Saturday, July 14, 2007

ദീപിക' പിണറായിപക്ഷത്തിന്റെ ശബ്ദമായി മാറി_ ഫാ.അടപ്പൂര്‍
കത്തോലിക്ക ദിനപത്രമായ 'ദീപിക' മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ പിണറായിപക്ഷത്തിന്റെ ശബ്ദമായി മാറിയെന്ന് ക്രൈസ്തവസഭാപണ്ഡിതന്‍ ഫാ. എ. അടപ്പൂര്‍. 'ചരിത്രവും സത്യവും ദീപികയില്‍ തിരുത്തപ്പെടുമ്പോള്‍' എന്ന പേരില്‍ ഫാ. അടപ്പൂര്‍ എഴുതിയ ലേഖനം എറണാകുളം അതിരൂപത മുഖപത്രമായ 'സത്യദീപ'ത്തിന്റെ പുതിയ ലക്കത്തിലുണ്ട്.
പിണറായിയോടുള്ള കൂറും വിധേയത്വവും കാരണം 'ദേശാഭിമാനി' രണ്ടുകോടി രൂപ കോഴവാങ്ങിയതടക്കമുള്ള വാര്‍ത്തകള്‍ 'ദീപിക' മറച്ചുവെച്ചതായി ലേഖനം പറയുന്നു. 'ദീപിക'പത്രം പിണറായിപക്ഷത്തിന്റെ നിയന്ത്രണത്തിലാണെന്ന സത്യം വിശ്വാസികളെ അറിയിക്കാന്‍ സഭാനേതൃത്വം തയ്യാറാകണമെന്നും അടപ്പൂര്‍ ആവശ്യപ്പെടുന്നു.
'ദേശാഭിമാനി' രണ്ടുകോടി കൈപ്പറ്റിയ വാര്‍ത്ത പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും അതിന്റെ തുടര്‍ക്കഥകള്‍ പത്രത്താളുകളില്‍ നിറയുകയാണ്. കേരളം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ തനിനിറം വെളിപ്പെടുത്തുന്ന വിലപ്പെട്ട വിവരങ്ങള്‍ അവയിലുണ്ട്. അക്കാരണത്താല്‍തന്നെ ഈ സംഭവം ബഹുജനശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യധാരാമാധ്യമങ്ങള്‍ അത്യുത്സാഹം കാട്ടുന്നു. തികച്ചും പ്രശംസനീയമായ ഈ പത്രധര്‍മനിര്‍വഹണത്തില്‍നിന്നും ബോധപൂര്‍വ്വം വേറിട്ടുനില്‍ക്കുന്ന ഒരു പത്രമേ കേരളത്തിലുണ്ടാകൂ _ദീപിക. ഒന്നര നൂറ്റാണ്ടോളം കത്തോലിക്ക സമുദായത്തിന്റെ സ്വന്തമായിരുന്ന ആ പ്രസിദ്ധീകരണത്തിന്റെ നിയന്ത്രണം ഇപ്പോള്‍ സഭാശത്രുക്കളുടെ കരങ്ങളിലാണെന്നതിന് ഇതിലേറെ തെളിവുവേണ്ട.'' എന്നിങ്ങനെ രൂക്ഷമായി ദീപികയെ അടപ്പൂര്‍ വിമര്‍ശിക്കുന്നു.
''വിശ്വാസികള്‍ക്കിടയില്‍ ക്രൈസ്തവേതരവും ജനാധിപത്യവിരുദ്ധവുമായ ആശയങ്ങള്‍ സിപിഎമ്മിനുവേണ്ടി പ്രചരിപ്പിക്കുന്ന ജോലിയാണ് 'ദീപിക' ഇപ്പോള്‍ ചെയ്യുന്നത്. ഇക്കാര്യമറിയാതെ വിശ്വാസികളില്‍ പലരും അത് കാശുകൊടുത്തുവാങ്ങി വായിക്കുന്നു; പോരേ പൂരം!''
