Sunday, July 15, 2007

ശിവഗിരി തീര്‍ഥാടന പ്ലാറ്റിനം ജൂബിലി തുടങ്ങി .


ഭൌതികതയെയും ആത്മീയതയെയും സംയോജിപ്പിക്കുന്ന ചിന്താധാരയാണ് ശിവഗിരി തീര്‍ഥാടനമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്വന്തം മോക്ഷത്തിന് വേണ്ടി മാത്രം പ്രാര്‍ഥനാ ജീവിതത്തില്‍ കഴിയുന്ന സന്ന്യാസിമാരില്‍ വ്യത്യസ്തനാണ് ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ശിവഗിരി തീര്‍ഥാടനം പ്ലാറ്റിനം ജൂബിലി ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോഴയും വന്‍ഫീസും കാരണം പാവപ്പെട്ടവന് ഉന്നത വിദ്യാഭ്യാസം സാധ്യമാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതിന് ആരാണ് തടസ്സം നില്‍ക്കുന്നത്? അതിനെ പ്രതിരോധിച്ച് മുന്നോട്ടു പോകണം. ശിവഗിരിയുടെ ആസ്ഥാനം, ഇതുപോലെ വര്‍ത്തമാനകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എന്തൊക്കെ ചെയ്യാം എന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പ്രാര്‍ഥനകള്‍ക്കൊപ്പം മുന്നോട്ടുവെയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങില്‍ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ആദ്ധ്യക്ഷ്യം വഹിച്ചു. സ്വാമി സച്ചിദാനന്ദ, എം.കെ.പ്രസാദ്, മുന്‍ മന്ത്രി ജി.കാര്‍ത്തികേയന്‍, സ്വാമി സുധാനന്ദ, മാങ്കോട് രാധാകൃഷ്ണന്‍ എം.എല്‍.എ., കുറിച്ചി സദന്‍, ഡോ.ഇന്ദ്രബാബു, എം.ജി.ശശിഭൂഷണ്‍, ബിജു രമേഷ്, സ്വാമി ഋതംബരാനന്ദ, കെ.എസ്.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാമി അവ്യയാനന്ദ തയ്യാറാക്കിയ 'ഗുരുവായൂര്‍ പുണ്യാഹം_വാദം, പ്രതിവാദം' എന്ന പുസ്തകം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ജി.കാര്‍ത്തികേയന് നല്‍കി പ്രകാശനം ചെയ്തു
.

No comments: