Tuesday, July 17, 2007

മാധ്യമങ്ങള്‍ കെട്ടിപ്പടുക്കുന്ന ചീട്ടുകൊട്ടാരം തകരും

മാധ്യമങ്ങള്‍ കെട്ടിപ്പടുക്കുന്ന ചീട്ടുകൊട്ടാരം തകരും.
സി പി നാരായണന്‍ .


സിപിഐ എമ്മിന്റെ അംഗങ്ങളുടെയും അനുഭാവികളുടെയും ഇടയില്‍ വലിയ ആശയക്കുഴപ്പവും ധാര്‍മിക രോഷവും ഉയര്‍ത്തിയ രണ്ട് വാര്‍ത്തകളാണ് ജൂണ്‍ അവസാനവാരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ദേശാഭിമാനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വേണുഗോപാല്‍ ഒരു കോടി രൂപ കൈക്കൂലിയായി വാങ്ങിയത്, ദേശാഭിമാനി താല്‍ക്കാലിക വായ്പയായി കളങ്കിതവ്യക്തിത്വമുള്ള രണ്ട്പേരില്‍നിന്ന് രണ്ടുകോടി രൂപ സ്വീകരിച്ചത് എന്നിവയാണ് അവ.
ആദ്യത്തെ സംഗതി പാര്‍ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍വരികയും അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരില്‍നിന്ന് വിവരം ശേഖരിച്ചു വേണുഗോപാല്‍ ഗുരുതരമായ കുറ്റംചെയ്തു എന്ന് തെളിയുകയുംചെയ്തതിനെതുടര്‍ന്ന് അയാളെ പാര്‍ടിയില്‍നിന്ന് പുറത്താക്കി. ദേശാഭിമാനിയില്‍ കുറെക്കാലം പ്രവര്‍ത്തിച്ച് അതിന്റെ മാനേജ്മെന്റിന്റെ ഉന്നത നിലവാരത്തില്‍ എത്തിയ ഒരാള്‍ ഇങ്ങനെചെയ്തത് പാര്‍ടിയിലും ജനങ്ങള്‍ക്കിടയലും വലിയ നിരാശയും അമര്‍ഷവും ഉളവാക്കിയത് സ്വാഭാവികമാണ്.
രണ്ട് സംശയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സാധാരണഗതിയില്‍ ഉയര്‍ന്നുവന്നത്. ഇത്രയുംവലിയ തുക ദേശാഭിമാനിയില്‍ ഇത്രയും ഉന്നതസ്ഥാനീയനായ ഒരു പാര്‍ടി അംഗം സ്വീകരിച്ചത് ഒറ്റയ്ക്കാണോ? പാര്‍ടി ഭരണത്തിലായതുകൊണ്ട് ചില കേസുകളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ലിസ് എന്ന സ്ഥാപനം ഈ കൈക്കൂലി നല്‍കിയത് എന്തെങ്കിലും പ്രതീക്ഷിച്ചായിരിക്കുമല്ലോ. അങ്ങനെ വല്ലതും അന്യായമായി പാര്‍ടിതലത്തിലോ സര്‍ക്കാര്‍തലത്തിലോ നടന്നിട്ടുണ്ടോ? പ്രാഥമികാന്വേഷണത്തില്‍ പാര്‍ടിയിലും സര്‍ക്കാരിലും മറ്റാരും ഈ ഇടപാടില്‍ പങ്കാളികളായതായോ സര്‍ക്കാര്‍തലത്തില്‍ വല്ല ആനുകൂല്യവും ലിസിന് ചെയ്തതായോ വെളിവായിട്ടില്ല.
അതുകൊണ്ട് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പാര്‍ടി മറ്റാരുടെമേലും നടപടി കൈക്കൊണ്ടിട്ടില്ല. ഇതുസംബന്ധിച്ച് പൊലീസ് കേസെടുക്കുമ്പോള്‍ ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
പ്രതിപക്ഷവും മാധ്യമങ്ങളും ഈ സംഭവങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി. സിപിഐ എമ്മിന്റെ ധാര്‍മികനിലവാരത്തെ അവരില്‍ പലരും കടുത്ത ആക്രമണത്തിന് വിധേയമാക്കി. ഒരു തെളിവും ഇല്ലാതെ പാര്‍ടിയുടെയും നേതാക്കളുടെയുംമേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്താന്‍ അവരില്‍ പലരും ശ്രമിച്ചുവരികയാണ്.
