ദേശാഭിമാനിയെ കമ്പോളം വിഴുങ്ങുമ്പോള്‍. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ഇ.എം.എസില്‍നിന്ന് ഇ.പി.ജയരാജനിലേക്കുള്ള ദൂരമാണ് ഇന്ന് ദേശാഭിമാനിയും സി.പി.എമ്മും നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി. അതാകട്ടെ ഒരുവശത്ത് കമ്പോളവിപണിയെ നിയന്ത്രിക്കുന്ന ആഗോളീകരണവും മറുവശത്ത് സി.പി.എമ്മിന്റെ നടുവില്‍ പിടിച്ച് ഇരുതലക്കും തീ കൊടുക്കുന്ന വിഭാഗീയതയും ഏല്‍പിക്കുന്ന ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം കെടുത്തിയ രാഷ്ട്രീയ ദുരന്തവും.
ഒരുകോടി രൂപയുടെ കോഴ വാങ്ങിയതിന് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജരെ പുറത്താക്കുകയും കേസെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആ ഞെട്ടലിനുശേഷം മിഴിയടച്ചു തുറക്കുംമുമ്പാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി കുംഭകോണക്കാരനില്‍നിന്ന് രണ്ടു കോടി രൂപ പാര്‍ട്ടി മുഖപത്രത്തിന്റെ ജനറല്‍ മാനേജര്‍ വാങ്ങിവെച്ചതിന്റെ രേഖകള്‍ ഭീകരമായി തുറിച്ചുനോക്കുന്നത്. പതിനാല് ലോകവും ഉണ്ണിയുടെ വായില്‍ക്കണ്ട് അന്ധാളിച്ച യശോദയുടെ ഞെട്ടല്‍പോലെയല്ലല്ലോ, ഭീകരമായ ഈ കാഴ്ച. സി.പി.എമ്മിന്റെ പരിശുദ്ധിയും രാഷ്ട്രീയവും വിറ്റുപണമാക്കി. ക്രിമിനല്‍ മൂലധനത്തിന്റെ കോടികളുടെ കിഴികള്‍ നിരത്തിവെച്ചതിന്റെ വാതില്‍പ്പഴുത് കാഴ്ച മാത്രമേ ഇതാകുന്നുള്ളൂ എന്ന് ഇനി പറയാതിരിക്കാന്‍ വയ്യ.
പട്ടിണിക്കാരുടെ പിടിയരി സൂക്ഷിപ്പും കെട്ടുതാലിയും പാലോറ മാതയുടെ പശുവും ഒക്കെ വളര്‍ത്തിക്കൊണ്ടുവന്ന ദേശാഭിമാനി ഇന്ന് ഏറെ മാറിക്കഴിഞ്ഞു. കോടികളുടെ നിക്ഷേപം. കോടികള്‍ നല്‍കിയുള്ള വരിസംഖ്യ. കോടികള്‍ പൂക്കുന്ന വിപണിയുള്ളപ്പോള്‍ എന്തിന് ഹുണ്ടിക കുലുക്കി ചളിയും വെള്ളവും ചവിട്ടി വീടുകള്‍ കയറിയിറങ്ങണം. തെരുവുകള്‍ തെണ്ടണം. ആ മാറ്റമാണല്ലോ സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങിയ അപരിചിതമായ പേരുകളും ക്രിമിനല്‍ മുഖങ്ങളും പരിചിതമാക്കുന്നത്. ഒറ്റ ഉദാഹരണം മതി. നിയമവിരുദ്ധം എന്നു മദിരാശി ഹൈക്കോടതി പ്രഖ്യാപിച്ച മണിചെയിന്‍ പദ്ധതിയില്‍പെട്ട ചെന്നൈയിലെ ആര്‍.എം.പി ഇന്‍ഫോടെക് എന്ന സ്ഥാപനവുമായി ജനറല്‍ മാനേജര്‍ ഇ.പി.ജയരാജന്‍ ഉറപ്പിച്ച കരാര്‍ കാര്യം. 1,45,000 കോപ്പി പാര്‍ട്ടിപത്രം ആര്‍.എം.പി ഇന്‍ഫോടെക് അതിന്റെ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നു. പതിനാലര കോടിരൂപ ദേശാഭിമാനിക്ക് നല്‍കുന്നു. പകരം ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പിന്തുണ ആര്‍.എം.പി ഇന്‍ഫോടെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ നല്‍കാമെന്ന് വ്യവസ്ഥ. വി.എസ്. അച്യുതാനന്ദന്‍ യഥാസമയം സെക്രട്ടേറിയറ്റില്‍ ഇടപെട്ടതാണ് പ്രശ്നമായതത്രെ. എന്നിട്ടും ഇ.പി.ജയരാജനും ഇപ്പോള്‍ ധനമന്ത്രിയായ തോമസ് ഐസക്കും അന്ന് ചീഫ് എഡിറ്റര്‍ സ്ഥാനത്തിന്റെ പുതുക്കം കഴിഞ്ഞിട്ടില്ലായിരുന്ന വി.