Friday, January 25, 2008

സി പി ഐ എമ്മിനെ പിടിച്ചെടുക്കാനുള്ള പിണറായിയുടെ ശ്രമം ചോരക്കളിയിലെ അവസാനിക്കൂ.

സി പി ഐ എമ്മിനെ പിടിച്ചെടുക്കാനുള്ള പിണറായിയുടെ ശ്രമം ചോരക്കളിയിലെ അവസാനിക്കൂ.


തിരുവനന്തപുരം: സി. പി. എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തങ്ങള്‍ക്കെതിരെ പിണറായിപക്ഷം നടത്തിയ കൂട്ട വെട്ടിനിരത്തിലിന് പൊളിറ്റ്ബ്യൂറോയുടെ സഹായത്തോടെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരിച്ചടി നല്‍കി. തിരുവനന്തപുരം ജില്ലാ സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പട്ടിക റദ്ദാക്കാന്‍ വെള്ളിയാഴ്ച സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച പി. ബി. നിര്‍ദ്ദേശം ശക്തമായ എതിര്‍പ്പിനൊടുവില്‍ പിണറായിപക്ഷത്തിന് മുന്‍തൂക്കമുള്ള സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പകരമായി ജില്ലാ സമ്മേളനത്തില്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ട സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പാനലില്‍ ഉള്‍പ്പെട്ടവരെ പ്രതിനിധികളാക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. എന്നാല്‍ സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പിനൊപ്പം വി. എസ്. പക്ഷത്തിനെതിരെ കൂട്ട വെട്ടിനിരത്തല്‍ നടന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും നാല് പിണറായി പക്ഷക്കാരെ മത്സരത്തിലൂടെ വി. എസ്. പക്ഷം പുറത്താക്കിയ കൊല്ലം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും സംബന്ധിച്ച തിരുമാനം കോട്ടയം സംസ്ഥാന സമ്മേളനത്തിന് ശേഷം കൈക്കൊള്ളാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമ്മേളന പ്രതിനധികളുടെ പട്ടികയില്‍ മാറ്റം വരുത്താനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം സംഘടനാ രീതിയനുസരിച്ച് അംഗീകരിച്ച് നടപ്പാക്കുന്നതിനായി സി. പി. എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. സി. പി. എം. സെക്രട്ടേറിയറ്റിന്റെ തീരുമാനം എങ്ങനെ നടപ്പാക്കണമെന്ന കാര്യം ജില്ലാ കമ്മിറ്റി തീരുമാനിക്കും. ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് സമവായ പാനലിന് അംഗീകാരം തേടുമെന്നാണ് സൂചന.തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കയ്യാളുന്ന പിണറായി പക്ഷം കടുത്ത വിഭാഗീയത കാട്ടിയെന്ന വി. എസ്. പക്ഷത്തിന്റെ പരാതിക്ക് ചെവികൊടുക്കുകയും സംസ്ഥാന സമ്മേളനത്തിന് മുമ്പുതന്നെ പരിഹാരം കാണുകയും ചെയ്യുകവഴി സി. പി എം. സംസ്ഥാന ഘടകത്തില്‍ അതിശക്തമായ ഇടപെടലാണ് സി. പി. എം. പൊളിറ്റ് ബ്യൂറോ നടത്തിയിരിക്കുന്നത്. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളന നടപടികള്‍ പൂര്‍ണമായും തങ്ങളുടെ വരുതിയിലായിരിക്കുമെന്ന നിര്‍ണായകമായ സൂചനയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നടത്തിയ അസാധാരണ ഇടപെടലിലൂടെ പി.ബി. വി.എസ്_പിണറായി പക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഴുവന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിലും മേല്‍നോട്ടത്തിലുമാണ് എല്ലാ ജില്ലാ സമ്മേളനങ്ങളും നടന്നത്. ഈ സമ്മേളനങ്ങളിലൊന്നും പ്രത്യേകിച്ച് തിരുവനന്തപുരത്ത് വിഭാഗീയതയുണ്ടായതായി പാര്‍ട്ടിക്കുള്ളിലും പുറത്തും സംസ്ഥാനനേതൃത്വം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം അറിയാത്ത വിഭാഗീയത പി.ബി. കണ്ടെത്തുകയെന്നത് പാര്‍ട്ടി നേതൃത്വത്തിനെതിരായ പരോക്ഷമായ കുറ്റപ്പെടുത്തല്‍ കൂടിയാണെന്ന് വി.എസ്. പക്ഷം പറയുന്നു.വി.എസ്. പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഈ സമ്മേളനത്തിലൂടെയാണ് പിണറായി പക്ഷം പിടിച്ചെടുത്തത്. സമവായ അന്തരീക്ഷം സൃഷ്ടിച്ചശേഷം നാടകീയ നീക്കത്തിലൂടെ വി.എസ്. പക്ഷത്തെ വെട്ടിനിരത്തുകയായിരുന്നു. വി.എസ്. പക്ഷക്കാരനായ പിരപ്പന്‍കോട് മുരളിയെ മാറ്റി പിണറായി പക്ഷക്കാരനായ കടകംപള്ളി സുരേന്ദ്രന്‍ ജില്ലാ സെക്രട്ടറിയാകുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ സമ്മതത്തോടെ അവതരിപ്പിച്ച പാനലുകള്‍ക്കെതിരെ പിണറായി പക്ഷക്കാര്‍ മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റിയില്‍നിന്നും ഒന്‍പതും സംസ്ഥാന സമ്മേളന പ്രതിനിധി പട്ടികയില്‍നിന്നും 11_ഉം വി.എസ്. പക്ഷക്കാര്‍ പുറത്തായി.വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം സംബന്ധിച്ച വി.എസ്സിന്റെ പരാതി ചര്‍ച്ചക്കെടുത്തപ്പോള്‍ യോഗത്തില്‍ മൃഗീയഭൂരിപക്ഷമുള്ള പിണറായി പക്ഷം ശക്തമായി ചെറുത്തു. തിരുവനന്തപുരത്തിന് സമാനമായ രീതിയില്‍ മത്സരം നടന്ന കൊല്ലം സമ്മേളനത്തിനെതിരെയും നടപടി വേണമെന്നായിരുന്നു പിണറായി പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം അപ്പാടെ റദ്ദാക്കണമെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ആവശ്യം. തിരുവനന്തപുരത്ത് വിഭാഗീയത ഉണ്ടായിയെന്ന കാര്യം സ്ഥിരീകരിച്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കാമെന്ന നിര്‍ദ്ദേശം വച്ചു. ഇതിനെ ശക്തമായി പിണറായി പക്ഷം ചെറുത്തു. ഏറെനേരം തര്‍ക്കം തുടര്‍ന്നെങ്കിലും ഒടുവില്‍ തിരുവനന്തപുരത്തെ സമ്മേളനപ്രതിനിധികളുടെ പട്ടിക റദ്ദാക്കാനും തിരുവനന്തപുരത്തേയും കൊല്ലത്തേയും ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന മത്സരം സംബന്ധിച്ച തര്‍ക്കത്തിന് കോട്ടയം സംസ്ഥാന സമ്മേളനത്തിനുശേഷം പരിഹാരം കാണാനും തീരുമാനിക്കുകയായിരുന്നു. പി.ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ളയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Monday, January 21, 2008

