Wednesday, June 10, 2009

അവസാനത്തെ അവസരം

അവസാനത്തെ അവസരം.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

കേസ്‌ പാര്‍ട്ടിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ്‌ സി.പി.എം. സെക്രട്ടേറിയറ്റ്‌ വാദിക്കുന്നത്‌. പിണറായി എന്നാല്‍ പാര്‍ട്ടിയാണെന്ന്‌. ഇന്ദിരാഗാന്ധിക്കെതിരായ അലഹാബാദ്‌ കോടതി വിധി വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ സ്‌തുതിപാഠകരും ഇങ്ങനെ ഒരു നിലപാടെടുത്തിരുന്നു. അതിന്റെ ദുരന്തം അടിയന്തരാവസ്ഥയായി അനുഭവിച്ചതിന്റെ പാഠം തിരിച്ചറിയേണ്ട പാര്‍ട്ടിയാണ്‌ സി.പി.എം. ചരിത്രത്തിന്റെ ക്രൂരമായ ഒരു വികൃതി കൂടിയാകുന്നു ഇപ്പോള്‍ ലാവലിന്‍ കേസ്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ ഇ.എം.എസ്സിന്റെ ജന്മശതാബ്ദിയുടെ ചരിത്രമുഹൂര്‍ത്തം കടന്നുപോകുകയാണ്‌. താനടക്കമുള്ള പാര്‍ട്ടി നേതാക്കളുടെ ജീവിതലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ പാര്‍ട്ടിയെ പുതിയ തലമുറയുടെ കൈയില്‍ വിശ്വാസപൂര്‍വം ഏല്‌പിച്ചാണ്‌ ഇ.എം.എസ്‌. വിടപറഞ്ഞത്‌. മറ്റ്‌ ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന്‌ വ്യത്യസ്‌തമായി സി.പി.എം. നേതാക്കളുടെ ധാര്‍മിക ശുദ്ധി ഒരു ഒസ്യത്തുപോലെ അദ്ദേഹം സമൂഹത്തിന്‌ മുമ്പില്‍ ഇങ്ങനെ ഉയര്‍ത്തിപ്പിടിച്ചിരുന്നു: ''സി.പി.എമ്മിന്റെ ഇന്ന നേതാവ്‌, ഇന്ന കാര്യത്തില്‍, ഇന്ന അഴിമതി കാണിച്ചു എന്ന്‌ ഒരാള്‍ക്കും പറയാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌'' ജീവിതത്തില്‍ നിന്ന്‌ വിടവാങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം അടയാളപ്പെടുത്തി ഇ.എം.എസ്‌. കുറിച്ച പുസ്‌തകത്തിലെ ഈ വരികള്‍ ഇന്നത്തെ സാഹചര്യത്തില്‍ ആത്മാര്‍ഥതയുള്ള ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും മനസ്സ്‌ നോവിക്കും. സി.പി.എമ്മിന്റെ കേരള സെക്രട്ടറിയാണ്‌ കഴിഞ്ഞ നാലുമാസമായി വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ മുമ്പില്‍ അഴിമതിക്കേസിലെ ഒമ്പതാം പ്രതിയായി അവതരിപ്പിക്കപ്പെടുന്നത്‌. വിചാരണയ്‌ക്ക്‌ വിധേയനാക്കാനും അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനുമുള്ള പരിശ്രമങ്ങളാണ്‌ നടന്നുവരുന്നത്‌. ഒടുവില്‍ ഗവര്‍ണര്‍ വിചാരണയ്‌ക്ക്‌ അനുമതി നല്‍കിയിരിക്കുന്നു. സി.പി.എം. ഇതിനെ നേരത്തെ പ്രഖ്യാപിച്ചതുപോലെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന്‌ ആവര്‍ത്തിക്കുന്നു. രാഷ്ട്രീയമായി നേരിടുന്നത്‌ എങ്ങനെയെന്ന്‌ സി.