Tuesday, August 26, 2008

ഇടതുപക്ഷം

ഇടതുപക്ഷം

പ്രതിസന്ധികളിലേക്ക്‌ വലിച്ചെറിയാതെയുള്ള ബദല്‍നയങ്ങളാണ്‌ മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്‌. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ്‌ . ഘടകകക്ഷികളുടെ നിലപാട്‌ എടുത്തുപറയേണ്ടതുണ്ട്‌ കേരളത്തിലെ ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ അതിന്റെ കാലാവധിയുടെ പാതിയോടടുക്കുകയാണ്‌. ഈ സന്ദര്‍ഭത്തിലാണ്‌ സി.പി.എം. സംസ്ഥാനകമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ശേഷിക്കുന്ന കാലയളവിലേക്ക്‌ ഒരു മാര്‍ഗരേഖ തയ്യാറാക്കിയിട്ടുള്ളത്‌. ഇതുസംബന്ധിച്ച്‌ ചില മാധ്യമങ്ങള്‍ പാര്‍ട്ടിനയങ്ങളെ സംബന്ധിച്ച്‌ അവമതിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു. ഇടതുപക്ഷ-ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യകക്ഷി എന്ന നിലയ്‌ക്ക്‌ ഭരണത്തില്‍ ഇടപെടാനും അതിനെ നയിക്കാനുമുള്ള പാര്‍ട്ടിയുടെ അവകാശത്തെ ആരും ചോദ്യം ചെയ്യുമെന്ന്‌ തോന്നുന്നില്ല. 1957-ലെ ഗവണ്‍മെന്റില്‍ നിന്ന്‌ വ്യത്യസ്‌തമായി ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റന്ന നിലയില്‍ മുന്നണിയുടെ ആകെ അംഗീകാരം ഉള്‍ക്കൊള്ളുന്നതാകണം മാര്‍ഗരേഖ. കൃഷിക്കാരടക്കമുള്ള സമൂഹത്തിലെ വിവിധ വര്‍ഗവിഭാഗങ്ങളുടെയും ജനങ്ങളുടെ ആകെത്തന്നെയും മതിപ്പും അംഗീകാരവും പിടിച്ചുപറ്റുന്ന ഒന്ന്‌. എന്നാല്‍ സംസ്ഥാനകമ്മിറ്റിയുടെ കമ്യൂണിക്കെയും മാര്‍ഗരേഖ വിശദീകരിച്ച്‌ (എന്നു വ്യക്തമാക്കാതെ)പാര്‍ട്ടി പത്രത്തില്‍ വന്ന ഡോ.തോമസ്‌ ഐസക്കിന്റെ വിശദീകരണ ലേഖനങ്ങളും അത്തരം ഒരു മതിപ്പും വിശ്വാസ്യതയുമല്ല സൃഷ്‌ടിച്ചത്‌. അതിന്‌ മാധ്യമങ്ങളെ കുറ്റംപറഞ്ഞിട്ട്‌ കാര്യമില്ല. '57ലും '67ലും ഇത്തരമൊരു അവമതിപ്പും ആശയക്കുഴപ്പവും ഗവണ്‍മെന്റ്‌ നയവുമായി ബന്ധപ്പെട്ട്‌ അവിഭക്തകമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കോ സി.പി.എമ്മിനോ നേരിടേണ്ടി വന്നിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ നയിക്കുകയും അതിന്റെ നയങ്ങളുടെ വക്താവാകുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ്‌ വി.എസ്‌.അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ നിലപാടുകളെ പാര്‍ട്ടി തള്ളി എന്നാണ്‌ പാര്‍ട്ടിപത്രം ഒഴികെയുള്ള കേരളത്തിലെ മാധ്യമങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞത്‌. ഇതിനാധാരമായ വാചകങ്ങളാണ്‌ 'വിപ്ലവ വായാടിത്തം' എന്നുപറഞ്ഞ്‌ കമ്യൂണിക്കേയിലും വിശദീകരണ ലേഖനങ്ങളിലും ഉണ്ടായിരുന്നത്‌. അതോടെ 'തിരുത്തല്‍വാദി'കള്‍ക്കും 'അവസരവാദി'കള്‍ക്കുമെതിരായി വി.എസ്‌. രംഗത്തുവന്നു. രാജ്യത്ത്‌ അരാജകത്വം സൃഷ്‌ടിക്കുന്നതിനെതിരെ പിണറായിയും. തോമസ്‌ ഐസക്കും വി.എസ്സും പിണറായിയും എഴുതിയ ലേഖനങ്ങള്‍ കൂടിയായപ്പോള്‍ ആശയപരമായ ഭിന്നിപ്പുകള്‍ മറനീക്കി. 'വിമര്‍ശനം പാര്‍ട്ടി രേഖയില്‍ ഇല്ലാത്തത്‌'' സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗം താന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ നിലക്കൊണ്ടു' തുടങ്ങിയ വി. എസ്സിന്റെ വെളിപ്പെടുത്തല്‍ പശു ചത്തെന്നു പറഞ്ഞിട്ടും മോരിലെ പുളി പോയിട്ടില്ലെന്ന്‌ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നയം പാര്‍ട്ടിനയമല്ലെന്ന തോന്നലുണ്ടാക്കുകയാണ്‌ പിണറായിയുടെ ഇടപെടല്‍ മൂലം ഉണ്ടായത്‌. പ്രത്യേക സാമ്പത്തിക മേഖല (സെസ്‌)യ്‌ക്കുള്ള തീരുമാനം ധൃതിപ്പെട്ട്‌ പാടില്ല എന്ന്‌ സി.പി.ഐ., ആര്‍.എസ്‌.പി., ജനതാദള്‍ എന്നീ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ഇതോടെ ഭിന്നത സി.പി.എമ്മിനുമപ്പുറം ഇടതുപക്ഷ മുന്നണിയുടെയും ഗവണ്‍മെന്റിന്‍േറതുമായി മാറി. ഇതല്ലെ യാഥാര്‍ഥ്യം? ഈ പംക്തിയുടെ സ്ഥലപരിമിതിയില്‍ നിന്ന്‌ ഡോ.തോമസ്‌ ഐസക്കും മുഖ്യമന്ത്രി വി.എസ്സും സി.പി.എം. സെക്രട്ടറി പിണറായിയും അവതരിപ്പിക്കുന്ന നിലപാടുകളിലേക്കു കടന്നാല്‍ ചിത്രം ചുരുക്കി ഇങ്ങനെ: ആദ്യം ഡോ. തോമസ്‌ ഐസക്ക്‌: -ഭൂപരിഷ്‌കരണം കേരളത്തില്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഭൂപരിഷ്‌കരണം എന്നൊരു അജന്‍ഡയില്ല. -കാര്‍ഷികമേഖലയിലെ ഉത്‌പാദനക്ഷമത ഉയര്‍ത്തുക മാത്രമാണ്‌ ചെയ്യേണ്ടത്‌. ഭക്ഷ്യസുരക്ഷാപദ്ധതിയും ഗ്രൂപ്പ്‌ കൃഷിയും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ സ്വയം സഹായസംഘങ്ങള്‍ എന്നിവയെ ഉപയോഗിച്ച്‌. - ഭൂരഹിതര്‍ 4.8 ശതമാനം മാത്രമേയുള്ളൂ. ഉയര്‍ന്ന കണക്കുകള്‍ അതിശയോക്തിപരമാണ്‌. എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പ്രായോഗികമല്ല. കിടപ്പാടവും വീടും ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. -അടിയന്തര ആവശ്യം വ്യവസായ സംരംഭകര്‍ക്ക്‌ ഭൂമി ലഭ്യമാക്കലാണ്‌. വ്യവസായത്തിന്‌ ഭൂമി ഇല്ലാത്തതാണ്‌ വലിയ പ്രശ്‌നം. കൃഷിഭൂമിയുടെ 0.41 ശതമാനമേ വ്യവസായ ഭൂമിയുള്ളൂ. ഈ സാഹചര്യത്തില്‍ വ്യവസായ സംരംഭകരുടെ അപേക്ഷകള്‍ അടിയന്തരമായി അംഗീകരിക്കണം. മൂന്നുവര്‍ഷം കൊണ്ട്‌ 25000 കോടിരൂപയുടെയെങ്കിലും നിക്ഷേപം ഇതുണ്ടാക്കും. വി.എസ്‌ .പറയുന്നതിങ്ങനെ: തരിശിടല്‍ മാത്രമല്ല ഭൂമിയുടെ തരംമാറ്റവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുള്ള ഭൂമി കേന്ദ്രീകരണവും മറ്റ്‌ രീതികളില്‍ നടക്കുന്നു. ഭൂപരിഷ്‌കരണ പ്രശ്‌നം ഇപ്പോഴും പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. അദ്ദേഹം മറ്റൊരു കണക്ക്‌ അവതരിപ്പിക്കുന്നു: -അടുത്തകാലത്തായി തരിശിട്ടതോ തരംമാറ്റിക്കഴിഞ്ഞിട്ടില്ലാത്തതോ ആയ 50000 ഹെക്‌ടര്‍ നെല്‍വയല്‍ ഉണ്ടെന്നാണ്‌ കാര്‍ഷികസര്‍വകലാശാലയിലെ വിദഗ്‌ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്‌. അടുത്ത മൂന്നുവര്‍ഷം കൊണ്ട്‌ ഈ സ്ഥലങ്ങളിലെങ്കിലും നെല്‍കൃഷി നടത്താന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമായിരിക്കും. നാലാം ലോകവാദക്കാരുടെ രേഖയെന്ന്‌ തോന്നിപ്പിക്കുംവിധമുള്ള തോമസ്‌ ഐസക്കിന്റെ ലേഖനത്തിന്‌ പാര്‍ട്ടി രേഖകളില്‍ നിന്നുള്ള ഉദ്ധരണികളുടെ ആധികാരിക ആടയാഭരണങ്ങള്‍ നല്‍കുകയാണ്‌ പിണറായി വിജയന്‍ മൂന്നു ലേഖനങ്ങളില്‍. ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ ഉപരിയായി പ്രതീക്ഷകള്‍ രൂപീകരിക്കുന്നത്‌ മുന്നോട്ടുള്ള പോക്കിന്‌ തടസ്സമായി തീരുമെന്ന ഊന്നലാണ്‌ അതില്‍ കൂടുതലും. സി.പി.എം. അഖിലേന്ത്യാതലത്തില്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെല്ലാം സംസ്ഥാനത്ത്‌ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. പാര്‍ട്ടി മുന്നോട്ട്‌ വെക്കുന്ന എല്ലാ നയവും ഈ വ്യവസ്ഥയ്‌ക്കകത്തു നിന്നുകൊണ്ട്‌ പരിഹരിക്കാന്‍ പറ്റുമെങ്കില്‍ വിപ്ലവത്തിന്റെ ആവശ്യകതയുണ്ടോ എന്ന്‌ അദ്ദേഹം ചോദിക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കുന്ന ബദല്‍ നയങ്ങള്‍ എന്താണ്‌ എന്നാണ്‌ യഥാര്‍ഥത്തില്‍ പരിശോധിക്കേണ്ട മര്‍മം. ഈ മൂന്ന്‌ ആധികാരിക വക്താക്കളുടെയും ലേഖനങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ ഒരു ബദല്‍ നയം രൂപപ്പെട്ടതായി കാണാനാവില്ല. ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തിലും പിന്നീട്‌ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലും ഗവണ്‍മെന്റുകള്‍ നിര്‍വഹിച്ചതു പോലെ ഇന്ത്യയുടെ ഇതരഭാഗങ്ങളിലെ ജനവിഭാഗങ്ങള്‍ക്ക്‌ കൂടി മാതൃകയാകും വിധം ഒരു ബദല്‍ നയം അവതരിപ്പിക്കുന്നില്ല. വിശേഷിച്ച്‌ സി.പി.എം. 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനഭരണങ്ങളെ കേവലം അടിയന്തരാശ്വാസം നല്‍കുന്നതിനുള്ള സംവിധാനം മാത്രമായി കണ്ടാല്‍ പോരെന്ന്‌ വ്യക്തമാക്കിയ സാഹചര്യത്തില്‍. കോണ്‍ഗ്രസ്‌-ബി.ജെ.പി. നയങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബദല്‍ സമീപനം ഉയര്‍ത്താനും നടപ്പാക്കാനും കഴിയണമെന്നാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നല്‍കിയിട്ടു ള്ളനിര്‍ദേശം. ദേശീയ തൊഴില്‍ ഉറപ്പ്‌ പദ്ധതി തൊട്ട്‌ 'സെസ്‌' വരെയുള്ള മാര്‍ഗരേഖയില്‍ പറയുന്ന പദ്ധതികള്‍ ബദല്‍ പരിപാടികളായി കാണുന്നതെങ്ങനെ. കേന്ദ്രത്തില്‍ ബി.ജെ.പി. കോണ്‍ഗ്രസ്‌ ഗവണ്‍മെന്റുകള്‍ നടപ്പാക്കി വന്ന ആഗോളീകരണ നയങ്ങളുടെ അനുബന്ധപരിപാടികള്‍ ഇവിടെ തട്ടിക്കൂട്ടിയിരിക്കയാണ്‌. ഇരുപത്തെട്ട്‌ ലക്ഷം കുടിയാന്മാര്‍ക്ക്‌ ഭൂമിയുടെ ഉടമസ്ഥാവകാശവും 5.3 ലക്ഷം കുടികിടപ്പവകാശവും ലഭ്യമാക്കുക മാത്രമല്ല ഇ.എം.എസ്‌. ഗവണ്‍മെന്റുകള്‍ ചെയ്‌തത്‌. വ്യാവസായിക രംഗത്ത്‌ ഭൂമി നല്‍കി ബിര്‍ളയെ പോലുള്ളവരുടെ നിക്ഷേപം സംസ്ഥാനത്തേക്ക്‌ കൊണ്ടുവന്നതൊന്നും ഈ രേഖക്കാര്‍ ഓര്‍ക്കുന്നതായി കാണുന്നില്ല. മൂലധന നിക്ഷേപം വരുത്തുന്നത്‌ പുതിയ കഥയല്ലെന്നും. തൊഴിലാളികള്‍, അധ്യാപകര്‍ തുടങ്ങിയ അധ്വാനിക്കുന്നവരുടെ സമസ്‌ത മേഖലയിലും അന്നത്തെ ഗവണ്‍മെന്റിന്റെ സംഭാവനകള്‍ ചെന്നെത്തി. കോണ്‍ഗ്രസ്സും ബി.ജെ.പി.യും മാറി മാറി ആശ്ലേഷിക്കുന്ന ആഗോളീകരണനയങ്ങളുടെ പശ്ചാത്തലത്തില്‍. കാര്‍ഷിക പ്രധാനമായ ഇന്ത്യയിലെ തകര്‍ന്നടിയുന്ന കാര്‍ഷികമേഖലയ്‌ക്കും മറ്റ്‌ ജനവിഭാഗങ്ങള്‍ക്കും ചെറുത്തു നില്‍പ്പിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും സഹായകമാകുന്ന എന്തു ബദലാണ്‌ സി.പി.എം. മാര്‍ഗരേഖ മുന്നോട്ട്‌ വെക്കുന്നത്‌. മുപ്പത്‌ ശതമാനത്തോളം വരുന്ന കര്‍ഷകത്തൊഴിലാളികളുണ്ടെന്നു പറയുന്ന രേഖയില്‍ അവരുടെ ഉയര്‍ന്ന കൂലിയാണ്‌ കൃഷിഭൂമി തരിശിടുന്നതിന്‌ കാരണമെന്ന നാലാം ലോകസിദ്ധാന്തം തെളിഞ്ഞു നില്‍ക്കുന്നു. എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പാര്‍ട്ടി നയമല്ലെന്ന്‌ തറപ്പിച്ച്‌ പറയുന്നു. പട്ടികജാതിക്കാര്‍ക്ക്‌ കൃഷിഭൂമി നല്‍കണമെന്ന്‌ ഇതിന്‌ സമാന്തരമായി തന്നെ ജനറല്‍ സെക്രട്ടറി പ്രകാശ്‌കാരാട്ട്‌ ആവശ്യപ്പെടുന്നു. പട്ടികവര്‍ഗക്കാര്‍ക്ക്‌ മാത്രമേ ഭൂമി നല്‍കേണ്ടതുള്ളൂ എന്ന്‌ രേഖ ആവര്‍ത്തിക്കുന്നു. ഈ വൈരുധ്യങ്ങള്‍ കാണുമ്പോള്‍ മതിപ്പില്ലാത്ത രേഖയെന്ന്‌ ആവര്‍ത്തിക്കേണ്ടി വരുന്നു. 'മണ്ണ്‌ തന്നെ ഉത്‌പാദനോപകരണമാണ്‌. ശരിക്ക്‌ പരിചരിച്ചാല്‍ അത്‌ ഏക്കാലവും മെച്ചപ്പെട്ടുകൊണ്ടിരിക്കും. മുമ്പ്‌ നടത്തിയ നിക്ഷേപങ്ങള്‍ നഷ്‌ടപ്പെടാതെ തുടര്‍ച്ചയായി മൂലധന നിക്ഷേപങ്ങള്‍ക്ക്‌ അത്‌ സൗകര്യം നല്‍കും.' -തൊഴില്‍ശാലകളില്‍ നിന്ന്‌ വ്യത്യസ്‌തമായ മണ്ണിന്റെ ഈ മഹത്ത്വം മാര്‍ക്‌സ്‌ മുതലാളിത്തോത്‌പാദന പ്രക്രിയയുമായി ബന്ധപ്പെടുത്തി 'മൂലധന'ത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ അടിസ്ഥാന നിലപാടില്‍ നിന്നാണ്‌ കേരളത്തില്‍ ഭൂപരിഷ്‌കരണവും കാര്‍ഷിക പരിഷ്‌കരണവുമൊക്കെ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ മുന്നോട്ട്‌ വെച്ചത്‌. ഭൂമി വ്യാവസായിക മൂലധന നിക്ഷേപത്തിന്‌ സൗജന്യമായി പതിച്ചുകൊടുക്കേണ്ട ഒരു അവശ്യവസ്‌തുവാണെന്ന ആഗോളീകരണ നയക്കാരുടെ നിലപാടുകളിലേക്ക്‌ ഒതുങ്ങിക്കൂടുകയാണ്‌ ഇപ്പോള്‍ സി.പി.എം. നേതൃത്വം. പ്രത്യേക സാമ്പത്തിക മേഖല പശ്ചിമബംഗാള്‍ അടക്കം അഞ്ചുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ കാര്യം രേഖയെടുത്തു പറയുന്നു. ഇത്‌ വെളിപ്പെടുത്തുന്നത്‌ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല എന്നുതന്നെയാണ്‌. കേരളം പോലെ ചെറിയ സംസ്ഥാനമായ ഗോവ അത്‌ നടപ്പാക്കേണ്ടെന്ന്‌ തീരുമാനിച്ചിട്ടുമുണ്ട്‌. ജനസാന്ദ്രതയില്‍ കേരളം ഇന്ത്യയില്‍ മൂന്നാമതാണ്‌. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഭിന്നമായി നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ആവാസ വ്യവസ്ഥയും. മൊത്തം ഭൂവിസ്‌തൃതിയുടെ 82 ശതമാനവും കാര്‍ഷിക-വന മേഖലകളാണ്‌. കഴിഞ്ഞ എഴ്‌ വര്‍ഷം കൊണ്ട്‌ കാര്‍ഷികേതരഭൂമി ഒമ്പത്‌ ശതമാനത്തില്‍ നിന്ന്‌ 11.29 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്‌. അത്തരമൊരു ഭൂ-ജന പശ്ചാത്തലമുള്ള സംസ്ഥാനത്ത്‌ പ്രത്യേക സാമ്പത്തിക മേഖലകള്‍ രൂപപ്പെടുത്തുന്നത്‌ വ്യാപകവും സുചിന്തിതവുമായ ചര്‍ച്ചകള്‍ക്കും വിപുലമായ അഭിപ്രായസമന്വയത്തിനും ശേഷമായിരിക്കണം. രണ്ടോ മൂന്നോ സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ചേര്‍ന്ന്‌ തീരുമാനിച്ചാല്‍ പോരാ. റിയല്‍ എസ്റ്റേറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ സെസ്‌ മേഖല ദുരുപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുമെന്നൊക്കെ അവകാശപ്പെടുന്നുണ്ട്‌. കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഭരണകാലത്തെ അനുഭവങ്ങള്‍ ജനങ്ങള്‍ക്ക്‌ മുമ്പിലുണ്ട്‌. പശ്ചിമബംഗാളില്‍ തന്നെ നന്ദിഗ്രാമിലെ സെസ്‌ മേഖലയും സിംഗൂരില്‍ ടാറ്റയ്‌ക്ക്‌ ഭൂമി നല്‍കിയതും ചോദ്യചിഹ്നങ്ങളായി കേരളം കാണേണ്ടതുണ്ട്‌. ആയിരം ഏക്രയുടെ സ്ഥാനത്ത്‌ 600 ഏക്ര നാനോ ഫാക്‌ടറിക്ക്‌ മതിയെന്ന്‌ ഇപ്പോള്‍ രത്തന്‍ടാറ്റ സമ്മതിക്കുന്നു. 400 ഏക്ര വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സമരം നടത്തുന്ന മമതാബാനര്‍ജിയോട്‌ ചര്‍ച്ച നടത്താന്‍ ബിമന്‍ ബസു സന്നദ്ധത പ്രകടിപ്പിക്കുന്നു. ഇത്തരം പ്രതിസന്ധികളിലേക്ക്‌ കേരളത്തെ വലിച്ചെറിയാതെയുളള ബദല്‍നയങ്ങളാണ്‌ മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്‌. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ്‌ . ഘടകകക്ഷികളുടെ നിലപാട്‌ എടുത്തുപറയേണ്ടതുണ്ട്‌. എന്നാല്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിപ്രായസമന്വയം സെസിന്റെ കാര്യത്തില്‍ ഉണ്ടാക്കിയേ തീരൂ എന്നതാണ്‌ ബംഗാളില്‍ നിന്നുള്ള പാഠം.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Wednesday, August 13, 2008

ഇടതുപക്ഷം...........

ഇടതുപക്ഷം...........

വിശ്വാസ പ്രമേയത്തെക്കുറിച്ച്‌ കഴിഞ്ഞതവണ ഈ പംക്തിയില്‍ പ്രതിപാദിച്ചതിനെതിരെ കടയ്‌ക്കാവൂരില്‍ നിന്ന്‌ ഒരുവായനക്കാരന്‍ പ്രതികരിച്ചത്‌ (ആഗസ്‌ത്‌-6, 2008) കണ്ടു. ഈ ലേഖകന്‍ നിഷ്‌പക്ഷനായ രാഷ്ട്രീയനിരീക്ഷകനല്ലെന്ന്‌ അദ്ദേഹം പറയുന്നു. പക്ഷപാതപരമായ മമതയോടെ ഇടതുപക്ഷത്തെ കണ്ണടച്ച്‌ വാഴ്‌ത്തുകയാണെന്നും. ആദ്യമേ പറയട്ടെ ഈ ലേഖകന്‌ തീര്‍ച്ചയായും ഒരുപക്ഷമുണ്ട്‌. അത്‌ ഈ പംക്തിയുടെ പേരില്‍ നിന്നു തന്നെ വ്യക്തവുമാണ്‌. എല്ലാ മാധ്യമങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കുന്നവര്‍ക്ക്‌ ഇതുപോലെ പക്ഷങ്ങളുണ്ട്‌. വിശ്വാസവോട്ടില്‍ വിജയിച്ച പക്ഷത്തിന്റെ 'നന്മ'കളെ വാഴ്‌ത്താത്തതില്‍ പ്രകോപിതനായ വായനക്കാരനും തീര്‍ത്തും നിഷ്‌പക്ഷനാകാന്‍ സാധ്യതയില്ല. എല്ലാ പക്ഷവും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ജനങ്ങള്‍ കൊള്ളേണ്ടത്‌ കൊള്ളുകയും തള്ളേണ്ടത്‌ തള്ളുകയും ചെയ്യും. കാലവും ചരിത്രവും അത്‌ പില്‍ക്കാലത്ത്‌ വ്യക്തമാക്കും. വിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട്‌ നമ്മുടെ പാര്‍ലമെന്റും രാഷ്ട്രീയപ്പാര്‍ട്ടികളും ജനാധിപത്യ സംവിധാനവും മൊത്തത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പുതിയ അവസ്ഥയിലേക്ക്‌ വെളിച്ചം വീശാനാണ്‌ കഴിഞ്ഞ പംക്തിയില്‍ ശ്രമിച്ചത്‌. അത്‌ വസ്‌തുതാപരമോ സത്യസന്ധമോ എന്നതാണ്‌ യഥാര്‍ഥ പ്രശ്‌നം. എം.പി.മാരെ കോടികള്‍ കോഴകൊടുത്ത്‌ വിലയ്‌ക്ക്‌ വാങ്ങി പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാക്കുന്നതാണോ ഔചിത്യം. അതോ ജനാധിപത്യത്തെ ധനശക്തികൊണ്ട്‌ ഞെരിച്ച്‌ കൊല്ലുന്ന അത്തരമൊരു പ്രവൃത്തിയെ തുറന്ന്‌ കാണിക്കലോ? കോണ്‍ഗ്രസ്‌ (ഐ)യുടെയും ഭരണമുന്നണിയുടെയും നന്മകളില്‍ കണ്ണടച്ച്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഈ പുതിയ വെല്ലുവിളി നിസ്സാരമായി തോന്നാം. നോട്ടുകെട്ടുകള്‍ വെച്ച്‌ ജനാധിപത്യത്തെ പാളം തെറ്റിക്കാന്‍ '93-ല്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവാണ്‌ ശ്രമിച്ചതെന്ന്‌ കഴിഞ്ഞലക്കത്തില്‍ എഴുതിയിരുന്നു. അന്ന്‌ വോട്ട്‌ ചെയ്‌തത്‌ ആദര്‍ശത്തിന്റെ പേരിലല്ലെന്നും കോഴവാങ്ങിയായിരുന്നു എന്നും തെളിയിക്കപ്പെട്ടതാണ്‌. സുപ്രീംകോടതിയില്‍ വരെ അതിന്റെ രേഖകള്‍ ഉണ്ട്‌. ആ രേഖകളില്‍ നിന്ന്‌ ഉദ്ധരിച്ചാണ്‌ അന്ന്‌ ഷിബുസോറന്റെ ജെ.എം.എം . എം.പി.മാര്‍ക്ക്‌ വോട്ടിന്‌ കൊടുത്ത കോഴ 1,62,8000 രൂപ ആയിരുന്നു എന്ന്‌ കൃത്യമായി എഴുതിയത്‌. ഇത്‌ സംബന്ധിച്ച കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഏത്‌ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ എത്രയൊക്കെ തുക ഏതുസമയത്ത്‌ ഷിബുസോറന്‍മാര്‍ക്ക്‌ എത്തിച്ചു എന്ന്‌ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്‌. ഇന്ന്‌ മന്‍മോഹന്‍സിങ്ങിനെ പോലെ കോണ്‍ഗ്രസ്‌(ഐ)യുടെ ആരാധ്യനേതാവായി (അന്ന്‌ ധനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും) പ്രധാനമന്ത്രിപദത്തിലിരുന്ന നരസിംഹറാവുവും പാര്‍ലമെന്ററികാര്യ മന്ത്രി ഭൂട്ടാസിങ്ങും കോഴകൊടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരാണ്‌. കോഴവാങ്ങിയ ഷിബുസോറനും സഹപ്രവര്‍ത്തകരും പാര്‍ലമെന്റിനകത്ത്‌ നടന്ന വോട്ടെടുപ്പിന്റെ ഭരണഘടനാ പരിരക്ഷ കാരണം ശിക്ഷിക്കപ്പെടാതെ പോകുകയായിരുന്നു. ഒരുവ്യാഴവട്ടത്തിന്‌ ശേഷം ചരിത്രം അതേപടിയല്ല ആവര്‍ത്തിച്ചതെന്ന്‌ മാത്രം. അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയാകുകയും മന്‍മോഹന്‍സിങ്‌ മന്ത്രിസഭ ന്യൂനപക്ഷമാകുകയും ചെയ്‌തപ്പോള്‍ മാറ്റങ്ങള്‍ വേറെയും വന്നു. ഷിബു സോറന്മാരെ പോലെ ചുരുങ്ങിയത്‌ പതിന്നാലു എം.പി.മാരെയെങ്കിലും ഗവണ്മെന്റ്‌ നിലനിര്‍ത്താന്‍ വിലയ്‌ക്കെടുക്കേണ്ടി വന്നു. കേന്ദ്രഭരണയന്ത്രത്തിന്റെ സ്വാധീനം കൊണ്ടുമാത്രം സാധിക്കുമായിരുന്നില്ല. വാഗ്‌ദാനം വോട്ട്‌ ഒന്നിന്‌ മൂന്നുകോടി മുതല്‍ ഇരുപത്തഞ്ച്‌ കോടിരൂപ വരെയായി. ഓഹരി വിപണിയിലെന്നപോലെ ഡല്‍ഹിയിലെ ദേശീയരാഷ്ട്രീയ വിപണിയിലും 42 കോടിരൂപയ്‌ക്കും 350 കോടി രൂപയ്‌ക്കും ഇടയിലെങ്കിലും മൊത്തവില സൂചിക കയറിയിറങ്ങിക്കൊണ്ടിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒഴികെ എല്ലാ പാര്‍ട്ടികളും ഈ വിപണിതരംഗത്തിന്‌ വിധേയരായി. ബി.ജെ.പി. പോലുളള ഒരു പാര്‍ട്ടിക്കുപോലും സ്വന്തം എം.പി.മാര്‍ക്കെതിരെ കൂറുമാറിയതിന്‌ നടപടിയെടുക്കേണ്ടി വന്നു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സും മാത്രമല്ല ഇത്തവണ രംഗത്തുണ്ടായിരുന്നത്‌. ലോകത്തിലെ ആദ്യ പത്ത്‌ ധനികരില്‍ രണ്ടുപേരായി മാറിയിട്ടുള്ള റിലയന്‍സിന്റെ അംബാനിമാര്‍- അതില്‍ അനില്‍ അംബാനി വിശേഷിച്ച്‌- ഓഹരി വിപണിയിലെ ഊഹമൂലധന നിക്ഷേപം ഒരുവ്യാഴവട്ടം കൊണ്ട്‌ ഇവരെ ലോകത്തിലെ ഒന്നാംനിര കുബേര പട്ടികയില്‍ മാത്രമല്ല പെടുത്തിയിട്ടുള്ളത്‌. ദേശീയ രാഷ്ട്രീയ വിപണിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ വിലയ്‌ക്കെടുക്കാനുള്ള ധനരാഷ്ട്രീയ ശക്തികൂടിയാക്കി മാറ്റിയിരിക്കയാണ്‌. ആഗോള കോടീശ്വരപ്പട്ടം ചൂടിനിന്നിരുന്ന മെക്‌സിക്കോയിലെ കാര്‍ലോസിനെയും അമേരിക്കയിലെ ബില്‍ഗേറ്റ്‌സിനെയുമൊക്കെ പിന്‍നിരയിലേക്ക്‌ തള്ളി അംബാനിമാരെയും അതുപോലുളള ഇന്ത്യന്‍ കോടീശ്വരന്മാരെയും മുന്നോട്ട്‌ കൊണ്ടുവന്നത്‌ '93-ല്‍ റാവുവും മന്‍മോഹനും തുടക്കമിട്ട ആഗോളീകരണവും ആഗോളഓഹരി വിപണിയിലേക്കുള്ള ഊഹമൂലധന കുത്തൊഴുക്കുമാണ്‌. രാജീവ്‌ബജാജ്‌, കുമാരമംഗലം ബിര്‍ള, ബാബകല്ല്യാണി, ചന്ദ്രകോച്ചര്‍, സുനില്‍മിത്തല്‍, രത്തന്‍ടാറ്റ, ഗൗതം താപ്പര്‍ തുടങ്ങി തഴച്ചു വളര്‍ന്ന കോര്‍പ്പറേറ്റ്‌ ശക്തികള്‍ നിരവധി വേറെയുണ്ട്‌. ഇവരില്‍ പലരും താന്താങ്ങളുടെ ഇച്ഛയ്‌ക്കും