പാര്‍ട്ടിയെ അതിന്റെ ലക്ഷ്യത്തില്‍നിന്ന് മാറ്റാന്‍ കഴിയില്ല_ വി.എസ്.അച്യുതാനന്ദന്‍

പാര്‍ട്ടിയെ അതിന്റെ ലക്ഷ്യത്തില്‍നിന്ന് മാറ്റാന്‍ കഴിയില്ല_ വി.എസ്.അച്യുതാനന്ദന്‍

കണ്ണൂര്‍: ഏത് കുപ്രചാരണം അഴിച്ചു വിട്ടാലും സി.പി.എമ്മിന്റെ രാഷ്ട്രീയനയം തിരുത്താമെന്നോ തിരുത്തിക്കാമെന്നോ ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഈ പാര്‍ട്ടിയെ പല സ്വാധീനങ്ങള്‍കൊണ്ട് ലക്ഷ്യത്തില്‍നിന്ന് മാറ്റാമെന്ന് ആര് കരുതിയാലും നടക്കില്ല. അവസാനം അതിന്റെ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിവിഷനിസത്തെയും നക്സലിസത്തെയും വലതുപക്ഷ വ്യതിയാനത്തെയും എതിര്‍ത്തുകൊണ്ട് കാലാകാലം പൂര്‍വാധികം ശക്തി പ്രാപിച്ചിരിക്കുകയണ് പാര്‍ട്ടി. തൊഴിലാളി, കര്‍ഷകാദി ബഹുജന സംഘടനകളെ അണിനിരത്തി ചൂഷണത്തിനും അക്രമത്തിനുമെതിരെ നിലകൊണ്ട പ്രസ്ഥാനമാണ് സി.പി.എം. കുത്തക മുതലാളിമാരോ സ്വാധീനശക്തികളോ ശ്രമിച്ചാല്‍ അതിനെ തകര്‍ക്കാനാവില്ല.
കുത്തകകള്‍ക്കെതിരെയും മുതലാളിത്തത്തിനെതിരെയും മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു സംസാരിച്ചപ്പോള്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മുതലാളിത്തത്തിലേക്ക് നയിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. ആസൂത്രിതമായ നീക്കം പാര്‍ട്ടിക്കെതിരെ നടക്കുന്നതായി കാണുന്നു. മുതലാളിത്തത്തെ സംരക്ഷിക്കാനാണ് കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരുപറഞ്ഞാലും അത് കാല്‍ക്കാശിന് കൊള്ളില്ല_അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഉണ്ടാക്കിയ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. ജനങ്ങള്‍ക്ക് നേരെയുള്ള എല്ലാതരം ചൂഷണത്തെയും സര്‍ക്കാര്‍ ശക്തമായി ചെറുക്കുന്നുണ്ട്. സാന്റിയാഗോ മാര്‍ട്ടിനെപ്പോലെയുള്ള ചതിയന്മാരില്‍നിന്ന് പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്_മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എമ്മിനെതിരെയുള്ള അപവാദ പ്രചാരകരും കണക്കുകൂട്ടല്‍ വിദഗ്ദ്ധരും ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എമ്മിന്റെ ശക്തി അനുദിനം കൂടിവരികയാണ്. ഈ ജനലക്ഷങ്ങള്‍ അതിന്റെ തെളിവാണ്.
മുതലാളിത്തവാദക്കാര്‍ കുറ്റിയും പറിച്ചോടണമെന്ന് സമുന്നതരായ പാര്‍ട്ടി നേതാക്കളെ ഉദ്ദേശിച്ച് വി.എസ്.പറഞ്ഞതായി ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലരും കൊട്ടിഘോഷിച്ചു. അത്തരം കുപ്രചാരണങ്ങള്‍ക്ക് അടികൊടുക്കുന്ന രീതിയിലാണ് വി.എസ്.ഇപ്പോള്‍ മറുപടി പറഞ്ഞത്. വി.എസ്സിനെപ്പോലുള്ള സമുന്നതനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്താനല്ലേ ഇവര്‍ ശ്രമിച്ചത്. ന്യൂന പക്ഷങ്ങള്‍ പാര്‍ട്ടിയോട് കൂടുതല്‍ അടുക്കുന്നുവെന്ന് കണ്ടപ്പോള്‍ അവരെ അടര്‍ത്തിയെടുക്കാനാണ് യു.ഡി.എഫും അതിനെ താങ്ങുന്ന മറ്റു ചില കേന്ദ്രങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Sunday, January 13, 2008

