Sunday, September 30, 2007

വ്യവസായികളുമായുള്ള ചങ്ങാത്തം സി.പി.എം ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചര്‍ച്ചയായി

വ്യവസായികളുമായുള്ള ചങ്ങാത്തം സി.പി.എം ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചര്‍ച്ചയായിആരോപണ വിധേയരായ വന്‍കിട വ്യവസായ പ്രമുഖരുമായി നേതാക്കള്‍ക്കുള്ള ചങ്ങാത്തം സി.പി.എം ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചൂടുള്ള ചര്‍ച്ചയ്ക്കു വഴിയൊരുക്കി. ഒരാഴ്ചയ്ക്കുള്ളില്‍ സമാപിക്കുന്ന ബ്രാഞ്ചു സമ്മേളനത്തിനു ശേഷം നടക്കുന്ന ലോക്കല്‍, ഏരിയാ കമ്മിറ്റി സമ്മേളനങ്ങളിലും ഈ പ്രശ്നം ആളിക്കത്തുമെന്നാണു സൂചന.
സംസ്ഥാനത്തു സി.പി.എമ്മിന്റെ ബ്രാഞ്ചു സമ്മേളനങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. സമ്മേളന നടപടികള്‍ പൂര്‍ത്തിയായ ബ്രാഞ്ചു കമ്മിറ്റികളിലെല്ലാം നേതാക്കളുടെ അവിഹിതമായ ഏര്‍പ്പാടുകളെ സംബന്ധിച്ചു കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. യുവ വ്യവസായി ഫാരിസ് അബൂബക്കര്‍, ലോട്ടറി രാജാവ് മാര്‍ട്ടിന്‍, മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തിലെ നായകന്‍ സേവി മനോ മാത്യു തുടങ്ങിയവരുമായുള്ള നേതാക്കളുടെ കൂട്ടുകെട്ടാണു ചര്‍ച്ചയായിട്ടുള്ളത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ പിണറായി പക്ഷ നേതാക്കളെയാണു പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വി.എസ് പക്ഷത്തിനു സ്വാധീനമുള്ള ബ്രാഞ്ചു കമ്മിറ്റികളില്‍ ഈ വിഷയം ആളിക്കത്തുമ്പോള്‍ പിണറായി പക്ഷത്തിന്റെ തട്ടകങ്ങളിലും നേതാക്കളുടെ അവിഹിത ബന്ധം തര്‍ക്കങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ദീപിക ചെയര്‍മാന്‍ ഫാരിസുമായി ബന്ധപ്പെട്ടാണു നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടി ചാനലില്‍ വന്ന ഫാരിസിന്റെ അഭിമുഖത്തിലും അംഗങ്ങള്‍ രോഷാകുലരാണ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും ഫാരിസിനെതിരേ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ എതിര്‍ പ്രസ്താവനയുമായി രംഗത്തു വരാത്തതിലെ അനൌചിത്യവും ചര്‍ച്ചയ്ക്കു കാരണമായി. സാധാരണ ഒരു ലോക്കല്‍ നേതാവിനെതിരേ ആരെങ്കിലും ആരോപണം തൊടുത്താല്‍ അതിനെ പ്രതിരോധിക്കുന്ന പാര്‍ട്ടി, മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മൌനം പാലിച്ചതില്‍ ദുരൂഹതയുണ്ടെന്നാണു ബ്രാഞ്ചംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. ഫാരിസിനെ ന്യായീകരിച്ചു പാര്‍ട്ടി പത്രത്തില്‍ വന്ന ലേഖനങ്ങളും വാര്‍ത്തകളും പാര്‍ട്ടിയുടെ നയത്തിനു വിരുദ്ധമാണെന്നും സമ്മേളനങ്ങളില്‍ അഭിപ്രായമുയര്‍ന്നു.
