Wednesday, December 26, 2007

ഭൂപരിഷ്കാരം അട്ടിമറിക്കുന്നു . സഖാക്കളേ ഉറങ്ങിയോ ?വി.എസ്. (അതോ അച്ചടക്കത്തിന്റെ വാളും സ്ഥാനമാനങളും നോട്ടുകെട്ടും കാണിച്ച് പിണറായി നിങളെ മയക്കി കെടു

ഭൂപരിഷ്കാരം അട്ടിമറിക്കുന്നു . സഖാക്കളേ ഉറങ്ങിയോ ?വി.എസ്. (അതോ അച്ചടക്കത്തിന്റെ വാളും സ്ഥാനമാനങളും നോട്ടുകെട്ടും കാണിച്ച് പിണറായി നിങളെ മയക്കി കെടുത്തിയതോ ?. ലേഖകന്‍)






തിരുവനന്തപുരം: "സംസ്ഥാനത്തു ഭൂസ്വാമിമാര്‍ വളരുന്നു. ഭൂപരിഷ്കരണ നിയമത്തെ പരാജയപ്പെടുത്തുന്ന വിധം ഇവര്‍ ഭൂമി കൈവശംവച്ചിരിക്കുന്നു.
വാട്ടര്‍ സപ്ളൈയുടെ പൈപ്പിനു മുകളില്‍പ്പോലും കെട്ടിടങ്ങള്‍ ഉയരുന്നു. ഒരു നിലയല്ല, ബഹുനില കെട്ടിടങ്ങള്‍. സുഖമായി നിര്‍മാണം പൂര്‍ത്തിയാക്കി ഇവര്‍ വാടകയും പിരിക്കുന്നു. സമീപമുള്ള പാര്‍ട്ടിക്കാര്‍ ഇതൊന്നും അറിയുന്നില്ലേ? പാര്‍ട്ടിക്കാര്‍ ഉറങ്ങിപ്പോയോ?" ഏറെനാളായി മനസില്‍ നീറിപ്പുകഞ്ഞ വികാരം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നാവിന്‍തുമ്പില്‍ തികട്ടിത്തികട്ടി വന്നപ്പോള്‍ ഞെട്ടിയത് അണികളല്ല, മൂന്നാര്‍ ദൌത്യം പൊളിക്കാന്‍ കൂട്ടുനിന്ന നേതൃത്വമാണ്. "ഭൂസ്വാമിമാരുടെ വരവോടെ കൃഷിയിടങ്ങള്‍ നികരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ നാടാണിത്. ഇതനുസരിച്ച് ഒരാള്‍ക്ക് 15 ഏക്കര്‍ വരെ മാത്രമേ കൈവശം വയ്ക്കാന്‍ അവകാശമുള്ളൂ. എന്നാല്‍ ഈ നിയമം അട്ടിമറിക്കുന്ന തരത്തില്‍ ഭൂ സ്വാമിമാര്‍ അമിതഭൂമി കൈവശം വയ്ക്കുകയാണ്. ഇവരെ സര്‍ക്കാര്‍ നിലയ്ക്കു നിര്‍ത്തും"- സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അച്യുതാനന്ദന്‍ നല്‍കിയ ഈ മുന്നറിയിപ്പ് ഭൂസ്വാമിമാരേക്കാള്‍ പാര്‍ട്ടിയില്‍ ഭൂസ്വാമിമാര്‍ക്കു കൂട്ടുനില്‍ക്കുന്ന ലോബിക്കെതിരേയുള്ള ശക്തമായ താക്കീതായിരുന്നു. പാര്‍ട്ടി വിഭാഗീയതയില്‍ എന്നും തന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന തലസ്ഥാന ജില്ലയിലെ സമ്മേളനവേദിതന്നെ എതിരാളികള്‍ക്കുനേരെ ആശയപരമായ അസ്ത്രം തൊടുക്കാന്‍ വി.എസ്. തെരഞ്ഞെടുത്തതും ശ്രദ്ധേയം. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ.തോമസ് ഐസക്, പാലോളി മുഹമ്മദ്കുട്ടി, പി.കെ.ശ്രീമതി, എ.കെ.ബാലന്‍. എം.എ.ബേബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ദക്ഷിണാമൂര്‍ത്തി, ഇ.പി.ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അച്യുതാനന്ദന്റെ ആക്രമണം.
പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യക്ത്യധിഷ്ഠിത വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നു നിര്‍ദേശിച്ചു കൊണ്ടായിരുന്നു അച്യുതാനന്ദന്റെ തുടക്കം. പാര്‍ട്ടിനയങ്ങള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന പാളിച്ചകളെ അതിരൂക്ഷമായി, നിര്‍ദാക്ഷിണ്യം വിമര്‍ശിക്കണമെന്നു പറയാനും അദ്ദേഹം മറന്നില്ല. രണ്ടു വാചകവും കൂട്ടി വായിച്ചാല്‍ ഒന്നു വ്യക്തമാകും-പിണറായിയേയോ ഔദ്യോഗിക ഗ്രൂപ്പില്‍പെട്ട മറ്റാരെയെങ്കിലുമോ വ്യക്തിപരമായി വിമര്‍ശിച്ചുവെന്ന ആക്ഷേപം ഒഴിവാക്കാനും, പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അവ പൊളിക്കാനാണു പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന് അണികളെ ബോധ്യപ്പെടുത്താനും മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.
കാച്ചിക്കുറുക്കി കണക്കുകൂട്ടി വി.എസ്. പറഞ്ഞ വാചകങ്ങളുടെ അലകള്‍ കോട്ടയത്തു ഫെബ്രുവരിയില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മുഴങ്ങിയാല്‍ അദ്ഭുതപ്പെടാനില്ല. പിണറായിയുടെ ആള്‍ബലത്തെ ആശയംകൊണ്ടു കീഴ്പ്പെടുത്താനാണു വി.എസിന്റെ നീക്കം.
"ഇപ്പോള്‍ നടന്നുവരുന്ന സര്‍വേ പൂര്‍ത്തിയായാലുടന്‍ ടാറ്റ കൈയേറിയ ഭൂമി സര്‍ക്കാര്‍ തിരികെപ്പിടിക്കും." ടാറ്റയുടെ ബോര്‍ഡ് എടുത്തുമാറ്റി സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിച്ച നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ട് വി.എസ്. ഇങ്ങനെ പറഞ്ഞതും മൂന്നാര്‍ വരെ പോയി കൈയേറ്റ ലോബിക്കു പ്രോത്സാഹനം നല്‍കിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ഒളിയമ്പായിരുന്നു. "ടാറ്റയുടെ ഭൂമിക്കും വനഭൂമിക്കും ഇടയിലുള്ള സ്ഥലത്താണ് ടാറ്റ ബോര്‍ഡ് സ്ഥാപിച്ചത്. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
ഇതുള്‍പ്പെടെ മുപ്പത്തഞ്ചോളം ബോര്‍ഡുകള്‍ എടുത്തുമാറ്റി. ദ്രുതഗതിയില്‍ സര്‍വേ നടക്കുകയാണ്. കൈയേറ്റക്കാരില്‍ നിന്നും തിരികെപ്പിടിക്കുന്ന ഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്ക് നല്‍കും. കോവളത്ത് സര്‍ക്കാരിന്റെ കണ്ണായ സ്ഥലങ്ങള്‍ കൈയേറി. ഭൂമി തിരികെപ്പിടിക്കുമ്പോള്‍ കേസുവന്നാല്‍ അതിനെ നേരിടും.
ജനങ്ങളുടെ ഭൂമി ജനങ്ങളുടെ കൈയില്‍തന്നെ ഏല്‍പ്പിച്ചേ മതിയാകൂ. കലക്ടര്‍മാരുടെ യോഗം വിളിച്ച് ഓരോ സ്ഥലത്തും തിരിച്ചുപിടിച്ച ഭൂമിയുടെ കണക്കും പ്രവര്‍ത്തനവും അവലോകനം ചെയ്യും"- റവന്യൂ വകുപ്പു ഭരിക്കുന്ന സി.പി.ഐയേക്കാള്‍ ഭൂരഹിത ജനവിഭാഗത്തിനുവേണ്ടി ശബ്ദിക്കുന്നതു താനാണെന്ന സന്ദേശവും വി.എസിന്റെ ഈ വാചകങ്ങളിലുണ്ട്. സംഘടനാകാര്യങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.
സംഘടനാകാര്യങ്ങള്‍ പരിശോധിച്ചിരിക്കണമെന്നു തന്നെയാണ് ഇതിന്റെ വ്യംഗ്യം. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതുവഴി കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലകളിലെ വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
കേരളത്തിന്റെ അഭിമാനം തന്നെ വില്‍ക്കുന്ന തരത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിടാന്‍ ശ്രമിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതി സംസ്ഥാനത്തിന് അനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന ഔദ്യോഗിക ഗ്രൂപ്പിന്റെ പ്രചരണത്തിനുള്ള മറുപടിയായിരുന്നു ഇത്.


വി.എസ്. ഉറച്ചുതന്നെ: ഔദ്യോഗികപക്ഷത്തിനെതിരേ നേരിട്ടു പരാതി

വി.എസ്. ഉറച്ചുതന്നെ: ഔദ്യോഗികപക്ഷത്തിനെതിരേ നേരിട്ടു പരാതി .