രണ്ടാമത്തെ സംഗതി ദേശാഭിമാനിയുടെ വികസനത്തിനായി പലരില്‍നിന്നും വാങ്ങിയ താല്‍ക്കാലിക നിക്ഷേപങ്ങളുടെ കൂട്ടത്തില്‍ വിവാദ ലോട്ടറിക്കാരനായ സാന്തിയാഗൊ മാര്‍ട്ടിന്റെ മക്കളില്‍നിന്ന് രണ്ടുകോടി രൂപവാങ്ങിയതാണ്. പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി ഇത്തരം കാര്യങ്ങള്‍ക്കായി അംഗീകരിച്ച മാനദണ്ഡങ്ങളില്‍നിന്ന് വ്യതിചലിച്ചാണ് ഈ നിക്ഷേപം സ്വീകരിച്ചത് എന്നാണ് വിമര്‍ശനം. അതില്‍ കഴമ്പുണ്ട് എന്ന് കണ്ടതിനാലാണ് ആ തുക ഉടനെ തിരിച്ചുകൊടുക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് നിര്‍ദേശിച്ചതും സംസ്ഥാനകമ്മിറ്റി അംഗീകരിച്ചതും.
അങ്ങനെ തുക തിരിച്ചുകൊടുത്താല്‍ അതിലെ മാനദണ്ഡലംഘനവും അതില്‍നിന്നു ഉയര്‍ന്നുവരുന്ന ധാര്‍മിക പ്രശ്നങ്ങളും തീരുമെന്ന് പാര്‍ടി കരുതുന്നില്ല. ഒരു കാര്യത്തില്‍ തെറ്റ്ചെയ്തുവെന്ന് തിരിച്ചറിഞ്ഞാല്‍ അത് തിരുത്തുന്നത് ഒരു സംഭവമല്ല, ഒരു പ്രക്രിയയാണ്. അതില്‍ ആദ്യത്തെ നടപടിയാണ് ആ തുക തിരിച്ചുകൊടുക്കുക. അത് വാങ്ങിയതുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും അന്വേഷിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സംസ്ഥാന സെക്രട്ടറിയറ്റിനെ നിയോഗിച്ചിട്ടുണ്ട്. അത് ലഭിച്ചാല്‍ പാര്‍ടി കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യും.
എന്നാല്‍, വേണുഗോപാല്‍ ഒരു കോടി രൂപ സ്വീകരിച്ചതും രണ്ട് കോടി രൂപ 'ബോണ്ട്' ആയി ദേശാഭിമാനി വരവ് വെച്ചതും ഒരുപോലെയാണെന്ന് പ്രതിപക്ഷവും ചില മാധ്യമങ്ങളും വ്യാഖ്യാനിക്കുന്നു. അതിനോട് യോജിപ്പില്ല. വേണുഗോപാലിന്റെ ആ നടപടിയുടെ ഒരംശത്തിനും പാര്‍ടിയുടെ അംഗീകാരമില്ല. എന്നാല്‍, ദേശാഭിമാനിയുടെ വികസനത്തിനായി താല്‍ക്കാലിക കടമായി പണം സ്വീകരിക്കാന്‍ പാര്‍ടി സംസ്ഥാകമ്മിറ്റി ദേശാഭിമാനി മാനേജ്മെന്റിനു ഏതാനും മാസംമുമ്പ് അംഗീകാരം നല്‍കിയിരുന്നു. നിശ്ചിതകാലയളവിനുള്ളില്‍ മുതലും പലിശയുംകൂടി തിരിച്ചുനല്‍കുമെന്നാണ് കരാര്‍.