ഫാരിസ് വിവാദത്തിനു പുറമെ ലോട്ടറി രാജാവ് മാര്‍ട്ടിനുമായി ബന്ധപ്പെട്ട രണ്ടുകോടി കോഴ വിവാദവും വി.എസ് പക്ഷം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പാലക്കാട്ടു നടന്നുകഴിഞ്ഞ ബ്രാഞ്ചു സമ്മേളനങ്ങളില്‍ ഇവിടത്തെ ഒരു വ്യാപാര പ്രമുഖനുമായുള്ള നേതാക്കളുടെ ബന്ധവും ചര്‍ച്ചയ്ക്കു വഴിയൊരുക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വി.എസ് അച്യുതാനന്ദനെ തോല്‍പ്പിക്കാന്‍ കരുനീക്കം നടത്തിയെന്നു പറയപ്പെടുന്ന ഈ വ്യവസായിക്കെതിരേ കടുത്ത ആരോപണമാണു വി.എസ് പക്ഷം സമ്മേളനങ്ങളില്‍ ഉന്നയിക്കുന്നത്. ഈ വ്യവസായിയുടെ വീട്ടിലേക്ക് ഏതോ ചിലര്‍ കല്ലെറിഞ്ഞ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട സംഭവം നേതാക്കളുടെ അവിഹിത ബന്ധമാണു സൂചിപ്പിക്കുന്നതെന്നും വി.എസ് പക്ഷത്തിന് അഭിപ്രായമുണ്ട്.

എതിരില്ലാതെ പാര്‍ട്ടി പിടിക്കാന്‍ പിണറായിപക്ഷം

സി.പി.എമ്മില്‍ പിണറായി വിരുദ്ധപക്ഷത്തിന്റെ നേതൃത്വത്തില്‍നിന്നു വി.എസ്. അച്യുതാനന്ദന്‍ പിന്‍വാങ്ങുന്നു. ജില്ലാ കമ്മിറ്റികള്‍ തൂത്തുവാരാന്‍ പിണറായി വിഭാഗം നീക്കമാരംഭിച്ചതോടെ വി.എസ്. പക്ഷം നിരാശയിലാണ്.
ഭരണത്തിലേറിയതു മുതല്‍ പാര്‍ട്ടിയിലെ പിടിവിട്ട വി.എസ്. പക്ഷം കോട്ടയം സമ്മേളനം മുന്നില്‍നില്‍ക്കേ ദിശയറിയാത്ത അവസ്ഥയിലായി. മുഖ്യമന്ത്രിയായതോടെയാണ് വി.എസ്. അച്യുതാനന്ദന്‍ ഗ്രൂപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍നിന്നു പിന്‍വാങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിനെതിരേ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് വി.എസിനൊപ്പമുള്ള പല പ്രമുഖരും തരംതാഴ്ത്തലിനും പരസ്യശാസനയ്ക്കും വിധേയരായി. സംസ്ഥാന നേതൃയോഗങ്ങളില്‍ വി.എസും ഒപ്പമുള്ള ചില നേതാക്കളും പ്രതിഷേധിച്ചതിനേത്തുടര്‍ന്ന് കൂടുതല്‍ നടപടികളുണ്ടായില്ല. പിന്നീട് ജില്ലകളില്‍ പിണറായി വിഭാഗം പിടിമുറുക്കിയതോടെയാണ് വി.എസ്. നിശബ്ദനായത്. പാര്‍ട്ടി വീണ്ടും കൈപ്പിടിയിലൊതുക്കാന്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ പിണറായി പക്ഷം നീക്കമാരംഭിച്ചുകഴിഞ്ഞു.

Sunday, September 23, 2007

സ. അഴീക്കോടന്റെ സ്മരണ.