വി.ദക്ഷിണാമൂര്‍ത്തിയും ഈ വഴിക്കുള്ള ദേശാഭിമാനി വികസനത്തിന് ഉറഞ്ഞുവാദിച്ചു.പി.ബിയില്‍ പരാതി എത്തുകയും ഇന്‍ഫോടെക് പരിപാടികള്‍ക്കെതിരെ പലഭാഗങ്ങളിലും ഉയര്‍ന്നു വന്ന പരാതികള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തപ്പോള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇടപെട്ടാണ് കോടികളുടെ ഈ കരാര്‍ തടഞ്ഞത്.ചില്ലിക്കാശില്‍നിന്ന് കോടികളിലേക്കുള്ള ഈ ഉത്തരകേരള ചുവടുമാറ്റം മെല്ലെ മെല്ലെ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാകുന്നു. ഇ.പി.ജയരാജന്റെ മുന്‍ഗാമിയായി ജനറല്‍ മാനേജരായി വന്ന പി.കരുണാകരന്റെ കാലം തൊട്ടുതന്നെ. ഇന്‍ഫോടെക്കിന്റെ പരിപാടി പ്രോല്‍സാഹിപ്പിച്ച് കരാറിന്റെ വഴിതെളിയിച്ചത് കരുണാകരന്റെ ബന്ധുവായ, ഇപ്പോള്‍ പുറത്താക്കപ്പെട്ട ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ മുന്‍കൈയില്‍. കരുണാകരന്റെ കാലത്താണ് ഈ മണിചെയിന്‍ കുത്തകയുടെ സംയുക്ത സംരംഭത്തിലും ചെലവിലും ദേശാഭിമാനിയുടെ തൃശൂര്‍ യൂനിറ്റിന്റെ വാര്‍ഷികാഘോഷങ്ങള്‍ അഞ്ചു ലക്ഷം രൂപ ചെലവില്‍ പൊടിപൊടിച്ചത്. ദേശാഭിമാനിയുടെ ജനസമ്മതിയുള്ള പ്രോല്‍സാഹന റിപ്പോര്‍ട്ടുകള്‍ ഇന്‍ഫോടെക്കിന്റെ വെബ്സൈറ്റുകളില്‍ അന്നും ഇന്നും ആഗോളതലത്തില്‍ പ്രചരിക്കുന്നുമുണ്ട്. മറ്റു പത്രങ്ങള്‍ പരസ്യം വാങ്ങുന്നതു പോലെയാണ് ദേശാഭിമാനി പരസ്യവും നിക്ഷേപവും വാങ്ങുന്നതെന്ന ഇപ്പോഴത്തെ ന്യായീകരണം തൊണ്ടിയോടെ പിടിക്കപ്പെട്ടപ്പോഴുള്ള പതംപറച്ചില്‍ മാത്രമാണെന്ന് 2004ലെങ്കിലും തൊട്ടുള്ള ഈ ബന്ധം വെളിപ്പെടുത്തുന്നു.
ഇന്‍ഫോടെക് കൈവിട്ടു പോയപ്പോള്‍ കോടീശ്വരന്മാരെ തേടുകയോ കോടീശ്വരന്മാരോ കോടികളോ തേടിവരുകയോ ചെയ്തു. അവരില്‍ ചിലരാണ് സാന്റിയാഗോ മാര്‍ട്ടിനും ലിസുമൊക്കെ. ഇവിടെ പ്രത്യേകം തിരിച്ചറിയേണ്ടത് ഇവരെല്ലാം എളുപ്പമാര്‍ഗത്തിലൂടെ കോടികള്‍ കൊയ്യുന്ന സമൂഹവിരുദ്ധരായ വന്‍കുറ്റവാളികളാണ് എന്നതാണ്. 'നിങ്ങളുടെ അധ്വാനത്തിന് ഇരട്ടിമൂല്യം' എന്നും 'താന്‍ പാതി ലിസ് പാതി' എന്നുമാണ് ലിസ് കേരളത്തിലെ ജനങ്ങളെ വ്യാമോഹിപ്പിച്ചത്. സി.പി.എമ്മിന്റെ ജനസമ്മതിയും ദേശാഭിമാനിയും കൈരളിയും വഴിയുള്ള വന്‍പ്രചാരണവുമാണ് ഇന്‍ഫോടെക്് വിലയ്ക്കെടുക്കാനും മുതലെടുക്കാനും ശ്രമിച്ചത്. ലിസ് ആകട്ടെ അത് വേണ്ടത്ര മുതലെടുക്കുകയും യു.ഡി.എഫ് സര്‍ക്കാര്‍ പിടികൂടിയപ്പോള്‍ രക്ഷപ്പെടാന്‍ ഒരു കോടി രൂപയുടെ ദക്ഷിണയുമായി ദേശാഭിമാനി വഴി സി.പി.എമ്മിലും സര്‍ക്കാറിലും ഇടപെട്ട് ശ്രമം നടത്തുകയും ചെയ്തു. ഇന്‍ഫോടെക്കിന്റെ കാര്യത്തിലെന്നപോലെ 2006 ജൂണ്‍ തൊട്ട് 2007 ജൂണ്‍ വരെ ഈ നീക്കത്തിനൊപ്പം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കൊപ്പം ജനറല്‍ മാനേജരും ഉണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മാത്രം പ്രതിയാക്കപ്പെട്ടു എന്നത് തല്‍ക്കാലം മൂടിവെക്കപ്പെട്ട വലിയൊരു രാഷ്ട്രീയ സമസ്യയാണ്.