തുക വാങ്ങിയതിലല്ല, അതിനെ വികസനനിക്ഷേപം എന്നതിനുപകരം വികസനബോണ്ട് എന്ന് വിശേഷിപ്പിച്ചതാണ് തെറ്റ്. ബോണ്ടിന് നിയമപരമായി മറ്റ് അര്‍ഥങ്ങളും മാനങ്ങളുമുണ്ട്. രണ്ടാമത്, കളങ്കിത വ്യക്തിത്വമുള്ളവരില്‍നിന്ന് അത് സ്വീകരിച്ചതാണ്. മുമ്പും ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇങ്ങനെ വികസനനിക്ഷേപം സ്വീകരിക്കുകയും യഥാവസരം തിരിച്ചുനല്‍കുകയുംചെയ്തു. ദേശാഭിമാനി ഒരു മാധ്യമസ്ഥാപനമാണ്. ആ നിലയില്‍ മറ്റ് മാധ്യമസ്ഥാപനങ്ങള്‍ ചെയ്യുന്നതുപോലെ കടംവാങ്ങുകയും തിരിച്ചുകൊടുക്കുകയുംചെയ്യാം. പക്ഷേ, പാര്‍ടി സ്ഥാപനമായതിനാല്‍ പാര്‍ടി മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത നിക്ഷേപം സ്വീകരിച്ചുകൂട. അതില്‍ ചില പാളിച്ചകള്‍ വന്നതുകൊണ്ടാണ് ആ പണം തിരികെ കൊടുക്കാനും ആ വിഷയത്തെ സമഗ്രമായി പരിശോധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനും പാര്‍ടി നേതൃത്വം തീരുമാനിച്ചത്. ഇതുസംബന്ധമായ ജനങ്ങളുടെ ആശങ്കകളും മനഃപ്രയാസവും താമസിയാതെ പരിഹരിക്കാമെന്ന് പാര്‍ടി കരുതുന്നു.
ഇങ്ങനെ രണ്ട് സംഭവങ്ങള്‍ ഉണ്ടായതിനെ കരുവാക്കി പ്രതിപക്ഷവും ചില മാധ്യമങ്ങളും സിപിഐ എമ്മിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും പാര്‍ടിയെയാകെ കരിതേച്ചുകാണിക്കുകയുമാണ്. ഒന്നാമത് ലിസിന്റെ കാര്യമെടുക്കാം. ലിസ് ജനങ്ങളെ കബളിപ്പിക്കുന്ന തരത്തില്‍ പണമിരട്ടിപ്പടക്കമുള്ള തട്ടിപ്പുകള്‍ നടത്തുന്നതിനെ ദേശാഭിമാനി മുമ്പ് തുറന്നുകാട്ടിയിരുന്നതാണ്. അക്കാലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് നടപടിയെടുക്കുന്നതിന് രണ്ടരവര്‍ഷക്കാലം അനുമതി നല്‍കാതിരുന്നവരാണ് യുഡിഎഫ് സര്‍ക്കാര്‍.
അവര്‍ അധികാരത്തില്‍നിന്ന് പോകുന്ന പോക്കിലാണ്, അവര്‍ അറിയാതെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ഡിഎഫ് ഗവണ്‍മെന്റാണ് ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നടത്തിയത്. കോടതിവിധി ലിസിന് അനുകൂലമായിട്ടായിരുന്നു. അതിനെതിരെയുള്ളഅപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലിസിന്റെയോ ജ്യോതിസിന്റെയോ കാര്യത്തില്‍ സിപിഐ എമ്മിന് ഒരു താല്‍പര്യവുമില്ല. അവയുടെ മേല്‍ കര്‍ശന നടപടി വേണമെന്നുതന്നെയാണ് അഭിപ്രായം. അതനുസരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതും.
ഇത്തരം കാര്യങ്ങളില്‍ അഴിമതിക്കാരായ സ്ഥാപനങ്ങള്‍ക്കുവേണ്ടി അന്യായമായി പലതും ചെയ്ത പാരമ്പര്യമുള്ളവരാണ് കോണ്‍ഗ്രസും യുഡിഎഫ് മൊത്തത്തിലും. അവരില്‍ പലരുടെയുംമേല്‍ വിജിലന്‍സിന്റെയും മറ്റും കേസുകളുണ്ട്. വ്യക്തമായ പല ആരോപണങ്ങളും ഉത്തരവാദപ്പെട്ടവര്‍ അവരുടെമേല്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും അന്വേഷിക്കാനോ തെറ്റ്ചെയ്തെന്ന് തെളിഞ്ഞവരുടെമേല്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളാനോ യുഡിഎഫിലെ ഒരു കക്ഷിയും ഒരിക്കലും തയ്യാറാകാറില്ല. അവരാണ് മന്തുകാലന്‍ തൊഴിക്കുന്നതുപോലെ സിപിഐ എമ്മിന്റെ മേല്‍ സംശയത്തിന്റെ പുക പരത്താന്‍ ശ്രമിക്കുന്നത്.
