Wednesday, December 17, 2008

മുഖ്യമന്ത്രി വിവാദത്തിന്റെ മറുപുറം .

മുഖ്യമന്ത്രി വിവാദത്തിന്റെ മറുപുറം


ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ്‌ ജനങ്ങള്‍ കാണുന്നത്‌. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടി കൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ മും ബൈയില്‍ നടന്ന തീവ്രവാദി ആക്രമണം തത്സമയം സംപ്രേഷണം ചെയ്‌തതുപോലെയാണ്‌ ഇക്കഴിഞ്ഞ സി.പി.എം. സംസ്ഥാന കമ്മിറ്റിയോഗ നടപടികള്‍ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചത്‌. പാര്‍ട്ടി ഒന്നാകെ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെതിരെ വിമര്‍ശനത്തിന്റെ വെടിയുതിര്‍ക്കുന്നത്‌ കേരളമാകെ മാറ്റൊലിക്കൊണ്ടു. മലപ്പുറം സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ എന്ന പോലെ യോഗത്തില്‍ നടന്നതെല്ലാം മൊത്തമായി മാധ്യമങ്ങളിലേക്കു ചോര്‍ന്നൊഴുകി. വി.എസ്‌. പാര്‍ട്ടിയെ ധിക്കരിച്ച്‌ മുന്നോട്ടു നീങ്ങുന്നു. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണ്‌. അദ്ദേഹത്തെ നിയന്ത്രിക്കുന്നത്‌ ബാഹ്യമായ ശക്തികളാണ്‌-തുടങ്ങിയ അതി ഗുരുതരമായ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി നിയോഗിച്ചിട്ടുള്ളവരടക്കം സംസ്ഥാന കമ്മിറ്റിയിലെ മഹാഭൂരിപക്ഷവും വിമര്‍ശനമുയര്‍ത്തിയതായി മാധ്യമങ്ങള്‍ പറയുന്നു. ഇത്‌ പി.ബി.യുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചതായും. എല്‍.ഡി.എഫ്‌. ഗവണ്മെന്റിനെ നയിക്കുന്ന പ്രധാനപാര്‍ട്ടിയായ സി.പി.എമ്മില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നുപോലും ആവശ്യമുയര്‍ന്നു. ഈ സന്ദര്‍ഭം ശ്രദ്ധേയമാണ്‌. ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധിതമായ സാഹചര്യം. മുന്‍കാല അനുഭവം വെച്ചാണെങ്കില്‍ ഇതിനകം രണ്ട്‌ കാര്യങ്ങള്‍ നടക്കേണ്ടതുണ്ടായിരുന്നു. മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്‌ടി എന്നു പറഞ്ഞ്‌ പാര്‍ട്ടിവാര്‍ത്ത തള്ളിപ്പറയണമായിരുന്നു. അല്ലെങ്കില്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തത്‌ സംബന്ധിച്ച പാര്‍ട്ടിതല അന്വേഷണത്തിന്‌ ഉത്തരവിടണമായിരുന്നു. പകരം മൗനത്തിലൂടെ വാര്‍ത്തയ്‌ക്കു സ്ഥിരീകരണം നല്‍കുന്ന ഒരസാധാരണ നിലപാടാണ്‌ കേരള പാര്‍ട്ടി നേതൃത്വം ഇത്തവണ സ്വീകരിച്ചുകണ്ടത്‌. പാര്‍ട്ടി പത്രം ഇത്തവണ ദീക്ഷിക്കുന്ന മൗനവും അസാധാരണമാണ്‌. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്‌ വാദവിവാദങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്‌. ചാടിക്കയറി സ്വന്തം തലവെച്ചുകൊടുത്ത ഐ.എ.എസ്‌. ഓഫീസറുമായി കെട്ടുപിണഞ്ഞാണ്‌ അതിപ്പോള്‍ വഴി തിരിച്ചു വിട്ടിട്ടുള്ളത്‌. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം അവശേഷിക്കുന്നു. മുഖ്യമന്ത്രി ഉപജാപകസംഘത്തിന്റെ പിടിയിലാണെന്നും ബാഹ്യശക്തികളുടെ ആജ്ഞാനുവര്‍ത്തിയാണെന്നും അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറി തന്നെയാണ്‌ സംസ്ഥാന സമിതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളത്‌. ഇതേക്കുറിച്ച്‌ പി.ബി. അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചത്‌ ശ്രദ്ധേയമാണ്‌. ''മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പാര്‍ട്ടി ഘടകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമാണ്‌. പുറത്തു വന്നത്‌ അവിടെ പറഞ്ഞതാകാം അല്ലായിരിക്കാം. അതിന്റെ പേരില്‍ നടപടിക്ക്‌ പ്രസക്തിയില്ല.'' പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നതല്ല യഥാര്‍ഥ പ്രശ്‌നം. വളരെ ഉത്തരവാദിത്വത്തോടെ പാര്‍ട്ടി മുമ്പാകെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പരസ്യമായിരിക്കുന്നു എന്നതാണ്‌. സി.പി.എമ്മിനു നിരക്കാത്ത ഒരു മുഖ്യമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നതാണ്‌. അങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ കോടിയേരി പോലും പറയാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണഗതിയില്‍ സി.പി.എം. അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അതിന്റെ വഴിക്ക്‌ വിടേണ്ട കാര്യമേ ജനങ്ങള്‍ക്കുള്ളൂ. പക്ഷേ, പാര്‍ട്ടിയുടെ അജന്‍ഡയായിരിക്കുന്നത്‌ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിന്റെ പ്രവര്‍ത്തനവുമാണ്‌. പതിവ്‌ രീതിയില്‍ നിന്ന്‌ വ്യത്യസ്‌തമായി അസാധാരണ രീതിയില്‍, മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന ആളാണ്‌ വി.എസ്‌. ജനവികാരം കണക്കിലെടുത്ത്‌ സംസ്ഥാന നേതൃത്വത്തിന്റെ ഇംഗിതം അവഗണിച്ച്‌ വി.എസ്സിനെ സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമാക്കാന്‍ അഖിലേന്ത്യാ നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. അങ്ങനെ ജനങ്ങളുടെകൂടി നിര്‍ബന്ധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായ വി.എസ്‌. എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നറിയാനുള്ള അവകാശം തീര്‍ച്ചയായും ജനങ്ങള്‍ക്കുകൂടിയുണ്ട്‌. എന്നാല്‍, ഈ വിശ്വാസമെല്ലാം തകര്‍ത്ത്‌ ബാഹ്യശക്തികളുടെ പിടിയില്‍ കരുവായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞു എന്നുപറയുന്നത്‌ വിചിത്രമായ അനുഭവമാണ്‌. സ്വതന്ത്ര ഇന്ത്യയില്‍ത്തന്നെ ഒരു മുഖ്യമന്ത്രിക്ക്‌ നേരെയും ഉയര്‍ന്നിട്ടില്ലാത്ത വിമര്‍ശനമാണ്‌ വി.എസ്സിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്നിരിക്കുന്നത്‌. ഒരു വാഹനാപകടത്തില്‍ താന്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കും എന്ന്‌ ജില്ലാ സെക്രട്ടറി കൂടിയായ സംസ്ഥാന കമ്മിറ്റിയംഗം പറയുന്നതുവരെ ചര്‍ച്ച എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍, മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന നേതൃത്വവും തമ്മില്‍ വേണ്ടരീതിയിലുള്ള ഏകോപനം ഇല്ലെന്ന്‌ സി.