Tuesday, February 24, 2009

രാജാവേ അങ്ങ്‌ നഗ്‌നനനാണ്‌ എന്ന്‌ ജനങള്‍ വിരല്‍ ചൂണ്ടി പറയുന്നു

രാജാവേ അങ്ങ്‌ നഗ്‌നനനാണ്‌ എന്ന്‌ ജനങള്‍ വിരല്‍ ചൂണ്ടി പറയുന്നു

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

അവിശ്വസനീയമായ ഒരു കാഴ്‌ചപ്പുറത്തേക്ക്‌ ലാവലിന്‍ കേസ്‌ സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നു. രാജാവേ അങ്ങ്‌ നഗ്‌നനനാണ്‌ എന്ന്‌ വിരല്‍ ചൂണ്ടി വിളിച്ചു പറഞ്ഞിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയുടെ സ്ഥാനം സി.പി.എം. ഷ്‌ടപ്പെടുത്തിക്കഴിഞ്ഞു; എന്നും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന്‌ വേറിട്ട പാര്‍ട്ടിയായി നില്‍ക്കേണ്ട തൊഴിലാളിവര്‍ഗ പാര്‍ട്ടി.
കേരളം മാത്രമല്ല ഇന്ത്യയാകെ പ്രകാശ്‌ കാരാട്ടിന്‌ കാതോര്‍ക്കുകയായിരുന്നു. ഡല്‍ഹി പി.ബി. യോഗത്തിനുശേഷം സി.പി.എം. ജനറല്‍ സെക്രട്ടറി അറിയിച്ച നിലപാട്‌ ഇങ്ങനെ: . കേസില്‍ പ്രതിയായാല്‍ എം.പി., എം.എല്‍.എ., തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ രാജിവെച്ചാല്‍ മതി. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പിണറായി വിജയന്‍ രാജിവെക്കേണ്ടതില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ തീരുമാനപ്രകാരമാണ്‌ പിണറായി ലാവലിനുമായി കരാറില്‍ ഏര്‍പ്പെട്ടത്‌ ''. തുടര്‍ന്നദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചു, ''പിണറായി വിജയന്‍ വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിന്‌ തെളിവിന്റെ കണികയെങ്കിലും കാണിക്കാന്‍ കഴിയുമോ'' എന്ന്‌. അഴിമതി ആരോപണങ്ങളോട്‌ എക്കാലത്തും സി.പി.എം. എടുത്തുപോന്ന നിലപാടുതറയില്‍ നിന്ന്‌ നിമിഷനേരം കൊണ്ട്‌ ആ പാര്‍ട്ടി അപ്രത്യക്ഷമായതാണ്‌ ഇതോടെ ജനങ്ങള്‍ കണ്ടത്‌. പ്രകാശ്‌ കാരാട്ടിന്റെ വാക്കുകളില്‍ യഥാര്‍ഥത്തില്‍ മാറ്റൊലിക്കൊണ്ടത്‌ പതിനൊന്ന്‌ വര്‍ഷം മുമ്പ്‌ തെഹല്‍ക വെളിപ്പെടുത്തലില്‍ കൈയോടെ പിടിക്കപ്പെട്ട ബി.ജെ.പി. പ്രസിഡന്റ്‌ ബംഗാരു ലക്ഷ്‌മണന്റെ ശബ്‌ദമായിരുന്നു. ''എന്തിന്‌ രാജിവെക്കണം? പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ ഒരുലക്ഷം രൂപ സംഭാവനവാങ്ങിയതാണ്‌'' -ബംഗാരു ആദ്യം ന്യായീകരിച്ചത്‌ അങ്ങനെയായിരുന്നു. പക്ഷേ, അടുത്ത ദിവസം ബംഗാരു ലക്ഷ്‌മണന്‌ പാര്‍ട്ടി പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കേണ്ടതായും അന്വേഷണം നേരിടേണ്ടതായും വന്നു. അന്ന്‌ സി.പി.എം. ആവശ്യപ്പെട്ടത്‌ ബംഗാരുവിന്റെ പാര്‍ട്ടി ബി.ജെ.പി. നയിക്കുന്ന വാജ്‌പേയി ഗവണ്‍മെന്റിന്റെ രാജിയാണ്‌. തെഹല്‍കയുടെ രഹസ്യ ക്യാമറ ആയുധഇടപാടുമായി സമതാപാര്‍ട്ടി പ്രസിഡന്റ്‌ ജയാജയ്‌റ്റ്‌ലിയെയും പിടികൂടിയിരുന്നു. ജയയുടെയും മന്ത്രി ഫെര്‍ണാണ്ടസിന്റെയും രാജി മാത്രമല്ല മന്ത്രിസഭയുടെ ആകെരാജിയാണ്‌ സി.പി.എം. ആവശ്യപ്പെട്ടത്‌. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും മാസങ്ങളോളം അതിനായി പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ചു. ''ഗവണ്‍മെന്റ്‌ താഴെ ഇറങ്ങുന്നതുവരെ പാര്‍ലമെന്റ്‌ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. കുംഭകോണം പുറത്തുവന്നശേഷം പാര്‍ലമെന്റില്‍ ഒരു കാര്യവും നടക്കാന്‍ അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സഭയ്‌ക്കൊരു ഉത്തരം കിട്ടേണ്ടതുണ്ട്‌. ഗവണ്‍മെന്റ്‌ രാജിവെക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം അനിശ്ചിതാവസ്ഥ തുടരും'' -സി.പി.എം. ജനറല്‍ സെക്രട്ടറി സുര്‍ജിത്‌ 2001 മാര്‍ച്ച്‌ 19-ന്‌ തിരുവനന്തപുരത്ത്‌ ഇ.എം.