ്ങനെയാണ്‌ ഭാവിയില്‍ ബാധിക്കാന്‍ പോകുന്നത്‌ എന്നത്‌ തീര്‍ച്ചയായും നിരീക്ഷണ വിധേയമാണ്‌. കോട്ടയം സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോള്‍ ഈ പംക്തിയില്‍ വിഭാഗീയതയുടെ കേരളീയ അവസ്ഥയെ സംബന്ധിച്ചും പി.ബി.യുടെ ഇടപെടല്‍ സംബന്ധിച്ചും ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നടത്തിയ വിലയിരുത്തല്‍ ഈ ലേഖകന്‍ അക്കമിട്ട്‌ നിരത്തിയിരുന്നു. അതേക്കുറിച്ച്‌ പാര്‍ട്ടി മുഖപത്രം പ്രതികരിച്ചത്‌ ഇങ്ങനെ: ""പ്രകാശ്‌ പറഞ്ഞു എന്ന്‌ അപ്പുക്കുട്ടന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന്‌ എന്താണ്‌ ഉറപ്പ്‌? പ്രകാശിന്റെ നിഗമനങ്ങളെ മാതൃഭൂമിയിലിരുന്ന്‌ "സ്വരൂപിക്കാന്‍" മാത്രം എന്തു മാന്ത്രിക സിദ്ധിയാണ്‌ അപ്പുക്കുട്ടന്റെ കൈയിലുള്ളത്‌? ആരാണ്‌ അപ്പുക്കുട്ടനെ "അകത്തേക്ക്‌" കയറ്റിവിട്ടത്‌? അപ്പുക്കുട്ടനെ പോലൊരാള്‍ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിഅംഗമായി ഒരു കാലത്ത്‌ പ്രവര്‍ത്തിച്ചിരുന്നു എന്നതു തന്നെ അവിശ്വസനീയമായി തോന്നുന്നു. സംഘടനയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ ശരിയായ ജ്ഞാനമെന്നല്ല, ഒരു പക്കാ ബൂര്‍ഷ്വാരാഷ്ട്രീയക്കാരന്റെ ധാരണപോലും അപ്പുക്കുട്ടനില്ലെന്ന്‌ പറയേണ്ടിവന്നതില്‍ ഖേദമുണ്ട്‌."" കേരള സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ പ്രകാശിന്റെയും ദേശീയ നേതൃത്വത്തിന്റെയും നിലപാട്‌ എന്താണ്‌ എന്ന്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ ഇപ്പോള്‍ "സ്വരൂപിച്ചു" കഴിഞ്ഞു. ആ റിപ്പോര്‍ട്ട്‌ പരക്കെ ലഭ്യവുമാണ്‌. ഒരപേക്ഷ ജനറല്‍ സെക്രട്ടറിക്കും കേന്ദ്ര കമ്മിറ്റിക്കും ബൂര്‍ഷ്വാ രാഷ്ട്രീയക്കാരന്റെ ധാരണ പോലും ഇല്ലെന്ന്‌ പാര്‍ട്ടി മുഖപത്രം ദയവായി എഴുതരുത്‌.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Tuesday, April 1, 2008

കേരള സോഷ്യല്‍ സെന്റര്‍ തിരഞ്ഞെടുപ്പ്‌: ഇടതുപക്ഷം തൂത്തുവാരി.

കേരള സോഷ്യല്‍ സെന്റര്‍ തിരഞ്ഞെടുപ്പ്‌: ഇടതുപക്ഷം തൂത്തുവാരി.

അബുദാബി: അബുദാബി കേരളാസോഷ്യല്‍ സെന്റര്‍ ഭരണ സമിതിയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ കെ.ബി.മുരളി നയിച്ച ഇടതുപക്ഷ 15 അംഗ പാനല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. സെന്റര്‍ അങ്കണത്തില്‍ തിങ്കളാഴ്‌ച രാത്രി നടന്ന തിരഞ്ഞെടുപ്പില്‍ 804 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 957 അംഗങ്ങളില്‍ 814 പേര്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. നിലവിലുള്ള ഭരണസമിതി പ്രസിഡന്റ്‌ കെ.ബി.മുരളി ഏറ്റവും കൂടുതല്‍ വോട്ടുനേടി ഒന്നാമനായി. 804 വോട്ടു രേഖപ്പെടുത്തിയതില്‍ 514 വോട്ട്‌ കെ.ബി.മുരളിക്കു ലഭിച്ചു. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി എ.കെ.ബീരാന്‍കുട്ടി 502 വോട്ടുനേടിയാണ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്‌.