ഇന്‍ഫോടെക്കിനും ലിസിനും പിറകെ കോടികളുമായി എത്തുന്നത് സാന്റിയാഗോ മാര്‍ട്ടിന്‍. സിക്കിം ലോട്ടറികളടക്കം അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ എല്‍.ഡി.എഫ്സര്‍ക്കാര്‍ വിജിലന്‍സ് മുഖേന അന്വേഷണം നടത്തിയതും വിജിലന്‍സ് അഡീഷനല്‍ ഡി.ജി.പി സിബിമാത്യു സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും 2006 ഒക്ടോബറിലാണ്. ഈ മാസത്തിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ രണ്ടുമക്കളുടെ പേരിലും ഓരോ കോടി രൂപയുടെ രണ്ടു ഡ്രാഫ്റ്റുകള്‍ ജനറല്‍ മാനേജര്‍ വാങ്ങി ദേശാഭിമാനിയുടെ അക്കൌണ്ടില്‍ നിക്ഷേപിക്കുന്നത്. ഇതിന് 11 ദിവസങ്ങള്‍ക്കു മുമ്പ് വിജിലന്‍സ് പുറംസംസ്ഥാന ലോട്ടറികള്‍ക്കെതിരെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഭൂട്ടാന്‍^സിക്കിം ലോട്ടറികളുടെ കേരളത്തിലെ വില്‍പന നിരോധിക്കണമെന്നായിരുന്നു ഒന്നാമത്തെ ശിപാര്‍ശ. ദേശാഭിമാനി എങ്ങനെ കോടീശ്വരന്മാരുടെ നിക്ഷേപപാത്രമായി എന്നതിന്റെ രാഷ്ട്രീയ ചിത്രമാണ് തുടര്‍ന്ന് പരിശോധിക്കേണ്ടത്.
2005 ഫെബ്രുവരിയില്‍ മലപ്പുറം സംസ്ഥാന സമ്മേളനം നടക്കുന്നതിന് മുമ്പ് 2004 മധ്യത്തോടെ സി.പി.എമ്മിലെ വിഭാഗീയത വളര്‍ന്ന് പാര്‍ട്ടിക്കകത്ത് കടുത്ത ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. വിദേശഫണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ടും ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടുമുള്ള വിവാദങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തും കത്തിപ്പടര്‍ന്നു. നാല്‍വര്‍ സംഘത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള ഭീഷ്മപ്രതിജ്ഞയുമായി പ്രതിപക്ഷനേതാവ് ഊരുചുറ്റി. സംസ്ഥാന നേതൃത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ് അതിശക്തമായി ഒളിഞ്ഞും തെളിഞ്ഞും നടന്നത്. ഇരുപക്ഷവും മലപ്പുറത്ത് നടത്തിയ പോരാട്ടത്തില്‍ യഥാര്‍ഥത്തില്‍ അപ്രതീക്ഷിതമായ വിജയമാണ് അവസാനഘട്ടത്തില്‍ പിണറായി പക്ഷത്തിനുണ്ടായത്. പി.ബിയുടെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്നത് ശരിയാണ്. എന്നാല്‍ വിജയത്തിനു പിറകില്‍ ബാഹ്യശക്തികളുടെയും ധനമാഫിയകളുടെയും ഇടപെടല്‍ കൂടി ഉണ്ടായിരുന്നു. മലപ്പുറം വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് ഇ.പി.ജയരാജന്‍. പലതരം വാഗ്ദാനങ്ങളും സാമ്പത്തികസഹായങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ അപകടകാരിയായ സമ്മേളനമെന്ന് ഭാവിയില്‍ ചരിത്രവിദ്യാര്‍ഥികള്‍ക്ക് ഇതിനെ വിലയിരുത്തേണ്ടിവരും.
മലപ്പുറം സമ്മേളനത്തിനു തൊട്ട് പിറകെ ദേശാഭിമാനിയെ പിടിച്ചുലച്ച ഒരു സംഭവം നടന്നു. ചീഫ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് വി.എസിനെ മാറ്റി വി.വി.ദക്ഷിണാമൂര്‍ത്തിയെ ആക്കി. ദേശാഭിമാനി പ്രവര്‍ത്തനം മതിയാക്കി മാനേജര്‍ പദവി ഒഴിഞ്ഞ് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി വാങ്ങിപ്പോയ ദക്ഷിണാമൂര്‍ത്തി ചീഫ് എഡിറ്റര്‍ സ്ഥാനത്തു വന്നു. ഇ.പി.ജയരാജന്‍ ജനറല്‍ മാനേജരുമായി. തുടക്കത്തില്‍ പറഞ്ഞ ദേശാഭിമാനിയുടെ വലതുപക്ഷത്തേക്കുള്ള കുതിപ്പ് ഇവിടെ നിന്നാണ് ചങ്ങല പൊട്ടിച്ചു തുടങ്ങുന്നത്. നിക്ഷേപം, നിക്ഷേപം. വികസനം, വികസനം. കോടികള്‍, കോടികള്‍. ഇങ്ങനെയുള്ള ഒരു കണ്‍കെട്ട് ജാലവിദ്യക്കാരന്റെ മാനേജ്മെന്റ് പാടവമാണ് ദേശാഭിമാനിക്ക് പിന്നീട് ഉണ്ടായത്.
കുത്തകപത്രങ്ങള്‍ ചെയ്യുന്നതാണ് തങ്ങള്‍ ചെയ്യുന്നതെന്ന് പറഞ്ഞ് മല്‍സരിക്കുന്നു പാര്‍ട്ടി പത്രം. ഇപ്പോഴും അവര്‍ക്ക് മനസ്സിലാകാത്തത് സ്വന്തം കെട്ടിടങ്ങള്‍ നാടാകെ പണിതീര്‍ക്കുന്നത് ഡെഡ്മണിയാണെന്ന കുത്തക പത്രക്കാരുടെ തിരിച്ചറിവാണ്. ജയരാജന്റെ ദേശാഭിമാനി വികസനത്തിന്റെ മുഖ്യപങ്ക് കെട്ടിട നിര്‍മാണങ്ങളിലേക്കാണ്. കടലില്‍ കല്ലിടുംപോലെ. അങ്ങനെ ദേശാഭിമാനി ഇതിനകം ഉണ്ടാക്കിയ കെട്ടിടങ്ങള്‍ അതിനകത്തെ ചുരുക്കം ചിലരെ കൊഴുപ്പിച്ചിട്ടുണ്ടാകാം. അതിന്റെ രാഷ്ട്രീയത്തെ പരിപോഷിപ്പിച്ചിട്ടില്ല. വേണ്ട നിലക്കുള്ള പശ്ചാത്തലസൌകര്യങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. പ്രവര്‍ത്തകരുടെ മനോവീര്യവും പ്രവര്‍ത്തനശേഷിയും കാര്യക്ഷമമാക്കുന്നതില്‍ അത് ഊന്നുന്നുമില്ല. അതിലൊന്നാണ് തലസ്ഥാനനഗരിയില്‍ തറക്കല്ലിട്ടിരിക്കുന്ന കൈരളി ടവര്‍. ഇതടക്കമുള്ള കോടികളുടെ വികസന പദ്ധതികള്‍ ജയരാജന്‍ ഒരു തുണ്ടു കടലാസില്‍ പോലും എഴുതിയല്ല സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചത്, വാക്കാലായിരുന്നു. അതും അംഗങ്ങള്‍ പിരിയാന്‍ നേരത്ത്. രേഖാമൂലം വേണമെന്നും വിശദമായി ചര്‍ച്ച നടക്കണമെന്നും അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ അത് മാറ്റിവെക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ മധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് ജയരാജന്‍ ദേശാഭിമാനി വികസനത്തിനുള്ള ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. പത്രം ബോണ്ടിറക്കുമ്പോള്‍ ചില നിയമവ്യവസ്ഥകളൊക്കെയുണ്ടെന്ന് ആലോചിക്കേണ്ട കാര്യമൊന്നും ജയരാജനില്ല. കാരണം സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം വെക്കുന്നതിനും പത്തു മാസം മുമ്പ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി ദേശാഭിമാനി ബോണ്ടിലേക്ക് വാങ്ങി ബാങ്കിലിടാന്‍ കഴിഞ്ഞ ജാലവിദ്യക്കാരനാണല്ലോ ജയരാജന്‍. ശൂന്യതയില്‍നിന്ന് ഭസ്മം എടുക്കും പോലെ. കടവും പ്രതിസന്ധിയുമുള്ള ദേശാഭിമാനിക്ക് കോടികളുടെ നിക്ഷേപം സൃഷ്ടിക്കാനുള്ള ചാതുര്യം അദ്ദേഹത്തിനുണ്ട്. മൂന്നു പതിറ്റാണ്ടിലേറെ ആ സ്ഥാപനവുമായി ബന്ധപ്പെട്ട ഈ ലേഖകനെപോലുള്ളവര്‍ വിദൂര നമസ്കാരം പറയുന്ന മിടുക്ക്. അതുകൊണ്ടാണ് ഇ.എം.എസിന്റെ തലമുറതൊട്ട് ഞങ്ങളുടെ തലമുറവരെ ദേശാഭിമാനിയുടെ രാഷ്ട്രീയമായ നിലനില്‍പിനെ പറ്റി ചിന്തിച്ചപ്പോള്‍ അതിന്റെ ബിസിനസ്പരമായ നിലനില്‍പിനെ പറ്റി മാത്രം ജയരാജന്‍ ചിന്തിക്കുന്നത്; അതിനുവേണ്ടി കോടികള്‍ വാങ്ങുന്നതിനെപ്പറ്റി ഉത്കണ്ഠപ്പെടുന്നതും, അതില്‍ രാഷ്ട്രീയമില്ലെന്ന് വാദിക്കുന്നതും.
ഇവിടെ ഒരു കാര്യം അദ്ദേഹത്തെയും ഈ രാഷ്ട്രീയത്തെ ന്യായീകരിക്കുന്ന സി.പി.എം നേതാക്കളെയും വിനയപൂര്‍വം ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു: ലെനിന്റെ പടം കൊടുത്തതുകൊണ്ടോ മാര്‍ക്സിന്റെ ഉദ്ധരണികള്‍ എഴുതിച്ചേര്‍ത്തതുകൊണ്ടോ ഒരു പത്രം കമ്യൂണിസ്റ്റ് പത്രമാകില്ലെന്ന് ഇ.എം.എസ് പറഞ്ഞിട്ടുണ്ട്. ജനങ്ങളോടൊപ്പം നില്‍ക്കുകയും ജനങ്ങളുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുമ്പോള്‍ മാത്രമേ അത് കമ്യൂണിസ്റ്റ് പത്രവും പത്രപ്രവര്‍ത്തനവും ആകുകയുള്ളൂവെന്നും ഇ.എം.എസ് ഞങ്ങളുടെ തലമുറയെ പഠിപ്പിച്ചിരുന്നു. അതിന് വിഘ്നം വരുത്താതെ മുന്നോട്ടുപോകാന്‍ അടുത്ത കാലംവരെ ദേശാഭിമാനിക്ക് കുറെയൊക്കെ കഴിയുകയും ചെയ്തിരുന്നു.