വ്യവസായികളില്‍നിന്നും കരാറുകാരില്‍നിന്നും ഹവാല ഇടപാടുകാരില്‍നിന്നും മറ്റും വന്‍ തുകകള്‍ കോഴയായി വ്യക്തിപരമായും പാര്‍ടിയെന്ന നിലയിലും ബൂര്‍ഷ്വാ പാര്‍ടികളും നേതാക്കളും വാങ്ങിയ എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രമേശ്ചെന്നിത്തല ഹിമാലയ എന്ന ധനകാര്യ കമ്പനിയില്‍നിന്ന് കോടിക്കണക്കിന് രൂപ കൈക്കലാക്കി എന്ന ആരോപണം അന്വേഷിക്കാന്‍പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. അവയില്‍ ചിലവ സുപ്രീം കോടതിയുടെവരെ പരിഗണനക്കായി സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ദുരൂഹമായ കാരണങ്ങളാല്‍ ഇവരില്‍ മിക്കവരും ഈ നടപടികള്‍ പിന്‍വലിക്കുകയോ അവയില്‍നിന്ന് മറ്റുവിധത്തില്‍ രക്ഷപ്പെടുകയോ ആണ് പതിവ്. ഇതൊക്കെ സംബന്ധിച്ച് ജനങ്ങള്‍ക്ക് വലിയ വിമര്‍ശനവും ഉല്‍ക്കണ്ഠയും ഉള്ളതായി പലതവണ തെളിഞ്ഞിട്ടുണ്ട്.
ദേശാഭിമാനിയും സിപിഐ എമ്മും ഇവരുടെ വഴിക്കുപോയോ എന്നതാണ് പാര്‍ടിക്കാരും ബന്ധുക്കളും അടക്കമുള്ള ജനങ്ങളുടെ ആശങ്ക. ആ ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികം. അവ ബൂര്‍ഷ്വാ പാര്‍ടികളുടെയും സ്ഥാപനങ്ങളുടെയും വഴിക്ക് പോകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു, ആവശ്യപ്പെടുന്നു. അവരുടെ ഈ വികാരത്തെ പ്രതിപക്ഷവും അവരോടൊപ്പം നീങ്ങുന്ന ചില മാധ്യമങ്ങളും മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. സിപിഐ എമ്മിനെയും അതിന്റെ നേതാക്കളെയും കരിതേച്ച് കാണിക്കുകയാണ് അവര്‍.
തെറ്റ്ചെയ്ത ഒരാളെയും പാര്‍ടിയില്‍ എത്ര ഉന്നതനാണെങ്കില്‍പോലും പാര്‍ടി വെറുതെ വിടാറില്ല. അര്‍ഹിക്കുന്ന ശിക്ഷ നല്‍കും. തെറ്റ് തിരുത്തി പാര്‍ടിക്കൊപ്പം കൊണ്ടുപോകാനാണത്. അതിന്റെ ഭാഗമായാണ് ദേശാഭിമാനി ബോണ്ടിനെയും വേണുഗോപാല്‍ കൈക്കൂലി വാങ്ങിയതിനെയുംകുറിച്ച് പാര്‍ടിതലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്ചെയ്യാന്‍ സംസ്ഥാനസെക്രട്ടറിയറ്റിനെ നിയോഗിച്ചത്.
ലോട്ടറി- പേപ്പറായാലും ഓണ്‍ലൈനായാലും-സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്നത് ജനങ്ങളെ വന്‍തോതില്‍ കൊള്ളചെയ്തുകൊണ്ടാണ്. അത്തരം കൊള്ളകള്‍ അവസാനിപ്പിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. അതേസമയം ആയിരക്കണക്കിന് പാവങ്ങളുടെ ഉപജീവനമാര്‍ഗമായ കേരള ഗവണ്‍മെന്റ് ലോട്ടറി സുതാര്യമായാണ് നടത്തപ്പെടുന്നത്. ഇത് നടത്തുകയും മറ്റ് കള്ള ലോട്ടറികള്‍ അടച്ചുപൂട്ടുകയും ചെയ്യുന്നതിനാണ് സിപിഐ എമ്മും എല്‍ഡിഎഫ് സര്‍ക്കാരും ശ്രമിക്കുന്നത്.
ഇതായിരുന്നില്ല യുഡിഎഫ് സര്‍ക്കാരിന്റെ നയം. അതുകൊണ്ടാണ് അക്കാലത്ത് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പുതിയ സീരിസ് നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി കൊടുത്തത്. പിന്നീട് കേരള ലോട്ടറി ഉള്‍പ്പെടെ പല ലോട്ടറികളും നിരോധിച്ചപ്പോഴും ഓണ്‍ലൈന്‍-ഒറ്റനമ്പര്‍ ലോട്ടറികള്‍ നടത്തി കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതിനുപിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ട്. അവ സംബന്ധിച്ച് ഒന്വേഷണവും പാര്‍ടി തലത്തിലോ സര്‍ക്കാര്‍ തലത്തിലോ നടത്താന്‍ കോണ്‍ഗ്രസുകാരും മറ്റും അന്ന് തയ്യാറായിരുന്നില്ല. ഇന്നും തയ്യാറല്ല.