കണ്ണൂര്‍ മോഡല്‍ ഓപ്പറേഷന്‍ ആലപ്പുഴയിലും . അഭിപ്രായവ്യത്യാസമുള്ളവരെ കൊന്ന് സ്വന്തം അഭിപ്രായം സ്ഥാപിക്കുന്നു.

കണ്ണൂര്‍ മോഡല്‍ ഓപ്പറേഷന്‍ ആലപ്പുഴയിലും . അഭിപ്രായവ്യത്യാസമുള്ളവരെ കൊന്ന് സ്വന്തം അഭിപ്രായം സ്ഥാപിക്കുന്നു.

ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തിലും വി.എസ് പക്ഷത്തെ വെട്ടിനിരത്തി പിണറായി പക്ഷം വ്യക്തമായ മേല്‍ക്കൈ നേടി. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലും സംസ്ഥാന കമ്മിറ്റി പ്രതിനിധികളുടെ കാര്യത്തിലും വി.എസ് പക്ഷത്തിന് ഏറെ നഷ്ടമുണ്ടായി. പി.കെ ചന്ദ്രാനന്ദനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഉറച്ച ഏഴ് വി.എസ് പക്ഷക്കാരെ ഒഴിവാക്കി ഔദ്യോഗിക പക്ഷം തയാറാക്കിയ പാനല്‍ ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം എം ആര്‍ രാജശേഖരന്‍, കെ രഘുപ്രസാദ്, കെ കരുണാകരന്‍, പി വി രാമനാഥന്‍, വി കെ വാസുദേവന്‍, ഡി ശ്യാംസുന്ദര്‍, ജി രാമകൃഷ്ണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പുതിയ കമ്മിറ്റിയില്‍ പിണറായി പക്ഷത്ത് നിന്ന് അഞ്ച് പേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ 44 അംഗ കമ്മിറ്റിയില്‍ വി.എസ് പക്ഷക്കാരുടെ എണ്ണം ഏഴായി ചുരുങ്ങി.
സംസ്ഥാന സമ്മേളന പ്രതിനിധികളായി 44 പേരെ തിരഞ്ഞെടുത്തതില്‍ വി.എസ് പക്ഷത്ത് നിന്ന് എട്ട് പേര്‍ മാത്രേയുള്ളൂ. വി.എസിന്റെയും പിണറായിയുടേയും സാന്നിധ്യത്തിലാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്.