എന്നാല്‍ സാന്റിയാഗോമാരും പട്ടുപുതക്കുന്ന സ്വാമിമാരും പാവപ്പെട്ടവരെ പ്രാന്തവത്കരിച്ച് ഭൂമി വികസിപ്പിക്കുന്ന ബില്‍ഡര്‍മാരും ദേശാഭിമാനിയുടെ നിക്ഷേപത്തിലും വികസനത്തിലും സി.പി.എമ്മിന്റെ ഫുട്ബാള്‍ അടക്കമുള്ള പല കളികളിലും കോടികള്‍ സംഭാവന നല്‍കുന്ന എളുപ്പപ്പണത്തിന്റെ ഒരു നയാഗ്ര കുതിച്ചുചാട്ടം തന്നെ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നു. ഇ.എം.എസിന്റെ പടംവെച്ചതുകൊണ്ടോ എ.കെ.ജിയുടെയും കൃഷ്ണപിള്ളയുടെയും നായനാരുടെയും സ്മാരകമാക്കിയതുകൊണ്ടോ ജനകോടികളെ മറന്ന് കോടികള്‍ പുണരുന്ന ഈ പാളിച്ച കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനമാകില്ല, ഈ ചെയ്തികള്‍ ന്യായീകരിച്ച് എത്ര ലേഖനം എഴുതിയാലും. ഇതിനു പിന്തുണ നല്‍കി പത്രത്തിന്റെയും സി.പി.എമ്മിന്റെയും ഈ മാറ്റത്തെ അവസരം കിട്ടിയപ്പോള്‍ വിമര്‍ശിക്കുന്ന മറ്റു പത്രങ്ങളെയും പത്രാധിപന്മാരെയും പാര്‍ട്ടിയുടെ പ്രസംഗവേദികളില്‍നിന്ന് അസഭ്യം വര്‍ഷിച്ചതുകൊണ്ടും കമ്യൂണിസ്റ്റ് പ്രവര്‍ത്തനമാകില്ല.
ഭീകരസത്യങ്ങളാകെ മൂടിവെക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിഷ്കാസിതനാകുകയും ജനറല്‍ മാനേജര്‍ പരിശുദ്ധനാകുകയും വേണം. സത്യത്തെ ഹോമിച്ച് അസത്യത്തെ സത്യമാക്കുന്ന യാഗത്തിന് ഒരു ബലിയാടുവേണമല്ലോ. ഒരു കള്ളം സത്യമാക്കാന്‍ ആയിരം കള്ളങ്ങള്‍ പറയേണ്ടിവരുന്നു. വൈരുധ്യത്തിന്റെയും അവിശ്വാസത്തിന്റെയും അവജ്ഞയുടെയും ആയിരക്കണക്കിന് കുലകളാണ് അതില്‍നിന്നും പൂത്തുകായ്ച്ചുതുങ്ങുന്നത്. അതില്‍നിന്ന് പരക്കുന്ന ദുര്‍ഗന്ധത്തിന്റെയും അതിനുചുറ്റും മൂളിപ്പറക്കുന്ന കീടങ്ങളുടെയും ദൃശ്യം അത്യസാധാരണം. അത് വീഴ്ത്തിയ ജീര്‍ണതയുടെ ചളിയില്‍ ഇഴഞ്ഞുപുളയുന്ന പുഴുക്കളുടെയും ക്ഷുദ്രജീവികളുടെയും കാഴ്ച അസഹനീയം. അത്തരമൊരു സഹതാപദൃശ്യമാണ് ഇ.എം.എസ് അഭിമാനത്തോടെ കേരളത്തിന് സമര്‍പ്പിച്ച അദ്ദേഹത്തിന്റെ പാര്‍ട്ടിയും പത്രവും ഇപ്പോള്‍ നേരിടുന്നത്. സി.പി.എമ്മില്‍ രാഷ്ട്രീയമായും സംഘടനാപരമായും വന്ന ഇപ്പോഴത്തെ അവസ്ഥയുടെ പ്രതിഫലനമാണത്.