എസ്‌. അക്കാദമിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചപ്പോഴായിരുന്നു ഈ പ്രഖ്യാപനം. അതിനും ഒരു വ്യാഴവട്ടം മുമ്പായിരുന്നു സ്വീഡിഷ്‌ റേഡിയോ ബൊഫോഴ്‌സ്‌ തോക്കിടപാടില്‍ ഇടനിലക്കാര്‍ വഴി ഇന്ത്യയിലെ രാഷ്ട്രീയ ഉന്നതന്മാര്‍ക്ക്‌ കോഴപ്പണം നല്‍കിയിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തിയത്‌. ഗവണ്‍മെന്റിനെ തകര്‍ക്കാനുള്ള ഗൂഢാലോചന എന്നായിരുന്നു പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെയും കോണ്‍ഗ്രസ്‌(ഐ)യുടെയും പ്രതികരണം. രാജീവ്‌ ഗാന്ധിയും സ്വീഡിഷ്‌ പ്രധാനമന്ത്രി ഒലോഫ്‌പാമയും നേരിട്ട്‌ ഉറപ്പിച്ചതായിരുന്നു കരാര്‍. ഇടനിലക്കാര്‍ ഉണ്ടാവരുത്‌ എന്നതായിരുന്നു ഇന്ത്യ മുന്നോട്ട്‌ വെച്ചിരുന്ന മുഖ്യ വ്യവസ്ഥ. കരസേനയ്‌ക്ക്‌ 410 യുദ്ധപീരങ്കികള്‍ വാങ്ങിയ ഇടപാടില്‍ 64 കോടി രൂപ കോഴ നല്‍കിയെന്ന്‌ പിന്നീട്‌ പുറത്തുവന്നു. രാജീവ്‌ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ ഏജന്റായി നിയോഗിക്കപ്പെട്ട ഒക്‌ടേവിയോ ക്വത്‌റോച്ചിയുടെ സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ഒഴുകിയ പണത്തിന്റെ രേഖകളും വൈകി കണ്ടെത്തി; ഇറ്റലിക്കാരനായ ക്വത്‌റോച്ചി സോണിയാഗാന്ധിയുടെ അടുത്ത ബന്ധുവാണെന്നും. തെഹല്‍ക വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ വാജ്‌പേയി ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി. തിരിച്ചടിച്ചത്‌ ഇങ്ങനെയായിരുന്നു: ''ഞങ്ങളുടെ രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന്‌ എന്ത്‌ അര്‍ഹത?'' അന്ന്‌ സി.പി.എം. മുഖപത്രം 'പീപ്പിള്‍സ്‌ ഡെമോക്രസി' മുഖപ്രസംഗത്തില്‍ മറുപടി കൊടുത്തു: ''രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി എന്നത്‌ കോണ്‍ഗ്രസ്‌ മാത്രമല്ല. അഴിമതി സംബന്ധിച്ച വിദൂരമായ ആരോപണം പോലും നേരിട്ടിട്ടില്ലാത്തവരാണ്‌ ഇടതുപാര്‍ട്ടികള്‍. കളങ്കത്തിന്റെ പൊടി പോലും തീണ്ടാത്ത പൊതുസേവന പാരമ്പര്യമുള്ളതെന്ന്‌ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പാര്‍ട്ടിയാണ്‌ സി.പി.എം. ബൊഫോഴ്‌സ്‌ തൊട്ട്‌ ഹവാലവരെയുള്ള കോണ്‍ഗ്രസ്സിന്റെ അഴിമതികളെ മുന്‍നിരയില്‍നിന്ന്‌ തുറന്നുകാട്ടിയിട്ടുള്ളവര്‍. അന്ന്‌ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ട്‌ ബി.ജെപി. ഞങ്ങള്‍ക്കൊപ്പം ചേരുകയുണ്ടായി. ഇന്ന്‌ കാര്യങ്ങള്‍ തലതിരിഞ്ഞിരിക്കുന്നു. ബി.ജെ.പി. സ്വന്തം അഴിമതിക്ക്‌ കോണ്‍ഗ്രസ്സിന്റെ റെക്കോഡുകളുടെ അടിസ്ഥാനത്തില്‍ നീതീകരണം തേടുന്നു.'' എട്ടു വര്‍ഷങ്ങളേ കടന്നുപോയുള്ളൂ. ബംഗാരുവിന്റെ ഒരുലക്ഷം രൂപയുടെയും ബൊഫോഴ്‌സ്‌ ഇടപാടിലെ 64 കോടി കോഴയുടെയും സ്ഥാനത്ത്‌ 374.5 കോടിരൂപയുടെ അഴിമതി ആരോപണമാണ്‌ ലാവലിന്‍ ഇടപാടിനെ ന്യായീകരിക്കുക വഴി സി.പി.എം. സ്വയം തലയിലേറ്റിയിരിക്കുന്നത്‌. കോണ്‍ഗ്രസ്സിന്റെ വക്താക്കള്‍ ബൊഫോഴ്‌സ്‌ കേസില്‍ പ്രതിപക്ഷത്തോട്‌ ആവര്‍ത്തിച്ച്‌ ഉന്നയിച്ചിരുന്ന ഒരു ചോദ്യമുണ്ട്‌. തോക്കിടപാടിലെ ഇടനിലക്കാരായിരുന്ന മാര്‍ട്ടിന്‍ ആര്‍ദോയുടെയും ഹിന്ദുജ സഹോദരന്മാരുടെയും ഒക്‌ടേവിയോ ക്വത്‌റോച്ചിയുടെയും പേരില്‍ ആരോപണങ്ങളും പണംപറ്റിയ രേഖകളും കണ്ടെടുത്തിട്ടുണ്ടായിരിക്കാം. പക്ഷേ, രാജീവ്‌ഗാന്ധി ഒരു പൈസയെങ്കിലും ഇടപാടില്‍ കൈപ്പറ്റിയതായി എന്തെങ്കിലും തെളിവുകള്‍ കാണിക്കാനുണ്ടോ? ചരിത്രത്തിന്റെ മറ്റൊരു വഴിത്തിരിവില്‍ വെച്ച്‌ സി.പി.എം. കോണ്‍ഗ്രസ്സിനോടും ബി.ജെ.പി.യോടും ഇപ്പോള്‍ ഇത്‌ തിരിച്ചു ചോദിക്കുന്നു; സംശയത്തിന്റെ പുരികങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന ജനങ്ങളോടും. ആദ്യം കോണ്‍ഗ്രസ്‌, പിന്നീട്‌ ബി.ജെ.പി, ഇപ്പോള്‍ സി.പി.എമ്മും. അവിശ്വസനീയമായ ഒരു കാഴ്‌ചപ്പുറത്തേക്ക്‌ ലാവലിന്‍ കേസ്‌ സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നു. രാജാവേ അങ്ങ്‌ നഗ്‌നനനാണ്‌ എന്ന്‌ വിരല്‍ ചൂണ്ടി വിളിച്ചു പറഞ്ഞിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയുടെ സ്ഥാനം സി.പി.എം. നഷ്‌ടപ്പെടുത്തിക്കഴിഞ്ഞു; എന്നും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന്‌ വേറിട്ട പാര്‍ട്ടിയായി നില്‍ക്കേണ്ട തൊഴിലാളിവര്‍ഗ പാര്‍ട്ടി. സി.പി.എമ്മിനെ തകര്‍ക്കാന്‍ വിദേശശക്തികളും രാഷ്ട്രീയ എതിരാളികളും പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ടവരും നടത്തുന്ന ഗൂഢാലോചനയാണ്‌ ലാവലിന്‍ അഴിമതിക്കേസ്‌ എന്നാണ്‌ ഇപ്പോള്‍ സി.പി.എമ്മിന്റെ നിലപാട്‌. അഴിമതി ആരോപണത്തിന്‌ എതിരായി സി.പി.