Tuesday, May 20, 2008

ഇത്‌ സാമൂഹിക സുരക്ഷയ്‌ക്കുള്ള വെല്ലുവിളി

ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

കേ രളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയ്‌ക്കാണ്‌ ഈ പംക്തി കുറിക്കുന്നത്‌. ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ പരാമര്‍ശിച്ചുകൊണ്ടല്ലാതെ ഇത്‌ തുടങ്ങുന്നത്‌ ഉചിതവുമല്ല. അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ്‌ . ഗവണ്മെന്റിന്‌ പകരം എല്‍.ഡി.എഫിന്‍േറതായ ഒരു ബദല്‍ ഗവണ്മെന്റിനെ തിരഞ്ഞെടുക്കണമെന്ന്‌ വാദിച്ചു പോന്ന ഈ പംക്തിയുടെ ധാര്‍മിക ചുമതലകൂടിയാണത്‌. മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന എല്‍.ഡി.എഫ്‌. ഗവണ്മെന്റിനെ വിലയിരുത്താനുള്ള മൂന്ന്‌ അഭിപ്രായപ്രകടനങ്ങള്‍ ഇവിടെ ഉദ്ധരിക്കുക മാത്രമേ അക്കാര്യത്തില്‍ ഈ ലേഖകന്‌ ചെയ്യേണ്ടതുള്ളൂ. അതില്‍ ഒന്നാമത്തേത്‌, മൂന്നാം വാര്‍ഷികദിനത്തില്‍ തന്നെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍േറതായി സംസ്ഥാന പോലീസിനെ സംബന്ധിച്ചു വന്ന അഭിപ്രായപ്രകടനമാണ്‌. ആലുവ പോലീസ്‌ സ്റ്റേഷനില്‍ ഒരു യുവസംന്യാസി വെടി ഉതിര്‍ത്ത സംഭവം തന്റെ സര്‍ക്കാറിന്റെ അന്തസ്സിന്റെ പ്രശ്‌നമാണ്‌ എന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ആഭ്യന്തരവകുപ്പ്‌ തന്റെ സര്‍ക്കാറിന്റെ അന്തസ്സ്‌ ഇടിച്ചു എന്ന്‌ ഭരണ വാര്‍ഷികത്തില്‍ മുഖ്യമന്ത്രി തന്നെ പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളിലും തത്സമയ സംപ്രേഷണത്തിലും നിറഞ്ഞുനില്‍ക്കുകയായിരുന്നു സ്വാമി ഹിമവത്‌ ഭദ്രാനന്ദ. ആഭ്യന്തരമന്ത്രിയെ 'ബാലേട്ടന്‍' എന്ന്‌ തുടര്‍ച്ചയായി അദ്ദേഹം സംബോധന ചെയ്‌തതും രാഷ്ട്രീയ- ഭരണ ഔന്നത്യങ്ങള്‍ ഓരോന്നായി പ്രവചിച്ചു പോന്നതും ആ മനുഷ്യന്‍ വിളിച്ചുകൂവിയതല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ഈ അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കാവി അണിഞ്ഞ, മുടിയും താടിയും നീട്ടിയ ആ യുവസംന്യാസിയുടെ കസ്റ്റഡിയില്‍ ചുകപ്പ്‌ ബീക്കണ്‍ലൈറ്റ്‌ ഘടിപ്പിച്ച വണ്ടിയും തിരനിറച്ച ലൈസന്‍സുള്ള മാരകശേഷിയുള്ള കൈത്തോക്കുമുണ്ടായിരുന്നു. തന്റെ കപടവൃത്തികള്‍ തുറന്നുകാട്ടിയ ഒരു പത്രസ്ഥാപനത്തില്‍ അതിക്രമിച്ചു കടക്കാന്‍ സ്വാമി എത്തിയത്‌ ഗവര്‍ണര്‍, മന്ത്രിമാര്‍, ജഡ്‌ജ ിമാര്‍ തുടങ്ങിയവര്‍ മാത്രം ഉപയോഗിക്കുന്ന ചുകപ്പ്‌ വെച്ച വാഹനത്തിലായിരുന്നു. നിയമം കൈയിലെടുത്ത സ്വാമി, നിരീക്ഷണത്തിലും കസ്റ്റഡിയിലുമായിട്ടും പോലീസ്‌ സ്റ്റേഷനില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മണിക്കൂറുകളോളം തോക്കുചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതിനിടയാക്കിയത്‌ പോലീസുകാരുടെ സ്വാമിഭക്തിയാണ്‌ എന്ന്‌ ചുരുക്കി വ്യാഖ്യാനിക്കരുത്‌. വലിയ ഏമാന്റെ അപ്രീതി ഏറ്റുവാങ്ങേണ്ടി വരുമോ എന്ന പോലീസിന്റെ ഭീതിയാകണം ഇതിന്റെ പശ്ചാത്തലം. അല്ലെങ്കില്‍ ഭദ്രാനന്ദനെ നേരത്തേ തന്നെ തൂക്കിയെടുത്ത്‌ ദേഹപരിശോധനയും സ്ഥലപരിശോധനയും നടത്തി ലോക്കപ്പിലെ മൂട്ടകള്‍ക്കും കൊതുകുകള്‍ക്കും എറിഞ്ഞു കൊടുക്കാന്‍ മടിക്കുന്നവരല്ല കേരള പോലീസ്‌. ഏത്‌ ഗവണ്മെന്റിനും എന്ന പോലെ എല്‍.ഡി.എഫ്‌. ഗവണ്മെന്റിന്റെ രണ്ടു വര്‍ഷക്കാലത്തെ ഭരണത്തിനും നേട്ടങ്ങളുടെ പട്ടികനിരത്താനുണ്ടാകും. ആ പട്ടിക നൂറുശതമാനവും യാഥാര്‍ഥ്യമാകണമെന്ന്‌ ആഗ്രഹിച്ച ജനതയാണ്‌ ഏറെ പ്രതീക്ഷയോടെ ഈ ഗവണ്മെന്റിനെ അധികാരത്തിലേറ്റിയതെന്ന്‌ ബാധ്യതപ്പെട്ടവര്‍ വിസ്‌മരിക്കരുത്‌. ഏതു ഭരണത്തിലും ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും ക്രമസമാധാനത്തിനും ചുമതലപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ചെയ്‌തികളാണ്‌ നിര്‍ണായകമാകുക. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ഇല്ലാതായിരുന്നു. പണിശാലകളിലും പാഠശാലകളിലും കൃത്യതയും അച്ചടക്കവും ഉറപ്പാക്കിയിരുന്നു. എന്നിട്ടും പോലീസ്‌ ഭരണഘടനാ ബാഹ്യമായി ചങ്ങലപൊട്ടിച്ച്‌ അതിക്രമങ്ങള്‍ നടത്തിയതും മനുഷ്യത്വത്തിന്റെയും മൗലികാവകാശങ്ങളുടെയും നെഞ്ചുകുത്തിപ്പറിച്ചതുമാണ്‌ ആ ഭരണത്തിന്റെ പല നന്മകളെയും കരാളതയുടെ ഭാഗമാക്കിയത്‌. സി.