Tuesday, January 8, 2008

സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യം: ഐസക്ക് മുതലാളി

സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യം: ഐസക്ക് മുതലാളി

ആലപ്പുഴ: ഇവിടെ സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സംയോജിത ഭവന-ചേരി വികസന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കുള്ളില്‍നിന്ന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ എന്തുസഹായം ചെയ്യാമെന്നാണ് ഇടതു സര്‍ക്കാര്‍ ചിന്തിക്കുന്നത്.
ഇതു പുതിയ സമീപനമല്ല. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്ക്കരണം നടപ്പാക്കിയപ്പോള്‍ ഇ.എം.എസ്. തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂപരിഷ്ക്കരണത്തിലൂടെ സോഷ്യലിസം നടപ്പാക്കുകയാണോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ഇ.എം.എസിനോട് ചോദിച്ചപ്പോള്‍ സ്വാതന്ത്യ്രത്തിനു മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച നയം നടപ്പാക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും ഐസക്ക് പറഞ്ഞു. സഹകരണ ആശുപത്രിയുടെ വികസനത്തിനും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും പണം ആവശ്യമാണെങ്കിലും സഹകരണബാങ്കുകളില്‍ നിന്നുപോലും വായ്പയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനു പണം ലഭ്യമാകാറുണ്ടെങ്കിലും അതു വിനിയോഗിക്കാന്‍ കഴിയാത്തതാണു വികസന പരാജയത്തിനു കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. കെ.സി. വേണുഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

വിഭാഗീയത അന്വേഷിക്കണം: പി.ബി

വിഭാഗീയത അന്വേഷിക്കണം: പി.ബി

ന്യൂഡല്‍ഹി: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നടന്ന ആസൂത്രിത വിഭാഗീയതയെക്കുറിച്ച് പരിശോ ധിക്കാന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ നിര്‍ദ്ദേശം നല്‍കി. സമ്മേളന നടത്തിപ്പിനായി പി.ബി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുമ്പായി അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചതായി അറിയുന്നു. കേരളത്തില്‍ നിന്ന് ലഭിച്ച പരാതികളുടെയും പി.ബിയുടെ പ്രാഥമിക അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.നേരത്തെ ഏരിയാ, ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പു കളുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ച പ്പോള്‍ അവ പരിശോധിച്ച് ആവശ്യമായവയില്‍ തിരുത്തല്‍ വരുത്താനുളള നിര്‍ദ്ദേശമാണ് പി.ബി നല്‍കിയിരുന്നത്. തിരുത്തല്‍ നടപടികള്‍ക്ക് ആവശ്യമായ പരിശോധന മാത്രമായിരുന്നു അപ്പോഴെല്ലാം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇക്കുറി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് പി. ബി നല്‍കിയിരിക്കുന്നത്.സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ നടന്ന സമ്മേളനത്തിലെ വിഭാഗീയത അന്വേഷിക്കാനുളള നിര്‍ദ്ദേശം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ് എന്ന കുറ്റപത്രം കൂടിയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വിഭാഗീയത ഉണ്ടായില്ല എന്ന റിപ്പോര്‍ട്ടാണ് നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പി. ബിക്ക് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്ന വിലയിരുത്തല്‍ കൂടിയാണ് പി.ബി യുടെ ഇപ്പോഴത്തെ നിര്‍ദ്ദേശം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലെ വിഭാഗീയത പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. തിരുത്തല്‍ നടപടികള്‍ക്ക് അപ്പുറത്തേക്ക് കടുത്ത നടപടികള്‍ ഉണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പരിശോധന ഏതു തലത്തില്‍ എങ്ങനെ നടത്തണമെന്നതിനെ ക്കുറിച്ചും വ്യക്തമായ സൂചനകളില്ല.

Monday, January 7, 2008

സ്മാര്‍ട് സിറ്റി കേരളത്തിനു അഭിമാനം: വി.എസ്

സ്മാര്‍ട് സിറ്റി കേരളത്തിനു അഭിമാനം: വി.എസ്


ആലുവ: സ്മാര്‍ട് സിറ്റി കേരളത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്മാര്‍ട് സിറ്റി പദ്ധതിക്കു കഴിയും. ഇന്‍ഫോ പാര്‍ക്ക് സ്വകര്യ കമ്പനികള്‍ക്കു വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു വി.എസ് പറഞ്ഞു. സി.പി.എം എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടയാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ നങ്ങളെ കണക്കിനു വിമര്‍ശിച്ച വി.എസ് അമിതഫീസും കോഴയും വാങ്ങാന്‍ വിദ്യാഭ്യാസത്തെ ചിലര്‍ മറയാക്കുകയാണെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ വിഭാഗീയതയില്ല. എന്നാല്‍ അങ്ങനെുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്്. ആരോഗ്യപരമായ വിമര്‍ശനങ്ങളിലൂടെ പാര്‍ട്ടിയേയും സംഘടനകളെയും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശന ത്താടെ കാണണമെന്ന് അഭ്യര്‍ഥിച്ചു.

ജ്യോതിബസുവിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു_കാരാട്ട്

ജ്യോതിബസുവിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു_കാരാട്ട്

ന്യൂഡല്‍ഹി: സോഷ്യലിസത്തോട് വിടചൊല്ലി സി.പി.എം. മുതലാളിത്തത്തെ സ്വാഗതം ചെയ്യുന്നു എന്നു പറയുന്നത് പാര്‍ട്ടി പരിപാടിയെപ്പറ്റി അറിവില്ലാത്തവരാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സോഷ്യലിസത്തെയും മുതലാളിത്തത്തെയും പറ്റി പൊളിറ്റ് ബ്യൂറോ അംഗം ജ്യോതി ബസു പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കുകയും പരസ്പരവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമാണുണ്ടായത്. ഇതേപ്പറ്റിയുള്ള വിവാദം അനാവശ്യമാണ്_കാരാട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.
പശ്ചിമബംഗാളിലെ സാമ്പത്തിക വികസനത്തെ വിശദീകരിച്ച ജ്യോതിബസു സി.പി.എമ്മിന്റെ കാഴ്ചപ്പാടില്‍ ഇടതുസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണുണ്ടായതെന്ന് കാരാട്ട് പറഞ്ഞു. മുതലാളിത്ത സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ എന്ന നിലയില്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സോഷ്യലിസം പടുത്തുയര്‍ത്താന്‍ സാധിക്കില്ലെന്നും ചില ബദല്‍ നയങ്ങള്‍ രൂപവത്കരിച്ച് ജനക്ഷേമപരമായി പ്രവര്‍ത്തിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും സി.പി.എമ്മിന് ബോധ്യമുണ്ട്. ഇത്തരത്തില്‍ ഭരണഘടനാ പരമായ പരിമിതികള്‍ക്കകത്തുനിന്നു കൊണ്ട് ഇടതുപക്ഷം കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ വികസന പരിപാടിയാണ് ഭൂപരിഷ്കരണം. മുതലാളിത്ത വ്യവസ്ഥിതിയുടെ അകത്തുനിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നടപ്പാക്കുന്ന 'നവഉദാരീകരണ നയങ്ങള്‍' പലപ്പോഴും നടപ്പാക്കേണ്ടി വരും. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വ്യവസായവത്കരണവും സാമ്പത്തിക വികസനവും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നടപ്പാക്കേണ്ടി വരും. എന്നാല്‍, ബൂര്‍ഷ്വാപാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകളില്‍ നിന്നു വ്യത്യസ്തമായ നയങ്ങളാണ് ഇടതുപക്ഷം നയിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്നത്_ അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യലിസം നടപ്പാക്കുന്നതിന് മുമ്പ് ജനകീയ ജനാധിപത്യം വരണമെന്നാണ് സി.പി.എമ്മിന്റെ നയം. ദേശീയ തലത്തില്‍ ബദലായി മാറാന്‍ ഇടതുജനാധിപത്യ ശക്തികള്‍ക്ക് സാധിച്ചതിന് ശേഷം മാത്രമേ, സോഷ്യലിസം നടപ്പാക്കാന്‍ സാധിക്കൂ_കാരാട്ട് പറഞ്ഞു.
നമുക്ക് മൂലധനം ആവശ്യമാണ്. വിദേശമൂലധനവും ആഭ്യന്തര മൂലധനവും. നമ്മള്‍ ഇപ്പോള്‍ മുതലാളിത്ത വ്യവസ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യലിസം ഇപ്പോള്‍ സാധ്യമായ കാര്യമല്ല. സോഷ്യലിസം നമ്മുടെ രാഷ്ട്രീയ അജന്‍ഡയാണ്. പക്ഷേ, ഭാവിയുടെ പ്രേരകശക്തിയായി മുതലാളിത്തം തുടരുമെന്നാണ് ജ്യോതിബസു പത്രലേഖകരോടു പറഞ്ഞത്.
ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും സോഷ്യലിസം പ്രസംഗിക്കാന്‍ മാത്രമുള്ള കാര്യമാണെന്നും ആ പുകമറയ്ക്കുള്ളില്‍ നിന്നുകൊണ്ട് വലിയ മൂലധനനിക്ഷേപകരേയും വിദേശ ധനകാര്യ സ്ഥാപനങ്ങളേയും സ്വാഗതം ചെയ്യുകയാണ് അവര്‍ ചെയ്യുന്നതെന്നും അവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കാരാട്ട് ചൂണ്ടിക്കാണിച്ചു. സി.പി.എമ്മില്‍ നിന്ന് വ്യത്യസ്തമായി ആര്‍.എസ്.പി. സോഷ്യലിസം ഉടനടി നേടിയെടുക്കേണ്ട ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണെന്നും കാരാട്ട് പറഞ്ഞു.
മുതലാളിത്ത വ്യവസ്ഥയ്ക്കകത്തുനിന്ന് പരിഷ്കാരങ്ങളും ക്ഷേമപ്രവര്‍ത്തനവും നടത്താനായി എന്തിനാണ് ഇത്രയും കാലം ഇടതുപക്ഷ സര്‍ക്കാരിനോടൊരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതെന്ന് ആര്‍.എസ്.പി. യോട് ചോദിക്കണമെന്നും കാരാട്ട് പറഞ്ഞു.

മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരും വി എസ്.

മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരും. വി എസ്

ആലുവ: മുതലാളിത്ത ആശയങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് ഭാവിയില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്തം കഴിഞ്ഞ് സോഷ്യലിസം എന്നതല്ല പാര്‍ട്ടിയുടെ നയം. പാര്‍ട്ടി ആശയങ്ങളെ പിന്‍തിരിഞ്ഞു കുത്തുന്നവര്‍ക്ക് ഉണ്ടായിട്ടുള്ള ഗതി എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയത് സോഷ്യലിസത്തിനുവേണ്ടിയാണ്.
സി.പി.എം തുടങ്ങിയ കാലത്തുനിന്ന് വ്യതിചലിക്കാത്ത പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ അടിസ്ഥാന നിലനില്‍പ് സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയാണ്. കാര്‍ഷിക രംഗത്ത് മികച്ചനേട്ടമുണ്ടാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞു. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വന്‍ പുരോഗതിയുണ്ടായെന്നും കര്‍ഷക ആത്മഹത്യ കുറയ്ക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Thursday, January 3, 2008

വിഭാഗീയത പി.ബി പരിശോധിക്കും: വി.എസ്

വിഭാഗീയത പി.ബി പരിശോധിക്കും: വി.എസ്

തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നോ എന്ന കാര്യം പി.ബി പരിശോധിക്കുമെന്നും ഇതേക്കുറിച്ച് പരാതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നിട്ടുണ്ടോയെന്നും പി.ബിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നാണ് വി.എസ്. വ്യക്തമാക്കിയത്. ജില്ലാ സമ്മേളനങ്ങളില്‍ മാര്‍ഗരേഖ ലംഘിച്ച് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിഭാഗീയത നടക്കുന്നതായി തിങ്കളാഴ്ച വി.എസ് പി.ബിക്ക് ഫാക്സിലൂടെ പരാതി നല്‍കിയതായാണ് വിവരം.
തിരുവനന്തപുരം അടക്കമുള്ള സമ്മേളനങ്ങളിലെ വിഭാഗീയതയെ കുറിച്ച് പി.ബിക്ക് പരാതി നല്‍കിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. തിരുവനന്തപുരം ജില്ലാ സമ്മേളനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. പക്ഷം പി.ബിക്ക് പരാതി നല്‍കിയതായി കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഇതിലൂടെ മുഖ്യമന്ത്രി ശരിവെച്ചു. തൃശൂരില്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണോ എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും പറയേണ്ടത് പറഞ്ഞിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി.
കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കുമെന്ന് പിണറായിപക്ഷം അവകാശപ്പെടുന്നതിനിടെ വി.എസിന്റെ പ്രതിഷേധം പി.ബി ഗൌരവമായെടുക്കുമെന്ന് അറിയുന്നു. പി.ബിയുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുകയാണ് ഇതിലൂടെ വി.എസ് ലക്ഷ്യമിട്ടതെന്ന് വി.എസ്. പക്ഷത്തെ പ്രമുഖര്‍ വെളിപ്പെടുത്തി.
മാര്‍ഗരേഖയുടെ നഗ്നമായ ലംഘനമാണ് തിരുവനന്തപുരത്തും തൃശൂരിലും നടന്നതെന്ന് വി.എസ്. പക്ഷം ആരോപിക്കുന്നു. നേരത്തെ തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ വി.എസ്. പക്ഷത്തിന് 14 പേര്‍ ഉണ്ടായിരുന്നു. ഇപ്പോഴത് ഏഴായി. തിരുവനന്തപുരത്ത് വി.എസ്. പക്ഷക്കാരായ ഒമ്പതുപേരെ തെരഞ്ഞുപിടിച്ച് തോല്‍പിച്ചു. ഇനിയുള്ള ജില്ലാ സമ്മേളനങ്ങളും ഈ നിലയില്‍ തുടര്‍ന്നാല്‍ തന്റെ നില പരുങ്ങലിലാവുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വി.എസ് പ്രതിഷേധ പ്രസ്താവന ഇറക്കിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇനി സമ്മേളനം നടക്കാനിരിക്കുന്ന എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ തന്റെ പക്ഷത്തിന് നിലനില്‍ക്കണമെങ്കില്‍ പി.ബി ഇടപെടല്‍ അനിവാര്യമാണെന്ന് വി.എസ്. മനസ്സിലാക്കുന്നുണ്ട്. നടക്കാനിരിക്കുന്ന കണ്ണൂര്‍ സമ്മേളനത്തെ ഇവര്‍ ഗൌരവമായി കാണുന്നില്ല. ഇന്ന് ആരംഭിക്കുന്ന പാലക്കാട് സമ്മേളനത്തില്‍ വി.എസ് പങ്കെടുക്കുമോ എന്ന കാര്യവും വ്യക്തമല്ല. വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഗൌരവ പൂര്‍ണമായ ചര്‍ച്ചയിലാണ്.