പി.എം. ഇപ്പോള്‍ത്തന്നെ പ്രകടമാക്കി. ആദ്യം ജനജീവിതം സ്‌തംഭിപ്പിക്കുന്ന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എവിടെ നിന്നൊക്കെയോ എതിര്‍പ്പുവന്നപ്പോള്‍ പേരുമാറ്റി; കരിദിനം. യഥാര്‍ഥത്തില്‍ ആരുടെ മുഖത്താണ്‌ കരിപുരളുന്നത്‌? സാമ്പത്തിക അഴിമതി ആരോപണത്തിന്‌ വിധേയരാകുന്നവര്‍ ആരായാലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന്‌ വിചാരണ ചെയ്യപ്പെടണം എന്നുമാത്രമായിരുന്നില്ല കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിലപാട്‌. സമാന്തരമായി ജനങ്ങളുടെ കോടതിയില്‍ അവര്‍ വിചാരണ ചെയ്യപ്പെടണമെന്ന്‌ കൂടിയായിരുന്നു. മുണ്‍ട്ര കേസില്‍ ജസ്റ്റിസ്‌ എം.സി. ഛഗ്ല ബോംബെ തെരുവുകളില്‍ കൂടിനിന്ന വന്‍ജനാവലിക്ക്‌ മുമ്പാകെ ഉച്ചഭാഷിണിയിലൂടെ അഴിമതി ആരോപണത്തിന്‌ വിധേയരായവരെ വിചാരണ ചെയ്‌തതിന്‌ പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി; ആരോപണം വന്നപ്പോള്‍ത്തന്നെ ധനമന്ത്രി ടി.ടി. കൃഷ്‌ണമാചാരി രാജിവെക്കണമെന്ന്‌ പാര്‍ലമെന്റിനകത്തും പുറത്തും പോരാടിയ പാര്‍ട്ടി; അവിടെ നിന്ന്‌ ഇങ്ങോട്ട്‌ ആരുടെ പേരിലും ഒരു പൈസയുടെ അഴിമതി തെളിഞ്ഞതിന്‌ ശേഷമല്ല,സി.പി.എം. അതിന്റെ അഴിമതി വിരുദ്ധരാഷ്ട്രീയപ്പോരാട്ടം ജനങ്ങളെ അണിനിരത്തി നടത്തിപ്പോന്നത്‌. ബൊഫോഴ്‌സ്‌ ഇടപാടായാലും നരസിംഹറാവു മന്ത്രിസഭയിലെ മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകളായാലും തെഹല്‍ക്ക കുടുക്കിയ ബംഗാരു ലക്ഷ്‌മണന്റെ കാര്യമായാലും ഹവാല ഡയറിയില്‍പ്പെട്ട എല്‍.കെ. അദ്വാനിയുടെ പ്രശ്‌നമായാലും കാലിത്തീറ്റ കേസില്‍ ലാലുപ്രസാദ്‌ യാദവ്‌ ഇതുപോലെ സി.ബി.ഐ. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ ഐക്യമുന്നണിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന്‌ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ടതും സി.പി.എം. ഈയിടെ ആന്ധ്രാമുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തില്‍ സി.ബി.ഐ.യെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ രാഷ്ട്രപതിക്ക്‌ നിവേദനം കൊടുത്തവരില്‍ സി.പി.എമ്മും ഉള്‍പ്പെടുന്നു. ഇസ്രായേലില്‍ നിന്നുള്ള ആയുധ ഇടപാടിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. എന്നാല്‍, ലാവലിന്‍ കേസില്‍ മാത്രം അഴിമതിയോടുള്ള സി.പി.