പി.എമ്മിലെ ഭാവിയുടെ വാഗ്‌ദാനമായും രണ്ടാം ഇ.എം.എസ്‌., ജോസഫ്‌ മുണ്ടശ്ശേരി, ഭാവി മുഖ്യമന്ത്രി എന്നും മലയാളപത്രങ്ങള്‍ ഊതിവീര്‍പ്പിച്ച ഒരു കൊച്ചു കഥാപാത്രമാണ്‌ എം.എ.ബേബി. അക്കാര്യത്തില്‍ വലിയ സംഭാവന ചെയ്‌ത ഇംഗ്ലീഷ്‌ ദിനപത്രം തന്നെയാണ്‌ ഇത്തവണ ഏറ്റവും മോശപ്പെട്ട മന്ത്രിയായി എം.എ.ബേബിയെന്ന വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയെ തിരഞ്ഞെടുത്തത്‌. ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, വകുപ്പുകളെക്കാളേറെ വാമൊഴികളുടെ മന്ത്രിയായി മാറിയ ജി. സുധാകരന്‍ എന്നിവര്‍ക്കും മുഖ്യമന്ത്രി വി.എസ്സിനു പോലും ആ 'ബഹുമതി' നല്‍കി. ടി.എം. തോമസ്‌ ഐസക്ക്‌, പി.കെ.ഗുരുദാസന്‍, മാത്യു.ടി.തോമസ്‌, കോടിയേരി ബാലകൃഷ്‌ണന്‍, മുല്ലക്കര രത്‌നനാകരന്‍, സി. ദിവാകരന്‍ തുടങ്ങിയവരെയും പത്രം വെറുതെ വിട്ടിട്ടില്ല. ഇ.എം.എസ്‌. ഗവണ്മെന്റിന്റെ തുടര്‍ച്ച അവകാശപ്പെടുന്ന ഈ മന്ത്രിസഭയുടെ മൊത്തം പ്രതിച്ഛായ ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ ഏതുവിധമാണ്‌ എന്നതിന്‌ ഈ സര്‍വേ മതിയല്ലോ. മൂന്നാമത്തെ അഭിപ്രായപ്രകടനം, ഇടതുപക്ഷ-സാംസ്‌കാരിക തലത്തില്‍ നിന്നുള്ളതാണ്‌. സാംസ്‌കാരിക സുമനസ്സും സമൂഹത്തിന്റെ കണ്ണാടിയുമാണ്‌ എഴുത്തുകാര്‍. എം. മുകുന്ദന്‍ അധ്യക്ഷനായ കേരള സാഹിത്യ അക്കാദമി ഈ സര്‍ക്കാറാണ്‌ പുനഃസംഘടിപ്പിച്ചത്‌. അതൊരു ഹാസസാഹിത്യ അക്കാദമിയായി അധഃപതിച്ചെന്ന്‌ കുറ്റപ്പെടുത്തുന്നത്‌ പു.ക.സ.യുടെ നേതാവും കലാമണ്ഡലത്തിന്റെ മുന്‍കാര്യദര്‍ശിയുമായ ഇയ്യങ്കോട്‌ശ്രീധരന്‍. വിദഗ്‌ധസമിതിയുടെ ശുപാര്‍ശകളില്‍ കൈകടത്തി, കൊടുത്തവര്‍ക്ക്‌ തന്നെ വീണ്ടും പുരസ്‌കാരം നല്‍കി സ്വയം ഹാസസാഹിത്യ അവാര്‍ഡ്‌ കരസ്ഥമാക്കി, സാഹിത്യത്തിലെ പ്രതിജ്ഞാബദ്ധരായ എഴുത്തുകാരെ പടിക്കുപുറത്തു നിര്‍ത്തി, തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തെ അധ്യക്ഷന്‍ തള്ളിപ്പറഞ്ഞു-എന്നൊക്കെ ഇയ്യങ്കോട്‌ കുറ്റപ്പെടുത്തുന്നു. എം.എന്‍. വിജയനെതിരെ എം.എ. ബേബിയുടെ മറവില്‍ നിന്ന്‌ വിഷബാണം തൊടുത്തുവിട്ട്‌ കൂറു തെളിയിച്ച ആളുമാണ്‌ ഇയ്യങ്കോട്‌. അദ്ദേഹത്തിന്റെ വിമര്‍ശനം ഈ ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തിന്‌ ഇടതുസാംസ്‌കാരിക തലത്തില്‍ നിന്നുള്ള സാക്ഷ്യപത്രമായി മുഖവിലയ്‌ക്കെടുക്കാതെ തരമില്ലല്ലോ. കേരളത്തിന്റെ പൊതുവിതരണ സംവിധാനവും ഭക്ഷ്യസുരക്ഷയും തകര്‍ക്കുന്നതില്‍ കേന്ദ്ര ഗവണ്മെന്റ്‌ വഹിച്ച പങ്കും അതു കൂടുതല്‍ രൂക്ഷമാക്കുന്ന ആഗോളഭക്ഷ്യ പ്രതിസന്ധിയും ഈ പംക്തിയില്‍ പലവട്ടം തുറന്നു കാട്ടിയതാണ്‌. ഇതിനൊക്കെ കാരണമാകുന്ന സാനമ്രാജ്യത്വ നയങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളെയും. ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി നയനിലപാടുകള്‍ ഉള്ള ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഭരണവും ഫലത്തില്‍ സാധു ദുഷ്‌ടന്റെ ഫലം ചെയ്യും എന്ന അവസ്ഥയാണ്‌ കേരളത്തില്‍ വരുത്തിവെക്കുന്നത്‌. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച കാലതാമസവും വിവാദവും തന്നെ ദൃഷ്‌ടാന്തമാണ്‌. കൃഷിവകുപ്പില്‍ നിന്നുള്ള പണം കൊണ്ടു മാത്രം പദ്ധതി ആകില്ലെന്നു കൃഷിമന്ത്രി. പണം ഒരു പ്രശ്‌നമേയല്ലെന്ന്‌ മുഖ്യമന്ത്രി. ഭക്ഷ്യപ്രതിസന്ധി ആഗോളതലത്തില്‍ എത്ര ഗുരുതരമായാണ്‌ മൂര്‍ച്ഛിക്കാന്‍ പോകുന്നതെന്ന്‌ കാണാതെ ബാലിശമായ നിലപാടാണ്‌ ഇടതുപക്ഷത്തിന്റെ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്‌ ! വിന്ധ്യനിപ്പുറം എല്ലാം ഭദ്രം, എല്‍.ഡി.എഫ്‌. ചര്‍ച്ച ചെയ്‌തു തീര്‍ത്താല്‍ എല്ലാറ്റിനും ശാശ്വത പരിഹാരം എന്ന്‌ ഇടതുപക്ഷ നേതാക്കള്‍. വിന്ധ്യനപ്പുറം എല്ലാം നല്ലനിലയില്‍. ഇവിടെ വൈദ്യുതിബോര്‍ഡിന്റെ ഇരുട്ടടിയും വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും എല്‍.ഡി.എഫ്‌. ഗവണ്മെന്റിന്റെ സൃഷ്‌ടി എന്ന്‌ യു.ഡി.