15 അംഗ പാനലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍ ടി.സി.ജിനരാജ്‌, അജീബ്‌ പരവൂര്‍, സഫറുള്ള പാലപ്പെട്ടി, സത്താര്‍ കാഞ്ഞങ്ങാട്‌, പ്രകാശ്‌ പള്ളിക്കാട്ടില്‍, കെ.പി.ഉദയശങ്കര്‍, കെ.എം.എം.ഷെരീഫ്‌, വാസു കുറങ്ങോട്ട്‌, തോമസ്‌ കുഞ്ഞുമോന്‍, രാമാനന്ദന്‍, ഇ.ആര്‍.ജോഷി, പി.എം.അബ്ദുള്‍ റഹ്‌മാന്‍, കെ.എ.ജയാനന്ദന്‍ എന്നിവരാണ്‌.

നോറ്ക്ക ഡയര‌ക്ടറ് എ . കെ മൂസ്സ നേരിട്ട് വന്ന് തട്ടിക്കൂട്ടിയ ബി ജെ പി, ആറെസ്സസ്സ്, എന്‍ ഡി എഫ് അടങുന്ന പ്രതിപക്ഷ പാനലിനെ നയിച്ച മുന്‍ പ്രസിഡന്റ്‌ പത്മനാഭന്‍ 328 വോട്ട്‌ കരസ്ഥമാക്കി. അമര്‍സിങ്‌ വലപ്പാട്‌ 308 വോട്ടുനേടി രണ്ടാമനായി.
തിങ്കളാഴ്‌ച രാത്രി ഒന്‍പത്‌ മണിക്കാണ്‌ വാര്‍ഷികജനറല്‍ ബോഡി യോഗം ആരംഭിച്ചത്‌. ജനറല്‍ സെക്രട്ടറി ബീരാന്‍കുട്ടി സ്വാഗതമാശംസിച്ചു. കെ.ബി.മുരളി അധ്യക്ഷനായിരുന്നു. ട്രഷറര്‍ കബീര്‍ ബാപ്പു വരവുചെലവ്‌ കണക്കുകള്‍ അവതരിപ്പിച്ചു.
ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ രാമചന്ദ്രന്‍ വായിച്ചു. അബുദാബി സാമൂഹികക്ഷേമവകുപ്പ്‌ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ മത്താര്‍ അല്‍ ജാസിം, ഫൈസല്‍ മുബാറക്‌ എന്നിവര്‍ ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നിയന്ത്രിച്ചു. ജയകുമാര്‍ നന്ദി പറഞ്ഞു.

കേരളത്തിന് കനത്ത തിരിച്ചടി; ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

കേരളത്തിന് കനത്ത തിരിച്ചടി; ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി


ന്യൂദല്‍ഹി: കുതിച്ചുയരുന്ന അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി പാമോയിലിന്റെയും സോയ എണ്ണയുടെയും ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനും ബസുമതി ഒഴികെയുള്ള അരി ഇനങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും കയറ്റുമതി നിരോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ തന്നെ വിലയിടിവില്‍ ദുരിതമനുഭവിക്കുന്ന കേര കര്‍ഷകരുടെ നടുവൊടിക്കുന്ന കേന്ദ്ര തീരുമാനം കേരളത്തിനു വന്‍ തിരിച്ചടിയാവും.
വിലക്കയറ്റം സംബന്ധിച്ച മന്ത്രിസഭ സമിതി ഇന്നലെ രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ യോഗം ചേര്‍ന്നാണ് നിര്‍ണായക തീരുമാനമെടുത്ത്. ഉടന്‍ പ്രാബല്യത്തോടെയാണ് അരി കയറ്റുമതി നിരോധിച്ചത്. പയര്‍ വര്‍ഗങ്ങളുടെ കയറ്റുമതിക്കുള്ള നിരോധം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. ഇന്നലെ അര്‍ധരാത്രി തന്നെ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷം ധനമന്ത്രി പി.ചിദംബരം വാര്‍ത്താലേഖകരോട് പറഞ്ഞു.
ഇതുപ്രകാരം എല്ലാ ഭക്ഷ്യ എണ്ണകളും ഇനി തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനാവും. സംസ്കരിച്ച എണ്ണകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 7.5 ശതമാനമായും കുറച്ചിട്ടുണ്ട്. ബസുമതി അരിയുടെ കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 1200 അമേരിക്കന്‍ ഡോളറായി വര്‍ധിപ്പിച്ചു. നിലവിലിത് 1100 ഡോളറായിരുന്നു. കയറ്റുമതി നിരുല്‍സാഹപ്പെടുത്തി രാജ്യത്ത് ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി. വെണ്ണയുടെയും നെയ്യിന്റെയും ഇറക്കുമതി തീരുവ 40ല്‍ നിന്ന് 30 ശതമാനമായി കുറച്ചു. ചോളത്തിന്റെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. നിലവിലിത് 15 ശതമാനമായിരുന്നു. സാധനങ്ങള്‍ സംഭരിച്ചുവെക്കുന്നതിനു പരിധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയ മന്ത്രിസഭാ സമിതി വില ഉയര്‍ത്തരുതെന്ന് ഉരുക്ക് ഉല്‍പാദകരോട് ആവശ്യപ്പെട്ടു.
കേരകര്‍ഷകരെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞ മാസം 20ന് കേന്ദ്രം പാമോയിലിന്റെ ഇറക്കുമതി തീരുവ 45 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറച്ചപ്പോള്‍തന്നെ കേരളത്തില്‍ പാമോയിലിന്റെ ചില്ലറ വില കിലോക്ക് 12 രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ വെളിച്ചെണ്ണയോടു മല്‍സരിക്കുന്ന പാമോയിലിന്റെ വില തീരുവയില്ലാതാവുന്ന ആനുകൂല്യത്തില്‍ കൂടുതല്‍ കുറയുന്നതോടെ വെളിച്ചെണ്ണ വില കുത്തനെ ഇടിയും. കേരളത്തിലെ 35 ലക്ഷത്തോളം നാളികേര കര്‍ഷകര്‍ ഇതോടെ ഗുരുതര പ്രതിസന്ധിയിലാവും. അതേസമയം, കൊച്ചി തുറമുഖം വഴി വെളിച്ചെണ്ണ കയറ്റുമതി ചെയ്യാന്‍ യോഗം അനുമതി നല്‍കി. മറ്റു തുറമുഖങ്ങളിലൂടെയുള്ള നിരോധം തുടരും.