എം. രാഷ്ട്രീയം വിചിത്രമായ മറ്റൊന്നാണ്‌. സംസ്ഥാനത്തിന്‌ കോടികളുടെ നഷ്‌ടമുണ്ടാക്കിയ വിഷയത്തില്‍ ഉള്‍പ്പെട്ട ഉന്നതന്മാരെ കണ്ടെത്താന്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന്‌ ഉത്തരവിട്ട ചീഫ്‌ ജസ്റ്റിസ്‌ ബാലിയെ പ്രതീകാത്മകമായി നാടുകടത്തിക്കൊണ്ടായിരുന്നു പുതിയ രാഷ്ട്രീയ തുടക്കം. അന്വേഷണ റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ വിചാരണ തടയാനുള്ള രാഷ്ട്രീയ നീക്കങ്ങളിലേക്ക്‌ സി.പി.എം. നീങ്ങി. പിണറായിയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനം സി.പി.എം. രൂപപ്പെടുത്തിയതെങ്ങനെയെന്ന്‌ ഇതിനകം വ്യക്തമായിട്ടുണ്ട്‌. നിയമപരമായി കേസിനെ നേരിടുമെന്ന്‌ പറയുന്ന പാര്‍ട്ടി ഭരണഘടനാ സ്ഥാപനമായ രാജ്‌ഭവന്‌ മുമ്പിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കേണ്ടവര്‍ കൊടിയും വടിയുമായി ഹൈക്കോടതിക്ക്‌ മുമ്പില്‍ പ്രകടനം നടത്തി. കേസില്‍ പ്രതിയാകുന്നവര്‍ എത്ര ഉന്നതരായാലും നിരപരാധിത്വം തെളിയിക്കാന്‍ സ്വയം നിയമനടപടികള്‍ക്ക്‌ കീഴ്‌പ്പെടുന്നതിന്റെ ചരിത്രമാണ്‌ രാജ്യം കണ്ടിട്ടുള്ളത്‌. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ അതിന്റെ സെക്രട്ടറിയെ പോലുള്ള ഒരാള്‍ കേസില്‍ പ്രതിയായത്‌. അഴിമതി ആരോപണം ഉയര്‍ന്നാല്‍ എങ്ങനെ നേരിടണമെന്നതിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക്‌ മാതൃക കാട്ടാന്‍ ഈ അവസരം ഉപയോഗിക്കാമായിരുന്നു. എന്നാല്‍, പാര്‍ട്ടി നേതാവിനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കാന്‍ ഭരണഘടനാ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. കേസ്‌ രാഷ്ട്രീയപ്രേരിതമാണെന്നാണ്‌ ഇതിന്‌ സി.പി.എം. പറയുന്ന കാരണം. തുടര്‍ച്ചയായി അധികാരത്തില്‍ ഇരിക്കുന്ന പശ്ചിമബംഗാളിലോ ത്രിപുരയിലോ ഇതുവരെയും രാഷ്ട്രീയപ്രേരിതമായി ഒരു സി.പി.എം. നേതാവിനെയും കേസില്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ തന്നെ ഗവണ്‍മെന്റുകള്‍ മാറിമാറി വന്നിട്ടും സമാനമായ മറ്റൊരു സംഭവം സി.പി.എമ്മിന്‌ നേരിടേണ്ടി വന്നിട്ടില്ല. പിന്നെ എന്തുകൊണ്ട്‌ ലാവലിന്‍ കേസ്‌ മാത്രം രാഷ്ട്രീയ പ്രേരിതമായി! അതിനുള്ള വ്യാഖ്യാനം യു.പി.എ. ഗവണ്‍മെന്റിന്‌ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതുകൊണ്ട്‌ എന്നാണ്‌. ഞായറാഴ്‌ച കേരള ഗവര്‍ണര്‍ വിചാരണയ്‌ക്കുള്ള അനുമതി സി.ബി.ഐ.ക്ക്‌ നല്‍കുമ്പോള്‍ മഹാരാഷ്ട്രയില്‍ മറ്റൊരു സംഭവം നടക്കുന്നുണ്ടായിരുന്നു. ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ എന്‍.സി.പി. നേതാവും എം.പി.യുമായ പദംസിങ്‌ പാട്ടീലിനെ സി.