എഫ്‌. കരിങ്കൊടി ഉയര്‍ത്തി അവര്‍ക്കു പിന്നാലെ ബി.ജെ.പി.യും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാര്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കെ അയല്‍രാജ്യങ്ങളില്‍ നിന്ന്‌ വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള ആലോചന ഡല്‍ഹിയില്‍ നടക്കുകയാണ്‌. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മാത്രമല്ല ഊര്‍ജപ്രതിസന്ധി രൂക്ഷമായ പഞ്ചാബിലേക്ക്‌ 300 മെഗാവാട്ട്‌ വൈദ്യുതി പാകിസ്‌താനില്‍ നിന്നു പോലും ഇറക്കുമതി ചെയ്യാനുള്ള കൂടിയാലോചനകള്‍ കേന്ദ്രഗവണ്മെന്റ്‌ ആരംഭിച്ചെന്നാണ്‌ മാധ്യമവാര്‍ത്തകള്‍. ആഗോള സാമ്പത്തിക വ്യവസ്ഥ തന്നെ വമ്പിച്ച തകര്‍ച്ചയിലേക്ക്‌ കുതിക്കുകയാണെന്ന്‌ കഴിഞ്ഞ ദിവസം യു.എന്‍. സാമ്പത്തിക വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കി. അമേരിക്കയുടെ ഭവന സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി, ഡോളറിന്റെ വിലയിടിവ്‌, ഭക്ഷ്യവസ്‌തുക്കളുടെ വമ്പിച്ച വിലക്കയറ്റം, എണ്ണയുടെ കുതിച്ചുയരുന്ന വില-ഇതൊക്കെയാണ്‌ കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്‌. ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്ന അമേരിക്കയുമായാണ്‌ ഇന്ത്യ അതിന്റെ മര്‍മ പ്രധാനമായ സാമ്പത്തിക തലങ്ങളെ രാഷ്ട്രീയമായും വ്യാപാരപരമായും ബന്ധിപ്പിക്കാന്‍ പാടുപെടുന്നത്‌. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ കയറ്റിറക്കുമതി ബാങ്കിന്റെ ചെയര്‍മാന്‍ ജെയിംസ്‌ എച്ച്‌. ലാംബ്രൈറ്റ്‌ വെളിപ്പെടുത്തിയത്‌ മെക്‌സിക്കോയെ പിന്തള്ളി ഇന്ത്യ അമേരിക്കന്‍ കയറ്റിറക്കുമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിക്കഴിഞ്ഞെന്നാണ്‌. കാര്‍ഷിക കയറ്റിറക്കുമതി കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ മെക്‌സിക്കോയുമായുണ്ടാക്കിയതു പോലുള്ള സ്വതന്ത്ര വാണിജ്യ കരാര്‍ (എഫ്‌.ടി.എ.) ഇന്ത്യയുമായി ഉണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്ത്യയും ചൈനയും അവരുടെ കാര്‍ഷികോത്‌പന്നങ്ങളുടെ കയറ്റുമതിക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കിയാല്‍ മാത്രമേ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ ആശ്വാസമാകൂ എന്ന്‌ യു.എന്‍. സാമ്പത്തിക വിദഗ്‌ധരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ഇതെല്ലാം കാണിക്കുന്നത്‌ ഊര്‍ജമേഖലയിലും ഭക്ഷ്യരംഗത്തും ഇന്ത്യ സ്വന്തം ജനങ്ങളെയും ദേശീയ താത്‌പര്യത്തെയും കേന്ദ്രീകരിച്ചുള്ള ബദല്‍ നയങ്ങള്‍ ആവിഷ്‌കരിച്ച്‌ അതിവേഗം മുന്നോട്ട്‌ പോകേണ്ടതുണ്ട്‌ എന്നാണ്‌. സാര്‍വദേശീയ തലത്തില്‍ അതിനുള്ള ബദല്‍ സാധ്യതകള്‍ തേടുകയും വേണം. ഇത്തരം നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇടതുപാര്‍ട്ടികള്‍ക്കും അവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ഗവണ്മെന്റുകള്‍ക്കും നിര്‍ണായകമായ പങ്കുണ്ട്‌. കേന്ദ്ര ഗവണ്മെന്റിന്റെ ആഗോളീകരണ സാനമ്രാജ്യത്വ അനുകൂല പരിപാടികള്‍ തകര്‍ക്കാനുള്ള ജനങ്ങളുടെ ഉറപ്പും ഇത്തരം ബദല്‍ നീക്കങ്ങളില്‍ നിന്ന്‌ ഉളവാകേണ്ടതുണ്ട്‌. അതിനു പകരം ഇടതുപക്ഷം ഇരുട്ടില്‍ തപ്പുന്നതാണ്‌ കേരളത്തില്‍ കാണുന്നത്‌ എന്നു പറയാതെ വയ്യ. ആഗോളീകരണം മൂന്നാം ലോകങ്ങളിലേക്ക്‌ ഒളിപ്പിച്ചു കടത്തുന്ന പണത്തിന്റെയും ആയുധങ്ങളുടെയും അപകടം ചൂണ്ടിക്കാണിക്കുമ്പോള്‍ പലരും ഗൗനിക്കാറില്ല. അത്‌ കേരളസമൂഹത്തിന്റെ സുരക്ഷ തകര്‍ക്കും വിധം എത്ര ഭീകരമാണ്‌ എന്നതിന്റെ ദൃശ്യങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌. സ്വാമിമാരെ നടത്തിച്ചുകൊണ്ടുള്ള തെളിവെടുപ്പെന്ന പറയെടുപ്പിലൂടെ. സ്വാമിമാര്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളുടെ ഗുരുസ്ഥാനീയരായതിന്റെ അപകടം നാം അനുഭവിച്ചിട്ടുണ്ട്‌. പ്രവചനം നടത്തിയും സല്‍ക്കാരങ്ങളില്‍ പങ്കെടുത്തും കപട കാവിവേഷങ്ങള്‍ ഇടതുപക്ഷ ചങ്ങാത്തത്തില്‍ സമൂഹത്തിന്‌ ഭീഷണിയാകുന്നത്‌ ഇത്‌ ആദ്യമാണ്‌. ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം.