എമ്മും ഇന്ത്യയിലെ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളും ഇതേ ആരോപണം മുമ്പ്‌ നേരിട്ടിട്ടുണ്ട്‌; നഗര്‍വാല സംഭവത്തില്‍നിന്നു തുടങ്ങി മാരുതി സംഭവം വരെ എത്തിയ ഇന്ദിരാഗാന്ധിക്കെതിരായ ആരോപണങ്ങള്‍ അടിയന്തരാവസ്ഥയിലെത്തിയപ്പോള്‍ 'ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദേശശക്തികളുമായി ചേര്‍ന്നുള്ള ഗൂഢാലോചന 'എന്ന്‌. കേന്ദ്രമന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ശിക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ ഈ വരികളില്‍ അച്ചടിമഷിപുരളും മുമ്പ്‌ സി.ബി.ഐ. പ്രത്യേക കോടതി പ്രഖ്യാപിച്ചിരിക്കും. ടെലികോം അഴിമതിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പോരാടിപ്പോന്ന സി.പി.എമ്മിന്റെ പഴയ അഴിമതി വിരുദ്ധ നിലപാടിനുള്ള ഒരു പൊന്‍തൂവലാണ്‌, അവിഹിത സ്വത്ത്‌ വാരിക്കൂട്ടിയ സുഖ്‌റാം ശിക്ഷിക്കപ്പെടുന്നത്‌. കോണ്‍ഗ്രസ്‌ ഐ മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍നിന്നും മാണ്ടിയിലെ വീട്ടില്‍നിന്നും ചാക്കില്‍ കെട്ടിനിറച്ച 3.61 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്‌ 1996 ആഗസ്‌തിലാണ്‌; എസ്‌.എന്‍.സി. ലാവലിന്‍ കരാറില്‍ കേരളം ഏര്‍പ്പെട്ട വര്‍ഷത്തില്‍. 1991-96 കാലയളവില്‍ ബഹുരാഷ്ട്ര കുത്തകകളില്‍നിന്ന്‌ കോടികളുടെ യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ ടെലികോം വിപ്ലവം നടത്തിയ മന്ത്രിയാണ്‌ സുഖ്‌റാം. സി.ബി.ഐ. രാഷ്ട്രീയായുധമാണ്‌ എന്ന സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാടിന്‌ സി.ബി.ഐ.യും കോടതിയും ചേര്‍ന്നു നല്‍കുന്ന ഒരു മറുപടികൂടിയാണ്‌ സുഖ്‌റാമിന്റെ ശിക്ഷ. സി.ബി.ഐ. അറസ്റ്റ്‌ ചെയ്യുമ്പോള്‍ സുഖ്‌റാം കേന്ദ്രമന്ത്രി. ശിക്ഷിക്കപ്പെടുമ്പോഴും കോണ്‍ഗ്രസ്‌ നേതാവ്‌. ഇടക്കാലത്ത്‌ സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയതും ബി.ജെ.പി.യുമായി ചേര്‍ന്ന്‌ ഹിമാചല്‍പ്രദേശില്‍ മന്ത്രിസഭ രൂപവത്‌കരിച്ചതും ഉപകഥകള്‍. ധാരണാപത്രം വഴി ബഹുരാഷ്ട്ര കുത്തകകളില്‍നിന്ന്‌ യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ആ പാക്കേജില്‍ അഴിമതിയുടെ കാളസര്‍പ്പം കൂടി ഉണ്ടാകും. അത്‌ കണക്കില്‍പ്പെടാത്ത പണമായും അവിഹിത സ്വത്തായും രാഷ്ട്രീയകക്ഷികളുടെ മൂലധനമായും മാറും. അതിന്റെ ഉത്‌പന്നമാണ്‌ സുഖ്‌റാം ഏറ്റുവാങ്ങിയ ശിക്ഷ.
ഇതുകൊണ്ടാണ്‌ ആഗോളീകരണത്തോടെ ഇന്ത്യന്‍ വിപണിയില്‍ വന്ന ബഹുരാഷ്ട്രകുത്തകകളുടെയും ദല്ലാള്‍മാരുടെയും പിടിയില്‍നിന്ന്‌ രാജ്യതാത്‌പര്യം സംരക്ഷിക്കാന്‍ ധാരണാപത്ര ഇടപാടിനെതിരെ സി.പി.എമ്മും സി.ഐ.ടി.യു.വും മറ്റു പ്രസ്ഥാനങ്ങളും ശക്തമായ നിലപാടെടുത്തത്‌. കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ തന്നെ ധാരണാപത്രം വഴിയുള്ള ഇറക്കുമതി തടയാന്‍ നിര്‍ബന്ധിതമായത്‌.
എന്നിട്ടും സുഖ്‌റാമിന്റെ വഴിക്ക്‌ കേരളവൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്‍ പോയി. പക്ഷേ, സി.പി.എമ്മിന്റെയും സി.ഐ.ടി.യു.വിന്റെയും അടിസ്ഥാന നിലപാടുകള്‍ അറിയേണ്ട പിണറായിയെപ്പോലുളള ഒരാള്‍ ആ വഴി തന്നെ തിരഞ്ഞെടുത്തു; കുറെക്കൂടി അവിശ്വസനീയവും അപകടകരവുമായ വിധത്തില്‍. സി.പി.എം. ഇനിയും അത്‌ ബോധ്യപ്പെടുത്താന്‍ ബാക്കിയാണ്‌.
ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ 78 വര്‍ഷത്തെ ചരിത്രം കുറിച്ചുവെച്ചാണ്‌ 1998-ല്‍ ഇ.എം.എസ്‌ .കണ്ണടച്ചത്‌. ഇ.എം.എസ്‌. അഭിമാനം കൊണ്ടതിങ്ങനെ:
''കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെക്കാലമായി പല പാര്‍ട്ടികളുടെയും മന്ത്രിമാര്‍ കേരളഭരണത്തില്‍ പങ്കാളികളായിട്ടുണ്ട്‌. അവരില്‍ പലരും അഴിമതിയാരോപണങ്ങള്‍ക്ക്‌ ഇരയായിട്ടുണ്ട്‌. ഇപ്പോള്‍ ചിലര്‍ക്കെതിരെ കേസുകള്‍ പോലും നടക്കുകയാണ്‌. പക്ഷേ, കമ്യൂണിസ്റ്റ്‌ മന്ത്രിയായിരുന്നവരാരും അക്കൂട്ടത്തില്‍പ്പെടുന്നില്ല. ഇന്നകാലത്ത്‌ കമ്യൂണിസ്റ്റ്‌ മന്ത്രിയായിരുന്ന ഇന്നയാള്‍ ഇന്ന ഇടപാടില്‍ ഇന്ന അഴിമതികാട്ടിയെന്നു പറയാന്‍ ഒരു കമ്യൂണിസ്റ്റ്‌ വിരുദ്ധനും ഇതേവരെ കഴിഞ്ഞിട്ടില്ല'' -ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം 1920-1998, പേജ്‌ 138.
കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ ചരിത്രരേഖ വ്യാജമാണെന്ന്‌ ആരും പറയില്ലെന്ന്‌ കരുതട്ടെ. ഈ ചരിത്രത്തിലാണ്‌ 2009-ല്‍ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി അഴിമതിക്കേസില്‍ പ്രതിയായി പുതിയ അധ്യായം ചേര്‍ക്കുന്നത്‌.