സ. അഴീക്കോടന്റെ സ്മരണ. പിണറായി വിജയന്‍

1972 സെപ്തംബര്‍ 23നാണ് തൃശൂരില്‍ സ. അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാര്‍ടി നയിച്ച ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്നു മാര്‍ക്സിസ്റ് വിരുദ്ധശക്തികളുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ അദ്ദേഹം. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച നേതാവുമായിരുന്നു അഴീക്കോടന്‍. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് ചെറുപ്പത്തില്‍ത്തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. സ. പി കൃഷ്ണപിള്ളയില്‍നിന്നാണ് അഴീക്കോടന്‍ വര്‍ഗരാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ സ്വാംശീകരിച്ചത്. 1946ല്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌണ്‍ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഴീക്കോടന്‍ 1956ല്‍ ജില്ലാ സെക്രട്ടറിയായി. '59ല്‍ സംസ്ഥാനകേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1964ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനവൈഭവമാണ് സഖാവില്‍ പ്രകടമായത്.
രാഷ്ട്രീയജീര്‍ണതകള്‍ക്കെതിരെ സന്ധിയില്ലാത്ത നിലപാടായിരുന്നു അഴീക്കോടന്റേത്. സൌമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. ഐക്യമുന്നണി ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് നിലകൊണ്ടു. വികസനത്തെക്കുറിച്ചും നാടിന്റെ പൊതുവായ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗിക നടപടികള്‍ ആവിഷ്കരിക്കുകയുംചെയ്യുന്നതില്‍ അനന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്.
ജീവിച്ചിരിക്കുമ്പോള്‍ കമ്യൂണിസ്റ് വിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായിരുന്നു. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. അഴീക്കോടന്റെ തിളക്കമേറിയ പൊതുജീവിതത്തില്‍ മങ്ങലേല്‍പ്പിക്കാനായിരുന്നു ബോധപൂര്‍വം നടത്തിയ കുപ്രചാരണങ്ങള്‍. പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും അതുതുടര്‍ന്നു. രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നു പറയാന്‍ എതിരാളികള്‍ തയ്യാറായില്ല.
സിപിഐ എം നേതാവായ അഴീക്കോടനെ ഇകഴ്ത്തിക്കാണിക്കുന്നതിലൂടെ പാര്‍ടിയുടെ യശസ്സ് തകരുമെന്ന ദിവാസ്വപ്നമായിരുന്നു പാര്‍ടിശത്രുക്കളുടേത്. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍ പാര്‍ടിക്കും പാര്‍ടി നേതാക്കള്‍ക്കുമെതിരെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ പാര്‍ടിതന്നെ ജനവിരുദ്ധമാണെന്നും കമ്യൂണിസ്റുകാര്‍ ഭീകരന്മാരാണെന്നും ചിത്രീകരിച്ച് പ്രചണ്ഡമായ പ്രചാരണമാണ് അരങ്ങേറിയത്. കമ്യൂണിസ്റുകാരെ ഭരണകൂടവും നാടുവാഴി ഗുണ്ടകളും വേട്ടയാടി. അത്തരം ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് കൂടുതല്‍ ജനപിന്തുണയാര്‍ജിച്ച് മുന്നേറാന്‍ പാര്‍ടിക്കു കഴിഞ്ഞിട്ടുണ്ട്. പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയനിലപാടുകള്‍ കാരണമാണ് ഈ മുന്നേറ്റം.
ഇപ്പോള്‍, പാര്‍ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസിന്റെ ഭാഗമായി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പാര്‍ടി ശത്രുക്കളും സജീവമാകുന്ന കാഴ്ചയാണ് കേരളത്തില്‍. കഴിഞ്ഞ മലപ്പുറം സമ്മേളനത്തോടെ പാര്‍ടി തകരുമെന്നു പ്രവചിച്ച 'വിദഗ്ധര്‍' ഉണ്ടായിരുന്നു. സമ്മേളനം വിജയകരമായി പര്യവസാനിച്ചപ്പോള്‍ തെറ്റായ പ്രവചനം നടത്തിയവര്‍ പരുങ്ങലിലായി. എന്നാല്‍, അവര്‍ തെറ്റ് ഏറ്റുപറയാനോ ആളുകളെ കബളിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കാനോ തയ്യാറായില്ല. അത്തരക്കാരുടെ പാര്‍ടിവിരുദ്ധ യുദ്ധം ഇപ്പോഴും തുടരുകയാണ്.