Saturday, May 3, 2008

ഒരു പാവം കമ്മ്യുണിസ്റ്റ് രാജ്യകുമാരന്‍റ്റെ കല്യാണം

























പ്രത്യേക ലേഖകന്‍
2007 ല്‍ കേരളത്തില്‍ രണ്ട്‌ നക്ഷത്രവിവാഹങ്ങള്‍ നടക്കുകയുണ്ടായി. അതിലൊന്ന്‌ എം എ യൂസഫലിയുടെ മകളുടേതും മറ്റേത്‌ ഗള്‍ഫാര്‍ മുഹമ്മദാലിയുടെ മകന്റേതുമായിരുന്നു. രണ്ടുപേരും ഗള്‍ഫ്‌ മലയാളികള്‍. ശതകോടീശ്വരന്മാര്‍. പതിറ്റാണ്ടുകളായി ഗള്‍ഫില്‍ പ്രവര്‍ത്തിച്ച്‌ സമ്പാദിച്ച കോടികള്‍ ഉപയോഗിച്ച്‌ ഗള്‍ഫിലും കേരളത്തിലും കെട്ടിപ്പടുത്ത വന്‍ബിസിനസ്‌ സാമ്രാജ്യത്തിന്റെ അധിപന്മാരാണ്‌ യുസഫലിയും, മുഹമ്മദാലിയും. യുസഫലിയുടെ മകളുടെ വിവാഹം തൃശൂരില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും, ഗള്‍ഫാര്‍ മുഹമ്മദാലിയുടെ മകന്റെ വിവാഹം എറണാകുളത്ത്‌ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമാണ്‌ അത്യാര്‍ഭാടപൂര്‍വ്വം നടന്നത്‌. ലക്ഷങ്ങള്‍ വലിച്ചെറിഞ്ഞുള്ള പഞ്ചനക്ഷത്രവിവാഹങ്ങളായിരുന്നു ഇവ രണ്ടും. ആഘോഷങ്ങള്‍ മൂന്ന്‌ ദിവസം നീണ്ട ഈ പഞ്ചനക്ഷത്രവിവാഹങ്ങള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവങ്ങളായിരുന്നു. പക്ഷേ ഈ ഗള്‍ഫ്‌ വ്യവസായികളുടെ വിവാഹധൂര്‍ത്ത്‌ കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമൊന്നുമായില്ല. സ്വയം കെട്ടിയുണ്ടാക്കിയ ബിസിനസ്സ്‌ സാമ്രാജ്യത്തിന്റെ ഉടമകളായ ഇവര്‍ സ്വന്തം പണം ധൂര്‍ത്തടിച്ചാണ്‌ മക്കളുടെ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്തിയത്‌ എന്നതു തന്നെ കാരണം. എന്നാല്‍ 2008 ഏപ്രില്‍ 11 - 13 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ഒരു പഞ്ചനക്ഷത്രവിവാഹാഘോഷം കേരളീയരെയാകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. യുസഫലിയുടെയും ഗള്‍ഫാര്‍ മുഹമ്മദാലിയുടേയും മക്കളുടെ വിവാഹങ്ങളില്‍ കണ്ട ആര്‍ഭാടത്തെ എല്ലാ അര്‍ത്ഥത്തിലും നിഷ്‌പ്രഭമാക്കുന്ന, സമ്പന്നതയുടെ ധാരാളിത്തമുഖം വ്യക്തമാക്കുന്ന പഞ്ചനക്ഷത്ര വിവാഹ ആഘോഷമാണ്‌ 11 - 13 തീയതികളില്‍ തിരുവനന്തപുരത്ത്‌ അരങ്ങേറിയത്‌. ഈ വിവാഹാഘോഷം ഒരു കോടീശ്വരന്റെയോ, മാഫിയ തലവന്റെയോ മകന്റേതായിരുന്നില്ല, മറിച്ച്‌ സി പി ഐ എം എന്ന തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗവും, ആഭ്യന്തര - ടൂറിസം മന്ത്രിയുമായ സഖാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരിയുടേതായിരുന്നു. പഞ്ചനക്ഷത്രവിവാഹങ്ങളുടെ പട്ടികയില്‍ ഒരു പുതിയ റിക്കാര്‍ഡ്‌ സ്ഥാപിച്ചുകൊണ്ടായിരുന്നു വിവാഹം. കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ സുഖലോലുപജീവിതത്തെ കുറിച്ചും ജീവിത ശൈലിയിലെ ജീര്‍ണ്ണതയെക്കുറിച്ചും 19 ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഗുരുതരമായ ആക്ഷേപങ്ങള്‍ വന്നതിനെ തുടര്‍ന്ന്‌ പുതിയൊരു തെറ്റ്‌ തിരുത്തല്‍ രേഖ തയ്യാറാക്കാന്‍ ചുമതലയുള്ള നേതാവാണ്‌ ഈ ധൂര്‍ത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത്‌. ദുബായിലെ ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ്‌ കോടിയേരിയുടെ മകന്‍ ബിനോയ്‌ കോടിയേരി. യു ഡി എഫ്‌ സര്‍ക്കാര്‍ കേരളം ഭരിക്കുന്ന അവസരത്തിലാണ്‌ ഈ പയ്യന്‍ ഗള്‍ഫിലേക്ക്‌ പറന്നത്‌. മുസ്ലിംലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയാണ്‌ ഈ ചെറുപ്പക്കാരന്‌ ഗള്‍ഫില്‍ ജോലി തരപ്പെടുത്തിക്കൊടുത്തത്‌ എന്നും, ജോലിയില്‍ ചേരാനായി ബിനോയ്‌ ദുബായിലേക്ക്‌ പറന്ന ഫ്‌ളൈറ്റില്‍ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു എന്നും അന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു. ബിനോയ്‌ കോടിയേരിയുടെ വിവാഹം തീരുമാനിച്ചിരുന്നത്‌ ഏപ്രില്‍ 13 ന്‌ ആയിരുന്നു എങ്കിലും ആഘോഷങ്ങള്‍ ഔദ്യോഗിക വസതിയില്‍ (ഈ വീടിന്റെ ഉടമ മെര്‍കിസ്റ്റണ്‍ വനം കൈയേറ്റ കേസിലെ പ്രതിയും വനം മന്ത്രി ബിനോയ്‌ വിശ്വത്തിനെതിരെ കേസു നടത്തുന്ന വ്യക്തിയും ആയ സേവി മനോ മാത്യുവാണ്‌) 11 ാം തീയതി തന്നെ ആരംഭിച്ചിരുന്നു. അന്നേ ദിവസം വീട്ടിലെത്തിയവര്‍ക്കെല്ലാം ആവശ്യമായ എല്ലാ തരത്തിലുള്ള ഭക്ഷണവും നല്‍കി സല്‍ക്കരിക്കാന്‍ കുടുംബക്കാര്‍ യാതൊരു പിശുക്കും കാട്ടിയില്ല. ചോറും മീന്‍കറിയും ആയിരുന്നു അന്നത്തെ പ്രധാനഭക്ഷണം. മുന്തിയ ഹോട്ടലില്‍ നിന്ന്‌ എത്തിയ പാചകക്കാരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം തയ്യാറാക്കിയത്‌. എല്ലാത്തിനും മേല്‍നോട്ടം വഹിച്ച്‌ സേവി വന്നും പോയുമിരിക്കുന്നുണ്ടായിരുന്നു. ചുരുക്കം ചില പിണറായിപക്ഷനേതാക്കളും അന്ന്‌ അവിടെയുണ്ടായിരുന്നു. മന്ത്രിയുടെ ഭാര്യ വിനോദിനിയും, ഇളയമകന്‍ ബിനീഷുമാണ്‌ മൊത്തം ചുമതലക്കാരായി നിന്നത്‌. ഏകദേശം 250 -300 പേര്‍ അന്നത്തെ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. അടുത്തദിവസമായിരുന്നു മെഗാ ഇവന്റ്‌. ഇതിനുമുന്നോടിയായി ഉച്ച കഴിഞ്ഞതോടെ പോലീസെത്തി ശ്രീമൂലം ക്ലബിന്‌ അരികിലുള്ള മത്സ്യകച്ചവടക്കാരായ മുഴുവന്‍ സ്‌ത്രീകളേയും ഒഴിപ്പിച്ചു. അവരുടെ പ്രതിഷേധം തെല്ലും വകവെക്കാതെയായിരുന്നു അത്‌. ആഭ്യന്തര - ടൂറിസം മന്ത്രിയുടെ മകന്റെ വിവാഹത്തലേന്ന്‌ നടത്തേണ്ട പഞ്ചനക്ഷത്ര സല്‍ക്കാരത്തിന്‌ എത്തുന്ന വമ്പന്‍മാര്‍ക്ക്‌ അല്ലലില്ലാതെ ശ്രീമൂലം ക്ലബ്ബിലേക്ക്‌ കടക്കാനുള്ള വഴിയൊരുക്കുന്നതിനുവേണ്ടിയാണ്‌ കോടിയേരിയുടെ പോലീസ്‌ പട്ടിണിപ്പാവങ്ങളായ മത്സ്യത്തൊഴിലാളി സ്‌ത്രീകളുടെ അന്നം മുട്ടിച്ച്‌ അവരെ ആട്ടിപ്പായിച്ചത്‌. ഏപ്രില്‍ 12ലെ ശ്രീമൂലം ക്ലബ്ബിലെ വിവാഹവിരുന്ന്‌ എല്ലാ അര്‍ത്ഥത്തിലും ഒരു അനുഭവമായിരുന്നു. പി ബി അംഗത്തിന്റെ മുന്‍ എസ്‌ എഫ്‌ ഐ നേതാക്കളായ രണ്ട്‌ മക്കളും ചേര്‍ന്നാണ്‌ ഈ വിവാഹവിരുന്ന്‌ സംഘടിപ്പിച്ചത്‌ എന്നാണ്‌ പിന്നാമ്പുറ വര്‍ത്തമാനം. എന്നാല്‍ പണം മുടക്കിയത്‌ സേവി മനോ മാത്യുവും, ഗള്‍ഫിലെ ഏറ്റവും വലിയ മദ്യരാജാവായ (മക്‌ഡവല്‍ കമ്പനി ഉടമ വിജയ്‌ മല്ല്യയേക്കാള്‍ പത്തിരട്ടി ധനാഢ്യനായ) ഒരു മലയാളിയും ചേര്‍ന്നാണ്‌ എന്ന്‌ മന്ത്രി പുത്രന്മാരുടെ അടുത്ത സുഹൃത്തുക്കള്‍ തന്നെ അടക്കം പറയുന്നുണ്ട്‌. വിഭവസമൃദ്ധമായിരുന്നു വിരുന്നുസല്‍ക്കാരം. കപ്പ, അപ്പം, തലശ്ശേരി ബിരിയാണി, മട്ടന്‍, ചിക്കന്‍ എന്നിവയൊക്കെയായിരുന്നു ഭക്ഷണം. ബിരിയാണി തയ്യാറാക്കാന്‍ തലശ്ശേരിയില്‍ നിന്ന്‌ ഒരു സംഘം പ്രത്യേകമായി എത്തിയിരുന്നു. ബാക്കി വിഭവങ്ങള്‍ വിരുന്നിന്റെ വേദിയില്‍ തന്നെ തയ്യാറാക്കി നല്‍കിയത്‌ നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലിന്റെ പാചകക്കാരായിരുന്നു. ഏകദേശം ആയിരത്തോളം പേര്‍ ഈ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തു എന്നാണ്‌ കണക്ക്‌. സേവിയുടെ പൊതുമേല്‍നോട്ടം ഈ വിരുന്നിനും ഉണ്ടായിരുന്നു. കേരളത്തിലെ വന്‍കിട സ്വര്‍ണ്ണക്കച്ചവടക്കാര്‍, ഹോട്ടലുടമകള്‍, റിയല്‍ എസ്റ്റേറ്റ്‌ ഉടമകളായ കോടീശ്വരന്മാര്‍, ഗള്‍ഫില്‍ നിന്നുള്ള വന്‍ബിസിനസ്സുകാര്‍, കേരളത്തിലെ വന്‍കിട അബ്‌കാരികള്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ഈ സല്‍ക്കാരത്തില്‍ പങ്കുകൊണ്ടു. ഗള്‍ഫില്‍ നിന്ന്‌ സല്‍ക്കാരത്തിന്‌ എത്തിയവരുടെ കൂട്ടത്തില്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ കയ്യാളുകളും ഉണ്ടായിരുന്നു എന്ന ഗുരുതരമായ ആരോപണം ഉയര്‍ന്ന്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും സി പി ഐ എം പി ബി അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ ഒരു വരി നിഷേധക്കുറിപ്പ്‌ പോലും ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. ഈ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരു ബിസിനസ്സുകാരന്‍ (അദ്ദേഹം സല്‍ക്കാരത്തിനെത്തിയത്‌ വരന്‌ വന്‍വിലയുള്ള ഒരു ഉപഹാരം നല്‍കാനായിരുന്നു) തന്റെ സുഹൃത്തിനോട്‌ സല്‍ക്കാരം നടക്കവേ ഫോണില്‍ പറഞ്ഞത്‌: ``കേരളത്തിലെ മുഴുവന്‍ ഫ്രോഡുകളും ഇപ്പോള്‍ ശ്രീമൂലം ക്ലബ്ബിലുണ്ട്‌'' എന്നാണ്‌. മക്കള്‍ നടത്തിയ ഈ വിരുന്നു സല്‍ക്കാരത്തിലേക്ക്‌ അച്ഛനെ വിളിക്കാന്‍ നേരത്തെ പരിപാടിയില്ലായിരുന്നു. എന്നാല്‍ മാഫിയകളുടെ തള്ളിക്കയറ്റം ശക്തമായതിനെ തുടര്‍ന്ന്‌ അവരുടെ ആഗ്രഹപ്രകാരം കോടിയേരി വിരുന്ന്‌ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ തിരക്ക്‌ നിയന്ത്രിക്കാന്‍ ഡി ജി പിക്ക്‌ തന്നെ ശ്രീമൂലം ക്ലബ്ബില്‍ എത്തേണ്ടിവന്നു എന്നാണ്‌ വിവരം. പണപ്പിരിവിനും, സമ്മാനപ്പിരിവിനും വേണ്ടി മാത്രമാണ്‌ ഈ വിവാഹവിരുന്ന്‌ സംഘടിപ്പിച്ചത്‌ എന്ന്‌ വ്യക്തം. സമ്മാനമായി കോടികള്‍ കൈമറിഞ്ഞു എന്നാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. വരനുള്ള സമ്മാനങ്ങളില്‍ മുന്തിയ ഇനം കാറുകളും ഉള്‍പ്പെടും എന്നും വാര്‍ത്തകളുണ്ട്‌. മന്ത്രി ഭാര്യയുടെ ആഭരണങ്ങളോടുള്ള ആസക്തിയറിയാവുന്നതിനാല്‍ സ്വര്‍ണ്ണാഭരണങ്ങളും വൈരക്കല്ലുകളും സമ്മാനമായി നല്‍കിയവരും ഉണ്ടത്രെ. ഈ വിവാഹസല്‍ക്കാരത്തിലെ സജീവസാന്നിദ്ധ്യം മുസ്ലിംലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയായിരുന്നു. വ്യവസായമന്ത്രി എളമരം കരീം, ധനമന്ത്രി തോമസ്‌ ഐസക്ക്‌ എന്നിവരും സല്‍ക്കാരത്തിനെത്തിയിരുന്നു. സേവിക്കുപുറമെ തലസ്ഥാനത്തെ ഫ്‌ളാറ്റ്‌ സമുച്ചയങ്ങളുടെ ഉടമ ഹീരാ ബാബുവും മുഖ്യസംഘാടകനായിരുന്നു. ദീലിപ്‌ ഉള്‍പ്പെടെ ചില പ്രധാന സിനിമാ നടന്മാരുടെ സാന്നിദ്ധ്യവും വിരുന്നിലുണ്ടായിരുന്നു. പി ബി അംഗത്തിന്റെ പുത്രന്റെ വിവാഹത്തലേന്ന്‌, തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ വിവാഹവേദികളില്‍ ഒന്നായ ശ്രീമൂലം ക്ലബ്ബില്‍ നടന്ന വിവാഹസല്‍ക്കാരത്തിന്റെ ചിലവ്‌ അഞ്ച്‌ ലക്ഷത്തിലധികം വരുമത്രെ! ഭക്ഷണത്തിന്‌ മാത്രം ചിലവായത്‌ 3.50 ലക്ഷമാണ്‌! സര്‍വ്വാഭരണവിഭൂഷിതയായ മന്ത്രി ഭാര്യയുടെ സാന്നിദ്ധ്യം വിരുന്നില്‍ എത്തിയവരെല്ലാം കണ്‍കുളിര്‍ക്കെ ആസ്വദിച്ചു. വിവാഹത്തലേന്ന്‌ നടന്ന വിവാഹസല്‍ക്കാരത്തിലൂടെ ഈ കുടുംബം എത്ര കോടി സമ്പാദിച്ചു എന്നും വിവാഹത്തില്‍ ആരൊക്കെ പങ്കെടുത്തു എന്നും കണ്ടെത്താന്‍ ഒരു കേന്ദ്രഏജന്‍സിയുടെ അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. അതൊരിക്കലും ഉണ്ടാകില്ല എന്നുറപ്പാണ്‌. കാരണം സല്‍ക്കാരം നടന്നത്‌ കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്ന സി പി ഐ എമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗത്തിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ്‌. ഇതിലുമപ്പുറം കോടിയേരി ബാലകൃഷ്‌ണന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ മാനസപുത്രനുമാണിപ്പോള്‍. കാരാട്ടാണ്‌ ഇദ്ദേഹ ത്തെ പ്രത്യേക താല്‌പര്യമെടു ത്ത്‌കേരള പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാക്കാന്‍ പി ബിയിലെടുത്തത്‌. ഏതായാലും ഇന്ത്യന്‍ വിപ്ലവം എങ്ങനെ മുന്നോട്ട്‌ കൊണ്ട്‌ പോകണം എന്ന്‌ പിബിയിലെത്തി ആഴ്‌ചകള്‍ക്കകം കോടിയേരി ബാലകൃഷ്‌ണന്‍ കാരാട്ടിനെ പഠിപ്പിച്ചിരിക്കുന്നു. ഇനി വിവാഹധൂര്‍ത്തിനെതിരെ പാര്‍ട്ടി ക്യാമ്പയിന്‍ നടത്തുമ്പോള്‍ കാരാട്ടിനും ഭാര്യയും പി ബി അംഗവുമായ വൃന്ദാകാരാട്ടിനും കോടിയേരിയില്‍ നിന്നും ഭാര്യയില്‍ നിന്നും വിലപ്പെട്ട ഉപദേശങ്ങള്‍ തേടുകയും ചെയ്യാം!ഏപ്രില്‍ 13 ന്‌ സുബ്രഹ്മണ്യം ഹാളിലായിരുന്നു മന്ത്രി പുത്രന്റെ വിവാഹം. ഒരു ലക്ഷം രൂപയാണ്‌ ഈ വിവാഹവേദിക്ക്‌ നല്‍കേണ്ട വാടക. സമ്പന്നതയുടേയും വിവാഹധൂര്‍ത്തിന്റെയും പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ കേരളം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ വിവാഹങ്ങളില്‍ ഒന്നായിരുന്നു ഈ വിവാഹം എന്ന്‌ നിസ്സംശയം പറയാം. 