കോട്ടയം: പി.ബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഔദ്യോഗിക വിഭാഗം തുടര്‍ച്ചയായി ലംഘിക്കുന്നുവെന്നാരോപിച്ച് വി.എസ്. പക്ഷം സി.പി.എം. കേന്ദ്ര കമ്മിറ്റിക്ക് വീണ്ടും പരാതി നല്‍കി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നേരിട്ടാണു പരാതിപ്പെട്ടത്.
കീഴ്ഘടകങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ജില്ലാ സമ്മേളനങ്ങള്‍ നടത്താവൂ എന്ന നിര്‍ദേശം ഔദ്യോഗികപക്ഷം അവഗണിക്കുകയാണെന്നും പി.ബി. ഇടപെടണമെന്നുമാണു വി.എസ്. ആവശ്യപ്പെട്ടത്. ഔദ്യോഗികപക്ഷത്തിന്റെ പിടിവാശിയില്‍ നടക്കുന്ന സമ്മേളനങ്ങളുടെ പട്ടികയും നല്‍കിയതായാണ് അറിവ്. പരാതിയുടെ അടിസ്ഥാനത്തില്‍ പി.ബിയുടെ നിര്‍ദ്ദേശപ്രകാരം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ എസ്. അജയകുമാര്‍ എം.പി.യെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഔദ്യോഗികപക്ഷം തീരുമാനമെടുത്തിരുന്നു. പാലക്കാട് ജില്ലയില്‍ പതിനൊന്നും കോട്ടയം ജില്ലയില്‍ നാലും അടക്കം വിവിധ ജില്ലകളിലായി അമ്പതോളം കീഴ്ഘടകങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഔദ്യോഗികപക്ഷം നിര്‍ത്തിവച്ചിരിക്കുന്നത്.
കീഴ്ഘടകങ്ങളില്‍ മത്സരം ഒഴിവാക്കണമെന്ന കേന്ദ്രനിര്‍ദേശം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് സമ്മേളനങ്ങള്‍ റദ്ദാക്കിയത്. ഔദ്യോഗികപക്ഷത്തിനെതിരേ മത്സരം നടന്ന സമ്മേളനങ്ങള്‍ മാത്രമാണു നിര്‍ത്തിവച്ചത്. പിണറായിപക്ഷം മത്സരിച്ച സമ്മേളനങ്ങള്‍ എല്ലാം സാധുവാക്കുകയും ചെയ്തു.
പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ജില്ലാകമ്മിറ്റി പിടിക്കാനായി ശക്തമായ പോരാട്ടം നടക്കുന്നതും ഈ ജില്ലകളിലാണ്. സമ്മേളനങ്ങള്‍ ആരംഭിച്ചതുമുതല്‍ ഔദ്യോഗികപക്ഷത്തിനെതിരേ ആയിരത്തിലേറെ പരാതികളാണ് കേന്ദ്ര കമ്മിറ്റിക്കു ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലാണ് വി.എസ്. നേരിട്ട് ഔദ്യോഗിക വിഭാഗത്തിനെതിരേ പരാതി ഉന്നയിച്ചത്. സി.പി.എം. ജില്ലാ സമ്മേളനം ഏഴു ജില്ലകളില്‍ പൂര്‍ത്തിയായപ്പോള്‍ ഔദ്യോഗികപക്ഷം വ്യക്തമായ മുന്‍തൂക്കം നേടിയിട്ടുണ്ട്.
പത്തനംതിട്ടയും വയനാടും മാത്രമാണ് വി.എസ്. പക്ഷത്തിനു നേടാനായത്. സമവായത്തിന്റെ പേരില്‍ കോട്ടയവും കോഴിക്കോടും മലപ്പുറവും ഇടുക്കിയും കാസര്‍ഗോഡും ഔദ്യോഗികപക്ഷം നിലനിര്‍ത്തി. സംസ്ഥാന സമ്മേളന പ്രതിനിധികളും ഭൂരിപക്ഷം ഔദ്യോഗികപക്ഷത്തോടൊപ്പമാണ്.
കീഴ്ഘടകങ്ങളില്‍ നിന്നുള്ള തങ്ങളുടെ പ്രതിനിധികള്‍ക്കു ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതാണ് പിണറായി പക്ഷത്തിന് ജില്ലാ കമ്മിറ്റികളില്‍ മേല്‍ക്കൈ നേടിക്കൊടുക്കുന്നതെന്നതാണ് വി.എസ്. പക്ഷത്തിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് കീഴ്ഘടകങ്ങിലെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പി.ബിയെ സമീപിച്ചത്.

Wednesday, December 19, 2007

മകന്റെ വിദേശ പഠനം: ആദായനികുതി വകുപ്പ് പിണറായിയോടു വിശദീകരണമാവശ്യപ്പെട്ടു

മകന്റെ വിദേശ പഠനം: ആദായനികുതി വകുപ്പ് പിണറായിയോടു വിശദീകരണമാവശ്യപ്പെട്ടു


കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടു മക്കളുടെ പഠന ചെലവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായി ആദായനികുതി അന്വേഷണവിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.
പിണറായി വിജയന്റെ മകന്റെ വിദേശ പഠനച്ചെലവുകളുടെയും മറ്റും വരുമാന സ്രോതസ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആദായനികുതി ഡയറക്ടറേറ്റ് ജനറല്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബക്കിംഗ്ഹാം സര്‍വകലാശാലയില്‍ വിവേക് കിരണ്‍ പഠിക്കുന്നതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പരാതിയില്‍ ഇല്ലാത്തതിനാല്‍ തെളിവു ശേഖരിക്കുക വിഷമമാണ്. ഒരു പത്രം പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മാത്രമേ തങ്ങളുടെ കൈവശമുള്ളൂ. ഇന്‍കംടാക്സ് പാന്‍ കാര്‍ഡ് വിജയനുണ്ട്. അതുകൊണ്ടാണു വിശദവിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ നിയമാനുസൃത നോട്ടീസ് നല്‍കിയത്. കണ്ണൂരില്‍ പിണറായിയുടെ വീട് നിര്‍മാണത്തിന്റെ ചെലവും വരുമാന മാര്‍ഗവുംകൂടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ചെന്നൈയിലെ ടെക്നിക്കാലിയ പിണറായിയുടെ ബിനാമി സ്ഥാപനമാണോ എന്നു പരിശോധിക്കുന്നതിനു ചെന്നൈയിലെ ആദായനികുതി ഡയറക്ടര്‍ ജനറലിനു നിര്‍ദേശം നല്‍കിയതനുസരിച്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്ന കമല എക്സ്പോര്‍ട്ടേഴ്സ് സംബന്ധിച്ച അന്വേഷണം തങ്ങളുടെ പരിധിയില്‍ വരാത്തതിനാല്‍ വിദേശ നികുതി വകുപ്പിന്റെ സെന്‍ട്രല്‍ ബോര്‍ഡിന് കൈമാറിയതായും നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിമാരായ ഡോ. തോമസ് ഐസക്കിനും എം.എ. ബേബിക്കും എതിരായി ഒട്ടേറെ പരാതികളുണ്ടെങ്കിലും സ്വത്തു സമ്പാദനവും നികുതി വെട്ടിപ്പും മാത്രമേ തങ്ങളുടെ അന്വേഷണ പരിധിയില്‍ വരൂ.
ആരോപണം പൊതുസ്വഭാവത്തിലുള്ളതല്ലാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വരലയയുടെ പേരില്‍ ബേബി 27.98 ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചത് 1997-98 ലാണ്. ഇത് ആറുവര്‍ഷം മുമ്പുള്ളതാകയാല്‍ നിയമപരമായി അന്വേഷിച്ചു നടപടിയെടുക്കാനാവില്ലെന്ന നിലപാടും നടപടി റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണങ്ങളുമായി ബന്ധപ്പെട്ട റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ (ഡി.ആര്‍.ഐ) റിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍നായര്‍ കോടതിയെ അറിയിച്ചു.
റിപ്പോര്‍ട്ടിന്മേലുള്ള എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനായി ജസ്റ്റിസ് ആന്റണി ഡൊമിനിക് രണ്ടാഴ്ചത്തേക്കു മാറ്റി. ഹര്‍ജിക്കാരനായ ടി.പി. നന്ദകുമാറിനുവേണ്ടി അഡ്വ. കെ. രാംകുമാര്‍ ഹാജരായി.

Monday, December 17, 2007

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമാന്യമര്യാദപോലും അറിയില്ല _ മന്ത്രി തോമസ് ഐസക്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമാന്യമര്യാദപോലും അറിയില്ല _ മന്ത്രി തോമസ് ഐസക് .

മഞ്ചേശ്വരം: പത്രപ്രവര്‍ത്തനത്തിന്റെ സാമാന്യമര്യാദപോലും അറിയാത്തവരാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്പോസ്റ്റ് കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നികുതിവകുപ്പ് വെറുതെയിരിക്കുകയല്ല. വിമര്‍ശിക്കുന്നവര്‍ക്ക് ഇതൊന്നുമറിയില്ല. പഠിപ്പിക്കാന്‍ വരുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്വെക്കുകയാണ് വേണ്ടത്. അല്ലാതെ ഒരുധാരണയുമില്ലാതെ എന്തെങ്കിലും വിളിച്ചുപറയുകയല്ല ചെയ്യേണ്ടത്.
കഴിഞ്ഞ നാലുദിവസമായി 'മാതൃഭൂമി' എത്രസ്ഥലമാണ് ഇല്ലാത്തത് എഴുതാന്‍ നീക്കിവെച്ചത്. ആക്ഷേപം പറഞ്ഞോട്ടെ, എന്നാല്‍ ഇതിന്റെ പത്തിലൊരു ഭാഗമെങ്കിലും ഞങ്ങള്‍നല്‍കുന്ന മറുപടി കൊടുക്കാന്‍ തയ്യാറാവണം. ഇവര്‍ക്ക് പത്രനീതിയുണ്ടൊ? ആരേയും എന്തും തെറിവിളിക്കാനുള്ള ലൈസന്‍സാണ് പത്രമെന്ന് കരുതരുത്. മദ്യപിച്ച് മാന്യന്‍മാരെ തെറിവിളിക്കുന്ന കവലച്ചട്ടമ്പിമാരെ പോലെയാണ് 'മാതൃഭൂമി' പെരുമാറുന്നത്.
നികുതിപിരിവില്‍ അനുഭവജ്ഞാനമുള്ളതുപോലെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നത്. നികുതിപിരിവിലെ വര്‍ദ്ധനയെ അംഗീകരിക്കുകയാണ് വിമര്‍ശകര്‍ ആദ്യം ചെയ്യേണ്ടത്. നടന്നതിനെക്കുറിച്ചല്ല നടക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് മാധ്യമങ്ങള്‍ എഴുതുന്നത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Sunday, December 16, 2007

ചന്ദ്രചൂഡന്‍ നാക്ക് വാടകയ്ക്ക് കൊടുക്കരുത്: പിണറായി



ചന്ദ്രചൂഡന്‍ നാക്ക് വാടകയ്ക്ക് കൊടുക്കരുത്: പിണറായി


കോഴിക്കോട്: ചന്ദ്രചൂഡന്‍ തന്റെ നാക്ക് വാടകയ്ക്കു കൊടുക്കരുതെന്നും സി.പി.എം വഴിയില്‍ വച്ച ചെണ്ടയാണെന്ന് ആരും കരുതിപ്പോവരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഡനെതിരെ പിണറായി ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം സി.പി.എം നേതാക്കളെക്കുറിച്ചു ചന്ദ്രചൂഡന്‍ നടത്തിയ പ്രസ്താവനകളോടു പ്രതികരിക്കുകയായിരുന്നു പിണറായി.
'ആര്‍.എസ്.പി നേതാവിന്റെ ചില പരാമര്‍ശങ്ങള്‍ കേട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ക്കു ഞങ്ങള്‍ പ്രതികരിക്കാറില്ല. പ്രതികരിക്കാത്തതു ദൌര്‍ബല്യം കൊണ്ടാണെന്നു കരുതരുത്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദിയുണ്ട്. അവിടെ ചര്‍ച്ച ചെയ്യണം. പരസ്യമായി ആരു കൂടുതല്‍ ശക്തമായി സംസാരിക്കുന്നു എന്നു സ്ഥാപിക്കാന്‍ നോക്കേണ്ട. കമ്യൂണിസ്റുകാര്‍ സമ്പത്തിനു പിന്നാലെ പോകുന്നവരാണ് എന്നാണ് നേതാവിന്റെ ആരോപണങ്ങളിലൊന്ന്. ഇത് എവിടെ നിന്നു കിട്ടി, എന്താണു നിങ്ങളുടെ അനുഭവം. കുറച്ചു കാലമായി നിങ്ങളും ഞങ്ങളുടെ കൂടെയില്ലേ? എന്തടിസ്ഥാനത്തിലാണു നിങ്ങള്‍ പറയുന്നത്. ഒരു ദയയും ദാക്ഷിണ്യവും വേണ്ട, പറഞ്ഞോ. ഞങ്ങളുടെ പുസ്തകം തുറന്നതാണ്. ഒന്നും മറച്ചു വയ്ക്കാനില്ല.
'ഇടതുപക്ഷത്തിനു പഴയ ശുഷ്കാന്തി നഷ്ടപ്പെട്ടു, കമ്യൂണിസ്റ് പാര്‍ട്ടി തിരിച്ചു വരുന്ന രാജ്യങ്ങളിലെല്ലാം തങ്കത്തില്‍ കാച്ചിയ നേതാക്കന്‍മാരാണ് നയിക്കുന്നത്, എന്നാല്‍ ഇവിടെയങ്ങനെയല്ല' എന്നാണ് ആരോപണം. ഈ നേതാവിന് എന്താണ് പറ്റിയത്? ഇടതുപക്ഷത്തിന്റെ പ്രസക്തി രാജ്യത്ത് എല്ലാവരും സമ്മതിക്കുന്നു. അതിലുള്ള പങ്ക് ഇതു പറയുന്ന നേതാവിന്റെ പാര്‍ട്ടിക്കും കിട്ടിയിട്ടുണ്ടല്ലോ. സമ്പന്നതയുടെ കരിനിഴല്‍ ഇടതു മുന്നണിയുടെ മേല്‍ വീണു എന്ന് എന്തടിസ്ഥാനത്തിലാണു പറയുന്നത്. ഏത് ഇടതു പ ക്ഷ കക്ഷിയെ ക്കുറിച്ചാണ് ഇതു പറഞ്ഞത്. എന്ത് അനുഭവമാണ് ഉള്ളത്. നാക്ക് വാടകയ്ക്കു കൊടുക്കരുത്. ഇത് നല്ല ഏര്‍പ്പാടല്ല. എന്താണു നിങ്ങളുടെ ഉദ്ദേശം. എന്താണു നേതാവ് സി.പി.എമ്മിനെക്കുറിച്ച് മനസിലാക്കിയിട്ടുള്ളത്. ഞങ്ങള്‍ ഒരു സൌജന്യവും ആവശ്യ പ്പെടുന്നില്ല.വാക്കുകള്‍ സൂക്ഷിച്ചു പറയണം.
പറയാന്‍ ഒരാള്‍ക്കു മാത്രമേ കഴിയൂ എന്നു കരുതരുത്. ഇടത് കക്ഷികളില്‍ ഏതിനെയാണ് ഉദ്ദേശിക്കുന്നത്. പറഞ്ഞോ, പക്ഷെ നേരെ പറയണം എന്തിനാണു മടിക്കുന്നത്.
ജി. സുധാകരന്‍ എന്ന ആന നാടു നീളെ നടന്നു പിണ്ടമിടുന്നു എന്നാണ് നേതാവിന്റെ മറ്റൊരു പരാതി. ഇതു വാരലാണ് ഇദ്ദേഹത്തിന്റെ പണി. ഞങ്ങള്‍ വാരാറില്ല. അദ്ദേഹം വാരിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും കൊട്ടാന്‍ സി.പി.എം വഴിയില്‍ വച്ച ചെണ്ടയാണെന്ന് ആരും കരുതിപ്പോവരുത്.
എല്‍.ഡി.എഫില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മന്ത്രിമാര്‍ അയയ്ക്കുന്ന ഫയലില്‍ ധനകാര്യ വകുപ്പ് അഭിപ്രായം രേഖപ്പെടുത്തും. എന്നിട്ട് അത് മാധ്യമ പ്രവര്‍ത്തകര്‍ക്കല്ല നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പുകള്‍ക്കാണ്. അത് ഏതോവഴിക്ക് പുറത്തു വന്നു.
ധനന്ത്രിയും അതിനു പിന്നാലെ കൃഷി മന്ത്രിയും വാര്‍ത്തയെക്കുറിച്ചു മറുപടി പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കും. ഇടതുപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടതു പക്ഷത്തിന്റെ യോഗത്തിലാണ് അവതരിപ്പിക്കേണ്ടത്. അതു പുറത്ത് അലക്കേണ്ടതല്ല.
സി.പി.എമ്മിന്റെ പൂര്‍ത്തിയായ ജില്ലാ സമ്മേളനങ്ങളെല്ലാം പാര്‍ട്ടിയുടെ കഴിവ് വിളിച്ചോതുന്നതാണ്. മലപ്പുറത്തു രണ്ടാളുകള്‍ മത്സരിച്ചതു വിഭാഗീയതയുടെ ഭാഗമായി അവരും കണ്ടിട്ടില്ല, ഞങ്ങളും കണുന്നില്ല.
മത്സരിക്കുന്നത് അഹങ്കാരമായോ വിഭാഗീയതയുടെ ഭാഗമായോ കാണാനാവില്ല. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് ഇക്കാര്യത്തില്‍ പ്രചരിച്ചത്
വിദ്യഭ്യാസ നയത്തിന്റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ ഇളക്കി വിടുകയാണ് യു.ഡി.എഫ്. ഒരു ഭാഗത്ത് ചില ക്രൈസ്തവ പുരോഹിതന്‍മാരും മറുഭാഗത്ത് ചില മുസ്ലിം സംഘടനകളുമാണ്. നമ്മുടെ മതത്തിന് പറ്റാത്ത നീക്കങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത് എന്നു പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മതം മതപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ച് മതത്തിന്റെ വഴിക്കു പോകണമെന്നു പിണറായി പറഞ്ഞു.



Friday, December 14, 2007

പ്രവാസി സംഗമം ജനവരി രണ്ട് മുതല്‍ കൊച്ചിയില്‍

പ്രവാസി സംഗമം ജനവരി രണ്ട് മുതല്‍ കൊച്ചിയില്‍ .


അബുദാബി: സംസ്ഥാന സര്‍ക്കാറിന്റെ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ജനവരി 2,3 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ജനവരി രണ്ടിന് വൈകിട്ട് അഞ്ചിന് സംഗമം കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിക്കും.
രാവിലെ നടക്കുന്ന ചര്‍ച്ചയില്‍ പ്രവാസി മലയാളികള്‍ക്കായി 'നോര്‍ക്ക' നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കും. തിരിച്ചറിയല്‍ കാര്‍ഡ്, വിദേശ തൊഴിലാളികള്‍ക്ക് സാങ്കേതിക വൈദഗ്ധ്യം ഉറപ്പുവരുത്തുന്ന പരിശീലന പരിപാടികള്‍, പ്രവാസി പങ്കാളിത്ത കമ്പനി, ആഗോള മലയാളി സംഗമം, പ്രവാസി യുവജനോത്സവം എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.
ഉച്ചയ്ക്കുശേഷം നടക്കുന്ന സമ്മേളനത്തിലാണ് പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക. പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ള്‍ള്‍ള്‍.ഷസഴലദഴസസര്‍റ.ഷഫര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. വിദേശ സംഘടനാ പ്രതിനിധികള്‍ക്ക് 500 രൂപയും മറ്റുള്ളവര്‍ക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്.

മാക് പ്രതിനിധിസംഘത്തെ അയയ്ക്കും

കേരള സര്‍ക്കാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രവാസിസംഗമത്തില്‍ പങ്കെടുക്കുന്നതിനായി 'മാക്' ഏഴംഗ പ്രതിനിധി സംഘത്തെ അയയ്ക്കും. സമ്മേളനത്തിന്റെ പ്രചാരണത്തിനായി 'മാക്' ദുബായില്‍ വെച്ച് വിവിധ സംഘടനാ നപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം സംഘടിപ്പിക്കും
.

Sunday, December 9, 2007

വിമര്‍ശനം: പിണറായി കുപിതനായി ജില്ലാ സമ്മേളനവേദി വിട്ടു

വിമര്‍ശനം: പിണറായി കുപിതനായി ജില്ലാ സമ്മേളനവേദി വിട്ടു .

പത്തനംതിട്ട: തനിക്കെതിരായ രൂക്ഷവിമര്‍ശനത്തില്‍ രോഷാകുലനായി സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനവേദിയില്‍നിന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇറങ്ങിപ്പോയി.
അടൂര്‍ ഏരിയയില്‍നിന്നുള്ള ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടെ പ്രതിനിധി കെ.ബി. രാജശേഖരക്കുറുപ്പാണ് പിണറായിക്കെതിരേ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ വലതുപക്ഷ വ്യതിയാനത്തിലേക്കു പാര്‍ട്ടിയെ നയിക്കുന്നെന്ന് ആരോപിച്ചായിരുന്നു തുടക്കം. ഫാരിസ് ബന്ധം, ദേശാഭിമാനി കോഴക്കേസ്, മകന്റെ വിദേശവിദ്യാഭ്യാസം എന്നിവയില്‍ തുടങ്ങി വി.എസ്. അച്യുതാനന്ദനെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നുവരെ വിമര്‍ശനം കത്തിക്കയറിയപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. ശിവദാസമേനോന്‍ ഇടപെട്ടു. പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും രാജശേഖരക്കുറുപ്പ് തുടര്‍ന്നു. 15 മിനിട്ട് നീണ്ട വിമര്‍ശനത്തില്‍ പ്രകോപിതനായി പിണറായി വേദി വിട്ടു. അനുനയിപ്പിക്കാന്‍ പിന്നാലെയെത്തിയ വി.എസ്. അനുകൂലിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തോട് "ആരാണിതു ചെയ്യിച്ചതെന്ന് അറിയാമെന്നും മുലപ്പാലിന്റെ ഉപ്പു നോക്കാന്‍ പത്തനംതിട്ടയിലെ സഖാക്കള്‍ വളര്‍ന്നിട്ടില്ലെന്നും" പറഞ്ഞശേഷം സംസ്ഥാന കമ്മിറ്റിയംഗവും സ്വന്തം പക്ഷക്കാരനുമായ ആര്‍. ഉണ്ണിക്കൃഷ്ണപിള്ളയ്ക്കൊപ്പം കാറില്‍ കയറി പിണറായി സ്ഥലംവിട്ടു.
വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ വി.എസിന്റെ അനുയായികളായ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കെ.സി. രാജഗോപാല്‍ എം.എല്‍.എ, കെ.പി. ഉദയഭാനു എന്നിവര്‍ ചേര്‍ന്ന് രാജശേഖരക്കുറുപ്പിനെക്കൊണ്ട് വിമര്‍ശനം ഉന്നയിപ്പിക്കുകയായിരുന്നെന്ന്് പിണറായി പക്ഷം ആരോപിക്കുന്നു.

ലാവ്ലിന്‍ അഴിമതി: ചരടുവലിച്ചത് ദിലിപ് രാഹുലും നാസറും

ലാവ്ലിന്‍ അഴിമതി: ചരടുവലിച്ചത് ദിലിപ് രാഹുലും നാസറും




കൊച്ചി: വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ലാവ്ലിന്‍ ഇടപാടില്‍ കൈക്കൊണ്ടതായി ആരോപിക്കപ്പെടുന്ന നടപടികള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചതു കമ്പനി വക്താക്കളായ ദിലിപ്രാഹുലും എം.എ. നാസറുമെന്നതിനു സി.ബി.ഐ മുമ്പാകെ പുതിയ തെളിവുകള്‍.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനാവശ്യമായ സാങ്കേതിക സഹായത്തിനുള്ള ധാരണാപത്രമാണ് 1996 ഫെബ്രുവരിയില്‍ കാനഡയിലെ എസ്.എന്‍.സി ലാവ്ലിനുമായി ഒപ്പുവച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചതോടെ മേയ് 10 ന് നായനാര്‍ മന്ത്രിസഭ അധികാരമേറ്റു. വൈദ്യുത പദ്ധതി നവീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ബാലാനന്ദന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതോടെ കരാര്‍ തുടരാനാകില്ലെന്ന് കമ്പനി ഭയപ്പെട്ടു. ഈ ഘട്ടത്തിലാണ് ഇടനിലക്കാരുടെ റോളില്‍ കമ്പനി ഉദ്യോഗസ്ഥരായ ദിലിപ്രാഹുലും നാസറും മന്ത്രി പിണറായിയെ നേരില്‍കണ്ടു ചര്‍ച്ച നടത്തിയത്.
ഇവര്‍ മുന്നോട്ടുവച്ച കോടികളുടെ വാഗ്ദാനമാണു ലാവ്ലിനുമായി ഉപകരണ വിതരണക്കരാറുണ്ടാക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചതെന്നു സി.ബി.ഐക്കു ലഭിച്ച രേഖകളില്‍ സൂചിപ്പിക്കുന്നു.
ഒമ്പതാം പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണബോര്‍ഡ് അംഗം സാംബമൂര്‍ത്തിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഊര്‍ജപഠനറിപ്പോര്‍ട്ടില്‍ മൂന്നു പദ്ധതികളുടെ നവീകരണത്തിനും ഇന്ത്യന്‍ സാങ്കേതികവിദ്യ പര്യാപ്തമാണെന്നും നൂറുകോടിയില്‍ താഴെവരുന്ന തുകയ്ക്ക് ബി.എച്ച്.ഇ.എല്‍ന് ഏറ്റെടുത്ത് നടപ്പാക്കാവുന്നതേയുള്ളൂവെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ തനിക്കു കനേഡിയന്‍ കരാറിലാണ് താല്‍പര്യമെന്ന് മന്ത്രി പിണറായി തുറന്നുപറഞ്ഞു. ഇതിനുള്ള രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചു. 1997 ഫെബ്രുവരി രണ്ടിന് സമര്‍പ്പിച്ച ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പ്ളാനിംഗ് ബോര്‍ഡ് പഠനം ശരിവയ്ക്കുന്നതായിരുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിന് 98.3 കോടി രൂപ കമ്പനി സഹായധനം നല്‍കുമെന്നാണ് വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ കത്തും മന്ത്രിയുടെ കാബിനറ്റ് കുറിപ്പും വ്യക്തമാക്കുന്നത്.
അതനുസരിച്ചു നീങ്ങിയ ഉന്നതതല സമിതിയെ നിയന്ത്രിച്ചിരുന്നതു കമ്പനിയുടെ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടര്‍ ദിലിപ്രാഹുലും കമ്പനി എക്സിക്യൂട്ടീവ് നാസറുമായിരുന്നു. ധാരണാപത്രത്തിലോ കരാറിലോ സൂചിപ്പിച്ചിട്ടില്ലാത്ത ചെന്നൈയിലെ ടെക്നിക്കാലിയ എന്ന ബിനാമി സ്ഥാപനത്തിന് നിര്‍മാണച്ചുമതല നല്‍കിയതും അതിന്റെ ഡയറക്ടര്‍മാര്‍ ഉന്നതതല യോഗങ്ങളില്‍ സംബന്ധിച്ചതും ഇവരുടെ ആസൂത്രണ ഫലമാണ്.