ബി.ഐ. അറസ്റ്റുചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കി. പിണറായി വിജയന്‍ മുന്‍ വൈദ്യുതമന്ത്രി ആണെങ്കില്‍ മഹാരാഷ്ട്രയി ലെ മുന്‍ ആഭ്യന്തരമന്ത്രിയാണ്‌ പാട്ടീല്‍. മൂന്നുവര്‍ഷം മുമ്പ്‌ നടന്ന കൊലപാതകത്തിന്‌ ഉത്തരവാദി പാട്ടീലാണെന്ന്‌ അന്നേ ആരോപണം ഉണ്ടായിരുന്നെങ്കിലും മഹാരാഷ്ട്ര പോലീസ്‌ അനങ്ങിയില്ല. ലാവലിന്‍ കേസിലെന്ന പോലെ മുംബൈ ഹൈക്കോടതി ഒരുവര്‍ഷം മുമ്പ്‌ ഇടപെട്ടാണ്‌ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. അറസ്റ്റിലായ മുന്‍ ആഭ്യന്തരമന്ത്രി കേന്ദ്രമന്ത്രിസഭയിലെ പ്രമുഖനായ ശരദ്‌പവാറിന്റെ അടുത്ത ബന്ധുകൂടിയാണ്‌. ഇവിടെ മന്ത്രിസഭയ്‌ക്ക്‌ പിന്തുണ പിന്‍വലിച്ചതാണ്‌ കാരണമെങ്കില്‍ അവിടെ മന്ത്രിസഭയെ പിന്തുണയ്‌ക്കുമ്പോള്‍ തന്നെയാണ്‌ സി.ബി.ഐ. കേസിന്റെ കുരുക്കുവീണത്‌. പിണറായിക്കെതിരെയുള്ള കേസ്‌ പാര്‍ട്ടിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ്‌ സി.പി.എം. സെക്രട്ടേറിയറ്റ്‌ വാദിക്കുന്നത്‌. പിണറായി എന്നാല്‍ പാര്‍ട്ടിയാണെന്ന്‌. ചില പാര്‍ട്ടി നേതാക്കളുടെ ഈ വ്യാഖ്യാനം ഇപ്പോള്‍ പാര്‍ട്ടി നിലപാടായി വരുന്നു. തിരഞ്ഞെടുപ്പ്‌ അഴിമതി കേസില്‍ ഇന്ദിരാഗാന്ധിക്കെതിരായ അലഹാബാദ്‌ കോടതി വിധി വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ സ്‌തുതിപാഠകരും ഇങ്ങനെ ഒരു നിലപാടെടുത്തിരുന്നു. അതിന്റെ ദുരന്തം അടിയന്തരാവസ്ഥയായി അനുഭവിച്ചതിന്റെ പാഠം തിരിച്ചറിയേണ്ട പാര്‍ട്ടിയാണ്‌ സി.പി.എം. നിയമപരമായി പാര്‍ട്ടി നേരിടുമെന്ന്‌ പറയുന്നതിന്റെ അര്‍ഥവ്യാപ്‌തി മനസ്സിലാക്കേണ്ടതുണ്ട്‌. ഗവര്‍ണര്‍അനുമതി സംബന്ധിച്ച കോടതിത്തര്‍ക്കം തന്നെ മൂന്നുവര്‍ഷമെങ്കിലും എടുക്കുമെന്ന്‌ നിയമവിദഗ്‌ധര്‍ പറയുന്നു. അതുംകഴിഞ്ഞ്‌ ലാവലിന്‍ കേസ്‌ തീരാന്‍ പിന്നെയും വര്‍ഷങ്ങള്‍. ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും കാലിത്തീറ്റക്കേസ്‌ അവസാനിച്ചിട്ടില്ല. ജനങ്ങളുടെ പണംകൊണ്ട്‌ കോടതി വ്യവഹാരവുമായി പതിറ്റാണ്ടുകള്‍ പോകാന്‍ ഒരുപക്ഷേ, സി.പി.എമ്മിന്‌ കഴിഞ്ഞേക്കും. പക്ഷേ, ആ കേസിന്റെ വാലില്‍ ഒരു പ്രസ്ഥാനത്തെ ഏറെക്കാലം കെട്ടിയിടാന്‍ കഴിയില്ല. ഏറ്റവും ഉയര്‍ന്നത്‌ ജനങ്ങളുടെ കോടതിയാണെന്ന്‌ വിശ്വസിച്ചും പ്രവര്‍ത്തിച്ചും പോന്നവരായിരുന്നു ഇ.എം.എസ്സിനെ പോലുള്ള സി.പി.എം. നേതാക്കള്‍. ലാവലിന്‍ പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ നിലപാട്‌ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കോടതി തള്ളിക്കളഞ്ഞു. കേരളത്തിലെ സമ്മതിദായകരില്‍ അറുപത്‌ ശതമാനത്തോളം സി.