Monday, September 28, 2009

പാര്‍ട്ടി മതിലു ചാടിയാല്‍ നേതാവ്‌ വേലി ചാടും!

പാര്‍ട്ടി മതിലു ചാടിയാല്‍ നേതാവ്‌ വേലി ചാടും!

വരുമാനത്തില്‍ കവിഞ്ഞ തോതിലുള്ള സ്വത്തുസമ്പാദനം, മറ്റ്‌ അന്യവര്‍ഗ ചിന്താഗതികള്‍ എന്നിവ കേരളത്തിലെ സഖാക്കള്‍ക്കിടയില്‍ പ്രകടമാണ്‌. ഈ പ്രവണതകളെല്ലാം പാര്‍ട്ടിയില്‍ നിന്നു പൂര്‍ണമായി ഒഴിവാക്കപ്പെടേണ്ടതാണ്‌.'എ.കെ.ജി. സെന്ററിലെ ഹാളിലിരുന്നു സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉപദേശിക്കുമ്പോള്‍ സഖാക്കളില്‍ ചിലര്‍ക്കെങ്കിലും രോമാഞ്ചമുണ്ടായതു പാര്‍ട്ടിയുടെ പ്രതിബദ്ധത ഓര്‍മിച്ചല്ല, എ.സിയുടെ തണുപ്പ്‌ കൂടിപ്പോയതുകൊണ്ടാണ്‌..'മറ്റു പാര്‍ട്ടികളിലുണ്ടാകുന്നതു പോലുള്ള അലവലാതിത്തരങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ടാകില്ല, കാരണം ഇതു കമ്യൂണിസ്‌റ്റ് പാര്‍ട്ടിയാണ്‌' എന്നു ധനമന്ത്രി തോമസ്‌ ഐസക്‌ പ്രസംഗിച്ചതിന്റെ ചൂടാറും മുമ്പേയാണ്‌ അതിനു മറുപടി പോലെ കാരാട്ടിന്റെ ആഹ്വാനം. സി.പി.എം. എന്ന മൂന്നക്ഷരം വലിയൊരു ധനാകര്‍ഷണയന്ത്രമായി. പാര്‍ട്ടി ബ്രാഞ്ച്‌ കമ്മിറ്റികള്‍ക്കുവരെ സ്വന്തമായ കെട്ടിടം, ലോക്കല്‍ കമ്മിറ്റി ഓഫീസിനുപോലും വാഹനം എന്നു തുടങ്ങി കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി പോലും പാര്‍ട്ടി മാറി. മാറ്റങ്ങളുടെ ഈ കാറ്റ്‌ നേതാക്കളിലേക്കും പിന്നീട്‌ അണികളിലേക്കും പടര്‍ന്നു. ട്രേഡ്‌ യൂണിയന്‍ പ്രസ്‌ഥാനം എന്നതില്‍ നിന്നു മാറി പാര്‍ട്ടി മധ്യവര്‍ഗത്തിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിച്ചു. സി.പി.എം അംഗമാവുകയെന്നത്‌ ഒരു ഫാഷനായി!മാരാരിക്കുളംകാരനായ നേതാവ്‌ രാഷ്‌ട്രീയത്തില്‍വരുമ്പോള്‍ കര്‍ഷകനായ അച്‌ഛന്‍ സമ്പാദിച്ച അല്‍പസ്വല്‍പം ഭൂമിയേ സ്വന്തമായുണ്ടായിരുന്നുള്ളൂ. എന്നാലിപ്പോള്‍ ദേശീയപാതയോരത്ത്‌ സ്‌ഥലം വാങ്ങി നാല്‍പ്പതു ലക്ഷത്തിനു മുകളില്‍ ചെലവഴിച്ചാണു വീടു വച്ചിരിക്കുന്നത്‌. മറ്റുചില പാര്‍ട്ടിനേതാക്കളുമായി ചേര്‍ന്നു ഹോട്ടല്‍ ബിസിനസും പൊടിപൊടിക്കുന്നു.ആലപ്പുഴയില്‍ മാത്രമല്ല മണല്‍ കൊണ്ടു നേതാക്കള്‍ പൊന്നു വാരുന്നത്‌. പത്തനംതിട്ടയിലെ റാന്നിയിലും കോന്നിയിലും മണലിന്റെ പണം കൊണ്ടു കൊഴുത്തതു രണ്ടു പ്രമുഖ നേതാക്കളാണ്‌. റാന്നിയിലെ നേതാവിനു മൂന്നു നാഷണല്‍ പെര്‍മിറ്റ്‌ലോറി, പച്ചക്കറിമൊത്തക്കട, അളവില്‍ക്കവിഞ്ഞ സ്വത്ത്‌ എന്നിവയെല്ലാം സ്വന്തം. അടുത്ത നേതാവിനു സ്വന്തമായുളളതു 40 വളളങ്ങളാണ്‌. മണല്‍വാരലിലൂടെ ഈ വളളം കൊണ്ടുവരുന്നത്‌ കോടികളുടെ വരുമാനം. അയിരൂരിലാവട്ടെ, സി.പി.എം. പ്രാദേശിക നേതാക്കള്‍ സ്വാശ്രയത്വം നേടിക്കഴിഞ്ഞു. സ്വന്തം മണല്‍ ലോറി തന്നെയുണ്ട്‌!ഇതൊക്കെ മഞ്ഞുമലയുടെ മുകളറ്റം മാത്രം.

No comments: