Wednesday, July 18, 2007

ടാറ്റ പാട്ടത്തിനെടുത്ത പാര്‍ട്ടി

ടാറ്റ പാട്ടത്തിനെടുത്ത പാര്‍ട്ടി

ടി.എം. സന്തോഷ്കുമാര്‍, പാലക്കാട്


ലജ്ജാകരം! ടാറ്റ നിയമപരമായും അല്ലാതെയും ഭൂമി കൈയടക്കിവെച്ച് കണ്ണന്‍ദേവന്‍ സംസ്ഥാനമാക്കി മാറ്റിയ രാജ്യം പിടിച്ചടക്കാന്‍ ബുള്‍ഡോസറും കുറച്ച് ദൌത്യസൈനികരുമായി മുന്നേറുന്ന മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കാന്‍ നിയമസഭയില്‍ ആരുമില്ല എന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാകൂ. മാത്രവുമല്ല സാങ്കേതികത്വം പറഞ്ഞ് വി.എസിന്റെ ശ്രമങ്ങളെ പാരവെക്കാനും അതിലൂടെ ടാറ്റയെ സംരക്ഷിക്കാനും ശ്രമിക്കുന്ന ഇത്തരക്കാര്‍ ആട്ടിന്‍തോലണിഞ്ഞ ചാരന്മാരാണ്.
ടാറ്റയെ തൊട്ടാല്‍ എല്ലാര്‍ക്കും പൊള്ളും. ദേശാഭിമാനിയെ തൊട്ടപ്പോഴെന്തായിരുന്നു പുകില്? 'മഞ്ഞപ്പത്രത്തിന്റെ അധിപനെ' തട്ടിക്കളയുമെന്നുവരെ പറഞ്ഞു. കുട്ടിസഖാക്കള്‍ തെരുവിലിറങ്ങി ഓഫീസ് കത്തിച്ചുകളഞ്ഞു. എന്തേ ഈ പ്രതിഷേധമൊന്നും ഇപ്പോഴില്ലാത്തത്? എല്ലാം ടാറ്റയുടെ നാട്ടിലെ 'ഗാന്ധി'യുടെ പവറുതന്നെ. എഴുപതിനായിരം ഏക്കറാണ് ജനങ്ങളുടെ ഭൂമി ടാറ്റയുടെ കൈയിലുള്ളത്. പാട്ടക്കരാര്‍ പുതുക്കാന്‍പോലും സര്‍ക്കാറിന് കഴിയുന്നില്ല. ടാറ്റയുടെ സമ്മതമില്ലാതെ ഒരു ഈച്ചപോലും കെ.ഡി.എച്ച് വില്ലേജില്‍ പറക്കില്ല. ഇതെന്താ വെള്ളരിക്കാ പട്ടണമോ! ടാറ്റയെന്താ ഈസ്റ്റിന്ത്യാ കമ്പനിയോ? പ്രതീകാത്മകമായി ബോര്‍ഡ് പിഴുത് കേരള സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ ''മുഖ്യമന്ത്രി കള്ളനാണ്, ഗീബല്‍സാണ്'' എന്ന് ചാനലുകളില്‍ കയറിയിരുന്ന് ഒരു മലയാളിയെക്കൊണ്ടുതന്നെ പറയിപ്പിക്കാന്‍പോലും ടാറ്റക്ക് കഴിയുന്നു. ഈ നാട്ടിലെന്താ ആണുങ്ങളൊക്കെ കാശിക്ക് പോയോ? ആഗോളീകരണത്തെയും മുതലാളിത്തത്തെയും കുത്തകകളെയും കുറിച്ച് പേജുകണക്കിന് ഗീര്‍വാണം ഛര്‍ദിക്കുന്ന ഇടതു^വലത് രാഷ്ട്രീയ പ്രഭുക്കള്‍ മുതലാളിത്ത^മൂലധന മാഫിയെ നേരില്‍ കാണുമ്പോള്‍ ട്രൌസറില്‍ മൂത്രമൊഴിക്കുന്നു. വണ്‍മാന്‍ഷോ നടത്തിയാലും ജനങ്ങളോടുള്ള പ്രതിബദ്ധത നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ പുലഭ്യം പറഞ്ഞ് അന്തരീക്ഷം മ്ലേച്ഛമാക്കുന്നു. കണ്ണന്‍ദേവന്‍ മലകള്‍ കൂടാതെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ടാറ്റ പാട്ടത്തിനെടുത്തിരിക്കുകയാണോ? കേരളത്തിലിപ്പോള്‍ കുറെ 'അമിതാഭ് ബച്ചന്‍'മാര്‍ വില്ലന്മാരായി തനിനിറത്തില്‍ അവതരിച്ചിരിക്കുന്നു. അവര്‍ക്കിപ്പോള്‍ അമ്രീഷ്പുരിയുടെ മുഖമാണ്. സി.പി.ഐ എന്ന പാര്‍ട്ടിതന്നെ മുതലാളിത്തത്തിന്റെയും വനം^റവന്യൂ കൈയേറ്റ മാഫിയയുടെയും താവളമായിരിക്കുന്നു. കഴിഞ്ഞ ഭരണകാലത്ത് എല്ലാ സമരമുഖങ്ങളിലും സി.പി.എമ്മിനെ തെറിപറഞ്ഞ് നിറഞ്ഞുനിന്ന ഇവര്‍ പ്ലാച്ചിമടയില്‍നിന്നുവരെ പിന്‍വലിഞ്ഞു തുടങ്ങിയിരിക്കുന്നു.