പി.എം. കേന്ദ്രനേതൃത്വം തന്നെ ഇടപെട്ട്‌ ചൂണ്ടിക്കാണിച്ചിരുന്നതാണ്‌. വളരെയേറെ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള ചുമതല നിര്‍വഹിക്കാന്‍ ഗവണ്‍മെന്റിന്‌ കഴിയുന്നില്ല. ഇത്‌ പരിഹരിക്കാന്‍ ഗവണ്‍മെന്റും സംസ്ഥാന പാര്‍ട്ടിയുമായുള്ള ഏകോപന സംവിധാനം ശക്തിപ്പെടുത്തിയതുമാണ്‌. ഇതൊക്കെ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പാര്‍ട്ടി ഭരണസംവിധാനത്തിനപ്പുറം ഒരു ഉപജാപക സംഘത്തെ നയിക്കുന്നു എന്ന്‌ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം തന്നെ ആക്ഷേപിക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ വിശദീകരണം കിട്ടേണ്ടതുണ്ട്‌. സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ വാദവിവാദങ്ങളുടെ പൊടിപടലങ്ങള്‍ക്കിടയില്‍ നിന്ന്‌ വസ്‌തുതകള്‍ ചികഞ്ഞെടുത്ത്‌ പരിശോധിച്ചാല്‍ വെളിപ്പെടുന്ന ഒരു ചിത്രമുണ്ട്‌. ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും മുന്‍ഗണനകള്‍ നടപ്പാക്കുന്നതിന്‌ പകരം അവ അട്ടിമറിക്കപ്പെടുന്നു. ഒരുവശത്ത്‌ ബാഹ്യശക്തികളും ഉപജാപകസംഘവും ആണ്‌ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്ന്‌ പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണനകള്‍ എങ്ങനെ അദ്ദേഹമടക്കം ഉള്‍പ്പെട്ട ഉപജാപക സംഘം അട്ടിമറിക്കുമെന്ന ചോദ്യം ഉത്തരം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തേണ്ട പാര്‍ട്ടിയുടെ, നിസ്സഹകരണവും നിലപാടുകളുമാണോ യഥാര്‍ഥ പ്രശ്‌നമെന്ന്‌ പരിശോധിക്കേണ്ടിവരുന്നു. പാര്‍ട്ടിക്കാരെ വിട്ട്‌ മറ്റുള്ളവരെ വിശ്വസിക്കേണ്ട, ആശ്രയിക്കേണ്ട ഗതികേടിലേക്ക്‌ സി.പി.എമ്മിന്റെ മുഖ്യമന്ത്രി ചെന്നെത്തി എന്നാണോ കരുതേണ്ടത്‌. അല്ലെങ്കില്‍ മുഖ്യമന്ത്രി എന്ന വ്യക്തിയുടെ പതനമാണ്‌ ഈ അവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ പാര്‍ട്ടി നേതൃത്വം സത്യസന്ധമായി ജനങ്ങളോട്‌ തുറന്നുപറയണം. പാര്‍ട്ടി അണികളും ജനങ്ങളും സി.പി.എം. കേന്ദ്രനേതൃത്വവും വി.എസ്സില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസം തെറ്റായിരുന്നു എന്ന്‌ ചരിത്രം രേഖപ്പെടുത്തണം. രണ്ടുംകെട്ട ഒരു നിലപാട്‌ ഒരു സംസ്ഥാനത്തിന്റെ ഭാഗധേയത്തെ ബാധിക്കുന്ന കാര്യത്തില്‍ സ്വീകരിക്കാനാവില്ല. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ വെളിപ്പെട്ടത്‌ കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണസംവിധാനത്തിന്റെ മൊത്തം തകര്‍ച്ചയും പരാജയവുമായിരുന്നു. മൂന്ന്‌ മന്ത്രിമാരുടെ വീഴ്‌ചമാത്രമായിരുന്നില്ല എന്ന്‌ കേന്ദ്രഗവണ്‍മെന്റിന്‌ തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അതുപോലെ കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ സംവിധാനത്തിന്റെ ആകെ തകര്‍ച്ചയാണ്‌ പ്രകടമാകുന്നത്‌. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത്‌ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റും പിബിയും നിരന്തരം സമ്മേളിക്കുന്നുണ്ട്‌. ഗവണ്‍മെന്റുമായുള്ള ഏകോപന സംവിധാനങ്ങള്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നാണ്‌ കരുതേണ്ടത്‌. എന്നിട്ടും സി.പി.എം. സംസ്ഥാനകമ്മിറ്റിയില്‍ പെട്ടെന്ന്‌ ഇങ്ങനെ പൊട്ടിത്തെറിയുണ്ടാകുന്നതിലേക്ക്‌ കാര്യങ്ങള്‍ എങ്ങനെ എത്തി എന്നതിന്‌ വിശദീകരണമില്ല. സി.പി.എം. മുഖ്യമന്ത്രിമാര്‍ ഇതിന്‌ മുമ്പ്‌ കേരളത്തിലോ മൂന്ന്‌ പതിറ്റാണ്ടിലേറെ ഭരണത്തില്‍ തുടരുന്ന പശ്ചിമബംഗാളിലോ ത്രിപുരയിലോ നേരിടാത്ത ഒരസാധാരണ സ്ഥിതിവിശേഷമാണിത്‌. വി.എസ്‌. എന്ന മുഖ്യമന്ത്രിയുടെയോ അദ്ദേഹവുമായുള്ള ഏകോപനം സാധ്യമാകാത്ത കേരള പാര്‍ട്ടി നേതൃത്വത്തിന്റെയോ പക്ഷം പിടിക്കാതെ ഈ പ്രശ്‌നത്തെ സമീപിക്കുകയാണ്‌ വേണ്ടത്‌. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മുഖ്യമന്ത്രി, മുഖ്യമന്ത്രിയെ ഉള്‍ക്കൊണ്ടുപോകാന്‍ കഴിയാത്ത പാര്‍ട്ടി എന്ന സത്യത്തിനു മുമ്പില്‍ നാം എത്തുന്നു. ഈ രണ്ടുകൂട്ടരും നിലകൊള്ളുന്നത്‌ ഒരേകാര്യങ്ങള്‍ക്കാണെന്നാണ്‌ ഒരു പോലെ അവകാശപ്പെടുന്നത്‌. പാര്‍ട്ടിനയങ്ങള്‍ക്കും ജനനന്മയ്‌ക്കും അത്‌ സത്യമാണെങ്കില്‍ പിന്നെ എന്തിന്റെയാണ്‌ ഇവര്‍ തമ്മിലുള്ള ഭിന്നത? ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാത്തത്‌ പാര്‍ട്ടിയിലെ വിഭാഗീയതകൊണ്ടായിരുന്നു എന്നാണ്‌ നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്‌. വിഭാഗീയത വളര്‍ത്തുന്നതിലും ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും തടസ്സം സൃഷ്‌ടിക്കുന്നതും സി.പി.എമ്മിനെ തകര്‍ക്കാന്‍ കച്ചകെട്ടി നടക്കുന്ന മാധ്യമങ്ങളാണെന്നും പറഞ്ഞു നടന്നിരുന്നു. കോട്ടയം സമ്മേളനത്തോടെ വിഭാഗീയതയുടെ ഭീഷണി അവസാനിപ്പിച്ചു. മാധ്യമങ്ങളുടെ താങ്ങും തലോടലും പരമാവധി നേടിയെടുക്കാന്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്‌ സാധിച്ചു. മുഖ്യമന്ത്രിയുടെ കന്‍േറാണ്‍മെന്റ്‌ ഹൗസ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഉപജാപകവൃന്ദത്തെ ചാക്കില്‍ക്കെട്ടി കാട്ടിലെറിയാനും കഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസും സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയും സി.പി.എം. സംസ്ഥാനകമ്മിറ്റിക്ക്‌ അംഗീകരിക്കാവുന്ന അവസ്ഥയിലേക്ക്‌ തിരിച്ചെത്തിയിട്ടില്ല! അതുകൊണ്ടാണല്ലോ സംസ്ഥാന കമ്മിറ്റിയുടെ വികാരവും ചര്‍ച്ചയുടെ ഉള്ളടക്കവും പി.ബി.യിലേക്ക്‌ പോകുന്നത്‌. ഭീകരാക്രമണത്തിന്റെ സാധ്യതയെയും ഭീഷണിയെയും എതിര്‍ത്തുതോല്‌പിക്കുന്നതിന്‌ വേണ്ടിയുള്ള സജീവമായ ചര്‍ച്ചകള്‍ രാജ്യത്താകെ നടക്കുന്നസമയത്താണ്‌ സി.പി.