പി.എമ്മിനെതിരായാണ്‌ വിധി രേഖപ്പെടുത്തിയത്‌. നവകേരളയാത്രയ്‌ക്ക്‌ ഓടിക്കൂടിയ ജനലക്ഷങ്ങളെപ്പറ്റി പാര്‍ട്ടിനേതൃത്വം ആവേശം കൊണ്ടിരുന്നു. പാര്‍ട്ടിക്ക്‌ ആപത്തുവരുന്നെന്നു തോന്നി ഓടിയെത്തിയവരെന്നും പറഞ്ഞിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ എന്തേ ആ ലക്ഷങ്ങള്‍ വോട്ടുചെയ്‌ത്‌ ആപത്തില്‍നിന്ന്‌ രക്ഷിക്കാതിരുന്നു എന്ന്‌ പാര്‍ട്ടി ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നിട്ടും ജനവിധി മാനിക്കാതെ സ്വന്തം രാഷ്ട്രീയം സി.പി.എം. ജനങ്ങള്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്‌ ഗവര്‍ണറുടെ തീരുമാനത്തിനുശേഷം കേരളത്തില്‍ കാണുന്നത്‌. ഈ ധിക്കാരം അവര്‍ സഹിക്കില്ലെന്ന്‌ തിരിച്ചറിയേണ്ട വിവേകം സി.പി.എം. നേതൃത്വത്തിന്‌ ഉണ്ടാവേണ്ടതാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. കോട്ടകളില്‍ തിരിച്ചടി നല്‍കിയ ജനങ്ങള്‍ മുന്നറിയിപ്പു നല്‍കുകയായിരുന്നു. എന്നിട്ടും തിരുത്തുന്നില്ലെങ്കില്‍ കഷ്‌ടി രണ്ടുവര്‍ഷത്തിനകം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ കൊടുംശിക്ഷയായിരിക്കും കാത്തിരിക്കുക. വൈകിയെങ്കിലും സി.പി.എം. അഖിലേന്ത്യാ നേതൃത്വത്തിന്‌ മുമ്പില്‍ ഒരവസരം കൂടിയുണ്ട്‌. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ്‌ തകര്‍ച്ച ചര്‍ച്ചചെയ്യാന്‍ സമ്മേളിക്കുകയാണല്ലോ. ജനങ്ങള്‍ ശിക്ഷിച്ചതില്‍ ഒരു പ്രധാനഘടകം ലാവലിന്‍ കേസില്‍ പാര്‍ട്ടി എടുത്ത നിലപാടാണെന്ന്‌ തിരിച്ചറിയണം. വ്യക്തിയുടെ നിരപരാധിത്വം നിയമപരമായി തെളിയിക്കാന്‍ അവസരം കൊടുക്കുക. അതേസമയം പാര്‍ട്ടി സ്വന്തം പരിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള അവശ്യമായ തിരുത്തല്‍ തീരുമാനങ്ങള്‍ എടുക്കുക. സത്യസന്ധമായും ആത്മാര്‍ഥമായും തിരുത്തലുകള്‍ വരുത്തുമെന്ന്‌ പ്രഖ്യാപിച്ച നേതൃത്വം അതിന്‌ ധൈര്യം കാണിക്കുക. ഇല്ലെങ്കില്‍ ദേശീയതലത്തില്‍ത്തന്നെ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രതിച്ഛായ കൂടുതല്‍ തകരുകയേയുള്ളൂ, സി.പി.എമ്മിലെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുകയും. കാരണം അഴിമതിക്കെതിരായ പോരാട്ടത്തിന്റെ അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ടു മാത്രമേ ഇടതുപക്ഷത്തിന്‌ അതിന്റെ ബദല്‍ വഴികള്‍ വെട്ടിത്തുറക്കാന്‍ കഴിയുകയുള്ളൂ.