ഇ.എം.എസിന് അത് ജനങ്ങളുടെ പത്രമായിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയുള്ള പത്രം. ജനങ്ങള്‍ ഉടമയായ പത്രം. അതുകൊണ്ട് ജനങ്ങളുടെ രാഷ്ട്രീയമായിരുന്നു പത്രത്തിന്റെ ആത്മാവ്. ആ രാഷ്ട്രീയവും ജനങ്ങളുമായിരുന്നു പത്രത്തിന്റെ മൂലധനം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും എതിരെയുള്ള ദേശാഭിമാന പോരാട്ടത്തിന്റെ പ്രതീകമാക്കിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആ പടവാള്‍ പണിതത്. കോണ്‍ഗ്രസ് ഭരണത്തില്‍ ജന്മി^ബൂര്‍ഷ്വാ^ഭൂപ്രഭു വര്‍ഗത്തിന്റെ ആക്രമണത്തിന് ഇരയായ തൊഴിലാളികളുടെയും കൃഷിക്കാരുടെയും പാവപ്പെട്ടവരുടെയും പോര്‍ചട്ടയായി അതു മാറി. അന്ന് പി.കൃഷ്ണപിള്ളയും, എ.കെ.ജിയും ഇ.എം.എസും എം.എസ്.ദേവദാസും ഐ.സി.പിയും സി.ഉണ്ണിരാജയുമൊക്കെ അതിന്റെ പ്രവര്‍ത്തകരായിരുന്നു. ഒപ്പം ജനങ്ങളുടെ സമരഭൂമികളിലെ പോരാളികളും. ആ സമരങ്ങളുടെ രാഷ്ട്രീയവും ദേശാഭിമാനിയുടെ രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിവിന്റെ, വൈരുധ്യത്തിന്റെ, സംഘര്‍ഷത്തിന്റെ പ്രശ്നം അന്നുണ്ടായിരുന്നില്ല. കുത്തകകളെയും സാമ്രാജ്യത്വശക്തികളെയും എതിര്‍ത്തു തോല്‍പിച്ച് ഈ സമൂഹത്തെ മാറ്റിമറിച്ച് സോഷ്യലിസം സ്ഥാപിക്കുക എന്നതായിരുന്നു ദേശാഭിമാനിയുടെയും അതിന്റെ പ്രവര്‍ത്തകരുടെയും ലക്ഷ്യം. ഇന്ന് ആ ലക്ഷ്യത്തെക്കുറിച്ചും അതിലൂന്നിയുള്ള രാഷ്ട്രീയത്തെക്കുറിച്ചും മൌനം.
അന്ന് ഈ പത്രം ബ്രിട്ടീഷ് ഭരണകൂടവും കോണ്‍ഗ്രസ് സര്‍ക്കാറും പലവട്ടം കണ്ടുകെട്ടി. ദേശാഭിമാനി കണ്ടുകെട്ടുന്ന നടപടി മേലില്‍ അവസാനിപ്പിക്കണമെന്നായിരുന്നു ഗതികെട്ട് മലബാര്‍ കലക്ടര്‍ ബ്രിട്ടീഷ് ഭരണകൂടത്തെ അറിയിച്ചത്. സത്യം വിളിച്ചുപറഞ്ഞതിന് പത്രം കണ്ടുകെട്ടിയാല്‍ ആവശ്യപ്പെട്ടതിന്റെ നാലും അഞ്ചും ഇരട്ടി ജാമ്യസംഖ്യ ദിവസങ്ങള്‍ക്കകം ജനങ്ങള്‍ സ്വരൂപിച്ച് എത്തിക്കുന്നു. പത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നു. ശേഷിക്കുന്ന തുക പാര്‍ട്ടി പ്രവര്‍ത്തനത്തിന് മുതല്‍ മുടക്കുന്നു. ദേശാഭിമാനിയെ ശിക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിപോഷിപ്പിക്കലാണെന്ന് ബ്രിട്ടീഷ് ഭരണകൂടം മനസ്സിലാക്കി.
കോണ്‍ഗ്രസ് ഭരണത്തിലും സാമുവല്‍ ആറോണ്‍മാരുടെ അത്താഴമേശക്കു മുന്നിലിരുന്ന് ഏമ്പക്കമിട്ട ചരിത്രമല്ല ദേശാഭിമാനിയുടെ മുന്‍ഗാമികള്‍ക്ക് ഉണ്ടായിരുന്നത്. ആറോണ്‍ മില്ലിലെ തൊഴിലാളികളുടെ സമരത്തെയും പാട്ടം^വാരകൃഷിക്കാരുടെയും തൊഴിലാളികളുടെയും പക്ഷം ചേര്‍ന്നുള്ള പോരാട്ടമായിരുന്നു ആ പത്രത്തിന്റേത്. 1921ലെ മലബാര്‍ കലാപത്തെക്കുറിച്ചുളള ആഹ്വാനവും താക്കീതും ദേശാഭിമാനി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ കോഴിക്കോട്ടെ വാടകവീട്ടില്‍ വസൂരി പിടിച്ച് കിടന്നിടത്തു നിന്നാണ് ഇ.എം.എസിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഏറനാട്ടിലെ മാപ്പിളകൃഷിക്കാര്‍ നടത്തിയ സാമ്രാജ്യത്വ വിരുദ്ധസമരത്തെ ചരിത്രത്തില്‍ ഉയര്‍ത്തിപ്പിടിച്ചത് ദേശാഭിമാനി സ്വയം ശിക്ഷ ഏറ്റുവാങ്ങിയായിരുന്നു. പില്‍ക്കാലത്ത് തൊഴില്‍സമരങ്ങളെ അടിച്ചമര്‍ത്താന്‍ കുത്തകകളും മുതലാളിമാരും ലക്ഷങ്ങളുടെ പരസ്യം വാരിക്കോരി കൊടുത്തപ്പോള്‍ അവക്കുനേരെ വാതില്‍ കൊട്ടിയടക്കുകയായിരുന്നു ദേശാഭിമാനി. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഒരു പെണ്‍ഹിറ്റ്ലര്‍ വന്നിരിക്കയാണെന്ന് തോക്കുകളെയും കല്‍ത്തുറുങ്കുകളെയും മുന്നില്‍ കണ്ടിട്ടും കൂസാതെ കേരളത്തില്‍ വിളിച്ചുപറഞ്ഞ മലയാളത്തിലെ ഏകപത്രം ദേശാഭിമാനി ആയിരുന്നു. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും ജനമര്‍ദകര്‍ക്കും ചൂഷകര്‍ക്കും എതിരെ എന്നും നീന്തിയ പത്രം. ആഗോളീകരണത്തിനെതിരെ ജനശക്തിയെ ഏകോപിപ്പിക്കേണ്ട പത്രം.