താത്‌പര്യങ്ങള്‍ക്കുമനുസരിച്ച്‌ പാര്‍ലമെന്റിന്റെ ജനാദേശത്തെ സ്വന്തം വരുതിയിലേക്ക്‌ വരുത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നേരിട്ടും പരോക്ഷമായും നയിക്കുന്നവരാണ്‌. ഇവരെയൊക്കെ സ്വാധീനിക്കുന്നതും നിയന്ത്രിക്കപ്പെടുന്നതും അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ നാടുകളില്‍ നിന്നും ഇന്ത്യന്‍ ഓഹരി വിപണിയിലേക്കും മറിച്ചുമുള്ള ഊഹമൂലധനത്തിന്റെ ഒഴുക്കും; അതിന്റെ ആഗോളവര്‍ഗ രാഷ്ട്രീയവും സംയുക്ത ബിസിനസ്സ്‌ താത്‌പര്യങ്ങളും. '93-ല്‍ നിന്ന്‌ വിഭിന്നമായി ഇത്തവണയാകട്ടെ അമേരിക്കന്‍ സാനമ്രാജ്യത്വ മൂലധന രാഷ്ട്രീയ താത്‌പര്യങ്ങള്‍ ആണവക്കരാറുമായി ബന്ധപ്പെട്ട്‌ വിശ്വാസവോട്ടില്‍ നേരിട്ടിടപെട്ടിട്ടുണ്ട്‌. അമേരിക്കയിലെ ശക്തന്മാരായ നോണ്‍റസിഡന്റ്‌ ഇന്ത്യക്കാരും രാഷ്ട്രീയക്കളിയുടെ അണിയറയില്‍ ഉണ്ടായിരുന്നു. മേല്‍പ്പറഞ്ഞവരില്‍ ആരും തന്നെ ഇടതുപക്ഷത്തിന്‌ വേണ്ടി വിശ്വാസവോട്ടിനെതിരെ ആളെപ്പിടിക്കാന്‍ രംഗത്തുണ്ടായിരുന്നു എന്ന്‌ ഒരാളും പറയില്ല. പതിവ്‌ പോലെ ഇടതുപക്ഷത്തിന്റെ മൂലധനം അറുപതോളം എം.പി.മാരും അവരുടെ പിറകില്‍ അണിനിരന്നിട്ടുള്ള ഇന്ത്യയിലെ പാവപ്പെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഇച്ഛാശക്തിയും മാത്രമായിരുന്നു. ബി.എസ്‌.പി.യിലേക്ക്‌ കോണ്‍ഗ്രസ്സില്‍ നിന്നും സമാജ്‌ വാദി പാര്‍ട്ടിയില്‍ നിന്നും ചിലര്‍ കൂറുമാറി ചെന്നിട്ടുണ്ടെന്നത്‌ ശരിയാണ്‌. കോടികള്‍ കോഴകൊടുത്താണ്‌ അവരെ കൊണ്ടുപോയതെന്ന്‌ ആ പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ആരോപിച്ചിട്ടില്ല. പിന്നാക്ക ദളിതവിഭാഗങ്ങളില്‍ നിന്ന്‌ ഒരു വനിത യു.പി. മുഖ്യമന്ത്രിയായതും ന്യൂനപക്ഷത്തിന്റെ പാര്‍ട്ടിയെന്ന്‌ അവകാശപ്പെട്ടിരുന്ന സമാജ്‌ വാദി പാര്‍ട്ടി ആണവക്കരാറിനെയും കോണ്‍ഗ്രസ്സിന്റെ ഗവണ്മെന്റിനെയും പിന്തുണച്ചതും യു.പി. രാഷ്ട്രീയത്തില്‍ വലിയ കുലുക്കം ഉണ്ടാക്കിയിട്ടുണ്ട്‌. വള്ളിക്കുന്നില്‍ നിന്ന്‌ മാത്രമല്ല കടയ്‌ക്കാവൂരില്‍ നിന്നും ശ്രദ്ധിക്കാവുന്നവിധം ദേശീയ രാഷ്ട്രീയത്തിലെ തിരയിളക്കം. വി.പി.സിങ്ങിനെ പോലെ രാഷ്ട്രീയമാറ്റത്തിന്‌ വിധേയമാകുന്നതും ഷിബുസോറന്മാരെ പോലെ പണവും മന്ത്രിപദവും കീശയിലാക്കാന്‍ കൂറുമാറി വോട്ടുചെയ്യുന്നതും ഒരു പോലെയല്ല. മന്‍മോഹന്‍സിങ്ങിന്റെ ആദ്യ വിദേശകാര്യ മന്ത്രിയായ നട്‌വര്‍സിങ്‌ ബി.എസ്‌.പി.യില്‍ ചേര്‍ന്നത്‌ മാറുന്ന ദേശീയ രാഷ്ട്രീയത്തിന്റെ പുതിയമുഖമാണ്‌ തെളിയിക്കുന്നത്‌. അതിലേറെ പ്രധാനം '93-ല്‍ കേസന്വേഷിച്ചു പോയ സി.ബി.ഐ. ആണ്‌ കോഴപ്പണം കണ്ടെത്തിയത്‌. ഇപ്പോഴാകട്ടെ വിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ്‌ നടക്കും മുമ്പ്‌ മൂന്ന്‌ ബി.ജെ.പി. എം.പി.മാര്‍ കോഴപ്പണത്തിന്റെ അഡ്വാന്‍സായ ഒരുകോടി രൂപ ലോക്‌സഭയുടെ മേശപ്പുറത്ത്‌ കൊണ്ടുവന്ന്‌ ചൊരിയുകയായിരുന്നു. ലോകമാകെ തത്സമയം കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്‌ച കണ്ടില്ലെന്ന്‌ നടിക്കണമെന്നാണോ കണ്ണടച്ച്‌ ചൈനയെ ധ്യാനിക്കണമെന്നോ. കോണ്‍ഗ്രസ്സിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഉന്നതരായ ആളുകള്‍ കോഴയുമായി സമീപിച്ചതിന്‌ പരാതിയും തെളിവുകളും ഇവര്‍ സഭയുടെ അന്വേഷണ സമിതിക്കു നല്‍കിയിട്ടുണ്ട്‌. വിശ്വാസവോട്ടു നേടിയവര്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്‌. കോഴ പ്രശ്‌നം 2004-ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വിധിയെ വഴിപിഴപ്പിക്കുക മാത്രമല്ല സ്‌തംഭിപ്പിക്കുകയും ചെയ്‌തു. അമര്‍സിങ്ങുമാരും സോറന്മാരും തങ്ങളുടെ പങ്കിന്‌ വേണ്ടി കടുത്ത വിലപേശല്‍ നടത്തുന്നു. മന്ത്രിസ്ഥാനം, വകുപ്പുകള്‍, സെക്രട്ടറി നിയമനങ്ങള്‍, ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി സ്ഥാനം.അങ്ങനെ പലതും പിടിച്ചുവാങ്ങാന്‍ നോക്കുന്നു. വര്‍ഷകാലം തീരാറായിട്ടും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വിളിച്ചിട്ടില്ല. കോഴകൊടുത്ത്‌ സഭയില്‍ ഭൂരിപക്ഷം സാങ്കേതികമായി നിലനിര്‍ത്താനായി. എന്നാല്‍ കോര്‍പ്പറേറ്റ്‌ രാജാക്കന്മാരുടെയും വിദേശമൂലധനശക്തികളുടെയും ആഗോളീകരണ താത്‌പര്യങ്ങളുടെയും സമര്‍ദങ്ങള്‍ക്കും മൂക്കുകയറുകള്‍ക്കും വിധേയമായി പ്രതിസന്ധിയിലാണ്‌ കേന്ദ്രഭരണം. ഇത്തരമൊരു പ്രതിസന്ധിക്കാണ്‌ സോമനാഥ്‌ ചാറ്റര്‍ജി യഥാര്‍ഥത്തിലിപ്പോള്‍ ആധ്യക്ഷ്യം വഹിക്കുന്നത്‌. തൊട്ട്‌ മുമ്പ്‌ ഈ പംക്തിയില്‍ 'ഇത്‌ അമേരിക്കന്‍ സ്‌പെഷല്‍' എന്ന്‌ എഴുതിയപ്പോഴും ഇതുപോലൊരു പ്രതികരണം കണ്ടു. ന്യൂഡല്‍ഹിയിലെ ജനക്‌പുരിയില്‍ നിന്ന്‌ ഒരു വായനക്കാരന്‍. ഇടതുപക്ഷത്തിനെ ഇത്രമാത്രം പുകഴ്‌ത്തിപ്പറയുന്ന ഈ ലേഖകന്‌ കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ സെക്രട്ടറി ആവാന്‍ യോഗ്യത ഉണ്ടെന്നാണ്‌ അദ്ദേഹം പരിഹസിച്ചത്‌. ഇതേകോളത്തില്‍ സി.പി.എം. വിമര്‍ശനവിധേയമാകുമ്പോള്‍ പാര്‍ട്ടിപ്പത്രത്തിന്‌ ഈ പംക്തി പാര്‍ട്ടിവിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമാകുന്നു. ഇടതുപക്ഷ വേഷം സ്വയമണിഞ്ഞ്‌ യു.ഡി.എഫിനെ സഹായിക്കുന്നു എന്നാക്ഷേപിക്കുന്നു. കാണരുത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌ എന്ന്‌ അനുയായികളോട്‌ നൂറ്റൊന്നാവര്‍ത്തിക്കുന്നു. രണ്ടുപക്ഷവും കുറ്റപ്പെടുത്തുന്നത്‌ ഒരു വ്യക്തിയെ. കത്തുകളുടെ കാര്യം പറഞ്ഞകൂട്ടത്തില്‍ പെരിങ്ങോട്‌ നിന്നുള്ള വായനക്കാരനോട്‌ പ്രത്യേകം നന്ദി പറയേണ്ടതുണ്ട്‌. ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തെക്കുറിച്ച്‌ എഴുതിയതില്‍ കെ. മാധവന്‍ നായരുടെ പുസ്‌തകത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിലെ തെറ്റ്‌ തിരുത്തിയതിന്‌. അന്നു പെയ്‌ത മഴയില്‍...
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