Monday, June 15, 2009

തോല്‍വി അവിടെയും ഇവിടെയും

തോല്‍വി അവിടെയും ഇവിടെയും .

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.

കേരളത്തില്‍ എല്‍.ഡി.എഫിന്റെ പരാജയപരിശോധനയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത് ഇടക്ക് കയറിവന്ന ലാവലിന്‍ വിചാരണവിവാദത്തില്‍ മുങ്ങിപ്പോയി. സി.പി.എം നേതൃത്വത്തിന്റെ സ്വയം വിമര്‍ശത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ: ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ജനവികാരം അറിയുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. യു.ഡി.എഫും മാധ്യമങ്ങളും നടത്തിയ അതിശക്തമായ പ്രചാരണങ്ങളാണ് തെറ്റിദ്ധാരണക്കിടയാക്കിയത്.
കേരളത്തിലെ ഗവണ്‍മെന്റിനെയും മുന്നണിയെയും നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന്റെ നയങ്ങളോ പ്രവൃത്തികളോ ജനങ്ങളുടെ വെറുപ്പിനും അകല്‍ച്ചക്കും ഇടയാക്കിയതായി സി.പി.എം പരിശോധനയിലില്ല. ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങള്‍ ലംഘിക്കപ്പെട്ടത് അവമതിപ്പുണ്ടാക്കി എന്ന വിമര്‍ശമുണ്ട്. വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിതീരുമാനങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ചാണത്. പാര്‍ട്ടി നേതൃത്വത്തിന് പിശക് പറ്റിയതായി അംഗീകരിക്കുന്നില്ല.
യു.ഡി.എഫ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കിയ ലാവലിന്‍കേസ്, ഇടതുമുന്നണിയെ ജനങ്ങളുടെ മുന്നില്‍ അപഹാസ്യമാക്കിയ വിവാദങ്ങള്‍, പി.ഡി.പിയുമായുള്ള രാഷ്ട്രീയസഖ്യം തിരിച്ചടിച്ചതിന്റെ ഉത്തരവാദിത്തം^ഇതൊക്കെ യു.ഡി.എഫിന്റെയും മാധ്യമങ്ങളുടെയും ദുഷ്പ്രചാരണങ്ങളും അതില്‍ തെറ്റിദ്ധരിച്ചുപോയ ജനങ്ങളുടെ കുറ്റവുംകൊണ്ട് സംഭവിച്ചതാണ് എന്നാണ് പാര്‍ട്ടിനേതൃത്വം ആശ്വാസംകൊള്ളുന്നത്. മുന്‍തെരഞ്ഞെടുപ്പിനേക്കാള്‍ സീറ്റും വോട്ടും നേടുമെന്ന പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ തെറ്റാനിടയായ കാരണങ്ങള്‍ കണ്ടെത്തുന്നില്ല. പാര്‍ട്ടിയും ജനങ്ങളും തമ്മില്‍ അകന്നെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നില്ല. അതേസമയം 'തെറ്റുതിരുത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമായ' ലെനിനിസ്റ്റ് സ്വയംവിമര്‍ശമാണ് പാര്‍ട്ടി നടത്തിയത് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണക്കാര്‍ ഇവരാണല്ലോ: എതിര്‍ രാഷ്ട്രീയ മുന്നണി. പാര്‍ട്ടിക്കെതിരെ പടതീര്‍ത്ത പത്രങ്ങള്‍. തെറ്റിദ്ധരിച്ച് ഇടതുപക്ഷ^ജനാധിപത്യ മുന്നണിയെ തോല്‍പിച്ച ജനങ്ങള്‍. ഈ മൂന്ന് ഘടകങ്ങളും കേരളത്തിലെന്നപോലെ പശ്ചിമബംഗാളിലെ പരാജയത്തിലും സ്വാഭാവികമായും പങ്കുവഹിച്ചിട്ടുണ്ടാവണം. പശ്ചിമബംഗാളിലെ സി.പി.എം നടത്തുന്ന സ്വയംവിമര്‍ശവും വിലയിരുത്തലും കേരളത്തിലേതുമായൊന്ന് താരതമ്യം ചെയ്തു നോക്കാം.