അനുബന്ധം .

പിണറായി വിജയന്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍ ദിലിപ് രാഹുലന്റെ റോള്‍സ് റോയ്‌സിലായിരുന്നു ദുബായിലെ യാത്ര.ഇദ്ദേഹത്തിന്റെ കേയറോഫില്‍ ഹയാത്ത് റിജന്‍സിയിലും ബര്‍ജ് ദുബായിലുമായിരുന്നു താമസം . ഇത് ലോകത്തിലെത്തന്നെ ഏറ്റവും വിലകൂടിയ ഹോട്ടലാണു.കൂടുതല്‍ വിവരങള്‍ക്ക് കാത്തിരിക്കുക.




Tuesday, December 4, 2007

വിഭാഗിയ നിര്‍മാജനമെന്നാല്‍ വി എസ് പക്ഷത്തെ തുടച്ചുനീക്കല്‍ .

വിഭാഗിയ നിര്‍മാജനമെന്നാല്‍ വി എസ് പക്ഷത്തെ തുടച്ചുനീക്കല്‍ .

സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നേരത്തേ പൊതുജനമധ്യത്തിലേക്ക് വലിച്ചിട്ട് തീ കൊളുത്തിയിരുന്ന വിമര്‍ശക വീരന്മാരാണിപ്പോള്‍ സി.പി.എമ്മില്‍ വിഭാഗീയത തുടച്ചുനീക്കപ്പെടുകയാണ് എന്ന് സമാധാനിപ്പിക്കുന്നത്. അതിനിട യിലും വി.എസ്. പക്ഷത്തിന്റെ തുടച്ചുനീക്കലാണ് വിഭാഗീയ നിര്‍മാര്‍ജനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിലരെങ്കിലും സത്യസന്ധമായി കുറിച്ചിടുന്നുണ്ട്. സോവിയറ്റ് പാര്‍ട്ടിയെ കുളിപ്പിച്ച് കൊന്ന ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നസ്തിനെയും പെരിസ്ത്രോയ്ക്കയെയും സ്വാഗതം ചെയ്തവരാണ് കാലഹരണപ്പെട്ട ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് സി.പി.എം. ജനാധിപത്യവത്കരിക്കുന്നതില്‍ സന്തോഷിക്കുന്നത്
സി.പി.എം. സമ്മേളനങ്ങളെ സംബന്ധിച്ച് നടക്കുന്ന സംവാദങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വാദമുഖങ്ങള്‍ വിലയിരു ത്തേണ്ടതുണ്ട്. ഒന്ന്: ചിലയിടങ്ങളില്‍ കുഴപ്പങ്ങള്‍ നടന്നാലും കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും സാധിക്കാത്ത ജനാധിപത്യപ്രക്രിയ സി.പി.എമ്മില്‍ നടക്കുന്നു. രണ്ട്: തുരുമ്പിച്ച ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് ലോകത്താകെ ആഞ്ഞ ടിക്കുന്ന ജനാധിപത്യവുമായി താദാത്മ്യം പ്രാപിക്കുന്നതിന്റെ തുടക്കമാണ്. സി.പി.എമ്മില്‍ നടക്കുന്നത്. മൂന്ന്: പുറത്തു നിന്നുളള അജന്‍ഡകളൊന്നും സമ്മേളന പ്രക്രിയകളെ ബാധിക്കില്ല. സി.പി.എമ്മിന് തനതായ സംവിധാനങ്ങള്‍ വഴി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഈ അടുത്തകാലം വരെ സി.പി.എമ്മിന്റെ 'ജനാധിപത്യ വിരുദ്ധത'യെ നിരന്തരം വിമര്‍ശിച്ചുപോന്നവരാണ് ഇപ്പോള്‍ ആ പാര്‍ട്ടിയിലെ ജനാധിപത്യപ്രക്രിയയുടെ വക്താക്കളായി വന്നിട്ടുള്ളത്. ഇത് അവര്‍ക്കു വന്ന മാറ്റമാണോ പാര്‍ട്ടിക്ക് വന്നുകൊണ്ടിരിക്കുന്ന മാറ്റമാണോ എന്നാണ് അറിയേണ്ടത്. ആദ്യ അഭിപ്രായം പരിശോധിക്കാം. 25000_ലേറെ ബ്രാഞ്ചു കളില്‍ ആരംഭിച്ച്, 15000_ലേറെ ലോക്കല്‍ കമ്മിറ്റികളിലും 180_ഓളം ഏരിയാ കമ്മിറ്റികളിലും പിന്നെ 14 ജില്ലകളിലും ഒടുവില്‍ കോട്ടയത്തെ സംസ്ഥാന സമ്മേളനത്തിലുമായി മൂന്ന്നാല് മാസങ്ങളെടുത്ത് പൂര്‍ത്തിയാകുന്നതാണ് സി.പി.എമ്മിന്റെ കേരളത്തിലെ സമ്മേളനപ്രക്രിയ.ഈ അര്‍ഥത്തില്‍ ഇതൊരു സുപ്രധാന ജനാധിപത്യപ്രക്രിയ തന്നെ. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് അടക്കമുളള ബൂര്‍ഷ്വാ_ജനാധിപത്യ പാര്‍ട്ടികളിലെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ക്ക് സമാനമായി കാണുന്നത് ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് അപമാനമാണ്. ജനാധിപത്യപാര്‍ട്ടികളെന്ന് അവര്‍ സ്വയം വിളിക്കുകയും ബൂര്‍ഷ്വാ പാര്‍ട്ടികളെന്ന് കമ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടികളും തൊഴിലാളിവര്‍ഗപാര്‍ട്ടിയും ഘടനയിലും പ്രവര്‍ത്തനശൈലിയിലും ലക്ഷ്യത്തിലും മഞ്ഞളും അഞ്ജനവും എന്ന പോലെ രണ്ടാകേണ്ടതുകൊണ്ട്. എംഗല്‍സ് രൂപം നല്‍കുകയും ലെനിന്‍ പ്രയോഗത്തില്‍ വരുത്തുകയും അതിന്റെ ചുവടുപിടിച്ച് ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ കേരളത്തിലും ഇന്ത്യയിലും കെട്ടിപ്പടുക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രത്യേകത സി.പി.എം. എങ്കിലും തിരിച്ചറിയേണ്ടതുണ്ട്.കോണ്‍ഗ്രസ്സോ ജനസംഘമോ ബി.ജെ.പി.യോ ഒരു ചരിത്രഘട്ടത്തില്‍ രൂപപ്പെട്ടതിന് ശേഷം ആ നിര്‍മിതിയുടെ ചട്ടക്കൂടി നകത്ത് പുതിയ നേതാക്കള്‍ ഉയര്‍ന്നുവരികയും അവരുടെ ഇച്ഛയ്ക്കും ശൈലിക്കുമൊത്തുള്ള പ്രവര്‍ത്തനത്തിന് ആ പാര്‍ട്ടികള്‍ വിധേയമാകുകയുമാണ് ചെയ്യുന്നത്. തിലകന്റേയും ഗാന്ധിജിയുടേയും നെല്ക്കുവിന്റേയും സുഭാഷ്ചന്ദ്രബോസിന്റേയും കോണ്‍ഗ്രസ് എങ്ങനെ ഇന്ദിരയുടേയും രാജീവ് ഗാന്ധിയുടേയും പിന്നെ നരസിംഹറാവുവിന്റേയും സീതാറാം കേസരിയുടേയും ഒടുവിലിപ്പോള്‍ സോണിയയുടേയും മന്‍മോഹന്‍സിങ്ങിന്റേയും കോണ്‍ഗ്രസ്സായി മാറിയതുപോലെ. എന്നാല്‍ തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടിയാകട്ടെ സമൂഹം ഉടച്ചുവാര്‍ക്കുന്ന വിപ്ലവപ്രക്രിയയ്ക്ക് നേതൃത്വം നല്‍കേണ്ട പാര്‍ട്ടിയാണ്. അനുദിന പോരാട്ടത്തിലൂടെ ആ ലക്ഷ്യത്തിലേക്ക് അത് വളരേണ്ടതുണ്ട്. സാമ്പത്തികം_രാഷ്ട്രീയം_ താത്ത്വികം എന്നീ മൂന്ന് മേഖലകളിലും ബൂര്‍ഷ്വാസിയുടേതിനെതിരായ തൊഴിലാളിവര്‍ഗനിലപാട് ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ വിപ്ലവപ്രക്രിയ യാഥാര്‍ഥ്യമാകൂ. അതുകൊണ്ട് ഈ മൂന്ന് സമരമുഖങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടിക്കുതന്നെയും നിര്‍ണായകമാണ്. മറ്റ് വര്‍ഗങ്ങളില്‍ ജനിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരായി മാറി പാര്‍ട്ടിയില്‍ വന്നവരിലായാലും തൊഴിലാളിവര്‍ഗത്തില്‍ നിന്നുയര്‍ന്നുവന്ന കമ്യൂണിസ്റ്റുകാരിലായാലും അന്യവര്‍ഗവീക്ഷണവും സംസ്കാരവും പ്രതിഫലിക്കും. അതിനെതിരെ നിരന്തരപോരാട്ടം നടത്താതെ പാര്‍ട്ടിക്ക് അതിന്റെ വിപ്ലവ സ്വഭാവം നിലനിര്‍ത്താന്‍ കഴിയുകയില്ല. ''ഈ നിരന്തര സമരത്തിനുള്ള ഉപകരണങ്ങളാണ് ഓരോ കമ്യൂണിസ്റ്റും അംഗമായിട്ടുള്ള സ്വന്തം ഘടകത്തില്‍ നടക്കുന്ന വിമര്‍ശന_സ്വയം വിമര്‍ശനങ്ങളും മേല്‍ഘടകങ്ങളുടേതായ അച്ചടക്കവും'' എന്ന് ഇ.എം.