ഇന്നത് ഒഴുക്കിനൊപ്പം ഒഴുകുന്നു. അതിന്റെ രാഷ്ട്രീയ ആത്മാവ് ക്രിമിനല്‍ മൂലധനവും, എളുപ്പം ലഭ്യമാകുന്ന ധനവും (Easy money) വിഴുങ്ങുന്നു. എല്ലാ പരസ്യങ്ങളും സി.പി.എം മുഖപത്രത്തിന് സ്വീകാര്യമാണത്രെ, രാഷ്ട്രീയ പരസ്യങ്ങളടക്കം. കമ്പോളാവസ്ഥക്ക് ഒപ്പം ഒഴുകുകയാണ് പുതിയ നയമെന്ന് വിശദീകരിക്കപ്പെടുന്നു. വന്‍കിട പത്രകുത്തകകളോട് മല്‍സരിക്കുകയാണത്രെ, ഏറ്റവും നൂതനമായ സാങ്കേതികവിദ്യ വിലകൊടുത്തുവാങ്ങി. കുത്തകപത്രങ്ങളെപ്പോലെ എല്ലാ പരസ്യങ്ങളും വിപണിയിലെ എല്ലാ പണവും സ്വീകരിച്ചു. സാന്റിയാഗോ മാര്‍ട്ടിന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും ഒരുപക്ഷേ മൂന്നാമന്‍ വഴി ബിന്‍ലാദനും സി.ഐ.എയും കൊടുത്തയക്കുന്ന പണംപോലും അത് സ്വീകരിക്കും. കളങ്കിതമായ പണം പാര്‍ട്ടി മുഖപത്രത്തിലെത്തിയാല്‍ പുണ്യാഹം തളിച്ച് പരിശുദ്ധിയായി എന്ന് പത്രത്തിന്റെ തന്ത്രിമാര്‍..... വിശ്വാസം രാഷ്ട്രീയത്തിലാകുന്നതിനു പകരം വ്യക്തികളിലാകുമ്പോള്‍ കമ്യൂണിസം പോകുന്ന വഴി ഇങ്ങനെ.
ആദ്യം ദേശാഭിമാനി പെറ്റുവീണപ്പോള്‍ കുറെ കോപ്പികളുമായി പൊതുയോഗസ്ഥലത്തേക്ക് പോയത് എ.കെ.ജി വിശദീകരിക്കുന്നുണ്ട്. കൃഷിക്കാരും പാവപ്പെട്ടവരും തിങ്ങിനിറഞ്ഞ പൊതുയോഗം. ഒരണ കൊടുത്ത് അവരാ പത്രം വാങ്ങി നോക്കുന്നത് എ.കെ.ജി ശ്രദ്ധിച്ചു. തങ്ങളുടെ സ്വന്തം കുഞ്ഞിനെ കണ്ട ആഹ്ലാദവും ആവേശവുമായിരുന്നു അവരുടെ മുഖത്തും കണ്ണുകളിലും. എന്നാല്‍ ഇന്ന് കടക്കെണിയും ജപ്തി നടപടികളും നേരിടുന്ന കൃഷിക്കാര്‍ തങ്ങളില്‍ നിന്ന് ഈ പത്രവും ഈ പാര്‍ട്ടിയും അകന്നകന്ന് പോകുകയാണോ എന്ന് ആശങ്കപ്പെടുന്നു. സാന്റിയാഗോ മാര്‍ട്ടിന്മാരും വന്‍കിട ഭൂ^വികസന കുത്തകളും ബില്‍ഡര്‍മാരും നോട്ടിരട്ടിപ്പുകാരും തൊഴിലാളി വര്‍ഗത്തിന്റെ ഒരു കാലത്തെ ഈ പര്‍ണശാലയില്‍ സിംഹാസനസ്ഥരായി ഇപ്പോള്‍ ഇരിക്കുന്നത് കണ്ട് ജനം ഞെട്ടുന്നു. വിഷം കഴിച്ച് മരിക്കുമെന്ന് പറഞ്ഞവരാണെന്ന് നിരവധി വട്ടം ആക്ഷേപിക്കപ്പെട്ടവരുടെ പത്രാധിപസമിതി ഉപദേഷ്ടാവ് ദേശാഭിമാനി പത്രാധിപന്മാരെ ക്ലാസെടുത്ത് നന്നാക്കുന്നു. ''കാലം മാറി സഖാവേ, കമ്പോള വ്യവസ്ഥക്കൊപ്പം ഒഴുകി നമുക്ക് പത്രത്തെയും കേരളത്തെയും വികസിപ്പിക്കാ''മെന്നു പറഞ്ഞ് മറ്റൊരു കുത്തകയുടെ ഇംഗ്ലീഷ് പത്രത്തില്‍ ഇരുന്നു നരച്ച ഒരാള്‍ അധ്യാപക വേഷത്തിലെത്തുന്നു.