നിരുപംസെന്‍ പശ്ചിമബംഗാള്‍ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരന്‍ മാത്രമല്ല സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമാണ്. അദ്ദേഹം പറയുന്നു: 'പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നതാണ് തോല്‍വിയുടെ കാരണമെന്ന് വിലയിരുത്തുന്നത് തെറ്റാണ്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ തങ്ങളോട് പറയുന്നത് എന്താണ് എന്ന് പരിശോധിക്കുന്നവരാണ് ജനങ്ങള്‍'.
'എന്റെ അഭിപ്രായത്തില്‍ വ്യവസായവത്കരണത്തിന് എതിരായ ജനവിധി മാത്രമായിരുന്നില്ല പശ്ചിമബംഗാളിലേത്. വോട്ടര്‍മാരുടെ മനസ്സില്‍ മറ്റ് ഒട്ടേറെ കാര്യങ്ങള്‍ സ്വാധീനം ചെലുത്തി^നന്ദിഗ്രാം പോലുള്ള കാര്യങ്ങള്‍. സംസ്ഥാനസര്‍ക്കാര്‍ നന്ദിഗ്രാം പ്രതിസന്ധി കൈകാര്യം ചെയ്ത രീതി ജനങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഇതടക്കമുള്ള ഒട്ടേറെ കാര്യങ്ങളുടെ എതിര്‍തരംഗം തന്നെയുണ്ടായി'. അദ്ദേഹം തുടരുന്നു: 'നന്ദിഗ്രാം സംഭവിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ഒരു ഇടതുമുന്നണി ഗവണ്‍മെന്റില്‍ നിന്ന് ജനങ്ങള്‍ അത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളില്‍ നിന്നവര്‍ പ്രതീക്ഷിക്കുന്നത് മറ്റുചിലതാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളതിനേക്കാള്‍ ജനങ്ങള്‍ എത്രയോ കൂടുതല്‍ പ്രതീക്ഷിക്കുന്നു. അതിനൊത്ത് ഉയരാന്‍ ഞങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ അത് അവരുടെ മനസ്സിനെ മുറിപ്പെടുത്തുന്നു. ഞങ്ങള്‍ വ്യത്യസ്തരാണ്. ജനങ്ങള്‍ മറ്റൊരു അളവുകോല്‍വെച്ച് ഞങ്ങളെ അളക്കുന്നത് ശരിയുമാണ്. ജനങ്ങള്‍ ഞങ്ങളെപ്പറ്റി സന്തോഷവാന്മാര്‍ അല്ലെങ്കില്‍ ഞങ്ങളിലെന്തോ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജനങ്ങളിലല്ല.'
പശ്ചിമബംഗാളിലെ പാര്‍ട്ടി മനസ്സിലാക്കുന്നതും കേരളത്തിലെ പാര്‍ട്ടിനേതൃത്വം മനസ്സിലാക്കാത്തതും കമ്യൂണിസ്റ്റ്പാര്‍ട്ടിയെ സംബന്ധിച്ചുണ്ടാകേണ്ട ഈ അടിസ്ഥാന നിലപാടാണ്. ലെനിനിസ്റ്റ് സംഘടനാതത്ത്വത്തെ സംബന്ധിച്ച് വാചാലരാകുന്നവര്‍ ലെനിനിസത്തിന്റെ ഈ അടിസ്ഥാനകാഴ്ചപ്പാട് തിരിച്ചറിയുന്നില്ല. പി.ഡി.പി ബന്ധത്തെ ന്യായീകരിച്ച് സി.പി.എം തെരഞ്ഞെടുപ്പ് കാലയളവിലും ഈ തോല്‍വിക്കുശേഷവും ആവര്‍ത്തിക്കുന്ന ഒരു കാര്യം ശ്രദ്ധിക്കൂ. എന്‍.ഡി.എഫ് യു.ഡി.എഫുമായി കൂട്ടുകൂടിയില്ലേ? അത് ജനങ്ങള്‍ക്ക് പ്രശ്നമല്ല. പക്ഷേ, എല്‍.ഡി.എഫ് പി.ഡി.പിയുമായി കൂടിയാല്‍ ജനങ്ങള്‍ക്ക് പ്രശ്നമാകും. സി.പി.എമ്മിലെ നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ഇടതു മുന്നണി തല്ലിപ്പിളരുമ്പോള്‍ ജനങ്ങള്‍ കാഴ്ചക്കാരാകില്ല. എല്‍.ഡി.എഫിനോട് രോഷത്തോടെ പ്രതികരിക്കും. നാലരപതിറ്റാണ്ടോളം അഴിമതിയെ എതിര്‍ത്തുപോന്ന സി.പി.എം അഴിമതിയന്വേഷണത്തെയും കോടതിയെയും വിരോധിക്കുന്നത് ജനങ്ങള്‍ പൊറുക്കില്ല.