Tuesday, February 10, 2009

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും നിയമവാഴ്‌

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും നിയമവാഴ്‌

പാര്‍ട്ടിഭരണഘടനയും പാര്‍ട്ടിയെ രക്ഷിക്കലും കണക്കാക്കാതെ നിയമത്തിന്റെ വഴി തടയാന്‍ ഭരണഘടനാനുസൃതം പ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍തന്നെയാണ്‌ ഇടപെടുന്നത്‌. അത്‌ ശരിയല്ലെന്ന്‌ മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി നിലപാടെടുക്കുന്നു. മറ്റുകക്ഷികളുടെ മന്ത്രിമാര്‍ നിഷ്‌പക്ഷത പാലിക്കുന്നു. ദൈനംദിന ഭരണക്രമത്തില്‍ കൂട്ടുത്തരവാദിത്വം മാത്രമല്ല ഭരണഘടനാബാധ്യതപോലും ഇവിടെ തകര്‍ക്കപ്പെടുന്നു. ലാവലിന്‍ കേസില്‍ 'പോടാ പുല്ലേ' എന്ന്‌ യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്യുന്നത്‌ ഉന്നതനീതിപീഠത്തെയാണ്‌

''എല്ലാ മനുഷ്യനും ഓര്‍മകളുണ്ടാകും. സ്വന്തം സുഹൃത്തുക്കളോടു മാത്രമല്ലാതെ അത്‌ എല്ലാവരോടും പറയുകയില്ല. മനുഷ്യന്‌ മനസ്സില്‍ വേറെയും കാര്യങ്ങളുണ്ടാകും. സുഹൃത്തുക്കളോടുപോലും വെളിപ്പെടുത്താതെ തന്നോടു മാത്രം സ്വകാര്യതയില്‍ പങ്കുവെക്കുന്നതായി. പക്ഷേ, തന്നോടുപോലും പറയാന്‍ ഭയപ്പെടുന്ന മറ്റു ചില കാര്യങ്ങളും മനുഷ്യരിലുണ്ടാകും. എല്ലാ മാന്യന്മാരും അത്തരം ഒരുപാട്‌ കാര്യങ്ങള്‍ മനസ്സില്‍ രഹസ്യമായി സൂക്ഷിക്കുന്നുണ്ട്‌.'' -ഫയ്‌ദോര്‍ ദസ്‌തോയെവ്‌സ്‌കി'' എക്കാലത്തേയും മഹാന്മാരായ എഴുത്തുകാരില്‍ ഒരാളായി കണക്കാക്കുന്ന റഷ്യന്‍ ക്ലാസിക്കല്‍ നോവലിസ്റ്റ്‌ ഫയ്‌ദോര്‍ മിഖലോവിച്ച്‌ ദസ്‌തോയെവ്‌സ്‌കിയുടെ സുപ്രധാനമായ നിരീക്ഷണമാണ്‌ മേലുദ്ധരിച്ചത്‌. കുഴപ്പത്തിലേക്ക്‌ കൂപ്പുകുത്തുന്ന രാഷ്ട്രീയ-സാമൂഹിക സന്ദര്‍ഭങ്ങളിലെ മനുഷ്യമനഃശാസ്‌ത്രത്തെപ്പറ്റിയുള്ള ദസ്‌തോയെവ്‌സ്‌കിയുടെ സൂക്ഷ്‌മനിരീക്ഷണങ്ങള്‍ അദ്വിതീയമാണ്‌. എസ്‌.എന്‍.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ സി. പി.എമ്മിന്റെ മന്ത്രിമാരും നേതാക്കളും ഇതിനകം പ്രസ്‌താവനകളും പ്രസംഗങ്ങളും ലേഖനങ്ങളും പത്രസമ്മേളനങ്ങളും പത്രക്കുറിപ്പുകളും വഴി നടത്തിയിട്ടുള്ള പ്രതികരണങ്ങള്‍ ഒരു ലോകറെക്കോഡുതന്നെയായിരിക്കും. പൊതുസമൂഹത്തില്‍ മാന്യമായ സ്ഥാനവും പദവിയുമുള്ള ഇവരുടെ യഥാര്‍ഥ മാനസികാവസ്ഥ എന്തായിരിക്കുമെന്ന്‌ ചിന്തിക്കുന്നവര്‍ക്ക്‌ ദസ്‌തോയെവ്‌സ്‌കി മറുപടി നല്‍കുന്നു. കേരളസമൂഹത്തിനു മുമ്പില്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ സി.പി.എം. നേതാക്കള്‍ ഉയര്‍ത്തിയ പ്രതികരണ മഹാമേരുവില്‍നിന്ന്‌ ചില സാമ്പിളുകള്‍ എടുത്ത്‌ പരിശോധിക്കാം: സി.പി.എം. സംസ്ഥാന കമ്മിറ്റി, പി.ബി. : ലാവലിന്‍ കേസ്‌ രാഷ്ട്രീയ പ്രേരിതമാണ്‌. വി.എസ്‌.അച്യുതാനന്ദന്‍: ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരവും നിരീക്ഷണത്തിലും സി.ബി.ഐ. അന്വേഷിച്ച കേസാണ്‌ ലാവലിന്‍. ഭരണഘടനയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക്‌ കോടതിയെയും സി.ബി.ഐ.യെയും വിമര്‍ശിക്കാന്‍ കഴിയില്ല. മന്ത്രി സുധാകരന്‍ : പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല. പിണറായി വിജയന്‍ : സുധാകരന്‍ പറഞ്ഞത്‌ സോമനാഥ്‌ ചാറ്റര്‍ജിയെപ്പറ്റിയാണ്‌. മന്ത്രി സുധാകരന്‍ : അധികാരത്തിലുള്ളപ്പോള്‍ പാര്‍ട്ടിയെ മറന്നാല്‍ സെക്രട്ടേറിയറ്റില്‍ നിന്നിറങ്ങുമ്പോള്‍ തെണ്ടേണ്ടി വരും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ : ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച്‌ പ്രതികരിക്കാതിരിക്കു ന്ന ആള്‍ മന്ദബുദ്ധിയാണ്‌. പിണറായി : ലാവലിന്‍ കേസിനെപ്പറ്റി ഞാന്‍ പ്രതികരിക്കില്ല. അത്‌ എന്റെ തീരുമാനമാണ്‌. വി.എസ്‌ : കുരങ്ങന്മാര്‍ക്കൊന്നും മറുപടിയില്ല. പിണറായി : ആര്‌ സംസാരിക്കുമ്പോഴും സംസ്‌കാര സമ്പന്നമായി സംസാരിക്കണം. വി.എസ്‌ : അഴിമതി നടത്തിയാല്‍ സഖാക്കളും അകത്ത്‌. പിണറായി : പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനത്തിരിക്കുന്ന ആളാണെങ്കില്‍പ്പോലും അഴിമതിക്കേസില്‍ പെട്ടാല്‍ പുറത്താക്കും. ചരിത്രം പരിശോധിച്ചാല്‍ അഴിമതിയുടെ നിഴല്‍ വീണിട്ടുള്ള നേതാക്കളെ പുറത്താക്കിയത്‌ കാണാന്‍ കഴിയും. ഇ.പി. ജയരാജന്‍ : പിണറായി പാര്‍ട്ടിയാണ്‌. പോടാ പുല്ലേ എന്നാണ്‌ സി.ബി.ഐ.യോട്‌ പറയാനുള്ളത്‌. പി.ബി : ലാവലിന്‍ പ്രശ്‌നത്തില്‍ ഇ. ബാലാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ കത്തയച്ചിട്ടില്ല. വ്യാജമായി സൃഷ്‌ടിച്ചതാണ്‌ കത്ത്‌. പിണറായി : മരിച്ച ആള്‍ തിരിച്ചുവന്നു മറുപടി പറയില്ലല്ലോ എന്ന്‌ കരുതിയാണ്‌ വ്യാജരേഖകള്‍ ഉണ്ടാക്കിയത്‌. സരോജിനി ബാലാനന്ദന്‍ : ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ ബാലാനന്ദന്‍ പാര്‍ട്ടി പൊളിറ്റ്‌ബ്യൂറോയ്‌ക്ക്‌ കത്ത്‌ നല്‍കിയെന്നും അത്‌ ശത്രുക്കള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തു എന്നും പ്രചരിപ്പിക്കുന്നത്‌ അത്യന്തം ക്രൂരവും നിന്ദ്യവുമാണ്‌. ഇ.ബാലാനന്ദന്‍ : (അദ്ദേഹം മരണപ്പെടുന്നതിന്‌ രണ്ടുമാസം മുമ്പ്‌ അവസാനമായി നല്‍കിയ അഭിമുഖത്തില്‍ ലാവലിന്‍ പ്രശ്‌നം സംബന്ധിച്ച്‌ പറഞ്ഞകാര്യം 'ഇന്ത്യാ വിഷന്‍' 2008 ഫിബ്രവരി 8-ന്‌ പുനഃസംപ്രേഷണം ചെയ്‌തതില്‍നിന്ന്‌): നികേഷ്‌കുമാര്‍ : ........ എസ്‌.എന്‍.സി. ലാവലിന്‍ ഇപ്പോള്‍ സി.ബി.ഐ. പരിഗണിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. ആ വിഷയത്തില്‍ അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന്‌ തെറ്റുപറ്റിയതായി അങ്ങേക്ക്‌ തോന്നുന്നുണ്ടോ? ഇ.ബാലാനന്ദന്‍ : അതായത്‌ അക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടില്‍ പിശകുണ്ടായിരുന്നു എന്ന ധാരണയാണ്‌ അന്ന്‌ നിലനിന്നത്‌. അത്‌ ശരിയല്ല എന്നു പറഞ്ഞവരുമുണ്ട്‌. ലാവലിന്‍ കേസ്‌ പാര്‍ട്ടിയിലെ പ്രശ്‌നമായും പാര്‍ട്ടിയുടെ പ്രശ്‌നമായുമാണ്‌ ആസൂത്രിതമായ വന്‍പ്രചാരവേലയിലൂടെ സി.പി.എം. എത്തിച്ചിട്ടുള്ളത്‌. തീര്‍ച്ചയായും ലാവലിന്‍ കേസ്‌ സി.പി.എമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്‌ സ്വാഭാവികമാണ്‌. അതില്‍ സംഘടനയ്‌ക്കകത്ത്‌ ചര്‍ച്ചയും തീരുമാനങ്ങളും എടുക്കേണ്ടത്‌ സി.പി.എമ്മിന്റെ ബാധ്യതയുമാണ്‌. എന്നാല്‍ അതിലും പ്രധാനം ലാവലിന്‍ കേസ്‌ നിയമവാഴ്‌ചയുടെ പ്രശ്‌നമാണ്‌ എന്നതാണ്‌. നിയമവാഴ്‌ച വെല്ലുവിളിക്കപ്പെടുകയും തടസ്സപ്പെടുകയുമാണ്‌. നീതിനിര്‍വഹണം ചോദ്യം ചെയ്യപ്പെടുകയും സ്‌തംഭിപ്പിക്കുകയും ചെയ്യുന്നു. പാര്‍ട്ടി ഭരണഘടന കൊണ്ട്‌ ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ പ്രക്രിയയെയും തടയാന്‍ നോക്കുന്നു. കേരള ഗവണ്‍മെന്റിനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറി ലാവലിന്‍ കേസില്‍ പ്രതിയായി എന്നതു മാത്രമാണ്‌ കാരണം; നിയമവാഴ്‌ചയുമായി സഹകരിക്കേണ്ട ഗവണ്‍മെന്റിന്റെ തലവനായ മുഖ്യമന്ത്രി പ്രസ്‌തുത പാര്‍ട്ടിക്കാരനായി എന്നതും. രണ്ടുപേരെയും കേന്ദ്രീകരിച്ച്‌ സി.പി.എമ്മിനകത്ത്‌ ഏറ്റുമുട്ടിയിരുന്ന വിഭാഗീയതയെ ഈ അടിസ്ഥാന പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഇളക്കി വിട്ടിരിക്കുകയാണ്‌. സി.പി.എമ്മിന്റെ പുരയ്‌ക്കല്ലേ തീപിടിച്ചത്‌ എന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സന്തോഷിക്കുന്നു. എന്നാല്‍ നിയമവാഴ്‌ചയ്‌ക്കു നേരെയാണ്‌ തീയും പുകയും പൊങ്ങുന്നത്‌. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, രാഷ്ട്രീയപ്രേരിതം എന്ന്‌ സി.പി.എം. ഉയര്‍ത്തുന്ന ആരോപണങ്ങളും പരിഗണിച്ചശേഷമാണ്‌ കേസന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഇത്‌ സി.പി.എം. മറച്ചുപിടിക്കുന്നു. ഹൈക്കോടതി പറഞ്ഞത്‌: ''മൂന്നു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്ക്‌ ശേഷമാണ്‌ വിജിലന്‍സ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ രജിസ്റ്റര്‍ ചെയ്‌തത്‌. അന്തിമ വിശകലനത്തില്‍ കുറ്റവാളികളായി അവര്‍ കണ്ടത്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥരെ മാത്രമാണ്‌. എന്നാല്‍ 1998 ജൂലായ്‌ 6-ാം തീയതി കരാറിന്‌ അന്തിമരൂപം നല്‍കുമ്പോള്‍ മന്ത്രിസഭയ്‌ക്കു നേതൃത്വം നല്‍കിയിരുന്നത്‌ എല്‍.