ഇത്തവണ പാര്‍ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ പാര്‍ടിവിരുദ്ധ പണ്ഡിതര്‍ സംഘടിതമായി രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തുള്ള 25,937 പാര്‍ടി ബ്രാഞ്ചുകളുടെ സമ്മേളനം സെപ്തംബറിലാണ് നടക്കേണ്ടത്. ബ്രാഞ്ച് സമ്മേളനങ്ങളില്‍ നല്ലൊരു ഭാഗം പൂര്‍ത്തിയായി. പാര്‍ടി നിര്‍ദേശിച്ച രീതിയില്‍ത്തന്നെ സമ്മേളനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷം നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനമാണ് സമ്മേളനങ്ങളിലുണ്ടാകുന്നത്. ഒരോ ഘടകവും നടത്തിയ പ്രവര്‍ത്തനം സംബന്ധിച്ച് തയ്യാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് പ്രധാനമായും സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. പ്രവര്‍ത്തനത്തില്‍ വീഴ്ചകളോ കുറവുകളോ ഉണ്ടായിട്ടുണ്ടങ്കില്‍ സ്വയം വിമര്‍ശനപരമായ പരിശോധനയിലൂടെ അവ കണ്ടെത്തി കുറവുകള്‍ പരിഹരിച്ച് ഭാവിപ്രവര്‍ത്തനം നടത്താന്‍ സമ്മേളനം തീരുമാനിക്കും. ഏതെങ്കിലും ബഹുജനമുന്നണിയുടെ സ്വാഭാവികമായ വളര്‍ച്ചയ്ക്ക് തടസ്സം ഉണ്ടായെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോകാന്‍ ആവശ്യമായ കാര്യങ്ങളും സമ്മേളനം രൂപപ്പെടുത്തും. ഇങ്ങനെ പാര്‍ടിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സമ്മേളനത്തിനകത്ത് വിശദമായി ചര്‍ച്ചചെയ്യേണ്ടത്; ചര്‍ച്ചചെയ്യപ്പെടുന്നത്.
ഇതിനെക്കുറിച്ചൊന്നും നേരെചൊവ്വെ മനസ്സിലാക്കാത്ത, അറിയുമെങ്കില്‍ത്തന്നെ അത് ബോധപൂര്‍വം മറച്ചുവയ്ക്കുന്ന കമ്യൂണിസ്റ് വിരുദ്ധ പ്രചാരകര്‍ ബ്രാഞ്ച് സമ്മേളനങ്ങളെ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ആയിരക്കണക്കിനു ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നതില്‍ വിരലിലെണ്ണാവുന്ന സമ്മേളനങ്ങളെക്കുറിച്ചാണ് പൊടിപ്പും തൊങ്ങലുംവച്ച് വാര്‍ത്ത ചമയ്ക്കപ്പെട്ടത്. കേരളത്തിലെ പാര്‍ടിക്കകത്ത് കഴിഞ്ഞ കുറച്ചുകാലമായി നിലനില്‍ക്കുന്ന വിഭാഗീയത ഈ സമ്മേളനത്തോടെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് പാര്‍ടിയാകെ മുഴുകിയിരിക്കുന്നത്. 