ജനവിധിയുടെ സന്ദേശം ഉള്‍ക്കൊണ്ടാണ് നിരുപംസെന്‍ സംസാരിക്കുന്നത്. അദ്ദേഹം പറയുന്നു: 'ഇടതുമുന്നണി ഗവണ്‍മെന്റ് പോകണമെന്നാണ് ജനങ്ങളില്‍ ഒരുവിഭാഗം ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ്ഫലം വ്യക്തമാക്കുന്നു. ഈ സ്ഥിതിവിശേഷം മറികടക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. പക്ഷേ, രണ്ടു വര്‍ഷം കൊണ്ട് അത് നിര്‍വഹിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. സാമ്പത്തികസ്ഥിതിയുടെ കീഴ്പോട്ടുള്ള കുതിപ്പ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ പോകുന്നു. ഈ വര്‍ഷം കൂടുതല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്'.
രണ്ടു വര്‍ഷത്തിനകം കേരളത്തില്‍ വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കണമെന്നും അവരുടെ വിധിയെഴുത്തിലാണ് തങ്ങളുടെ നിലനില്‍പെന്നുമുള്ള ആശങ്ക മറ്റു താല്‍പര്യങ്ങളുടെ സ്വാധീനത്തില്‍ കേരളപാര്‍ട്ടിയുടെ വിലയിരുത്തലില്‍ ഇതുപോലെ പ്രതിഫലിക്കുന്നില്ല. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം കേരളത്തിലെ സ്ഥിതിഗതികള്‍ കീഴ്മേല്‍ മറിക്കാന്‍ പോകുന്നു എന്ന തോന്നല്‍പോലും ഈ ഘട്ടത്തിലും പാര്‍ട്ടി നേതൃത്വത്തെ അലോസരപ്പെടുത്തുന്നില്ല. 'ലെനിനിസ്റ്റ് സംഘടനാതത്ത്വലംഘനം' തിരുത്തിയും സര്‍ക്കാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ട്ടി കുറിപ്പടിയിലൂടെ ഉടന്‍ പരിഹരിച്ചും ജനവിശ്വാസം വീണ്ടെടുക്കാമെന്ന ലാഘവബുദ്ധിയാണ് അവരെ നയിക്കുന്നത്.
ഭരണനയങ്ങളിലും വികസനസമീപനങ്ങളിലും പ്രത്യയശാസ്ത്ര നിലപാടും ബദല്‍നയങ്ങളും നിര്‍ണായകമാണെന്ന കാഴ്ചപ്പാടും കേരളപാര്‍ട്ടിക്കുള്ളതായി കാണുന്നില്ല. നിക്ഷേപവളര്‍ച്ചനിരക്ക് കൂട്ടുക, ഭൂപരിഷ്കരണനിയമത്തില്‍ തിരുത്തല്‍ വരുത്തി വ്യവസായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ഭൂമി കണ്ടെത്തുക, ഒഴിപ്പിക്കലും പുനരധിവാസവും കണക്കിലെടുക്കാതെ സെസും മറ്റുപരിപാടികളുമായി മുന്നോട്ടു പോകുക, ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉപേക്ഷിക്കുക(ധനമന്ത്രി തോമസ് ഐസക്കിന്റെ വാണിജ്യമണ്ഡല പ്രസംഗം)^ഇതാണ് കേരള പാര്‍ട്ടി തുടരാന്‍ പോകുന്ന നയസമീപനം എന്നര്‍ഥം. എന്നാല്‍ വികസനത്തിന്റെ അടുത്ത കാല്‍വെപ്പ് സംബന്ധിച്ച് ബദല്‍നയത്തിന്റെ കാര്യത്തില്‍ ഇരുട്ടില്‍തപ്പുകയാണെന്ന വസ്തുതയാണ് സത്യസന്ധമായി നിരുപം സെന്‍ വെളിപ്പെടുത്തുന്നത്.
ഭൂമിയെയും (ഉടമസ്ഥാവകാശം) അധികാരവികേന്ദ്രീകരണത്തെയും കേന്ദ്രീകരിച്ച് ഇടത്ഗവര്‍മെന്റിനു കീഴില്‍ ബംഗാള്‍ ഗ്രാമങ്ങളില്‍ നടന്ന വര്‍ഗസമരമാണ് ഇടതുമുന്നണിയുടെ അടിത്തറയായതെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഫലമായി രാജ്യത്തെ ഏറ്റവും വലിയ വളര്‍ച്ചനിരക്ക് കാര്‍ഷികമേഖലയില്‍ പശ്ചിമബംഗാള്‍ കൈവരിച്ചു. ആഗോളീകരണ നയങ്ങളും നടപടികളും പശ്ചിമബംഗാളിലെ കാര്‍ഷികമേഖലയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കി. കാര്‍ഷികേതര മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പോലും ജീവിക്കാനുള്ള വരുമാനത്തിന് കാര്‍ഷികമേഖലയെ കൂടി ആശ്രയിക്കുന്ന പ്രത്യേക സ്ഥിതിവിശേഷം ബംഗാളിലുണ്ട്. വ്യവസായവത്കരണത്തിലൂടെ ബദല്‍തൊഴില്‍ സാധ്യത സൃഷ്ടിച്ച് കാര്‍ഷികമേഖലയെ മനുഷ്യശേഷിയെ ഉള്‍ക്കൊള്ളുകയായിരുന്നു ലക്ഷ്യം. പരിഹാരം ഏറ്റുമുട്ടലിലേക്ക് എത്തിച്ചു; പ്രതിപക്ഷവുമായി മാത്രമല്ല ഇടതുമുന്നണിക്കകത്തുപോലും.
'ഈ പ്രശ്നത്തെ നേരിടാന്‍ എന്തു ചെയ്യണമെന്ന ഒരു വ്യക്തത ഇപ്പോഴും ഞങ്ങള്‍ക്കില്ല. കാര്‍ഷികമേഖലയെ ജനങ്ങള്‍ക്ക് എങ്ങനെ നന്നായി ആശ്രയിക്കാനാവും എന്നതിനും. നിരാശരായ ജനങ്ങള്‍ ഞങ്ങളെ സംശയത്തോടെ നോക്കുന്നു. ജനങ്ങളുമായി വലിയൊരു വിടവുണ്ടായി. ഞങ്ങള്‍ ചിന്തിക്കുന്നതെന്തെന്ന് താഴെതട്ടിലുള്ളവരെ മനസ്സിലാക്കിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ആശയവിനിമയം നടത്തുന്നത് പാര്‍ട്ടി മുഖേനയാണ്. ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നത് പാര്‍ട്ടിയുടെ പരാജയമാണ്'^നിരുപം സെന്‍ സമ്മതിക്കുന്നു. ബംഗാള്‍ സി.