ഡി.എഫാണ്‌ എന്നത്‌ എല്ലാവരും അംഗീകരിക്കുന്നതാണ്‌. ഞങ്ങള്‍ വിജിലന്‍സിനെതിരായി മോശമായ പ്രതികരണമൊന്നും നടത്താന്‍ ആഗ്രഹിക്കുന്നില്ല. ആ ഒരു മേഖല കോടതി കടക്കാന്‍ ഇഷ്‌ടപ്പെടാത്തതാണ്‌. എങ്കിലും ഇത്രയും പറയാതെ വയ്യ. ഇതുപോലുള്ള ഒരു ഭീമന്‍ പദ്ധതി പരിഗണിക്കുമ്പോള്‍ -ഉന്നതന്മാര്‍, അവര്‍ ആരായാലും- അവരോട്‌ ആലോചിക്കാതെ കരാറുണ്ടാക്കുക സാധ്യമല്ല.'' സംസ്ഥാനത്തിന്റെ ഉന്നത തലങ്ങളിലുള്ളവരുടെ നിയന്ത്രണത്തില്‍പ്പെടാത്ത സി.ബി.ഐ.യെപ്പോലുള്ള ഒരു സ്വതന്ത്ര ഏജന്‍സിയാണ്‌ കേസ്‌ അന്വേഷിപ്പിക്കേണ്ടതെന്ന്‌ ഈ രേഖകള്‍ ന്യായീകരിക്കുന്നു.'' ഈ കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി വിശദീകരിച്ചപോലെ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലും സി.ബി.ഐ. കേസന്വേഷണം പൂര്‍ത്തിയാക്കിയത്‌. പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടുംവരെ നിരപരാധികളായി കണക്കാക്കപ്പെടേണ്ടവരാണ്‌. നിരപരാധിത്വം തെളിയിക്കേണ്ടത്‌ കോടതിക്ക്‌ മുമ്പിലാണ്‌. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ്‌ പ്രതിയെങ്കില്‍ പ്രതിപ്പട്ടികയില്‍നിന്ന്‌ മാറ്റി നിര്‍ത്താന്‍ പാടില്ല. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ മുമ്പാകെ എല്ലാവരും സമന്മാരാണ്‌. അതുകൊണ്ടാണ്‌ കോടതിയില്‍ കള്ളം പറഞ്ഞെന്ന്‌ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കെ.കരുണാകരനെതിരെ 36 വര്‍ഷം മുമ്പ്‌ കേസെടുക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചത്‌. കരുണാകരന്‍ രാജിവെച്ച്‌ പ്രതിയായി നിയമനടപടി നേരിടാന്‍ നിര്‍ബന്ധിതനായി. 1969-ലെ ഇ.എം.എസ്‌. മന്ത്രിസഭയുടെ അനുഭവമെന്തായിരുന്നു? ആരോപണങ്ങളില്‍നിന്ന്‌ ഓടിയൊളിക്കുകയല്ല ചെയ്‌തത്‌. സി.പി.എം. മന്ത്രിമാര്‍ക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാനാണ്‌ മുഖ്യമന്ത്രി തീരുമാനിച്ചത്‌. മന്ത്രിസഭ വീഴുമെന്ന്‌ കരുതി സെക്രട്ടേറിയറ്റില്‍ പിടിച്ചുതൂങ്ങുകയായിരുന്നില്ല, ജനങ്ങളെ സമീപിക്കുകയായിരുന്നു. ലാവലിന്‍ നിലപാട്‌ ന്യായീകരിക്കാന്‍ ചരിത്രത്തില്‍ പരതി ഇപ്പോള്‍ കുഴങ്ങുന്ന സി.പി.എം. നേതാക്കള്‍ വന്ന വഴി മറക്കരുത്‌. ചെയര്‍മാര്‍ എസ്‌.എ. ഡാങ്കെ 40വര്‍ഷം മുമ്പ്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ എഴുതിയ കത്ത്‌ പുറത്തുവന്നു, അതും പാര്‍ട്ടി പിളര്‍പ്പിനു കാരണമായി. ദ്വിജേന്ദ്ര നന്ദി നാഷണല്‍ ആര്‍ക്കൈവ്‌സില്‍നിന്ന്‌ കണ്ടെടുത്ത കത്ത്‌ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ വിതരണം ചെയ്‌തു. ആരോപണവിധേയനായ ഡാങ്കെയുടെ രാജി ആവശ്യപ്പെട്ടു. കൈയക്ഷര വിദഗ്‌ധനെ കൊണ്ടു കത്തു പരിശോധിപ്പിക്കാനും അന്വേഷണക്കമ്മീഷനെ വെക്കാനുമുള്ള നിര്‍ദേശം തള്ളി. ആദ്യം രാജി എന്നുറച്ചുനിന്നു. രാജിവെക്കില്ലെന്നു കൂടിയായപ്പോള്‍ 32 പേര്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്നു. പാര്‍ട്ടിഭരണഘടനയും പാര്‍ട്ടിയെ രക്ഷിക്കലും കണക്കാക്കാതെ നിയമത്തിന്റെ വഴി തടയാന്‍ ഭരണഘടനാനുസൃതം പ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍തന്നെയാണ്‌ ഇടപെടുന്നത്‌. അത്‌ ശരിയല്ലെന്ന്‌ മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി നിലപാടെടുക്കുന്നു. മറ്റുകക്ഷികളുടെ മന്ത്രിമാര്‍ നിഷ്‌പക്ഷത പാലിക്കുന്നു. ദൈനംദിന ഭരണക്രമത്തില്‍ കൂട്ടുത്തരവാദിത്വം മാത്രമല്ല ഭരണഘടനാബാധ്യതപോലും ഇവിടെ തകര്‍ക്കപ്പെടുന്നു. ലാവലിന്‍ കേസില്‍ 'പോടാ പുല്ലേ' എന്ന്‌ യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്യുന്നത്‌ ഉന്നതനീതിപീഠത്തെയാണ്‌. ലാവലിന്‍ കേസ്‌ നേരിടുന്ന രീതി സി.പി.എമ്മിന്റെ പ്രതിച്ഛായയെയും വിശ്വാസ്യതയെയും തകര്‍ത്തുകഴിഞ്ഞു എന്ന്‌ അതിന്റെ നേതൃത്വം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Saturday, February 7, 2009