ലക്ഷക്കണക്കിന് കൂലിത്തൊഴിലാളികളായ 'വെള്ളം കോരികളുടെയും വിറകുവെട്ടികളുടെയും' പാര്‍ട്ടിയായ സി.പി.എമ്മിനെ തിരുത്താനും ജനപക്ഷത്ത് ഉറപ്പിച്ചുനിറുത്താനും 'മാധ്യമ സിന്‍ഡിക്കേറ്റും' ജനപക്ഷ രാഷ്ട്രീയ^സാംസ്കാരിക നായകന്മാരുമടക്കം ഒരു വന്‍നിര ബോധപൂര്‍വം ശ്രമിക്കുമ്പോള്‍, മറുവശത്ത് ആര്‍ക്കുംവേണ്ടാത്ത, അണികളില്ലാത്ത സി.പി.ഐ ആസനത്തില്‍ മുളച്ച ആല്‍മരമായി കേരളത്തില്‍ ഒരു ഇടതുപക്ഷ കോണ്‍ഗ്രസ്^ഐ ആയി മാലിന്യംതിന്നുവളരുന്നത് നാം കാണാതിരുന്നുകൂടാ. അതിനെ വെട്ടിമാറ്റിയാല്‍ പോരാ, വേരോടെ പിഴുതെറിയണം. ചാനലുകള്‍തോറും വിപ്ലവം അതിസാരിക്കുന്ന മുടിനീട്ടിയവരും വരമീശക്കാരും കട്ടിമീശക്കാരുമായ ഇവര്‍ വിപ്ലവത്തിന്റെ ഒറ്റുകാരാണ്. ഇലക്ഷന്‍ അടുക്കുമ്പോള്‍ അവരുടെ കൂര്‍ത്ത ദംഷ്ട്രകള്‍ ഒളിപ്പിച്ചുവെച്ച് ചിരിച്ചുകൊണ്ട് കടന്നുവരും. പിന്‍കാലുകൊണ്ട് തട്ടിയെറിയണമവരെ. ഇടതിനും വലതിനും നടുവില്‍ ഒരു നടുപക്ഷ (മധ്യപക്ഷ) രാഷ്ട്രീയ ബദലുണ്ടാകണം. പോരാട്ടത്തിന്റെ രാഷ്ട്രീയം! ഇടപെടലിന്റെ രാഷ്ട്രീയം! അതിനായി പരിശ്രമിക്കുകയെന്നത് നമ്മുടെ നിലനില്‍പിന്റെ ആവശ്യമാണ്. അടുത്ത ഇലക്ഷനില്‍ അധിനിവേശവിരുദ്ധ^രാഷ്ട്രീയ^പാരിസ്ഥിതിക^പോരാട്ട സംഘങ്ങളുടെ ഒരു ഐക്യനിര സജീവമായിതന്നെ ഈ ദേശവിരുദ്ധര്‍ക്കെതിരെ രംഗത്തുണ്ടാകണം. റോം കത്തിയെരിയുന്നു.... വീണവായിക്കാന്‍ നമുക്കെന്തവകാശം?ടാറ്റയെന്ന കാട്ടുകള്ളന്റെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചുകൊണ്ടും അതിനായി കാമ്പയിന്‍ സംഘടിപ്പിച്ചുകൊണ്ടും വിപണിയില്‍നിന്നും അതിനെ തൂത്തെറിയാന്‍ നമുക്ക് കഴിയും. നമുക്കതിന് കഴിയണം. ഈ പോരാട്ടഭൂമിയില്‍ നമുക്കുചുറ്റും ശത്രുക്കളാണെന്നും അവര്‍ പ്രബലരാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകണം. ജനാധിപത്യം നല്‍കിയ വിശാല പ്ലാറ്റ്ഫോമില്‍നിന്നുകൊണ്ടുതന്നെ ഈ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ അണിനിരക്കണം.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

ലജ്ജാകരം! ടാറ്റ നിയമപരമായും അല്ലാതെയും ഭൂമി കൈയടക്കിവെച്ച് കണ്ണന്‍ദേവന്‍ സംസ്ഥാനമാക്കി മാറ്റിയ രാജ്യം പിടിച്ചടക്കാന്‍ ബുള്‍ഡോസറും കുറച്ച് ദൌത്യസൈനികരുമായി മുന്നേറുന്ന മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കാന്‍ നിയമസഭയില്‍ ആരുമില്ല എന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാകൂ. മാത്രവുമല്ല സാങ്കേതികത്വം പറഞ്ഞ് വി.എസിന്റെ ശ്രമങ്ങളെ പാരവെക്കാനും അതിലൂടെ ടാറ്റയെ സംരക്ഷിക്കാനും ശ്രമിക്കുന്ന ഇത്തരക്കാര്‍ ആട്ടിന്‍തോലണിഞ്ഞ ചാരന്മാരാണ്.