4 comments:

പിപ്പിള്‍സ്‌ ഫോറം. said...

അവസാനത്തെ അവസരം

കേസ്‌ പാര്‍ട്ടിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ്‌ സി.പി.എം. സെക്രട്ടേറിയറ്റ്‌ വാദിക്കുന്നത്‌. പിണറായി എന്നാല്‍ പാര്‍ട്ടിയാണെന്ന്‌. ഇന്ദിരാഗാന്ധിക്കെതിരായ അലഹാബാദ്‌ കോടതി വിധി വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ സ്‌തുതിപാഠകരും ഇങ്ങനെ ഒരു നിലപാടെടുത്തിരുന്നു. അതിന്റെ ദുരന്തം അടിയന്തരാവസ്ഥയായി അനുഭവിച്ചതിന്റെ പാഠം തിരിച്ചറിയേണ്ട പാര്‍ട്ടിയാണ്‌ സി.പി.എം.

ഇടതുപക്ഷം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

ചരിത്രത്തിന്റെ ക്രൂരമായ ഒരു വികൃതി കൂടിയാകുന്നു ഇപ്പോള്‍ ലാവലിന്‍ കേസ്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ ഇ.എം.എസ്സിന്റെ ജന്മശതാബ്ദിയുടെ ചരിത്രമുഹൂര്‍ത്തം കടന്നുപോകുകയാണ്‌. താനടക്കമുള്ള പാര്‍ട്ടി നേതാക്കളുടെ ജീവിതലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ പാര്‍ട്ടിയെ പുതിയ തലമുറയുടെ കൈയില്‍ വിശ്വാസപൂര്‍വം ഏല്‌പിച്ചാണ്‌ ഇ.എം.എസ്‌. വിടപറഞ്ഞത്‌.

മറ്റ്‌ ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന്‌ വ്യത്യസ്‌തമായി സി.പി.എം. നേതാക്കളുടെ ധാര്‍മിക ശുദ്ധി ഒരു ഒസ്യത്തുപോലെ അദ്ദേഹം സമൂഹത്തിന്‌ മുമ്പില്‍ ഇങ്ങനെ ഉയര്‍ത്തിപ്പിടിച്ചിരുന്നു: ''സി.പി.എമ്മിന്റെ ഇന്ന നേതാവ്‌, ഇന്ന കാര്യത്തില്‍, ഇന്ന അഴിമതി കാണിച്ചു എന്ന്‌ ഒരാള്‍ക്കും പറയാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌'' ജീവിതത്തില്‍ നിന്ന്‌ വിടവാങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം അടയാളപ്പെടുത്തി ഇ.എം.എസ്‌. കുറിച്ച പുസ്‌തകത്തിലെ ഈ വരികള്‍ ഇന്നത്തെ സാഹചര്യത്തില്‍ ആത്മാര്‍ഥതയുള്ള ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും മനസ്സ്‌ നോവിക്കും.

സി.പി.എമ്മിന്റെ കേരള സെക്രട്ടറിയാണ്‌ കഴിഞ്ഞ നാലുമാസമായി വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ മുമ്പില്‍ അഴിമതിക്കേസിലെ ഒമ്പതാം പ്രതിയായി അവതരിപ്പിക്കപ്പെടുന്നത്‌. വിചാരണയ്‌ക്ക്‌ വിധേയനാക്കാനും അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനുമുള്ള പരിശ്രമങ്ങളാണ്‌ നടന്നുവരുന്നത്‌. ഒടുവില്‍ ഗവര്‍ണര്‍ വിചാരണയ്‌ക്ക്‌ അനുമതി നല്‍കിയിരിക്കുന്നു. സി.പി.എം. ഇതിനെ നേരത്തെ പ്രഖ്യാപിച്ചതുപോലെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന്‌ ആവര്‍ത്തിക്കുന്നു.

Anonymous said...

പിണറായി വിജയൻ ഒരു നമ്പൂതിരിയായിരുന്നെങ്ക്കിൽ അപ്പുക്കുട്ടൻ ഇങ്ഗ്ങനെ തുള്ള്ലുമായിരുന്നോ?

Baiju Elikkattoor said...

അനോണി,

തന്‍റെ മൂള അപാരം തന്നെ! കൂടുതല്‍ ആലോചിച്ചു അത് വെടക്കാക്കി കളയണ്ട കേട്ടോ!

Anonymous said...

Dhaivame.... Mukalilla anony enthoru comment. Namichupoyi