എം. സംസ്ഥാനകമ്മിറ്റി ചേര്‍ന്നത്‌. മുംബൈയെപ്പോലെ കേരളവും ഭീകരരുടെ ഒരു ലക്ഷ്യസ്ഥാനമാണെന്ന സാധ്യത വെളിപ്പെട്ടിട്ടുണ്ട്‌. മലയാളികള്‍ ചിലര്‍ പാകിസ്‌താനില്‍ പോയി ഭീകര പരിശീലനം നേടിയവിവരവും ഭീകരതയ്‌ക്കെതിരെ ജനങ്ങളെയും ഗവണ്‍മെന്റിനെയും ഒരുക്കാനുള്ള ചുമതല കേരളത്തിലും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ വിഷയം സംബന്ധിച്ച്‌ സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തി ഗവണ്‍മെന്റിന്‌ മാര്‍ഗദര്‍ശനം നല്‍കാന്‍ ശ്രമ ിച്ചതായി കാണുന്നില്ല. സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഏറ്റവും കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ്‌ ജനങ്ങള്‍ കാണുന്നത്‌. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടികൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ. ജനങ്ങള്‍ക്ക്‌ ആശ്വാസം മാത്രമല്ല ജീവിത സുരക്ഷ പോലും ഉറപ്പ്‌ വരുത്തേണ്ട, ചരിത്രത്തിലെ ഒരു നിര്‍ണായക സന്ധിയിലാണ്‌ ഇടതുപക്ഷ ഗവണ്‍മെന്റ്‌ കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്‌. പക്ഷേ, വിലപ്പെട്ട ദിവസങ്ങളാണ്‌ പാഴായിപ്പോകുന്നത്‌. ഇതിന്റെ ഉത്തരവാദിത്വം നിര്‍ണയിച്ച്‌ ചൂണ്ടുവിരല്‍ ചെന്നെത്തുന്നത്‌ സി.പി.എമ്മിലേക്കാണ്‌. ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷയും വിശ്വാസവും ഇടിക്കുന്നതില്‍ സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ടരവര്‍ഷത്തിനകം വലിയ സംഭാവന തന്നെ ചെയ്‌തിട്ടുണ്ട്‌. അതിന്റെ ഒടുവിലത്തെ രംഗങ്ങളാണ്‌ സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ അരങ്ങേറിയത്‌.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Thursday, December 4, 2008

മുംബൈയിലേക്ക്‌ നോക്കുമ്പോള്‍

മുംബൈയിലേക്ക്‌ നോക്കുമ്പോള്‍
ഇടതുപക്ഷം.....
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്‌തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു ബ്രി ട്ടീഷ്‌ സാനമ്രാജ്യത്വത്തിന്റെ അവസാന സൈനിക സാന്നിധ്യമായിരുന്ന സൊമര്‍സെറ്റ്‌ ലൈറ്റ്‌ ഇന്‍ഫെന്‍ട്രിയുടെ ഒന്നാം ബറ്റാലിയനാണ്‌ അവസാനമായി 'ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യ' വഴി മടങ്ങിപ്പോയത്‌. അത്‌ 1948 ഫിബ്രവരി 28-നായിരുന്നു. അതുവരെയും 'ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യ' ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ പ്രതീകമായിരുന്നു. കഴിഞ്ഞ അറുപതോളം വര്‍ഷമായി അത്‌ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍േറയും പരമാധികാരത്തിന്‍േറയും ചരിത്രപ്രതീകമായി ഇന്ത്യാസമുദ്രത്തെ അഭിമുഖീകരിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്നു. എന്നാല്‍ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആ വഴിയെത്തന്നെയാണ്‌ രാജ്യത്തെ ഞെട്ടിച്ചും ലോകത്തെ അമ്പരപ്പിച്ചും കഴിഞ്ഞ ദിവസം ഭീകരര്‍ കടന്നു വന്നത്‌. നിറതോക്കുകള്‍ ഉതിര്‍ത്തും ബോംബുകള്‍ വാരിയെറിഞ്ഞും നിരപരാധികളെ കൊന്നും ജാമ്യത്തടവുകാരാക്കിയും അറുപത്‌ മണിക്കൂറിലേറെ അവര്‍ മുംബൈയ്‌ക്കുമേല്‍ ഭീകരതയുടെ പതാക പാറിച്ചു. നിസ്സഹായതയോടെ, നൂറ്റിപ്പത്തു കോടി വരുന്ന ജനത ദൃശ്യമാധ്യമങ്ങളിലൂടെ ആ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. വിലപ്പെട്ട ജീവന്‍ ബലി നല്‍കി, ദേശീയസുരക്ഷാ സേനാംഗങ്ങളും കര-നാവികസേനാ കമാന്‍ഡോകളും അവര്‍ക്ക്‌ പിന്‍ബലം നല്‍കി രംഗത്ത്‌ പൊരുതി നിന്ന മഹാരാഷ്ട്ര പോലീസും അക്രമികളെ ഒടുവില്‍ തുടച്ചുനീക്കി. മുംബൈയ്‌ക്കു മുകളില്‍ ദേശീയ പതാക വീണ്ടും ഉയരത്തില്‍ പറത്തി. ഒപ്പം നമ്മുടെ ഭരണകൂട-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും പരാജയവും തുറന്നുകാട്ടുകയും ചെയ്‌തു. ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ സൂക്ഷ്‌മമായി ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ വഴി അധികൃതര്‍ക്ക്‌ ലഭ്യമായിരുന്നു. വ്യാപാരക്കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും ഉപയോഗിച്ചാണ്‌ നെറ്റ്‌ വര്‍ക്ക്‌ ഉപയോഗപ്പെടുത്തുന്നത്‌. ഗുജറാത്ത്‌, മുംബൈ, കേരളം വഴി ആയുധമെത്തിക്കാനുള്ള പദ്ധതി. സൈനിക പരിശീലനം നല്‍കിയ ഫിദായീനുകളെ മുംബൈ വഴി ഇറക്കാനുള്ള പദ്ധതി. (കഴിഞ്ഞവര്‍ഷം മുംബൈയില്‍ വന്നിറങ്ങിയ ഫിദായീന്‍ സംഘത്തെ കണ്ടെത്തി പിടികൂടിയതാണ്‌.) ഏറ്റവുമൊടുവില്‍ മുംബൈയില്‍ താജ്‌ ഹോട്ടല്‍ തൊട്ട്‌ ടൂറിസ്റ്റ്‌ സാന്നിധ്യമുള്ള ഇടങ്ങള്‍ വരെ ലക്ഷ്യമിട്ടു കഴിഞ്ഞെന്ന വിവരം. എന്തിന്‌, മുംബൈയില്‍ ആക്രമണം നടക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണം വരെ റിസര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌ വിങ്‌ പിടിച്ചെടുത്തു കൈമാറിയിരുന്നു! തീര പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞു. അതേതാനും പോലീസ്‌ സ്റ്റേഷന്‍ ഉദ്‌ഘാടനങ്ങളില്‍ ഒതുങ്ങി. നാവിക പരിശീലനം നല്‍കാനും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആയുധങ്ങളും കരുത്തുറ്റതാക്കാനുള്ള തീരുമാനം ഏതാനും ബോട്ടുകള്‍ വാങ്ങുന്നതിലവസാനിച്ചു. മുന്നറിയിപ്പുകള്‍ക്കു മുകളില്‍ അടയിരുന്നുറങ്ങുകയാണ്‌ നമ്മുടെ ഭരണാധികാരികള്‍ ചെയ്‌തത്‌.ഭീകരരോ? സൈനിക പരിശീലനത്തിന്‍േറയും ആധുനികവും അതിമാരകമായ ആയുധങ്ങളുടേയും വിഭവശേഷിയുടേയും പിന്‍ബലം നേടി. കമാന്‍ഡോ രീതിയിലുള്ള പ്രവൃത്തി വിഭജനം. ആക്രമിക്കേണ്ട പത്ത്‌ ലക്ഷ്യങ്ങളെ സംബന്ധിച്ചും മുന്‍കൂട്ടിയുള്ള സര്‍വേയും പരിചയവും. താജ്‌ ഹോട്ടലില്‍ സ്വന്തം കണ്‍ട്രോള്‍ റൂം പോലും അവര്‍ സജ്ജമാക്കി. പ്രാദേശികമായി ആരേയും ഉള്‍പ്പെടുത്താതെ ആക്രമണം നേരിട്ടു നടപ്പാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. വിദേശികളെ തടവുകാരാക്കി അന്താരാഷ്ട്ര വാര്‍ത്താ പ്രാധാന്യവും നേടി. മുംബൈ പരീക്ഷണം അവരെ സംബന്ധിച്ച്‌ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുകതന്നെ ചെയ്‌തു. ഇത്തരമൊരു ആക്രമണമുണ്ടായാല്‍ നേരിടാനുളള സജ്ജീകരണം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കില്ലെന്ന്‌ മുംബൈ സംഭവം തുറന്നുകാട്ടി. ദേശീയ സുരക്ഷാ സേന ഡല്‍ഹിയില്‍ നിന്നു വരണം. അത്തരമൊരു വരവിന്‌ അവരെപ്പോലും സജ്ജമാക്കിയിട്ടില്ല. ഒമ്പത്‌ മണിക്കൂര്‍ കഴിഞ്ഞാണ്‌ അവര്‍ക്ക്‌ സ്ഥലത്തെത്താന്‍ കഴിഞ്ഞത്‌. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്‌മയും വെളിപ്പെട്ടു. ഈ പരീക്ഷണ മുഹൂര്‍ത്തത്തില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ തികഞ്ഞ പരാജയമായി. ജനങ്ങള്‍ക്ക്‌ മനോവീര്യവും ആത്മവിശ്വാസവും പകരുന്നതില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരുപോലെ പരാജയപ്പെട്ടു. പ്രധാനമന്ത്രി ഒരു ഔദ്യോഗിക വക്താവിലേക്ക്‌ ചുരുങ്ങുന്നതാണ്‌ കണ്ടത്‌. ഒരു സ്റ്റേറ്റ്‌സ്‌മാനായി രാജ്യത്തിന്റെ ആത്മവിശ്വാസവും വഴികാട്ടിയുമായി ഉയര്‍ന്നു നില്‍ക്കുന്നതല്ല. ആഭ്യന്ത്രരമന്ത്രി കേവലം നിഴലായി. പത്ത്‌ മണിക്കൂര്‍ കഴിഞ്ഞാണ്‌ കേന്ദ്രമന്ത്രിസഭ കൂടിയത്‌. മഹാരാഷ്ട്ര മന്ത്രിസഭ ആക്രമണം തുടങ്ങി പതിന്നാല്‌ മണിക്കൂര്‍ കഴിഞ്ഞും സംസ്ഥാന ഗവണ്‍മെന്റിന്റെ സാന്നിധ്യമേ പ്രകടമായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മാത്രം വീഴ്‌ചയല്ല. രണ്ടു സര്‍ക്കാറുകളുടേയും കാര്യക്ഷമതയുടെ പരാജയമാണ്‌ പ്രകടമായത്‌. ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ജനപ്രതിനിധി സഭയിലെ പ്രതിപക്ഷ നേതാവുമായ അദ്വാനിയും ആ പദവിക്കൊത്ത്‌ ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ല. അസാധാരണമായ ചരിത്രമുഹൂര്‍ത്തത്തില്‍ വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന സന്ദേശത്തിനു പൂര്‍ണരൂപം നല്‍കേണ്ട ബാധ്യത നിര്‍വഹിച്ചില്ല. സര്‍വകക്ഷി യോഗത്തില്‍ നിന്ന്‌ വിട്ട്‌ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ സന്ദര്‍ഭം ഉപയോഗിച്ചത്‌. വെടിയൊച്ച തുടരുമ്പോഴും രണ്ട്‌ കോടി രൂപയുടെ പാരിതോഷിക പ്രഖ്യാപനവുമായി മുംബൈയില്‍ പറന്നെത്തുകയായിരുന്നു ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി. ഭീകരതയോട്‌ മുഖാമുഖം പോരാടി വീരമൃത്യുവരിച്ച എ.ടി.എസ്‌. മേധാവി ഹേമന്ത്‌ കര്‍ക്കരെയുടെ വിധവ മോഡിയുടെ പണം നിരസിച്ചു നടത്തിയ പ്രതികരണം ഇടുങ്ങിയ രാഷ്ട്രീയവീക്ഷണത്തിന്റെ ഉടമകള്‍ക്കൊക്കെയുള്ള പാഠമാണ്‌. രക്തസാക്ഷി മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ ശവസംസ്‌കാരച്ചടങ്ങില്‍ കേരളഗവണ്‍മെന്റിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും ആരും പ്രതിനിധീകരിച്ചെത്തിയില്ലെന്നത്‌ വീഴ്‌ചതന്നെയാണ്‌. ചട്ടപ്പടിയില്‍ മുഴുകിക്ക ഴിയുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന പുതിയസ്ഥിതിവിശേഷത്തെ ഉള്‍ക്കൊണ്ട്‌ ഉടനടി പ്രതികരിക്കാനുള്ള ഭാവനക്കുറവും കാര്യക്ഷമതയുടെ അഭാവവുമാണ്‌ അതില്‍ പ്രതിഫലിച്ചത്‌. സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്‌തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു. പുരപ്പുറത്തു കയറി കൂകാറുള്ള മഹാരാഷ്ട്രയിലെ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സംഭവസമയത്ത്‌ ഒളിവില്‍ പോയ പ്രതീതി. പ്രാദേശിക വികാരം ആയുധമാക്കി അന്യദേശക്കാര്‍ക്കെതിരെ ഭീഷണി വിതച്ചുവിളവെടുത്തവരുടെ ഭീരുത്വം വെളിവായി.