അമര്‍ സിംഗിന്റെ രംഗപ്രവേശം പിണറായിയെ രക്ഷിക്കാനല്ല,ലാവലിനെ രക്ഷിക്കാന്‍.

അമര്‍ സിംഗിന്റെ രംഗപ്രവേശം പിണറായിയെ രക്ഷിക്കാനല്ല, ലാവലിനെ രക്ഷിക്കാന്‍.

അമര്‍സിംഗിന്റെ രംഗപ്രവേശനത്തിലൂടെ ലാവലിന്‍ കേസ്സിലെ അന്തര്‍ രാഷ്ട്രഗൂഡാലോചന മറനീക്കി പുരത്തുവരുന്നു.പണംകൊടുത്തും യു പി എക്ക് അല്ല അമേരിക്കക്ക് പിന്തുണ ഉറപ്പിച്ച അമര്‍സിഗിന്റെ പുതിയ ദൗത്യമാണ് ലവലിനെ രക്ഷിക്കാല്‍.ഇതിന്ന് കോടികള്‍ പ്രതിഫലം വാങിച്ചിട്ടുണ്ടാകും

വിമാനത്താവളത്തില്‍ ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു

വിമാനത്താവളത്തില്‍ ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ട രണ്ടു വിമാന യാത്രക്കാര്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സി. ഐ. എസ്. എഫ് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു.
ഇന്നുരാവിലെ 4 മണിയോടെ എമിഗ്രേഷന്‍ വിഭാഗത്തില്‍ വച്ചായിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്നും ടി.കെ. എം 522 എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്തുവന്ന ശൂരനാട് അടീക്കലത്ത് സ്വദേശി രഘു (41), ഈജിപ്റ്റില്‍നിന്നും ഇംഗ്ളണ്ടില്‍ കുടിയേറി പൌരത്വം നേടിയ അഹമ്മദ് മുഹമ്മദ് അല്‍ജലാക്ക് (30) എന്ന വിദേശിയുമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. എമിഗ്രേഷനില്‍ ക്യൂ നില്‍ക്കവെ ബഹളംവച്ച ഇവര്‍ മറ്റു യാത്രക്കാരെയും എമിഗ്രേഷന്‍ ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തടയാന്‍ശ്രമിച്ച സി. ഐ. എസ്. എഫുകാരെയും ഇവര്‍ ആക്രമിച്ചു. ആക്രമണത്തില്‍ സി. ഐ. എസ്. എഫ് ഇന്‍സ്പെക്ടര്‍ ചാറ്റര്‍ജിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
മദ്യപിച്ച ഇവരെ പിന്നീട് വലിയതുറ പൊലീസിനു കൈമാറി. ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ഇവര്‍ നന്നായി മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വലിയതുറ പൊലീസ് പറഞ്ഞു.
അതേസമയം ഇവരെ സ്വീകരിക്കാന്‍ എത്തിയ സ്റ്റേറ്റ് കാര്‍ അടിപിടി നടന്നതറിഞ്ഞ് മടങ്ങിപ്പോയി. കേസ് തേയ്ച്ചുമായ്ചു കളയാന്‍ ശ്രമം നടത്തിയെങ്കിലും മാധ്യമങ്ങള്‍ അറിഞ്ഞതിനാല്‍ നടന്നില്ല. സംഭവത്തില്‍ മന്ത്രിപുത്രന് ബന്ധമുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വലിയതുറ പൊലീസ് പറഞ്ഞു.

news from keralakaumudi

Thursday, February 5, 2009

നിഷ്‌പക്ഷത നടിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല: ജി.സുധാകരന്‍

നിഷ്‌പക്ഷത നടിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല: ജി.സുധാകരന്‍
ഈ അമ്പ് ജനങള്‍ക്ക് നേരെ..... എതിര്‍ത്താല്‍ കാച്ചിക്കളയും

*നക്കാപിച്ചക്കുവേണ്ടി വാലാട്ടുന്ന താങ്കള്‍ എന്ത് കോഞ്ഞാണന്‍ കമ്യുണിസ്റ്റാണടോ..........