ദേശാഭിമാനിയുടെ രണ്ടുകോടി ഇടപാട് തമസ്കരിച്ച പത്രം 'മാര്‍ട്ടിന്റെ ലോട്ടറി പൂട്ടിക്കട്ടേ' എന്ന പേരിലെഴുതിയ മുഖപ്രസംഗത്തെയും അടപ്പൂര്‍ വിമര്‍ശിക്കുന്നു. ''ദേശാഭിമാനി കൈപ്പറ്റിയ രണ്ടുകോടി രൂപയെപ്പറ്റിയോ മാര്‍ക്സിസ്റ്റ് നേതാക്കള്‍ അതേപ്പറ്റി തിരിച്ചും മറിച്ചും പറഞ്ഞ നൂറായിരംനുണകളെപ്പറ്റിയോ വിമര്‍ശനത്തിന്റേതായ ഒരു വാക്കുപോലും അതിലില്ല. ആരോപണത്തിന്റെ മര്‍മത്തില്‍നിന്നും അനുവാചകശ്രദ്ധ തിരിച്ചുവിട്ട് വാദിയെ പ്രതിയാക്കാനുള്ള ഒരു ഉദ്യമമാണ് ആ മുഖപ്രസംഗമെന്ന് ഏതു മരമണ്ടനും മനസ്സിലാകും''.
ദീപികയുടെ ആസ്തികള്‍ മുഴുവനും 'സുഹൃത്തായി' വന്നയാള്‍ ബിനാമി പേരുകളില്‍ കൈയടക്കിയെന്നും അയാളുടെ ഹിതാനുവര്‍ത്തികള്‍ പത്രത്തിന്റെ ഉള്ളടക്കവും നയവും തീരുമാനിക്കുകയാണെന്നും ലേഖനം പറയുന്നു. സീറോ മലബാര്‍ മെത്രാന്‍ സമിതിയില്‍പ്പെട്ട ഒരു രൂപതാധ്യക്ഷന്റെ സഹകരണത്തോടെ നടന്ന ഗൂഢനീക്കങ്ങളുടെ പരിണതഫലമാണിതെന്നും ലേഖനം സൂചിപ്പിക്കുന്നു.
ആഴക്കടലില്‍ താഴുന്ന പഴങ്കപ്പലിനെ എന്നോണം 'ദീപിക'പത്രത്തെ പൊക്കിയെടുത്ത് തുറമുഖത്തെത്തിക്കാന്‍ ചില സഭാമേലധ്യക്ഷന്മാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്നും അടപ്പൂര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കത്തോലിക്കരെ കബളിപ്പിച്ച് കമ്യൂണിസ്റ്റ് അനുഭാവികളാക്കാനുള്ള തന്ത്രമാണ് 'ദീപിക' പയറ്റുന്നത്. പത്രത്തിന്റെ ചെയര്‍മാനായി ബിഷപ്പ് മാത്യു അറയ്ക്കലിന്റെയും പത്രാധിപരായി ഫാ. റോബിന്‍ വടക്കഞ്ചേരിയുടെയും പേരുവയ്ക്കുന്നത് വായനക്കാരുടെ കണ്ണില്‍ പൊടിയിടാനാണ്. ഇവരുടെ പേരുകള്‍ പത്രത്തില്‍ ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കണം. ഒപ്പം ഒരു സംയുക്ത ഇടയലേഖനം വഴിയോ പത്രക്കുറിപ്പുവഴിയോ 'ദീപിക'യെ സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ വിശ്വാസികളെ അറിയിക്കണമെന്നും അടപ്പൂര്‍ ആവശ്യപ്പെടുന്നു.ഇടതുപക്ഷത്തിന്റെ സഭാവിരുദ്ധ നിലപാടുകള്‍ക്കെതിരെ വിമോചനസമരാഹ്വാനം വരെ നടത്തിയ സഭയുടെ ശബ്ദമായിരിക്കുവാന്‍, കൊള്ളാവുന്ന പത്രമാണോ 'ദീപിക' എന്ന ചോദ്യത്തിന് മെത്രാന്മാര്‍ ഉത്തരം നല്‍കണമെന്നും അടപ്പൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