ഭാഷ-മത-പ്രാദേശിക വ്യത്യാസമില്ലാതെ ദേശീയതയുടെ പ്രതീകങ്ങളായി വന്ന സുരക്ഷാസേനകളേയും സൈനിക കമാന്‍ഡോകളേയും മുംബൈ ജനത, അഭിമാനപൂര്‍വം നെഞ്ചേറ്റി. ഭാരത്‌ മാതാ കീ ജയ്‌ അന്തരീക്ഷത്തില്‍ അലയടിച്ചു.ഒരു ജനതയുടെ യഥാര്‍ഥ ഐക്യവും മതനിരപേക്ഷമായ ഉയിര്‍ത്തെഴുന്നേല്‍പ്പും അവിടെ പ്രകടമായി. ഈ വന്‍ ദേശീയദുരന്തത്തില്‍ നിന്ന്‌ മുന്നറിയിപ്പിന്റെ ഒരു സന്ദേശം വായിച്ചെടുക്കാനുണ്ട്‌. ശത്രുക്കള്‍ പരമ്പരാഗത അതിര്‍ത്തിയിലൂടെ മാത്രമേ വരൂ എന്ന ധാരണ തിരുത്തണം. കേരളമടക്കമുള്ള തീരസംസ്ഥാനങ്ങളെല്ലാം ആയുധങ്ങളും ഭീകരരും വന്നടുക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികളാണ്‌. സ്വാതന്ത്ര്യവും പരമാധികാരവും അഖണ്ഡതയും നിമിഷംകൊണ്ട്‌ തകര്‍ക്കാന്‍ കെല്‌പുള്ള ഭീകരസംഘങ്ങളെ വിദേശമണ്ണില്‍ പരിശീലിപ്പിച്ച്‌ ആയുധമണിയിച്ചു നിര്‍ത്തിച്ചിട്ടുണ്ട്‌. മുംബൈ അകലെയല്ല. എവിടെ വേണമെങ്കിലും ഇതിലും ശക്തമായി ആവര്‍ത്തിക്കപ്പെടാം. അതിനെ നേരിടാന്‍ സംസ്ഥാനങ്ങളെ അടിയന്തരമായി പ്രാപ്‌തമാക്കേണ്ടതുണ്ട്‌. പ്രത്യേക സുരക്ഷാസംവിധാന സാന്നിധ്യം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഉറപ്പു വരുത്തേണ്ടതുണ്ട്‌. ഈ അവസരം ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന്‌ കൂടുതല്‍ ദുര്‍ബലരാക്കുകയല്ല ചെയ്യേണ്ടത്‌. ഇസ്രായേലിന്റെ മൊസാദ്‌ മുതല്‍ അമേരിക്കയുടെ എഫ്‌.ബി.ഐ.വരെ ഇടപെടാന്‍ ഒരുങ്ങി ഇറങ്ങിയിട്ടുണ്ട്‌. കോണ്ടലീസാ റൈസ്‌ അനുതാപവും അനുനയവുമായി എത്തുന്നു. സ്വന്തം നയത്തിലും കാലിലും ഊന്നിനിന്ന്‌ സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ട്‌. അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഏഷ്യന്‍ ഏജന്‍സിയായി മാറാന്‍ ഇടവരുത്തിക്കൂടാ. ജനങ്ങളെ ആകെ ഏകോപിപ്പിച്ചും വിശ്വാസത്തിലെടുത്തും ഭരണാധികാരികള്‍ക്കതു നിര്‍വഹിക്കാനാകും, രാജ്യതാത്‌പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനായാല്‍. അവരെ പിടിച്ചുകുലക്കി ഇതിലേക്ക്‌ എത്തിക്കാനുള്ള ജനങ്ങളുടെ ഏകോപിച്ച ശബ്‌ദമാണ്‌ ഉച്ചത്തില്‍ ഉയരേണ്ടത്‌. ഹേമന്ദ്‌ കര്‍ക്കരെയും മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണനും അടക്കമുള്ളവര്‍ നാടിനെ മാത്രം ഓര്‍ത്ത്‌ രക്തസാക്ഷികളായത്‌ ഈ ലക്ഷ്യത്തിനാണ്‌. അവരോടുള്ള ആദരവ്‌ ഈ ചുമതല നിറവേറ്റിയാണ്‌ നിര്‍വഹിക്കേണ്ടത്‌. ദുഃഖാര്‍ത്തരായ അവരുടെ കുടുംബാംഗങ്ങളുടേയും സ്‌നേഹജനങ്ങളുടേയും കണ്ണീരൊപ്പേണ്ടത്‌, സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളാകെയും ഈ കടമ അതിവേഗം നിര്‍വഹിച്ചാണ്‌.