3000 ത്തോളം പേര്‍ പങ്കെടുത്ത ഈ വിവാഹം രാഷ്‌ട്രീയ കക്ഷി ഭേദമെന്യേ ഉള്ള പങ്കാളിത്തത്തില്‍ പുതിയൊരു അദ്ധ്യായം തന്നെകുറിച്ചു. ബി ജെ പി നേതാക്കളായ പി കെ കൃഷ്‌ണദാസ്‌, സി കെ പത്മനാഭന്‍, ആര്‍ എസ്‌ എസ്‌ നേതാവായ മുകുന്ദന്‍ മുതല്‍ ഭരണ പ്രതിപക്ഷരംഗത്തുള്ള മുഴുവന്‍ അതികായരും, കേരളത്തിലെയും ഗള്‍ഫിലേയും പ്രമുഖ വ്യവസായികളും കേരളത്തിലെ എല്ലാ പ്രമുഖ സ്വര്‍ണ്ണക്കച്ചവടക്കാര്‍, വന്‍കിട ഹോട്ടലുടമകള്‍ എന്നിവരും സിനിമാതാരങ്ങളും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും എല്ലാം മന്ത്രിപുത്രന്റെ വിവാഹത്തില്‍ ആദ്യവസാനം പങ്കുകൊണ്ടു. കോടിയേരി ബാലകൃഷ്‌ണനോടൊപ്പം നിന്ന്‌ അതിഥികളെ സ്വീകരിച്ചത്‌ രണ്ടാമത്തെ പുത്രനായ ബിനീഷ്‌ കോടിയേരിയായിരുന്നു. (ഇദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ്‌ കച്ചവടക്കാരനും ``സിനിമാനടനും'' ആണത്രെ) 2000ത്തിലധികം രൂപ വിലയുള്ള മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും, 10,00ത്തിലധികം രൂപ വിലയുള്ള പട്ട്‌ മുണ്ടും ആയിരുന്നു ഈ ചെറുപ്പക്കാരന്റെ വേഷം. ഇടതുകൈയില്‍ ഒരു ലക്ഷം രൂപ വിലയുള്ള വാച്ച്‌. വലത്‌ കൈയില്‍ അരലക്ഷത്തോളം വിലയുള്ള സ്വര്‍ണ്ണം കെട്ടിയ ബ്രേസ്‌ലെറ്റ്‌. സിനിമാ നടന്മാരെ വെല്ലുന്ന മേക്കപ്പ്‌. വിവാഹത്തിന്‌ കൊഴുപ്പുകൂട്ടി ബിനീഷ്‌ വേദിയില്‍ തകര്‍ത്ത്‌ അഭിനയിച്ചു. പക്ഷേ വിവാഹവേദിയിലെ യഥാര്‍ത്ഥ താരം മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനോ, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടിയോ, കാവ്യമാധവനോ, നവ്യാനായരോ, മുകേഷോ, വിനീതോ ആയിരുന്നില്ല. മറിച്ച്‌ സഖാവ്‌ കോടിയേരിയുടെ ഭാര്യയും, തലശ്ശേരിയിലെ മുന്‍ സി പി ഐ എം എം എല്‍ എയും മരണം വരെ ലളിതജീവിതം തുടര്‍ന്ന സഖാവുമായ എം വി രാജഗോപാലന്റെ മകളും ആയ വിനോദിനി ബാലകൃഷ്‌ണനായിരുന്നു. കേരള ഗവര്‍ണ്ണര്‍ കാറില്‍ വന്നിറങ്ങിയ ഉടനെ സ്വീകരിക്കാനെത്തിയ മന്ത്രി കോടിയേരിയോടും മകനോടും ഒപ്പമാണ്‌ ഈ ``രാജ്ഞി ''യെ വിവാഹത്തിനെത്തിയവര്‍ ശ്രദ്ധിച്ചത്‌. സര്‍വ്വാംഗഭൂഷിതയായ ഈ വനിതാസഖാവിന്റെ (എ കെ ജി സെന്ററില്‍ നേതാക്കളുടെ ഭാര്യമാരുടെ ഒരു ബ്രാഞ്ചുമുണ്ട്‌. ആ ബ്രാഞ്ചിലെ അംഗമാണ്‌ വിനോദിനി ബാലകൃഷ്‌ണന്‍) വേഷം റോസ്‌ നിറത്തിലുള്ള പട്ട്‌ സാരിയും അതിന്‌ ചേരുന്ന ബ്ലൗസുമായിരുന്നു. ഈ വനിതാ സഖാവിനെ സ്വര്‍ണ്ണത്തിലാണോ പൊതിഞ്ഞിരിക്കുന്നതെന്ന്‌ കാഴ്‌ചക്കാരില്‍ ചിലര്‍ അടക്കം പറഞ്ഞു. അതില്‍ തെല്ലും അതിശയോക്തിയില്ലായിരുന്നു. മന്ത്രി ഭാര്യ ഉടുത്തിരുന്ന സാരി നെയ്യാന്‍ ഇടക്കിടെ സ്വര്‍ണ്ണനൂലുകളും ഉപയോഗിച്ചിട്ടുണ്ടാകാം എന്ന്‌ വസ്‌ത്രവ്യാപാരരംഗത്തെ വിദഗ്‌ദ്ധര്‍ സമ്മതിക്കുന്നുണ്ട്‌. ബാലരാമപുരത്തെ പയറ്റുവിളയിലെ ഒരു വിദഗ്‌ദ്ധ നെയ്‌ത്തുകാരന്റെ നേതൃത്വത്തില്‍, തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഏതാനും നെയ്‌ത്തുകാരുടെ അധ്വാനഫലമായി ഒന്നരമാസം കൊണ്ട്‌ ഘട്ടംഘട്ടമായി നെയ്‌തുണ്ടാക്കിയ ഈ പട്ട്‌ സാരിയ്‌ക്ക്‌ വില വളരെ കൂടുതലൊന്നുമല്ല, ഒരു ലക്ഷമേയുള്ളൂ. ദോഷം പറയരുതല്ലോ വനിതാ സഖാവിന്റെ കഴുത്തില്‍ ഒരേയൊരു മാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അത്‌ വൈരങ്ങള്‍ പതിച്ചതായിരുന്നു എന്നുമാത്രം. സ്വര്‍ണ്ണകച്ചവട മേഖലയിലെ വിദഗ്‌ദ്ധരുടെ അഭിപ്രായപ്രകാരം ഈ മാലയുടെ വില 15-20 ലക്ഷം രൂപ വരും. രണ്ട്‌ കൈകളിലും ഓരോ വള മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവ രണ്ടും വജ്രങ്ങള്‍ മാത്രം പതിച്ചവയായിരുന്നു. വില നാല്‌ ലക്ഷം വീതം വരും. വജ്രം പതിച്ച ഒരു വലിയ മോതിരം ഉള്‍പ്പെടെ ആറ്‌ വിരലുകളിലും ഈ സഖാവ്‌ സ്വര്‍ണ്ണമോതിരങ്ങള്‍ ധരിച്ചിരുന്നു! നവ്യാനായരുടേയും കാവ്യാമാധവന്റെയും മുഖകാന്തിയെ തോല്‌പിക്കുന്നതായിരുന്നു മദ്ധ്യവയസ്‌കയായ വിനോദിനിയുടെ മുഖകാന്തി. പതിനായിരക്കണക്കിന്‌ രൂപ ചിലവഴിച്ച്‌ നടത്തിയ മേക്കപ്പിലൂടെയാണ്‌ സഖാവ്‌ ഇത്‌ സാധിച്ചെടുത്തത്‌. കൃത്രിമമുടിയുടെ ഉപയോഗം എത്ര സ്വാഭാവികമാക്കാം എന്ന്‌ സഖാവിന്റെ മുടി തെളിയിച്ചു. ഏതായാലും വിവാഹത്തിന്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ അണിഞ്ഞൊരുങ്ങി എത്തിയ എല്ലാ കൊച്ചമ്മമാരേയും സിനിമാനടിമാരെപ്പോലും പി ബി അംഗത്തിന്റെ ഭാര്യ വേഷഭൂഷാദികളുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കി.