എസ്. പറഞ്ഞിട്ടുണ്ട്. ആ പ്രക്രിയയുടെ ഉയര്‍ന്ന രൂപമാണ് സമ്മേളനകാലഘട്ടങ്ങളില്‍ ബ്രാഞ്ച് മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ യഥാര്‍ഥത്തില്‍ പ്രതിഫലിക്കേണ്ടത്. സി.പി.എം. മലപ്പുറത്തുനിന്ന് കോട്ടയത്ത് എത്തുമ്പോഴേക്കും സാമ്പത്തികവും രാഷ്ട്രീയവും താത്ത്വികവുമായ തലങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചുപോന്ന നയങ്ങളിലും നിലപാടുകളിലും പ്രവര്‍ത്തനശൈലിയിലും അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള മണല്‍ മാഫിയ തൊട്ട് സര്‍വവ്യാപിയായ ഭൂമി മാഫിയകള്‍ വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പാര്‍ട്ടി പ്രസിദ്ധീകരണ മേലാളന്മാരുടേയും ബന്ധം. വിദേശമൂലധന ശക്തികളോടുള്ള വിധേയത്വം. തൊഴിലാളിവര്‍ഗ വിപ്ലവ സംസ്കാരത്തിന് പകരം ബിസിനസ് വര്‍ഗ വിപ്ലവ സംസ്കാരമെന്ന കാഴ്ചപ്പാട്. ഇത്തരം സാമ്പത്തിക_ബിസിനസ്_ക്രിമിനല്‍ ശക്തികള്‍ക്ക് പാര്‍ട്ടി നേതൃത്വത്തില്‍ കൈവന്നിട്ടുള്ള അമ്പരപ്പിക്കുന്ന സ്വാധീനം. ഇതിന്റെയെല്ലാം നിരവധി തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സി.പി.എമ്മില്‍ തുടരുന്ന വിഭാഗീയതയും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയവുമാണ് ഈ വര്‍ഗവിരുദ്ധ ശക്തികള്‍ക്ക് പാര്‍ട്ടിയില്‍ നുഴഞ്ഞുകയറാന്‍ അവസരമുണ്ടാക്കിയത്. കോടികളുടെ സംഭാവനയുമായി ബന്ധപ്പെട്ട് മറനീക്കിയ വിഷയങ്ങളെല്ലാം എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചര്‍ച്ച ഈ സമ്മേളനങ്ങളില്‍ നടക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ സി.പി.എം. പേരില്‍ മാത്രം കമ്യൂണിസ്റ്റായി അവശേഷിക്കും. സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നേരത്തേ പൊതുജനമധ്യത്തിലേക്ക് വലിച്ചിട്ട് തീ കൊളുത്തിയിരുന്ന വിമര്‍ശക വീരന്മാരാണിപ്പോള്‍ സി.പി.എമ്മില്‍ വിഭാഗീയത തുടച്ചുനീക്കപ്പെടുകയാണ് എന്ന് സമാധാനിപ്പിക്കുന്നത്. അതിനിടയിലും വി.എസ്. പക്ഷത്തിന്റെ തുടച്ചുനീക്കലാണ് വിഭാഗീയ നിര്‍മാര്‍ജനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിലരെങ്കിലും സത്യസന്ധമായി കുറിച്ചിടുന്നുണ്ട്. സോവിയറ്റ് പാര്‍ട്ടിയെ കുളിപ്പിച്ച് കൊന്ന ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നസ്തിനെയും പെരിസ്ത്രോയ്ക്കയെയും സ്വാഗതം ചെയ്തവരാണ് കാലഹരണപ്പെട്ട ചട്ടക്കൂടുകള്‍ വലിച്ചെറിഞ്ഞ് സി.പി.എം. ജനാധിപത്യവത്കരിക്കുന്നതില്‍ സന്തോഷിക്കുന്നത്.
പുറത്തുനിന്നുളള അജന്‍ഡകളൊന്നും സി.പി.എമ്മില്‍ ഏശില്ലെന്ന വാദവും പരിശോധിക്കപ്പെടേണ്ടതാണ്. പൂരത്തിന് എഴുന്നളളിക്കുന്ന ഗജവീരന് പാപ്പാന്മാര്‍ക്കും തോട്ടികള്‍ക്കും അപ്പുറം അനങ്ങാന്‍ വയ്യാത്തവിധം ഇടച്ചങ്ങല ഇട്ട് നിയന്ത്രണം വെക്കാറുണ്ട്. അതിനെ അനുസ്മരിപ്പിക്കും വിധമാണ് സി.പി.എമ്മിന്റെ കേരള ഘടകത്തിന് മാത്രമായി സമ്മേളന നടത്തിപ്പിന് പ്രത്യേക മാര്‍ഗനിര്‍ദേശരേഖ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കൈയൊപ്പോടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രത്യയശാസ്ത്ര പ്രശ്നങ്ങളുമായി കേരളത്തിന്റെ തെക്കു വടക്ക് നടന്ന് പരസ്യമായി ആഹ്വാനങ്ങള്‍ ഇറക്കാനോ കോട്ടയത്ത് പാര്‍ട്ടി സംഘടനയ്ക്ക് മൂര്‍ച്ചകൂട്ടാന്‍ അരവും കത്തിയുമായി ചെല്ലാനോ ഇത്തവണ ആരും രംഗത്തില്ല. മാധ്യമസിന്‍ഡിക്കേറ്റിന്റെ ഭീഷണിയുമില്ല. അവരെല്ലാം പാര്‍ട്ടി നേതൃത്വത്തിന് പുഷ്പവൃഷ്ടി നടത്തുന്ന തിരക്കിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് എംഗല്‍സും ലെനിനും ഇ.എം.എസ്സും വരെ പറഞ്ഞുപോന്ന വിമര്‍ശനവും സ്വയം വിമര്‍ശനവും മാറ്റിവെച്ച് സമവായം എന്നു പറയുന്ന വിപ്ലവ പ്രസ്ഥാനത്തിന് അന്യവും വിരുദ്ധവുമായ ഒരു പ്രക്രിയ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്?
പുറത്തുനിന്ന് അജന്‍ഡ സ്വീകരിക്കില്ല എന്നു പറയുമ്പോള്‍ തന്നെ ഉയര്‍ത്തിയ ചെങ്കൊടിയേയും രക്തസാക്ഷികളെ അനുസ്മരിക്കുന്ന മണ്ഡപങ്ങളേയും അപമാനിച്ച് കൊടിയും കുറുവടിയും മുദ്രാവാക്യവുമായി പുറത്തുനിന്നു വന്ന് സമ്മേളനങ്ങള്‍ മാറ്റിവെപ്പിക്കുന്നത് ആരാണ്. വാഗ്ദാനങ്ങളും പണവും നല്‍കി പ്രതിനിധികളെ പുറത്തുനിന്ന് വിലയ്ക്കെടുത്ത് ഭൂരിപക്ഷമോ സമവായമോ സൃഷ്ടിക്കുന്നതാരാണ്. ഈ ബാഹ്യ അജന്‍ഡകളും ആസൂത്രണവും കൊണ്ട് രൂപപ്പെടുന്ന കോട്ടയം സമ്മേളനത്തിലെ സംസ്ഥാന നേതൃത്വം ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ വിപ്ലവ പാതയാണോ വെട്ടിത്തുറക്കുക. അതോ വര്‍ഗസമൂഹത്തില്‍ ആഞ്ഞടിക്കുന്ന മുതലാളിത്തത്തിന്റെ കെട്ടുനാറുന്ന സംസ്കാരവും വിചാരധാരകളുമാണോ പേറുക. ഇടതുപക്ഷ_ജനാധിപത്യ മുന്നണി ഗവണ്മെന്റിനെ അധികാരത്തിലേറ്റിയിട്ടുള്ള ജനങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയും അതിന്റെ രാഷ്ട്രീയ_സാമ്പത്തിക_താത്ത്വിക നയനിലപാടുകളില്‍ വന്നിട്ടുള്ള ജനവിരുദ്ധ നിലപാടുകളും ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി തിരിച്ചറിയുന്നു. വയനാട് പോലുള്ള ജില്ലകളിലെ സമ്മേളനങ്ങളില്‍ ഉണ്ടാകുന്ന ചര്‍ച്ചകളും തീരുമാനങ്ങളും ഇതിന്റെ പ്രതിഫലനമായിരിക്കും_ കാര്‍ഷിക പ്രതിസന്ധിയും മറ്റ് ദുരന്തങ്ങളും ഏറെ ഏറ്റിട്ടുള്ള മേഖലകളില്‍. ഇതാകട്ടെ പാര്‍ട്ടിയുടെ നയവും ജനങ്ങളും തമ്മിലുള്ള മൂര്‍ച്ചിച്ചുവരുന്ന വൈരുധ്യ ത്തിന്റെ ദൃഷ്ടാന്തമായിരിക്കും. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത് ആദ്യത്തെ അനുഭവമല്ലെന്ന് കാണും. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ഉടനെയാണല്ലോ കേരള പാര്‍ട്ടിയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതും പി. കൃഷ്ണപിള്ള സമ്മേളനം തിരഞ്ഞെടുത്ത കമ്മിറ്റി പിരിച്ചുവിട്ടതും. ആറാം കോണ്‍ഗ്രസ് വിജയവാഡയില്‍ കൊടിയിറങ്ങിയതിന് പിറകെയാണ് മുപ്പത്തിരണ്ടു പേര്‍ നാഷണല്‍ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയതും തെനാലി കണ്‍വെന്‍ഷന്‍ നടന്നതും. ഒന്നായിരുന്ന പാര്‍ട്ടി കൊല്‍ക്കത്തയിലും മുംബൈയിലും വെവ്വേറെ കോണ്‍ഗ്രസ്സുകള്‍ വിളിച്ച് രണ്ടായത്. അത്തരമൊരു പ്രതിസന്ധിയിലേക്കാണോ ഈ പോക്ക്?