3,36,646 പാര്‍ടി അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വിഭാഗീയതയില്‍നിന്ന് മുക്തമായി ലെനിനിസ്റ് സംഘടാനാതത്വങ്ങളില്‍ ഊന്നിനില്‍ക്കുന്ന പാര്‍ടി കരുത്താര്‍ജിച്ചു വരണമെന്നാണ് പാര്‍ടി അംഗങ്ങളാകെ ആഗ്രഹിക്കുന്നത്. മാര്‍ക്സിസ്റ്- ലെനിനിസ്റ് പ്രത്യയശാസ്ത്രവും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയനിലപാടുകളും ലെനിനിസ്റ് സംഘടനാരീതിയും അനുവര്‍ത്തിക്കുന്ന പാര്‍ടിയെയാണ് പാര്‍ടി സഖാക്കള്‍ക്കു വേണ്ടത്. കമ്യൂണിസ്റ് വിരുദ്ധര്‍ക്ക് വേണ്ടത് ഇതില്‍നിന്നെല്ലാം വേറിട്ട പാര്‍ടിയാണ്. അങ്ങനെയുള്ള ഒന്ന് കമ്യൂണിസ്റ് പാര്‍ടിയാകില്ല. ഇവിടെ പാര്‍ടി അംഗത്വം എടുത്ത് പാര്‍ടിയുടെ ഭാഗമായി മാറാന്‍ തയ്യാറാകുന്ന ഒരോ സഖാവും അര്‍പ്പണബോധത്തോടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനുള്ള സന്നദ്ധതയോടെയാണ് പാര്‍ടി രംഗത്തേക്കു വരുന്നത്. ചില ബ്രാഞ്ച് സമ്മേളനങ്ങളെക്കുറിച്ച് കഥകള്‍ മെനഞ്ഞതുകൊണ്ടുമാത്രം പാര്‍ടിക്ക് എന്തെങ്കിലും പോറലേല്‍പ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതേണ്ടതില്ല.
പാര്‍ടി സമ്മേളനങ്ങള്‍ എങ്ങനെ നടത്തണമെന്നുള്ളതിനെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങളാണ് സിപിഐ എമ്മിനുള്ളത്. മാനദണ്ഡങ്ങള്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ആദ്യമായല്ല ആവിഷ്കരിക്കുന്നത്. രാജ്യത്താകെയുള്ള പാര്‍ടി ഘടകങ്ങള്‍ക്കായി കേന്ദ്രകമ്മിറ്റിയാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നത്. ഇത്തവണ സമ്മേളനങ്ങള്‍ക്ക് പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ പ്രത്യേകമായി കേരളത്തിനുമാത്രം ബാധകമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായി. ഇതിനെക്കുറിച്ച് തെറ്റായി വ്യാഖ്യാനിക്കാനാണ് ചില മാര്‍ക്സിസ്റ് വിരുദ്ധ പ്രചാരകര്‍ തയ്യാറായിട്ടുള്ളത്. അവര്‍ മനസ്സിലാക്കുന്നില്ല ഇത് പാര്‍ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് ചെയ്യുകയെന്ന്. കേരളത്തിലെ പാര്‍ടിയെ ബാധിച്ച ഗുരുതരമായ വിഭാഗീയത എന്ന രോഗത്തിന് ഈ സമ്മേളനത്തോടെ അറുതിവരുത്താന്‍ പാര്‍ടി ദൃഢചിത്തതയോടെ നീങ്ങുമ്പോള്‍ അതുമായി സഹകരിക്കാന്‍ പാര്‍ടി സഖാക്കളാകെ ആവേശഭരിതരായി മുന്നോട്ടുവരുന്നതാണ് അനുഭവം.
