Sunday, August 19, 2007

ആണവകരാര്‍

ആണവകരാര്‍നടപടി തുടര്‍ന്നാല്‍ ഗുരുതരപ്രത്യാഘാതം: സിപിഐ എം .

സര്‍ക്കാരിന്റെ ഭാവി കോണ്‍ഗ്രസിന്റെ കൈയില്‍ അടിയന്തര കേന്ദ്രകമ്മിറ്റി .

അമേരിക്കയുമായുള്ള ആണവ സഹകരണ കരാര്‍ നടപ്പാക്കാന്‍ തുടര്‍നടപടി കൈക്കൊണ്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സിപിഐ എം വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. കേന്ദ്രസര്‍ക്കാര്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും കോണ്‍ഗ്രസാണ്- സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കി. രണ്ടുദിവസത്തെ പോളിറ്റ് ബ്യൂറോ യോഗതീരുമാനങ്ങള്‍ എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കാരാട്ട്.
സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍
കരാര്‍ അംഗീകരിക്കാനാവില്ലെന്ന സിപിഐ എം പോളിറ്റ്ബ്യൂറോയുടെ തീരുമാനം പ്രകാശ് കാരാട്ടും പിബി അംഗം സീതാറാം യെച്ചൂരിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് അറിയിച്ചിട്ടുണ്ട്. യുപിഎ അധ്യക്ഷ സോണിയഗാന്ധി, വിദേശമന്ത്രി പ്രണബ് മുഖര്‍ജി എന്നിവരും ഈ സുപ്രധാന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കരാറുമായി മുന്നോട്ടുപോകുന്നത് സ്വതന്ത്ര വിദേശനയത്തെയും രാജ്യത്തിന്റെ പരമാധികാരത്തെയും ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ സിപിഐ എം നേതാക്കള്‍ അറിയിച്ചു. തങ്ങളുടെ നിര്‍ദേശങ്ങള്‍ ഗൌരവത്തിലെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനം അറിയിക്കാമെന്ന് പ്രധാനമന്ത്രി സിപിഐ എം നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കോര്‍ഗ്രൂപ്പ് യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. സോണിയഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, എ കെ ആന്റണി, അര്‍ജുന്‍സിങ്, ശിവരാജ് പാട്ടീല്‍ എന്നിവരും പങ്കെടുത്തു.
ശനിയാഴ്ച രാവിലെ ചേര്‍ന്ന പിബി യോഗത്തിനുശേഷമാണ് കാരാട്ടും യെച്ചൂരിയും പ്രധാനമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇതിനുശേഷമാണ് കാരാട്ട് വാര്‍ത്താസമ്മേളനം നടത്തിയത്. ഇടതുപക്ഷ പാര്‍ടികളുടെ യോഗം ഉടനെ ചേരുമെന്നും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പാര്‍ടി കേന്ദ്രകമ്മിറ്റി യോഗം ചേരും. പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ച് പാര്‍ടി വ്യാപകമായ പ്രചാരണം നടത്തുമെന്നും കാരാട്ട് പറഞ്ഞു.
കരാറുമായി മുന്നോട്ടുപോകുന്നത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. കരാറിനോടുള്ള ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് പരിഗണിച്ച് തുടര്‍നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്. അതായത്, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ശാശ്വതമായ സുരക്ഷാസംവിധാനങ്ങള്‍ക്കായി പ്രത്യേക കരാറിലേര്‍പ്പെടരുത്. അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ഹൈഡ് ആക്ടിന്റെ പ്രത്യാഘാതങ്ങള്‍ ശരിയായി വിലയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കരാറിനെ ഹൈഡ് ആക്ടിന്റെ വെളിച്ചത്തില്‍ മാത്രമേ വീക്ഷിക്കാനാവൂ. ഇതിന്റെ അന്തിമഫലം ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ സഖ്യത്തില്‍ വരിഞ്ഞുകെട്ടലായിരിക്കും. ഇത് ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിനും പരമാധികാരത്തിനും സാമ്പത്തികതാല്‍പ്പര്യങ്ങള്‍ക്കും ദോഷകരമായ പ്രത്യാഘാതം സൃഷ്ടിക്കും. കരാറിനെതിരെ ശക്തമായ പ്രതിഷേധമുണ്ടെന്നത് സര്‍ക്കാര്‍ കണക്കിലെടുക്കണം. പാര്‍ലമെന്റിലെ ഭൂരിപക്ഷവും ആണവകരാറിനെതിരാണ്. അതുകൊണ്ടുതന്നെ കരാറുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്- പിബി പ്രമേയത്തില്‍ പറഞ്ഞു. ആണവകരാര്‍ സംബന്ധിച്ച ഇടതുപക്ഷപാര്‍ടികളുടെ സമീപനം പോളിറ്റ്ബ്യൂറോ പൂര്‍ണമായി അംഗീകരിച്ചു. കരാര്‍ അംഗീകരിക്കേണ്ടതില്ലെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് ഏകാഭിപ്രായമാണുള്ളതെന്നും ചോദ്യത്തിന് ഉത്തരമായി കാരാട്ട് പറഞ്ഞു.

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

ആണവകരാര്‍
നടപടി തുടര്‍ന്നാല്‍ ഗുരുതര
പ്രത്യാഘാതം: സിപിഐ എം
സര്‍ക്കാരിന്റെ ഭാവി കോണ്‍ഗ്രസിന്റെ കൈയില്‍

അമേരിക്കയുമായുള്ള ആണവ സഹകരണ കരാര്‍ നടപ്പാക്കാന്‍ തുടര്‍നടപടി കൈക്കൊണ്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സിപിഐ എം വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. കേന്ദ്രസര്‍ക്കാര്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും കോണ്‍ഗ്രസാണ്- സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കി. രണ്ടുദിവസത്തെ പോളിറ്റ് ബ്യൂറോ യോഗതീരുമാനങ്ങള്‍ എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കാരാട്ട്.

K.P.Sukumaran said...

എത്രയും പെട്ടെന്ന് ഇടത് പക്ഷം യു.പി.എ. സര്‍ക്കാറിനുള്ള പിന്‍‌തുണ പിവലിച്ച് , ഒരു തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത് . അതിന് ശേഷം അധികാരത്തില്‍ എത്തുന്ന ബി.ജെ.പി. ഗവണ്‍‌മെന്റ് ആണവക്കരാര്‍ പുഷ്പം പോലെ നടപ്പാക്കിക്കൊള്ളൂം . ഗാട്ട് കരാര്‍ ഓര്‍മ്മയില്ലെ ? ഇടത് പക്ഷവും ബി.ജെ.പി.യും ആ കരാറിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ ആറ് മാസത്തിനുള്ളില്‍ കാരാറില്‍ നിന്ന് പിന്‍‌വാങ്ങും എന്നു പ്രഖ്യാപിച്ചു . എന്നിട്ടെന്തായി ? ഭരണം കിട്ടിയ ബി.ജെ.പി നലവണ്ണം ഗാട്ടി ! അടുത്ത പ്രധാനമന്ത്രിയായി കാരാട്ട് വന്നാലും കരാര്‍ നടപ്പാക്കും . പക്ഷെ അതിന് സാധ്യത ഇല്ലല്ലോ . ഏതായാലും കരാര്‍ നടപ്പാവുക തന്നെ ചെയ്യും . അതിന്റെ തുടര്‍ നടപടികകള്‍ക്ക് നേതൃത്വം നല്‍കുക സോണിയാ ഗാന്ധിയാണോ അതോ രാജ് നാഥ് സിങ്ങ് ആണോ എന്നേ അറിയാനുള്ളൂ !