പ്രകാശ് കാരാട്ട് പറഞ്ഞത് ഇങ്ങനെ: ''ഞാന്‍ മാത്രമല്ല ഇന്ത്യയിലെ പാര്‍ട്ടിയാകെ ഞെട്ടിപ്പോയി.'' കമ്യൂണിസ്റ്റാണെങ്കില്‍ എങ്ങനെ ഞെട്ടാതിരിക്കാന്‍.ഈ യഥാര്‍ഥ അവസ്ഥയുടെ വാതില്‍ തുറക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം നിര്‍ദേശിച്ച അന്വേഷണം കൊണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. അതെന്തായാലും കാലം ഗുഹാകവാടം വലിച്ചു തുറക്കുകയും അസ്ഥിപഞ്ജരങ്ങള്‍ പുറത്ത് വലിച്ചിടുകയും ചെയ്യും. നേരിന്റെ വെളിച്ചമായി കരുതിയ ഒരു പത്രവും പാര്‍ട്ടിയും ഇരുട്ടിന്റെ ശക്തികളുടെ കാവലാളുകളായി മാറിയതെങ്ങനെ എന്ന അദ്ഭുതത്തിനു മുന്നിലാണ് കേരളം ഇപ്പോഴും അന്ധാളിച്ചു നില്‍ക്കുന്നത്. കേള്‍ക്കുന്നതൊന്നും സത്യമാകാതിരിക്കട്ടെ എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ നെഞ്ചില്‍ കൈ വെക്കുന്നത്.
ഇ.എം.എസിന്റെ മകന്‍ ഇ.എം. ശ്രീധരന്‍ അസോസിയേറ്റ് എഡിറ്ററായി ദേശാഭിമാനിയില്‍ ചാര്‍ജെടുത്തപ്പോള്‍ ഫോണില്‍ വിളിച്ചു. ദേശാഭിമാനി നന്നാക്കാനുള്ള ശ്രമത്തില്‍ എന്തു ചെയ്യാനാകുമെന്ന ഉത്കണ്ഠ പങ്കുവെച്ചു. ആ ആശയവിനിമയത്തിനിടക്ക് പറയേണ്ടിവന്ന ഒരു വാചകം ഓര്‍മയില്‍വന്നു: ''സാക്ഷാല്‍ ഇ.എം.എസ് വന്നാലും ദേശാഭിമാനിയെ മാത്രമായി ഇനി നന്നാക്കാനാകില്ല. കാരണം അത് എന്നും പാര്‍ട്ടിയുടെ ഒരു കണ്ണാടിയിലെ പ്രതിബിംബമാണ്. പാര്‍ട്ടി നന്നാവാതെ ദേശാഭിമാനിയെ മാത്രം ആര്‍ക്കും നന്നാക്കാനാവില്ല.''
Tuesday, July 17, 2007
Subscribe to:
Post Comments (Atom)
3 comments:
ആശയവിനിമയത്തിനിടക്ക് പറയേണ്ടിവന്ന ഒരു വാചകം ഓര്‍മയില്‍വന്നു: ''സാക്ഷാല്‍ ഇ.എം.എസ് വന്നാലും ദേശാഭിമാനിയെ മാത്രമായി ഇനി നന്നാക്കാനാകില്ല. കാരണം അത് എന്നും പാര്‍ട്ടിയുടെ ഒരു കണ്ണാടിയിലെ പ്രതിബിംബമാണ്. പാര്‍ട്ടി നന്നാവാതെ ദേശാഭിമാനിയെ മാത്രം ആര്‍ക്കും നന്നാക്കാനാവില്ല.''
ഒരുകോടി രൂപയുടെ കോഴ വാങ്ങിയതിന് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജരെ പുറത്താക്കുകയും കേസെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആ ഞെട്ടലിനുശേഷം മിഴിയടച്ചു തുറക്കുംമുമ്പാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി കുംഭകോണക്കാരനില്‍നിന്ന് രണ്ടു കോടി രൂപ പാര്‍ട്ടി മുഖപത്രത്തിന്റെ ജനറല്‍ മാനേജര്‍ വാങ്ങിവെച്ചതിന്റെ രേഖകള്‍ ഭീകരമായി തുറിച്ചുനോക്കുന്നത്. പതിനാല് ലോകവും ഉണ്ണിയുടെ വായില്‍ക്കണ്ട് അന്ധാളിച്ച യശോദയുടെ ഞെട്ടല്‍പോലെയല്ലല്ലോ, ഭീകരമായ ഈ കാഴ്ച. സി.പി.എമ്മിന്റെ പരിശുദ്ധിയും രാഷ്ട്രീയവും വിറ്റുപണമാക്കി. ക്രിമിനല്‍ മൂലധനത്തിന്റെ കോടികളുടെ കിഴികള്‍ നിരത്തിവെച്ചതിന്റെ വാതില്‍പ്പഴുത് കാഴ്ച മാത്രമേ ഇതാകുന്നുള്ളൂ എന്ന് ഇനി പറയാതിരിക്കാന്‍ വയ്യ.
Post a Comment