പി.എം സംസ്ഥാനകമ്മിറ്റിയുടെ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ ചര്‍ച്ച സമാഹരിക്കവെ സെക്രട്ടറി ബിമന്‍ബോസ് ഇങ്ങനെ പറഞ്ഞതായി വാര്‍ത്ത കാണുന്നു: 'പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാര്‍ട്ടിയും ഗവണ്‍മെന്റും തദ്ദേശസ്ഥാപനങ്ങളും പരാജയപ്പെട്ടു'. പാര്‍ട്ടിയില്‍നിന്ന് അകന്നുപോയ മുസ്ലിംകളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ഭരണ മുന്‍ഗണനകള്‍ തിരുത്തി അദ്ദേഹം യോഗത്തില്‍ മുന്നോട്ടുവെച്ചതായും മാധ്യമങ്ങള്‍ പറയുന്നു.ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ മുന്‍ഗണനകളും മറന്ന് സി.പി.എം ഇവിടെ കൊടിയും വടിയുമായി തെരുവിലിറങ്ങിയിരിക്കയാണ്. കോണ്‍ഗ്രസിന്റെ ഭരണവര്‍ഗനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ ബദല്‍നയങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണസമരങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമിട്ട ഇ.എം.എസിന്റെ ജന്മശതാബ്ദിക്ക് ഇതിലും വലിയ ആദരാഞ്ജലി സി.പി.എം എങ്ങനെ അര്‍പ്പിക്കും? ഇതല്ലേ ജങ്ങള്‍ക്ക് വേണ്ട യഥാര്‍ഥ ബദല്‍?

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

തോല്‍വി അവിടെയും ഇവിടെയും
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കേരളത്തില്‍ എല്‍.ഡി.എഫിന്റെ പരാജയപരിശോധനയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത് ഇടക്ക് കയറിവന്ന ലാവലിന്‍ വിചാരണവിവാദത്തില്‍ മുങ്ങിപ്പോയി. സി.പി.എം നേതൃത്വത്തിന്റെ സ്വയം വിമര്‍ശത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ: ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ജനവികാരം അറിയുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. യു.ഡി.എഫും മാധ്യമങ്ങളും നടത്തിയ അതിശക്തമായ പ്രചാരണങ്ങളാണ് തെറ്റിദ്ധാരണക്കിടയാക്കിയത്.

കേരളത്തിലെ ഗവണ്‍മെന്റിനെയും മുന്നണിയെയും നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന്റെ നയങ്ങളോ പ്രവൃത്തികളോ ജനങ്ങളുടെ വെറുപ്പിനും അകല്‍ച്ചക്കും ഇടയാക്കിയതായി സി.പി.എം പരിശോധനയിലില്ല. ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങള്‍ ലംഘിക്കപ്പെട്ടത് അവമതിപ്പുണ്ടാക്കി എന്ന വിമര്‍ശമുണ്ട്. വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിതീരുമാനങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ചാണത്. പാര്‍ട്ടി നേതൃത്വത്തിന് പിശക് പറ്റിയതായി അംഗീകരിക്കുന്നില്ല.