Tuesday, January 1, 2008

സിപിഐ എം നേതാക്കള്‍ക്കെതിരായആരോപണത്തില്‍ കഴമ്പില്ല

സിപിഐ എം നേതാക്കള്‍ക്കെതിരായആരോപണത്തില്‍ കഴമ്പില്ല: ആദായനികുതി വകുപ്പ്

കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ എം എ ബേബി, ഡോ. തോമസ് ഐസക് എന്നിവര്‍ നികുതിവെട്ടിപ്പ് നടത്തിയതായുള്ള ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് ആദായനികുതിവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആരോപണങ്ങള്‍ സാധ്യമായ എല്ലാ രീതിയിലും അന്വേഷണവിധേയമാക്കിയതായി അന്വേഷണവിഭാഗം ഡയറക്ടര്‍ ആര്‍ മോഹന്‍ ഹൈക്കോടതിയെ അറിയിച്ചു.
പിണറായി വിജയനും ബേബിയും ഐസക്കും ആദായനികുതിവകുപ്പിന് കണക്ക് നല്‍കുന്നുണ്ട്. പിണറായി വിജയന്റെ മക്കള്‍ ബാങ്ക് വായ്പയെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂരിലെ അമൃത സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് പഠനത്തിന് 2.44 ലക്ഷം രൂപയാണ് മകള്‍ക്ക് ചെലവായത്. ഇതില്‍ 2 ലക്ഷംരൂപ ഇന്ത്യന്‍ ബാങ്കിന്റെ ചാല ബ്രാഞ്ചില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുകയായിരുന്നു. വായ്പാ രേഖകള്‍ പരിശോധിച്ചതില്‍നിന്ന്, പഠന കാലയളവിനുശേഷം മകളുടെ വരുമാനത്തില്‍നിന്നാണ് തിരിച്ചടവു തുടങ്ങിയത്. മകന് കളമശേരി എസ്സിഎംഎസ് കോളേജില്‍ മാനേജ്മെന്റ് പഠനത്തിന് 2001-03ല്‍ 2.73 ലക്ഷം രൂപ ചെലവായി. ഇതില്‍ 2.63 ലക്ഷം രൂപ കലൂര്‍ എസ്ബിടി ശാഖയില്‍നിന്നുള്ള വായ്പയായിരുന്നു. ഭാര്യയുടെയും മകളുടെയും വരുമാനത്തില്‍നിന്ന് ഇതിനകം 61,000 രൂപ തിരിച്ചടച്ചു.
പഠനത്തിനുശേഷം ടാറ്റാടെലി സര്‍വീസസിലും ഹോട്ടല്‍ ലീലയിലും പിന്നീട് അബുദാബിയിലും മകന്‍ ജോലിചെയ്തിട്ടുണ്ട്. 2005നുശേഷമാണ് ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ മാനേജ്മെന്റ് പഠനത്തിനു ചേര്‍ന്നത്. പിണറായി വിജയന്റെയോ മറ്റ് കുടുംബാംഗങ്ങളോടെയോ വരുമാനം ഉപയോഗിച്ചല്ല മകന്റെ പഠനം. ബര്‍മിങ്ഹാം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ 20 ലക്ഷം രൂപയാണ് പഠനച്ചെലവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരുകോടി രൂപമുടക്കി വീട് നിര്‍മാണം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും നിലവിലുള്ള വീട് നവീകരിക്കുക മാത്രമാണ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വീടു നിര്‍മാണം സംബന്ധിച്ച് പരാതി നല്‍കിയത് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. തെളിവുകള്‍ ആവശ്യപ്പെട്ടെങ്കിലും നന്ദകുമാര്‍ ഹാജരാക്കിയില്ല. വീട് നവീകരിച്ചതും വായ്പയെടുത്താണ്. ടെക്നിക്കാലിയ എന്ന പേരില്‍ ചെന്നൈയില്‍ പിണറായി വിജയന്‍ ബിനാമി സ്ഥാപനം നടത്തുന്നുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ തെറ്റാണ്. കമല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ സിങ്കപ്പുരില്‍ സ്ഥാപനം നടത്തുന്നുവെന്ന് പരാതിക്ക് അടിസ്ഥാനമില്ല. ഇതുസംബന്ധിച്ച് ഒരു വിശദാംശവും പരാതിക്കാരന്‍ ഹാജരാക്കിയില്ല.
തോമസ് ഐസക്കിനും എം എ ബേബിക്കുമെതിരെ പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാതിക്കാരന്‍ നല്‍കിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ആദായനികുതിവകുപ്പ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വാറ്ത്ത മാതൃഭൂമിയില്‍

മകന്റെ വിദേശപഠന ചെലവ് പിണറായി വഹിച്ചിട്ടില്ല _ ആദായനികുതി വകുപ്പ് . പിന്നെ ആരു വഹിച്ചു ?

കൊച്ചി: ബ്രിട്ടനിലെ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ മകന്‍ പഠിച്ചതിന്റെ ചെലവ് സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ വഹിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
പിണറായിയുടെ മകനായ വിവേക് കിരണ്‍ സ്വയം സ്വരൂപിച്ചെടുത്ത ഫണ്ടാണ് പഠനത്തിന് ഉപയോഗിച്ചത്. അല്ലാതെ പിണറായിയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ വരുമാനത്തില്‍ നിന്ന് പഠനത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നും ആദായ നികുതി അഡീഷണല്‍ ഡയറക്ടര്‍ ആര്‍. മോഹന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പഠനത്തിനായി ഫീസ് ഇനത്തിലും മറ്റുമായി 20 ലക്ഷം രൂപ ചെലവ് വരുന്നതായി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കാണുന്നതായും സത്യവാങ്മൂലത്തില്‍ പറഞ്ഞു. പിണറായിക്ക് എതിരെ ആരോപിതമായ സാമ്പത്തിക ക്രമക്കേടുകളും മറ്റും അന്വേഷിക്കുന്നതിനായി ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കളമശ്ശേരിയിലെ എസ്.സി.എം.എസ്. കോളേജില്‍ വിവേക് 2001_03ല്‍ പഠിച്ചതിന് ചെലവ് 2.73 ലക്ഷം രൂപയാണ്. അതിനായി എസ്.ബി.ടി.യില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കുന്നത് പിണറായിയുടെയും ഭാര്യയുടെയും വരുമാനത്തില്‍ നിന്നാണ്. 61,000 രൂപ ഇതുവരെ തിരിച്ചടച്ചു. ഇക്കാര്യത്തില്‍ പിണറായി നല്‍കിയിട്ടുള്ള മറുപടി ശരിയാണെന്ന് തോന്നുന്നു. എസ്.സി.എം.എസിലെ പഠനത്തിനുശേഷം രണ്ട് വര്‍ഷം വിവേക് അബുദാബിയില്‍ ജോലി നോക്കി. അതിനു ശേഷമാണ് ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ പോയത്. പിണറായിയുടെ മകള്‍ 2001_04 വരെ കോയമ്പത്തൂര്‍ അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിച്ചതിനും രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്.
കൊട്ടാരംപോലുള്ള വീട് പിണറായി പണിതീര്‍ത്തുവെന്നാണ് ഹര്‍ജിയിലെ ആരോപണം. 1977ല്‍ പണിത വീട് 11 ലക്ഷം രൂപ ചെലവില്‍ പിണറായി പുതുക്കിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ വെങ്ങോട് പഞ്ചായത്തിലാണ് വീട്. 2000 ഏപ്രിലിനു ശേഷം വീട് പണിതിട്ടില്ലെന്ന് വകുപ്പിനെ പിണറായി അറിയിച്ചിട്ടുണ്ട്.
വീട് പുതുക്കാന്‍ 11 ലക്ഷത്തിന്റെ കണക്ക് പിണറായി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. 5.6 ലക്ഷം രൂപ എസ്.ബി.ഐയില്‍ നിന്ന് പിണറായി വായ്പ എടുത്തു. 1.98 ലക്ഷം രൂപ ഭാര്യയുടെ പി.എഫില്‍ നിന്ന് എടുത്തു. 2 ലക്ഷം രൂപ മകള്‍ വായ്പ എടുത്തു. 1.42 ലക്ഷവും ഇത് കൂടാതെ മകള്‍ നല്‍കി. പുതിയ വീട് പിണറായി പണിതിട്ടില്ലെന്നും നിലവിലുള്ള വീടിന്റെ ഒന്നാം നില പുതുക്കിയത് മാത്രമാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി ആദായനികുതി വകുപ്പ് അസി. സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍ നായര്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
ടെക്നിവാലിയ പിണറായിയുടെ ബിനാമി സ്ഥാപനമെന്ന് ആരോപിക്കപ്പെടുന്നു. അതില്‍ ഡയറക്ടര്‍മാരും ഓഹരി ഉടമകളും ആരെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു കമ്പനി ഇല്ലെന്നാണ് കമ്പനി രജിസ്ട്രാറില്‍ നിന്നു അറിഞ്ഞതെന്ന് വകുപ്പ് പറഞ്ഞു. ഹര്‍ജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ അടിസ്ഥാനരഹിതമാണെന്ന് വകുപ്പ് അറിയിച്ചു.
സിംഗപ്പൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം പിണറായി നടത്തുന്നതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ആരോപണങ്ങള്‍ വ്യക്തമല്ല. ഇക്കാര്യം കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ വിദേശ നികുതി വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിണറായിയുടെ വീടിനെക്കുറിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ ഹര്‍ജിക്കാരന്‍ മറുപടി നല്‍കിയിട്ടില്ല.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, എം.എ. ബേബി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തമല്ലെന്നും വകുപ്പ് അറിയിച്ചു. വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ഹര്‍ജിക്കാരന് മറുപടിയില്ല. രണ്ടു മന്ത്രിമാരും ആദായ നികുതി നല്‍കുന്നുണ്ട്. പിണറായി വിജയന്‍ ആദായ നികുതി നല്‍കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.
പിണറായിക്കും മറ്റും എതിരെയുള്ള ആരോപണങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പരിധിയില്‍ വരില്ലെന്ന് പ്രസ്തുത വകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ രമാ മാത്യു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.