Saturday, July 14, 2007

പിണറായിയെ തകര്‍ക്കാന്‍ 'പീറ'യോ: ഇ.പി. ജയരാജന്‍


പിണറായി വിജയനെ തകര്‍ക്കാന്‍ ഒരു 'പീറ'യെ രംഗത്തിറക്കിയിരിക്കുകയാണെന്നു സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും 'ദേശാഭിമാനി' ജനറല്‍ മാനേജരുമായ ഇ.പി. ജയരാജന്‍. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പഠനക്യാമ്പ് മോറാഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിട്ട. ജസ്റ്റിസ് സുകുമാരനെ പേരെടുത്തു പറഞ്ഞാണ് ജയരാജന്‍ വിമര്‍ശിച്ചത്. "
പാര്‍ട്ടിയെ ആശയപരമായും സംഘടനാപരമായും കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച പിണറായിക്കെതിരേ 'പീറ'യെ രംഗത്തിറക്കിയിരിക്കുകയാണ്. ഇയാള്‍ കഴിഞ്ഞ ദിവസം ഒരു പ്രസംഗം നടത്തി. സുകുമാരന്‍ ഇങ്ങനെ പറയുന്നതു വെറുതെയല്ല. ചില ഉദ്ദേശ്യത്തോടുകൂടിയാണ്. ഇവന്റെ പിന്നിലും കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. ഇവനെയൊക്കെ ജഡ്ജിയാക്കിയതില്‍ കേരളം ലജ്ജിക്കണം"- ജയരാജന്‍ പറഞ്ഞു. സി.പി.എമ്മിനെ തകര്‍ക്കാന്‍ പല ഭാഗത്തു നിന്നും ശ്രമം നടത്തുന്നുണ്ട്. മാധ്യമ സിന്‍ഡിക്കേറ്റ് അതില്‍ ഒന്നാണ്. പാര്‍ട്ടിക്കെതിരേയുള്ള തെറ്റായ വാര്‍ത്തകള്‍ ഒന്നിലധികം മാധ്യമങ്ങളില്‍ ഒരേ പോലെ വരുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു പത്രത്തില്‍ മാത്രം വാര്‍ത്ത വന്നാല്‍ അതിനു വിശ്വാസ്യത കുറയും.
മാതൃഭൂമി എഡിറ്റര്‍ കെ. ഗോപാലകൃഷ്ണനും മാധ്യമം ലേഖകന്‍ പി.കെ. പ്രകാശുമാണ് ഇതിനു പിന്നിലെന്നു ജയരാജന്‍ ആരോപിച്ചു. ഇവരൊക്കെ എഴുതുന്നതു ജനം വിശ്വസിക്കുമെന്നാണു കരുതുന്നത്. എന്നാല്‍ ജനങ്ങള്‍ സത്യം വിലയിരുത്തുന്നുണ്ട്. ഞങ്ങളെ ഞങ്ങളാക്കിയതു ജനങ്ങളാണ്-അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി ബോണ്ട് പ്രശ്നത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കു മാത്രമാണെന്നാണു പ്രചരിപ്പിക്കുന്നത്.
ഇതു ബോധപൂര്‍വ്വമാണ്. ദേശാഭിമാനി പത്രത്തിനു പലരും പരസ്യം നല്‍കിയിട്ടുണ്ട്. പലരില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ട്. ഇതൊക്കെ കൈകാര്യം ചെയ്യുന്നതു ദേശാഭിമാനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗമാണ്. ഇത്തരം പ്രചാരവേലകളിലൂടെ വ്യക്തിഹത്യയാണു ചില മാധ്യമങ്ങള്‍ ചെയ്യുന്നത്.
പിണറായി വിജയനെയും ഇ.പി. ജയരാജനെയും തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സി. സത്യപാലന്‍ അധ്യക്ഷത വഹിച്ചു.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

പിണറായി വിജയനെ തകര്‍ക്കാന്‍ ഒരു 'പീറ'യെ രംഗത്തിറക്കിയിരിക്കുകയാണെന്നു സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും 'ദേശാഭിമാനി' ജനറല്‍ മാനേജരുമായ ഇ.പി. ജയരാജന്‍. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പഠനക്യാമ്പ് മോറാഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിട്ട. ജസ്റ്റിസ് സുകുമാരനെ പേരെടുത്തു പറഞ്ഞാണ് ജയരാജന്‍ വിമര്‍ശിച്ചത്. "