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Saturday, December 1, 2007

സഖാവ് സുധാകരന്റെ ദുശാസന വേഷം

സഖാവ് സുധാകരന്റെ ദുശാസന വേഷം

p.surendran

മൂലധന ശക്തികളുമായി സന്ധി ചെയ്യാന്‍ സി.പി.എം. തയാറായതോടെ ഈ പ്രസ്ഥാനം അതിന്റെ ചരിത്രത്തിലാദ്യമായി കനത്ത നൈതിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. എന്തിനെയും ന്യായീകരിക്കാന്‍ തയാറായി കുറേ നേതാക്കളും അവരുടെ ദല്ലാളന്മാരായ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവരുന്നുണ്ടെങ്കിലും ഇടതുപക്ഷ സഹയാത്രികരുടെ സന്ദേഹം കൂടിക്കൂടി വരുന്നു.
ന്യായീകരണങ്ങളൊന്നും ന്യായമല്ലെന്ന് എം.എന്‍. വിജയന്‍ തന്റെ പ്രസംഗങ്ങളില്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ആഗോള മൂലധന ശക്തികള്‍ മണ്ണും വെള്ളവും കവര്‍ന്നെടുക്കുമ്പോള്‍ പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശമാണു നിഷേധിക്കപ്പെടുന്നത്. ഇതാണ് അധിനിവേശത്തിന്റെ പുതിയമുഖം. മൂലധന ശക്തികളുമായി സന്ധി ചെയ്ത് ജനവിരുദ്ധമായ നിലപാടെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ സ്വാഭാവികമായും ജനങ്ങള്‍ ഒറ്റുകാരായി പരിഗണിക്കും. അവരെ തള്ളിമാറ്റി ജനങ്ങള്‍ സമരമുഖത്തേക്കു വരും. നന്ദിഗ്രാം ഇതിന്റെ സൂചന മാത്രമാണ്. സാമ്രാജ്യത്വം ശക്തിപ്പെടുന്തോറും അധിനിവേശം ശക്തിപ്പെടും. സമരങ്ങളും ശക്തിപ്പെടും. മനുഷ്യമുഖമുള്ള ആക്റ്റിവിസത്തിനും എഴുത്തിനും പത്രപ്രവര്‍ത്തനത്തിനുമൊക്കെ ഇന്നും സമരങ്ങളെ പിന്തുണയ്ക്കാതെ പറ്റില്ല. നോവുന്ന ആത്മാവിനെ സ്നേഹിക്കാത്ത ഒരു തത്വശാസ്ത്രത്തെയും സ്നേഹിക്കാനാവില്ലെന്ന വയലാറിന്റെ കവിപക്ഷം എഴുത്തുകാരന്റെ എക്കാലത്തെയും നിലപാടായി മാറുന്നതു സ്വാഭാവികം. ഭരണം നിലനില്‍ക്കാനായി രാഷ്ട്രീയപാര്‍ട്ടികള്‍ കൈക്കൊള്ളുന്ന നിലപാടുകളെ എതിര്‍ത്ത് എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവരുന്നതോടെ അവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വെറുപ്പു ക്ഷണിച്ചുവരുത്തും.
ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ ബുദ്ധിജീവികള്‍ നിശബ്ദരാവുന്നുവെന്നതു വലതു പക്ഷത്തിന്റെ എക്കാലത്തെയും പരാതിയാണ്. എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങളായി ബംഗാളിലും കേരളത്തിലും വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. നന്ദിഗ്രാം സംഭവത്തില്‍ ഇടതുപക്ഷ സഹയാത്രികരായ കലാകാരന്മാര്‍ (എഴുത്തുകാരും) പശ്ചിമബംഗാള്‍ സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യാന്‍ രംഗത്തുവരുന്നു. കേരളത്തിലും ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാരുടെ വലിയയൊരുനിര സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു. പ്രതിപക്ഷം പോലും മൌനമാവുന്നിടത്തു ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നത് എഴുത്തുകാരും ആക്റ്റിവിസ്റ്റുകളുമാണ്.
നന്ദിഗ്രാം സംഭവത്തില്‍ സി.പി.എം. പറയുന്ന ചില കാര്യങ്ങളില്‍ കഴമ്പുണ്ട്. സമ്മതിക്കുന്നു. പക്ഷേ, മാവോയിസ്റ്റുകളെയും തൃണമൂലിനെയും മുസ്ളിം തീവ്രവാദികളെയും പഴിചാരി സി.പി.എമ്മിനു രക്ഷപ്പെടാനാവില്ല. ശരീരത്തില്‍ മുറിവുണ്ടായാല്‍ അവിടേക്കു രോഗാണുക്കള്‍ വരിക സ്വാഭാവികം. പക്ഷേ, മുറിവിന്റെ കാരണം അന്വേഷിച്ചേ പറ്റൂ. മുറിവ് ഉണക്കിയേ പറ്റൂ. ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്ന വിഭാഗം ചെയ്യുന്നത് അതാണ്. എന്നാല്‍, സി.പി.എം. വല്ലാത്ത അസഹിഷ്ണുതയോടെ പ്രതികരിക്കുന്നു. മേധയ്ക്കുനേരേ നടത്തിയ കൈയേറ്റവും സഖാവ് പിണറായി വിജയന്‍ അരുന്ധതിറോയിക്കും മേധാപട്കര്‍ക്കും നേരേ ശകാരം ചൊരിയുന്നതും ഇതേ കാരണത്താലാണ്. കുട്ടിസഖാക്കളുടെ മുമ്പില്‍ മേധയ്ക്കും അരുന്ധതി റോയിക്കുംനേരേ ശകാരം ചൊരിഞ്ഞു സഖാവിന് ആളാവാമെന്നേയുള്ളൂ. അതിനപ്പുറത്തു ധൈഷണിക ലോകം അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കില്ല. മേല്‍പറഞ്ഞ രണ്ടുപേരും എഴുത്തുകൊണ്ടും ആക്റ്റിവിസം കൊണ്ടും ആഗോളതലത്തില്‍ അറിയപ്പെടുന്നവരാണ്. അതിനാല്‍ ഇത്തരം വ്യക്തിത്വങ്ങളെ ഒരു കമ്മ്യൂണിസ്റ്റ് നേതാവു വിമര്‍ശന വിധേയമാക്കുമ്പോള്‍ (തീര്‍ച്ചായും വിമര്‍ശിക്കണം. തര്‍ക്കമില്ല. ആരും വിമര്‍ശനത്തിന് അതീതരല്ല) അതു കുറച്ചു കൂടി ധിഷണാപരമാവണം. ഇല്ലെങ്കില്‍ അറിവുള്ളവര്‍ പരിഹസിച്ചു ചിരിക്കും.