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍വിജയം സമ്മാനിച്ചു

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍വിജയം സമ്മാനിച്ചു


‍കോയമ്പത്തൂര്‍: വി.എസ്. അച്യുതാനന്ദനെ മല്‍സരിപ്പിക്കാനുളള പോളിറ്റ്ബ്യൂറോ തീരുമാനവും ഡി.ഐ.സി (കെ) യുമായി ബന്ധം സ്ഥാപിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തെ അനുവദിക്കാതിരുന്നതും കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയത്തിന് കാരണമായതായി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി. പി. ബി അംഗം എസ്. രാമചന്ദ്രന്‍ പിളള ഇന്നലെ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് വിശദമായ പരാമര്‍ശങ്ങളാണ് ഉളളത്. ഈ രണ്ടു കാര്യങ്ങളിലും ഔദ്യോഗികപക്ഷത്തിന് ഭൂരിപക്ഷമുളള സംസ്ഥാന കമ്മിറ്റിയുടെ നിലപാടുകളെ തിരുത്തിയതിനാലാണ് വിജയമുണ്ടായതെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ഈ വിലയിരുത്തല്‍ അര്‍ത്ഥമാക്കുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2006 മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുളള കേന്ദ്രകമ്മറ്റി അംഗങ്ങളുടെ യോഗത്തിലെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് വി.എസും പിണറായിയും മല്‍സരിക്കേണ്ടതില്ലെന്ന് പി.ബി ആദ്യം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ടീമിനെ ആരു നയിക്കുമെന്ന് സംസ്ഥാന കമ്മറ്റി തീരുമാനിക്കണമെന്നും പി.ബി നിര്‍ദ്ദേശിച്ചു. നിരവധി ജില്ലാ കമ്മിറ്റികളും കീഴ്ഘടകങ്ങളും വി.എസിനെ മത്സരിപ്പിക്കാതിരിക്കുന്നത് ദോഷംചെയ്യുമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പല വ്യക്തികളും അഭ്യുദയകാംക്ഷികളും ഇതേകാര്യം ഉന്നയിച്ചു. വി.എസിനോട് പാര്‍ട്ടി നീതികേട് കാണിച്ചതായി മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഇത് പാര്‍ട്ടി അണികളിലും ബഹുജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കി. തുടര്‍ന്ന് പി. ബിയുടെ അടിയന്തര യോഗം കൂടി പഴയ തീരുമാനം പുനഃപരിശോധിച്ചു. വി.എസും പിണറായിയും മത്സരിക്കുന്നതാണ് നല്ലതെന്ന് പി.ബി അഭിപ്രായപ്പെട്ടു. പി.ബി നിര്‍ദ്ദേശം അനുസരിക്കാന്‍ വി.എസ് തയ്യാറായി. എന്നാല്‍ നിലപാട് മാറ്റുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് എതിരെ പ്രകടനം നടന്നപ്പോള്‍ വി.എസ്. പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന് പി.ബി ചൂണ്ടിക്കാണിച്ചതായി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.