ലോട്ടറി രംഗത്തെ കള്ളന്മാരെ രണ്ടുകോടി രൂപ ദേശാഭിമാനിക്ക് ഡെപ്പോസിറ്റ് വാങ്ങി സഹായിക്കുകയാണ് സിപിഐ എം എന്നാണ് യുഡിഎഫുകാരും ചില മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണം. തങ്ങളുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച്ചവന്നിട്ടുണ്ടോ എന്ന് പരിശോധിക്കും എന്നാണ് അതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയറ്റിനെ ചുമതലപ്പെടുത്തിയതിലൂടെ സിപിഐ എം വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ്സോ? വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും ഭൂട്ടാന്റെയും ലോട്ടറി നടത്തുന്നതിന്റെ മുഖ്യന്‍ അസമിലെ കോണ്‍ഗ്രസ് എംപിയായ മണികുമാര്‍ സുബ്ബയാണ്. അയാളാണ് ലോട്ടറി മാഫിയ തലവന്‍. സാന്തിയാഗൊ മാര്‍ട്ടിന്‍ അയാളുടെ ഏജന്റായിട്ടാണ് അറിയപ്പെടുന്നത്. സുബ്ബയുടെ താല്‍പര്യപ്രകാരമായിരുന്നോ ഹൈക്കോടതിയില്‍ ലോട്ടറി കേസ് എത്തിയപ്പോള്‍ ആരും ആവശ്യപ്പെടാതെ കേന്ദ്ര ഗവണ്‍മെന്റിന്റെ ഉന്നതനായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരായതും ആ കേസ് കേള്‍ക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നുവരെ വാദിച്ചതും. അതിന്റെ ബലത്തിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി സംസ്ഥാനസര്‍ക്കാരിന് എതിരായത്.
കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സംരക്ഷണംമൂലമാണ് ഈ കള്ളലോട്ടറികള്‍ നടത്താന്‍ മാഫിയകള്‍ക്ക് കഴിയുന്നത്. ഇതില്‍ ഇടപെടുന്നതിന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അനുകൂലമായി പ്രതികരിച്ചിട്ടുമില്ല. കേരളത്തില്‍ ലോട്ടറി മാഫിയ വിളയാട്ടം തുടരാന്‍ ഇങ്ങനെ ചില കാരണങ്ങളുണ്ട്. അത് മറച്ചുവെച്ച് സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാനാണ് കോണ്‍ഗ്രസും യുഡിഎഫും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്.
വേണുഗോപാല്‍ സംഭവവും ദേശാഭിമാനി വികസന നിക്ഷേപത്തിലേക്ക് രണ്ട്കോടി രൂപ സ്വീകരിച്ചതും അവര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കി. പക്ഷേ, ആ സംഭവങ്ങള്‍ സംബന്ധിച്ച സകല കാര്യങ്ങളും പാര്‍ടി ബഹുജനസമക്ഷം സമര്‍പ്പിക്കുന്നതോടെ തല്‍പരകക്ഷികള്‍ കെട്ടിപ്പടുക്കുന്ന ചീട്ടുകൊട്ടാരം തകരും. സിപിഐ എമ്മിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അകലും.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

മാധ്യമങ്ങള്‍ കെട്ടിപ്പടുക്കുന്ന ചീട്ടുകൊട്ടാരം തകരും.

സിപിഐ എമ്മിന്റെ അംഗങ്ങളുടെയും അനുഭാവികളുടെയും ഇടയില്‍ വലിയ ആശയക്കുഴപ്പവും ധാര്‍മിക രോഷവും ഉയര്‍ത്തിയ രണ്ട് വാര്‍ത്തകളാണ് ജൂണ്‍ അവസാനവാരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ദേശാഭിമാനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വേണുഗോപാല്‍ ഒരു കോടി രൂപ കൈക്കൂലിയായി വാങ്ങിയത്, ദേശാഭിമാനി താല്‍ക്കാലിക വായ്പയായി കളങ്കിതവ്യക്തിത്വമുള്ള രണ്ട്പേരില്‍നിന്ന് രണ്ടുകോടി രൂപ സ്വീകരിച്ചത് എന്നിവയാണ് അവ.