യു.ഡി.എഫ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കിയ ലാവലിന്‍കേസ്, ഇടതുമുന്നണിയെ ജനങ്ങളുടെ മുന്നില്‍ അപഹാസ്യമാക്കിയ വിവാദങ്ങള്‍, പി.ഡി.പിയുമായുള്ള രാഷ്ട്രീയസഖ്യം തിരിച്ചടിച്ചതിന്റെ ഉത്തരവാദിത്തം^ഇതൊക്കെ യു.ഡി.എഫിന്റെയും മാധ്യമങ്ങളുടെയും ദുഷ്പ്രചാരണങ്ങളും അതില്‍ തെറ്റിദ്ധരിച്ചുപോയ ജനങ്ങളുടെ കുറ്റവുംകൊണ്ട് സംഭവിച്ചതാണ് എന്നാണ് പാര്‍ട്ടിനേതൃത്വം ആശ്വാസംകൊള്ളുന്നത്. മുന്‍തെരഞ്ഞെടുപ്പിനേക്കാള്‍ സീറ്റും വോട്ടും നേടുമെന്ന പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ തെറ്റാനിടയായ കാരണങ്ങള്‍ കണ്ടെത്തുന്നില്ല. പാര്‍ട്ടിയും ജനങ്ങളും തമ്മില്‍ അകന്നെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നില്ല. അതേസമയം 'തെറ്റുതിരുത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമായ' ലെനിനിസ്റ്റ് സ്വയംവിമര്‍ശമാണ് പാര്‍ട്ടി നടത്തിയത് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണക്കാര്‍ ഇവരാണല്ലോ: എതിര്‍ രാഷ്ട്രീയ മുന്നണി. പാര്‍ട്ടിക്കെതിരെ പടതീര്‍ത്ത പത്രങ്ങള്‍. തെറ്റിദ്ധരിച്ച് ഇടതുപക്ഷ^ജനാധിപത്യ മുന്നണിയെ തോല്‍പിച്ച ജനങ്ങള്‍. ഈ മൂന്ന് ഘടകങ്ങളും കേരളത്തിലെന്നപോലെ പശ്ചിമബംഗാളിലെ പരാജയത്തിലും സ്വാഭാവികമായും പങ്കുവഹിച്ചിട്ടുണ്ടാവണം. പശ്ചിമബംഗാളിലെ സി.പി.എം നടത്തുന്ന സ്വയംവിമര്‍ശവും വിലയിരുത്തലും കേരളത്തിലേതുമായൊന്ന് താരതമ്യം ചെയ്തു നോക്കാം.

നിരുപംസെന്‍ പശ്ചിമബംഗാള്‍ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരന്‍ മാത്രമല്ല സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമാണ്. അദ്ദേഹം പറയുന്നു: 'പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നതാണ് തോല്‍വിയുടെ കാരണമെന്ന് വിലയിരുത്തുന്നത് തെറ്റാണ്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ തങ്ങളോട് പറയുന്നത് എന്താണ് എന്ന് പരിശോധിക്കുന്നവരാണ് ജനങ്ങള്‍'.

'എന്റെ അഭിപ്രായത്തില്‍ വ്യവസായവത്കരണത്തിന് എതിരായ ജനവിധി മാത്രമായിരുന്നില്ല പശ്ചിമബംഗാളിലേത്. വോട്ടര്‍മാരുടെ മനസ്സില്‍ മറ്റ് ഒട്ടേറെ കാര്യങ്ങള്‍ സ്വാധീനം ചെലുത്തി^നന്ദിഗ്രാം പോലുള്ള കാര്യങ്ങള്‍. സംസ്ഥാനസര്‍ക്കാര്‍ നന്ദിഗ്രാം പ്രതിസന്ധി കൈകാര്യം ചെയ്ത രീതി ജനങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഇതടക്കമുള്ള ഒട്ടേറെ കാര്യങ്ങളുടെ എതിര്‍തരംഗം തന്നെയുണ്ടായി'. അദ്ദേഹം തുടരുന്നു: 'നന്ദിഗ്രാം സംഭവിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ഒരു ഇടതുമുന്നണി ഗവണ്‍മെന്റില്‍ നിന്ന് ജനങ്ങള്‍ അത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളില്‍ നിന്നവര്‍ പ്രതീക്ഷിക്കുന്നത് മറ്റുചിലതാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളതിനേക്കാള്‍ ജനങ്ങള്‍ എത്രയോ കൂടുതല്‍ പ്രതീക്ഷിക്കുന്നു. അതിനൊത്ത് ഉയരാന്‍ ഞങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ അത് അവരുടെ മനസ്സിനെ മുറിപ്പെടുത്തുന്നു. ഞങ്ങള്‍ വ്യത്യസ്തരാണ്. ജനങ്ങള്‍ മറ്റൊരു അളവുകോല്‍വെച്ച് ഞങ്ങളെ അളക്കുന്നത് ശരിയുമാണ്. ജനങ്ങള്‍ ഞങ്ങളെപ്പറ്റി സന്തോഷവാന്മാര്‍ അല്ലെങ്കില്‍ ഞങ്ങളിലെന്തോ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജനങ്ങളിലല്ല.