എഴുത്തുകാരെ തെറിവിളിക്കാന്‍ സി.പി.എം. രംഗത്തിറക്കിയിരിക്കുന്നതു സഖാവ് സുധാകരനെയാണ്. കേരളത്തില്‍ ഇത്രയ്ക്കു അമാന്യമായി വാക്കുകള്‍ ഉരുവിടുന്ന മറ്റൊരു മന്ത്രിയില്ല. ഇ.എം.എസിന്റെ കസേരയില്‍ പിണറായി വിജയന്‍ ഇരിക്കുമ്പോള്‍ സി.പി.എമ്മിനു സുധാകരനെ പോലൊരു മന്ത്രിയുണ്ടാവുന്നതു സ്വാഭാവികം. മിക്കവാറും ഒരു ദുശാസന വേഷമാണിപ്പോള്‍ സുധാകരന്. അദ്ദേഹത്തിന്റെ നാവു നീണ്ടുചെല്ലുന്നതു സാറാജോസഫിന്റെ ശരീരത്തിലേക്കാണ്. ഒരു പുരുഷന്‍ സ്ത്രീക്കു നേരേ അക്രമാസക്തനാവുന്നതു ശരീരം കൊണ്ടു മാത്രമാവണമെന്നില്ല. ഭാഷാ പ്രയോഗങ്ങളും ബലാല്‍കാരത്തിന്റെ ഒരു രീതിയാണ്. പുരുഷന്‍ ഒരു സംസ്ഥാനത്തിന്റെ മന്ത്രിയാവുമ്പോള്‍ പ്രശ്നം കുറേക്കൂടി രൂക്ഷമാണ്. മന്ത്രിയെന്നതു സമൂഹത്തിനു മുമ്പില്‍ മോഡലാവേണ്ടവനാണ്. സാറാ ജോസഫിനു നേരേ സുധാകരന്‍ ശകാരം ചൊരിയുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാഷ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് ഒരു മാന്യന്റേതല്ല. സാറാ ജോസഫിനുനേരേ ഈ വിധം പ്രതികരിക്കുമ്പോള്‍ പുരുഷനായ അദ്ദേഹം സുഖം അനുഭവിക്കുന്നുണ്ടാവണം. സ്ത്രീകളെ അപമാനിക്കുന്നവരെ കൈയാമം വച്ചു നടത്തും എന്നു പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിലെ അംഗമാണു സുധാകരന്‍. സാംസ്കാരിക കേരളത്തിന്റെ അപമാനമായി മാറാന്‍ പോകുന്ന സുധാകരനെ നിയന്ത്രിക്കാനായില്ലെങ്കില്‍ എഴുത്തുകാര്‍ക്കും അവരുടെ ഭാഷ മാറ്റേണ്ടിവരും. വി.എസില്‍ നിന്നു ശക്തമായ ഇടപെടല്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
സാറാജോസഫ് ചെറിയ എഴുത്തുകാരിയല്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. മിക്കവാറും ഇന്ത്യന്‍ ഭാഷകളിലേക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വൈദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് എഴുത്തുകാരുടെ മണ്ഡലത്തിലെങ്കിലും ഇന്ത്യയൊട്ടാകെ അവരെ അറിയാം.
പക്ഷേ, കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തു സുധാകരന്റെ സ്ഥാനമെന്താണ് ? മാര്‍ക്സിസ്റ്റാണെന്നു മേനി നടിക്കുന്ന ആളാണല്ലോ സുധാകരന്‍. സമകാലീന മാര്‍ക്സിയന്‍ വായനകളെ മുന്‍നിര്‍ത്തി ലോകത്തുണ്ടാവുന്ന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ ധൈഷണിക മണ്ഡലത്തോട് ആഴമേറിയ ഒരു പ്രഭാഷണം നടത്താന്‍ കെല്‍പുണ്ടാവുമോ സുധാകരന്? മഹാഗ്രന്ഥങ്ങളെ അഭിമുഖീകരിക്കുന്നത് അമ്പലം ഭരിക്കും പോലെ അത്ര അനായാസമായി ചെയ്യാവുന്ന കാര്യമല്ല. ലോകം അംഗീകരിക്കുന്ന ഒരു പുസ്തകം എഴുതുക എന്നത് അരവണപ്പായസമുണ്ടാക്കും പോലെ എളുപ്പമല്ല സഖാവേ.
നാലു പുസ്തകമെഴുതിയാല്‍ വല്യ ആളാവുമോ എന്നാണു പരിഹാസത്തോടെ സുധാകരന്‍ ചോദിച്ചത്. നാലു പുസ്തകം വേണ്ട സഖാവേ ഒറ്റപ്പുസ്തകം മതി. ഹുവാന്‍ റൂള്‍ഫൊ എന്ന മെക്സിക്കന്‍ എഴുത്തുകാരനെക്കുറിച്ചു സുധാകരന്‍ സഖാവ് കേട്ടിട്ടുണ്ടോ ? പെഡ്രൊ പരാമൊ എന്ന ഒറ്റ കൃതിയിലൂടെയാണ് അദ്ദേഹത്തെ ലോകമറിയുന്നത്. ഈ പുസ്തകത്തിന്റെ മുമ്പിലാണു ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് നമസ്കരിച്ചത്. മാടമ്പിത്തരവുമായി നടക്കുന്ന സുധാകരന് ഇതൊന്നും മനസിലാവില്ല. പത്താളെക്കൂട്ടി ജാഥ വിളിച്ചാല്‍ നേതാവാകാം. ഇലക്ഷനു മത്സരിക്കുമ്പോള്‍ കുറേ പണച്ചാക്കുകള്‍ പണമൊഴുക്കാനുണ്ടെങ്കില്‍ എം.എല്‍.എ. ആവാം. ഗ്രൂപ്പ് കളിയില്‍ ജയിച്ചാല്‍ മന്ത്രിയുമാവാം. കമ്യൂണിസ്റ്റുകാരന്റെ നിഘണ്ടുവില്‍ മന്ത്രിസ്ഥാനത്തിന് ഒരു വിലയുമില്ല സഖാവേ. ചെഗുവേരയുടെ ജീവിതം പഠിച്ചാല്‍ അതുബോധ്യമാവും. എന്നാല്‍, വായനക്കാര്‍ നെഞ്ചിലേറ്റുന്ന ഒരു നോവലോ കാവ്യമോ രചിക്കണമെങ്കില്‍ ഒരു സാദാ രാഷ്ട്രീയക്കാരന്റെ സന്നാഹങ്ങളൊന്നും മതിയാവില്ല.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലെ റോയല്‍റ്റി മേളയിലൂടെ മന്ത്രിയുടെ മാടമ്പിത്തരമാണു വെളിവായത്. കേരളത്തിലെ എഴുത്തുകാര്‍ പാവങ്ങളാണ്. ആയിരമോ രണ്ടായിരമോ വച്ചുനീട്ടിയാല്‍ നട്ടെല്ലുവളയ്ക്കുന്നവര്‍. സഹകരണ വകുപ്പു മന്ത്രിയുടെ മുമ്പില്‍ എഴുത്തുകാര്‍ നില്‍ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നും. ഇതു സര്‍ക്കാരിന്റെ ദാനമല്ല. സ്വന്തം സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ അന്തസുള്ള പ്രതിഫലമാണ്.
ഇതു വാങ്ങാനായി ഒരെഴുത്തുകാരന്‍ മന്ത്രിയുടെ മുമ്പില്‍ നട്ടെല്ലു വളച്ചു നില്‍ക്കുക എന്നാല്‍ കഷ്ടമാണ്. എഴുത്തുകാരന്റെ അന്തസിനു തീരാക്കളങ്കമേല്‍പ്പിക്കുന്ന പ്രവൃത്തി. ഇതിന് അരങ്ങൊരുക്കിയതോ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരും. മേളയിലേക്കു ചെല്ലാത്ത എഴുത്തുകാരുടെ റോയല്‍റ്റി തടഞ്ഞുവച്ചിരിക്കുകയാണെന്നു കേട്ടു. എന്നിട്ടും പ്രതികരിക്കാനാവാതെ എഴുത്തുകാര്‍ ഭീരുക്കളായി കഴിയുന്നു.
സഖാവ് സുധാകരനു വേണ്ടി വിഴുപ്പു വസ്ത്രങ്ങള്‍ അലക്കാന്‍ കുറേ ദല്ലാളന്മാരായ എഴുത്തുകാരെ കിട്ടുമായിരിക്കും. അദ്ദേഹം ഉച്ചരിക്കുന്ന കൊഞ്ഞാണന്‍ വാക്കുകളെ വാമൊഴി വഴക്കത്തിന്റെ സൌന്ദര്യമായി വാഖ്യാനിക്കാനും മംഗളപത്ര രചയിതാക്കളെ കിട്ടുമായിരിക്കും. എന്നാല്‍, ശിരസ് കുനിക്കാന്‍ തയാറാവാത്ത കുറേ എഴുത്തുകാരും കേരളത്തിലുണ്ടെന്നു ബഹുമാപ്പെട്ട മന്ത്രി അറിയുന്നതു നന്ന്. ഇങ്ങനെ ഒരു മന്ത്രിയാണല്ലോ പ്രാര്‍ഥനകളുടെ ദേവാലയങ്ങള്‍ ഭരിക്കുന്നത്. കഷ്ടമെന്നേ പറയാനാവൂ.
സുധാകരന്‍ സഖാവ് ദൈവ വിശ്വാസിയാണോ എന്ന് എനിക്കറിയില്ല. കമ്യൂണിസ്റ്റുകാരന്‍ ദൈവ വിശ്വാസിയാവുന്നതില്‍ കുഴപ്പമില്ല എന്നു പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്കു വേണമെങ്കില്‍ സുധാകരന്‍ സഖാവിന് അമ്പലനടയ്ക്കല്‍ ചെന്നു വിശ്വാസപൂര്‍വം തൊഴുതുനില്‍ക്കാം. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണമെന്നു പ്രാര്‍ഥിക്കാം.