മന്ത്രി ഭാര്യ കഴിഞ്ഞാല്‍ വിവാഹത്തിനെത്തിയവര്‍ ശ്രദ്ധിച്ചത്‌ ഏറെ വ്യത്യസ്‌തമായ മുന്തിയ വിലയുള്ള വേഷങ്ങള്‍ ധരിച്ച മന്ത്രി കുടുംബത്തിലെ മുപ്പത്‌ പേരെയായിരുന്നു. ഇതിന്‌ കാരണമുണ്ട്‌. ഈ മുപ്പത്‌ പേരും ധരിച്ച വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത്‌ നല്‍കിയത്‌ ഫാഷന്‍ ടി വി യുടെ എറണാകുളത്തുള്ള ഡിസൈനര്‍ വിഭാഗത്തില്‍ നിന്നായിരുന്നു. എഫ്‌ ടി വി അഥവാ ഫാഷന്‍ ടി വി കുപ്രസിദ്ധമാണ്‌. നാമമാത്ര വസ്‌ത്രധാരികളായ ചെറുപ്പക്കാരികള്‍ നടത്തുന്ന ഫാഷന്‍ പരേഡാണ്‌ ഈ ചാനലിന്റെ പ്രധാനപരിപാടി. ഇന്ത്യയില്‍ ഈ ചാനല്‍ ഇടക്കാലത്ത്‌ നിരോധിക്കുക പോലുമുണ്ടായി. അശ്ലീല പ്രദര്‍ശനം നടത്തുന്നു എന്ന കാരണം പറഞ്ഞായിരുന്നു നിരോധനം. ഈ ചാനലിന്റെ വസ്‌ത്രഡിസൈനിങ്ങ്‌ വിഭാഗം മന്ത്രി കുടുംബത്തിലെ മുപ്പത്‌ പേര്‍ക്ക്‌ വിവാഹം പ്രമാണിച്ച്‌ പ്രത്യേകം വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത്‌ നല്‍കുകയായിരുന്നു! സഖാക്കള്‍ക്ക്‌ ആനന്ദലബ്‌ധിക്കിനിയെന്തുവേണം!പി ബി അംഗത്തിന്റെ മകന്റെ വിവാഹത്തിന്‌ എത്തിയ കാറുകളുടെ ശേഖരം വാഹനങ്ങളില്‍ തല്‌പരരായവര്‍ക്ക്‌ നയനാനന്ദകരമായ കാഴ്‌ചയായിരുന്നു. ഇത്രയേറെ വിലകൂടിയ കാറുകളുടേയും മറ്റും അമൂല്യശേഖരം ഒരുമിച്ച്‌ കാണാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമായി അവരില്‍ ചിലര്‍ കണക്കാക്കി. സുബ്രഹ്മണ്യം ഹാളിന്റെയും ടാഗോര്‍ തിയറ്ററിന്റെയും പരിസരത്ത്‌ അണിനിരന്ന 400 ലധികം മുന്തിയ വാഹനങ്ങളുടെ കാഴ്‌ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. തലേന്നും പിറ്റേന്നുമായി 27 ബെന്‍സ്‌ കാറുകളാണ്‌ വിവാഹത്തിന്‌ അണിനിരന്നത്‌. ഇതില്‍ 7 എണ്ണം എസ്‌ ക്ലാസ്‌ ബെന്‍സായിരുന്നു. വില 88 ലക്ഷം വീതം. ബാക്കിയുള്ളത്‌ ഡി ക്ലാസ്‌, ഇ ക്ലാസ്‌ ബെന്‍സുകളായിരുന്നു. വില 25 - 30 ലക്ഷം രൂപ വീതം. പിന്നീടുള്ളത്‌ ബി എം ഡബ്ല്യൂ കാറുകളുമായിരുന്നു. പിറകേ ഓഡി, മിത്‌സുബിഷി, പജീറോ എന്നിങ്ങനെ മുന്തിയ കാറുകളുടെ പട്ടിക നീളുന്നു. ആഭ്യന്തര - ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മൂത്തമകന്റെ അത്യാര്‍ഭാടപൂര്‍ണ്ണമായ വിവാഹത്തിന്‌ ഏറ്റവും ചുരുങ്ങിയത്‌ 75 - 80 ലക്ഷം രൂപയെങ്കിലും ചിലവഴിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ്‌ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പി ബി അംഗത്തിന്റെ ഭാര്യയുടെ ശരീരത്തില്‍ മാത്രം 35 ലക്ഷം രൂപയുടെ എങ്കിലും വജ്രാഭരണങ്ങളുണ്ടായിരുന്നു. വിവാഹത്തിന്‌ സമ്മാനമായി ലഭിച്ചത്‌ കോടിക്കണക്കിന്‌ രൂപയും, വൈരങ്ങളും മുന്തിയ കാറുകളും മറ്റുമാണ്‌ എന്നാണ്‌ വിവരം. ഒരൊറ്റ വിവാഹം കൊണ്ട്‌ കോടിയേരിയുടെ കുടുംബം കോടീശ്വരന്മാരായി എന്ന്‌ വിമര്‍ശകര്‍ പറയുന്നു.കേരളത്തില്‍ ഇപ്പോള്‍ കര്‍ഷക ആത്മഹത്യവീണ്ടും ആരംഭിച്ചിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുകയാണ്‌. ക്രമസമാധാനനില വീണ്ടും തകര്‍ന്നുകൊണ്ടിരിക്കുന്നു. തലസ്ഥാനത്തു ഗുണ്ടാആക്രമണങ്ങള്‍ നിത്യസംഭവമായിരിക്കുന്നു. സംഗതികള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നേതാക്കള്‍ തകര്‍ത്തു ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌. പുര കത്തുമ്പോള്‍ വാഴവെട്ടുകയാണവര്‍. അധികാരത്തില്‍ ഇരിക്കുന്ന അവസരം നോക്കി കോടികള്‍ സമ്പാദിക്കാന്‍ മത്സരിക്കുകയാണ്‌ നമ്മുടെ വിപ്ലവനേതാക്കള്‍. ഫിലിപ്പൈന്‍സിലെ ഇമല്‍ഡാമര്‍ക്കോസിനേയും, റൊമാനിയയിലെ ചെഷസ്‌ക്യൂവിനേയും ഒക്കെ തോല്‍പ്പിക്കാന്‍ കുതിച്ചുപായുകയാണ്‌ വിനോദിനി ബാലകൃഷ്‌ണനും, ബിനീഷ്‌ കോടിയേരിയും മറ്റും. കോടിയേരി ബാലകൃഷ്‌ണനെ പിബിയിലെടുത്ത്‌ മാതൃക കാട്ടിയ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനോട്‌ എങ്ങനെ നമുക്ക്‌ നന്ദി പറയാതിരിക്കാനാവും!
കടപ്പാട്.