കത്തോലിക്ക ദിനപത്രമായ 'ദീപിക' മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ പിണറായിപക്ഷത്തിന്റെ ശബ്ദമായി മാറിയെന്ന് ക്രൈസ്തവസഭാപണ്ഡിതന്‍ ഫാ. എ. അടപ്പൂര്‍. 'ചരിത്രവും സത്യവും ദീപികയില്‍ തിരുത്തപ്പെടുമ്പോള്‍' എന്ന പേരില്‍ ഫാ. അടപ്പൂര്‍ എഴുതിയ ലേഖനം എറണാകുളം അതിരൂപത മുഖപത്രമായ 'സത്യദീപ'ത്തിന്റെ പുതിയ ലക്കത്തിലുണ്ട്.

Anonymous said...

ദീപിക അബ്കാരികളുടെയും അധോലോക മാഫിയകളുടെയും പിടിയിലായിട്ട് വര്‍ഷങ്ങളായി. ഫാ. അടപ്പൂര്‍ ഉള്‍പ്പെടെയുള്ള വൈദിക വൃന്ദവും സഭാമേലധ്യക്ഷന്മാരുമൊക്കെ ഇത്രയും കാലം എവിടെയായിരുന്നു എന്ന് അറിഞ്ഞാല്‍ കൊള്ളാം.

കര്‍ണാടകത്തിലെ അബ്കാരിയുടെ ബിനാമിയായിരുന്ന ജോസ് തോമസ് പട്ടാറ ദീപികയുടെ എം.ഡിയായിരുന്ന കാലം മുതല്‍ വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് പലരും ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. ഫാ. അടപ്പൂര്‍ ഉള്‍പ്പെടുന്ന സി.എം.ഐ സസ്യാസ സഭയിലെ പ്രമുഖനെന്ന് അവകാശപ്പെടുന്ന ഫാ. ജെയിംസ് ഏര്‍ത്തയിലാണ് പട്ടാറക്കൊപ്പം ചെയര്‍മാനായി ദീപികയില്‍ പ്രവര്‍ത്തിച്ചിരുന്നത്

ന്യൂസ് വേ എന്ന പേരില്‍ ദീപികയുടെ ലേബല്‍ ഉപയോഗിച്ചു നടത്തിയ തട്ടിപ്പിനും മോഹന്‍ലാല്‍ നൈറ്റ്, സിനിമാറ്റിക് ഡാന്‍സ് മത്സരം ഇത്യാദി കോലാഹലങ്ങള്‍ക്കും അവയുടെ മറവില്‍ നടന്ന അനാശാസ്യങ്ങള്‍ക്കുമൊക്കെ ഫാ. ഏര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവരുടെ ആശീര്‍വാദമുണ്ടായിരുന്നു.

തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കലും ദുരൂഹതകളുടെ കൂടാരമാ എം.എ ഫാരിസ് എന്നയാളും പത്രത്തിന്‍റെ സാഥ്യത്തില്‍ കൈകോര്‍ത്തത്.

ഇവരുടെ നെറികേടുകളെ എതിര്‍ത്തവരെ കൈകാര്യം ചെയ്തും ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തി. പ്രമുഖ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാനൂറോളം ജീവനക്കാരെ പുറത്താക്കി.

കേരളം കണ്ട ഏറ്റവും വലി മനുഷ്യാവകാശ ലംഘന ങ്ങള്‍ ദീപികയില്‍ അരങ്ങേറിയ നാളുകളില്‍ ചെറുവിരല്‍ പോലും അനക്കാന്‍ ഫാ. അടപ്പൂരോ അതിനേക്കാള്‍ വലിയവരോ തയാറായിരുന്നില്ല.

സി.പി.എമ്മും ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ദേശാഭിമാനിയുടെ വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിച്ചെങ്കില്‍ പിണറായിയും ഫാരിസും മാര്‍ മാത്യു അറക്കലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആരെങ്കിലും പുറത്തുകൊണ്ടുവന്നാല്‍ അത് ഇതിലും വലിയ ഒരു ബോംബ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

എല്ലാ സദാചാരങ്ങളും കാറ്റില്‍ പറത്തി ചെളിക്കുണ്ടില്‍ ആണ്ട ദീപികയെ രക്ഷിക്കാന്‍ ആഹ്വാനം നടത്തുന്നതിനേക്കള്‍ വലിയ വിഢീത്തമില്ല.
സ്വന്തമെന്ന് വീന്പിളക്കിയിരുന്ന ഒരു പത്രം നിലനിര്‍ത്താന്‍ കെല്‍പ്പില്ലാത്തവരാണ് രണ്ടാം വിമോചന സമരം നടത്തി സര്‍ക്കാരിനെ താഴെയിറക്കാന്‍ പോകുന്നത്.