* അഴിമതി നടത്തുന്നവര്‍ കമ്യുണിസ്റ്റാണോ സുധാകരാ...


* അഴിമതി നടത്തുന്നവര്‍ പിടിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുന്നുവെന്ന് പറയുന്നതില്‍ എന്തുകാര്യമാണുള്ളത് സുധകരാ...


* അഴിമതിക്കാരെ മാറ്റിനിര്‍ത്തി പാര്‍ട്ടിയെ രക്ഷിക്കൂ സുധാകരാ.....


* അഴിമതിക്കാര്‍ക്ക് കമ്യുണിസ്റ്റാകാന്‍ കഴിയില്ല സുധാകരാ....പാര്‍ട്ടിയെ തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ നിഷ്‌പക്ഷത നടിക്കുന്നവര്‍ മന്ത്രിയായാലും എം.എല്‍.എ ആയാലും ആരുതന്നെയായാലും കമ്യൂണിസ്റ്റുകാരല്ലെന്ന്‌ മന്ത്രി ജി.സുധാകരന്‍.
ലാവലിന്‍ പ്രശ്‌നത്തില്‍ സി.പിഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒറ്റുകൊടുക്കുന്നവരും പാര്‍ട്ടിക്കാരല്ലെന്ന്‌ അദ്ദേഹം ഓര്‍മപ്പെടുത്തി.

പാര്‍ട്ടി തകരുമ്പോള്‍ അതു കണ്ടില്ലെന്ന്‌ നടിച്ചാല്‍ മന്ത്രിയായിരിക്കുന്ന കാലാവധി കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോള്‍ പാര്‍ട്ടി തന്നെ കാണില്ല.

Tuesday, February 3, 2009

പിണറായിക്കു പയ്യന്നൂരില്‍ ചെരിപ്പേറ്

പിണറായിക്കു പയ്യന്നൂരില്‍ ചെരിപ്പേറ്

പയ്യന്നൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിനു നേരേ പയ്യന്നൂരില്‍ ചെരിപ്പേറ്. മാര്‍ച്ച് പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ എത്തിയപ്പോഴാണു ചെരിപ്പേറുണ്ടായത്. വാഹനത്തിലായിരുന്ന പിണറായി വിജയന്‍ സെന്‍ട്രല്‍ ബസാറില്‍ ഇറങ്ങി റെഡ് വോളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം സ്വീകരണ സ്ഥലമായ പുതിയ ബസ്സ്റാന്‍ഡ് പരിസരത്തേക്കു കാല്‍നടയായി നീങ്ങുന്നതിനിടയില്‍ റോഡിന്റെ വലതുഭാഗത്തുനിന്നു ജാഥയിലേക്കു ഒരു യുവാവ് ചെരിപ്പെറിയുകയായിരുന്നു. സഖാവ് വി.എസ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിയോടെയാണ് ചെരിപ്പേറുണ്ടായത്.
മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനായ തിരുമേനി മുതുവത്തെ ഷാജി (29) യാണ് ചെരുപ്പെറിഞ്ഞതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു മാര്‍ച്ചിന്റെ ബാഡ്ജും പോലീസ് കണ്െടടുത്തു. പിണറായി വിജയനെ ലക്ഷ്യമാക്കിയാണ് എറിഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ ദേഹത്തു വീണില്ല. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ചെരിപ്പ് എറിഞ്ഞ യുവാവിനെ പിടികൂടുകയും പൊതിരെ തല്ലുകയും ചെയ്തു. പോലീസ് വാഹനത്തിലാണു ഇയാളെ സ്ഥലത്തുനിന്നു കൊണ്ടുപോയത്. ഇതിനിടയില്‍ പോലീസ് വാഹനം തടയാനും ശ്രമമുണ്ടായി.

''കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും അഴിമതിക്കാരായിട്ടില്ല; ആവുകയുമില്ല''- വി.എസ്‌.

''കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും അഴിമതിക്കാരായിട്ടില്ല; ആവുകയുമില്ല''- വി.എസ്‌.

സി.പി.ഐഎം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്നും ലാവലിന്‍ കേസില്‍ കോടതിയെയും സി.ബി.ഐ.യെയും ചോദ്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ വ്യക്തമാക്കി. ചൊവ്വാഴ്‌ച വൈകുന്നേരം ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ വി.എസ്‌. നിലപാട്‌ വ്യക്തമാക്കിയത്‌.
ലാവലിന്‍ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാണ്‌ നടന്നതെന്നും അതിനെ വെല്ലുവിളിക്കുന്നത്‌ കോടതിയെ വെല്ലുവിളിക്കലാണെന്നും മുഖ്യമന്ത്രിയായ താന്‍ അതിനു തയ്യാറില്ലെന്നും വി.എസ്‌. പറഞ്ഞു. ''കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും അഴിമതിക്കാരായിട്ടില്ല; ആവുകയുമില്ല''- വി.എസ്‌. പറഞ്ഞു.

Monday, February 2, 2009

വി.എസിന്റെ മൗനം മഹാശബ്ദം‍ .

വി.എസിന്റെ മൗനം മഹാശബ്ദം‍ .
വി.എസിന്റെ മൗനം മഹാശബ്ദം‍ .Sunday, February 1, 2009

വി.എസിന്റെ മൗനം മഹാശബ്ദം‍

വി.എസിന്റെ മൗനം മഹാശബ്ദം‍ .
എസ്‌.എന്‍.സി ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പുലര്‍ത്തുന്ന മൗനത്തെ അനുകൂലിച്ച്‌ കേരളമൊട്ടുക്കും പോസ്‌റ്ററുകള്‍. വി.എസിന്റെ മൗനം ശക്തവും അര്‍ഥഗര്‍ഭവുമാണെന്ന്‌ പോസ്‌റ്ററുകള്‍ പറയുന്നു. വി.എസിന്റെ മൗനം മഹാശബ്ദമായി മാറുമെന്ന്‌ പോസ്‌റ്ററുകള്‍ വ്യക്തമാക്കുന്നു.