ഇത് പാര്‍ടിവിരുദ്ധ പ്രചാരകരെ അല്‍പ്പം നിരാശരാക്കിയിരിക്കും. അതുകൊണ്ടുതന്നെ അത്തരക്കാരുടെ കുപ്രചാരണങ്ങള്‍ക്ക് ക്ഷീണം സംഭവിച്ചതായി കാണുന്നു. കഥകള്‍ മെനയുമ്പോള്‍ വസ്തുതകളുടെ പിന്‍ബലം ഇല്ലാതെ വിഷമിക്കുകയാണ് അവര്‍. ആറുകോളം തലവാചകത്തില്‍ "സി.പി.ഐ-എം മാര്‍ഗനിര്‍ദ്ദേശരേഖ ആധാരമാക്കിത്തന്നെ ഗ്രൂപ്പ് പോര്'' എന്ന വാര്‍ത്ത മെനഞ്ഞെടുത്തവര്‍ക്ക് ഏതെങ്കിലും സമ്മേളനത്തെ ഉദാഹരിക്കാന്‍ കഴിയുന്നില്ല. തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് വാര്‍ത്ത മെനയുകയാണ്. കുറച്ചുകാലമായി പാര്‍ടിക്കു നേരെ കുപ്രചാരണങ്ങളുമായി പുറപ്പെട്ട ഇത്തരം പ്രചാരകര്‍ നിരാശയില്‍നിന്ന് നിലവാരം ഇല്ലാത്ത വാര്‍ത്താസൃഷ്ടിയിലേക്കു കടക്കുകയാണ്. സെപ്തംബര്‍ ആറിന് 'തിരുവനന്തപുരത്ത് സമ്മേളനങ്ങള്‍ തുടങ്ങാനാകാത്ത സ്ഥിതി' എന്ന് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുതന്നെ സെപ്തംബര്‍ 20 ആകുമ്പോഴേക്കും ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എഴുതേണ്ടിവരികയാണ്. പാര്‍ടിക്കെതിരെ വാര്‍ത്തകള്‍ മെനയുന്നവര്‍ക്ക് സംഭവിക്കുന്ന ഗതികേടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഒറ്റപ്പാലത്ത് ബ്രാഞ്ച് സമ്മേളനങ്ങളേ നടക്കുന്നില്ലെന്ന പ്രചാരണമാണ് ഇക്കൂട്ടര്‍ അഴിച്ചുവിട്ടിരിക്കുന്നത്. സെപ്തംബര്‍ കഴിയുന്നതോടെ ബ്രാഞ്ച് സമ്മേളനങ്ങളുടെ ചിത്രം പൂര്‍ണമാകും. അതോടെ ഇക്കൂട്ടര്‍ പറ്റിയ അബദ്ധം സമ്മതിക്കുമെന്നൊന്നും കരുതേണ്ടതില്ല. ലജ്ജയില്ലാതെ പുതിയ പ്രചാരണവുമായി രംഗത്തുവരും എന്നതാണ് അനുഭവം.
ഇതുകൊണ്ടൊന്നും പാര്‍ടിയെ ദുര്‍ബലപ്പെടുത്താനാകില്ല. സമ്മേളനങ്ങള്‍ ഓരോ തലത്തിലും കഴിയുന്തോറും പാര്‍ടി കൂടുതല്‍ കരുത്താര്‍ജിക്കുകയാണുചെയ്യുക. ഇന്ന് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞ പാര്‍ടിയാണ് സിപിഐ എം. ഇതില്‍ പ്രയാസമുള്ള പാര്‍ടിവിരുദ്ധ ശക്തികളാകെ പാര്‍ടിക്കെതിരെ രംഗത്തുവരുന്നുണ്ട്. ഇങ്ങനെ എത്രയെത്ര ആക്രമണങ്ങളെ അതിജീവിച്ചാണ് ഈ പ്രസ്ഥാനം ഓരോ ചുവടും മുന്നേറിയതെന്ന് നന്നായി അറിയുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. പാര്‍ടിയുടെ ബഹുജനാടിത്തറ വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍കൂടിയാണ് സമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്നത്. അഴീക്കോടനെപ്പോലുള്ള ഉജ്വലവിപ്ളവകാരിയുടെ സ്മരണ ഈ കടമകള്‍ ഏറ്റെടുക്കാന്‍ പാര്‍ടിക്കാകെ കൂടുതല്‍ കരുത്തു നല്‍കട്ടെ.